എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, May 26, 2020

ആരാണ് പ്രവാസി... എന്താണ് പ്രവാസം...


  പ്രവാസി... ഇന്ന് എവിടെ പോയാലും പ്രവാസിയുടെ പേരിലുള്ള കുറ്റങ്ങളാണ്... പ്രവാസിയാണ് കൊറോണ കൊണ്ട് വന്നത്... അവരാണ് കൊറോണ പരത്തിയത്... ഈ അടുത്ത ദിവസം ഒരാൾ പറഞ്ഞത് കേട്ടു. "നാട്ടിലെ സമ്പാദ്യം മതിയാകാതെ കൂടുതൽ സമ്പാദിക്കാൻ പോയവരാണ് പ്രവാസികൾ" എന്ന്.
  പ്രവാസം എന്താണെന്ന് നാം തിരിച്ചറിയണം. സത്യത്തിൽ  അതാരും അറിഞ്ഞു കൊണ്ട് സ്വീകരിച്ചതല്ല. പലരും അറിയാതെ പ്രവാസികളായി പോയവരാണ്. പലരുടെയും ജീവിത സാഹചര്യങ്ങളാണ് അവരെ പ്രവാസികളാക്കി തീർത്തത്. തന്റെ സമ്പാദ്യം വർധിപ്പിക്കാനും കൂടുതൽ കിട്ടാനുമായി വിദേശത്തേക്ക് ചേക്കേറിയവൻ അല്ല പ്രവാസി. തന്റെ വീട്ടിൽ അടുപ്പ് പുകയാൻ, തന്റെ കുടുംബത്തേ സംരക്ഷിക്കാൻ, വേണ്ടി അദ്ധ്വാനിക്കാൻ പോയവനാണവൻ. ആയിരത്തിൽ ഒരുവന് പ്രവാസത്തിനു ശേഷം കൂടുതൽ സമ്പാദ്യം ലഭിച്ചുവെങ്കിൽ അത് ദൈവം അവന് നൽകിയ ഔദാര്യമാണ്, അനുഗ്രഹമാണ്.
  നാട്ടിൽ നടക്കുന്ന സകല വികസന പ്രവർത്തനങ്ങൾക്കും ക്ലബ്‌, സംഘടന, രാഷ്ട്രീയ, മത പരിപാടികൾക്കും ഏതെങ്കിലും ഒരു പ്രവാസിയുടെ കീശയിലെ പണം കിട്ടുകയും വേണം പ്രവാസിയേപറ്റി വാ തോരാതെ കുറ്റം പറയുകയും വേണം... ഇതാണ് ഇന്ന് നമ്മുടെ നാട്ടിലെ ചിലരുടെയെങ്കിലും അവസ്ഥ. കുറ്റം പറയാൻ നാക്കെടുത്ത് പുറത്തിടുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കണം "ഞാൻ കുറ്റം പറയുന്ന പ്രവാസിയുടെ അദ്ധ്വാനത്തിന്റെ ഫലം ഞാനും അനുവദിച്ചിട്ടുണ്ടല്ലോ എന്ന്". അതിന് അങ്ങനെ ചിന്തിക്കാൻ സമയമില്ലല്ലോ... ബുദ്ധിയുള്ളവന്റെ നാക്കല്ലേ തലയ്ക്കു പിന്നിൽ ഉണ്ടാകൂ... അവനല്ലേ ചിന്തിച്ച് സംസാരിക്കുകയുള്ളൂ...
  പ്രവാസികളെ കുറ്റം പറയുന്നവർ പ്രവാസ ലോകത്തേപറ്റി അല്പം പോലും മനസിലാക്കാത്തവരാണെന്ന് നമുക്ക് മനസിലാക്കാം.. അത് കൊണ്ടാണല്ലോ അവർ സ്വന്തത്തേ മറന്ന് സംസാരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ്, ആവുന്ന കാലത്ത് സർക്കാർ ജോലിക്കോ പി.എസ്.സിക്കോ വേണ്ടി പരിശ്രമിക്കാത്തവൻ സർക്കാർ ഉദ്യോഗസ്ഥരെ വിമർശിക്കാൻ വന്നത് പോലെയാണ് ഇവരുടെ അവസ്ഥയും.അവനവൻ രുചിച്ചതേ അവനവന് മനസിലാകൂ... ഇനിയെങ്കിലും തല മറന്ന് എണ്ണ തേയ്ക്കുന്ന ഈ പരിപാടി നിർത്താം... പ്രവാസികൾ നമുക്ക് അന്യരല്ല... അവർ നമ്മുടെ സ്വന്തമാണ്...

(ഞാൻ ഒരു പ്രവാസിയല്ല. പക്ഷെ പ്രവാസത്തെ അനുഭവിച്ചവർ എന്റെ സുഹൃത്തുക്കളിലും ബന്ധുക്കളിലുമുണ്ട്)

Saturday, May 23, 2020

ചെറിയ പെരുന്നാൾ...


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിർവൃതിയിൽ ആത്മ വിശുദ്ധി കൈമുതലാക്കിക്കൊണ്ട് വിശപ്പും ക്ഷീണവും സഹിച്ച ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
  ചെറിയ പെരുന്നാൾ നമ്മിലേക്ക്‌ ആഗതമായി...
ഇത്തവണ ആഘോഷങ്ങളില്ല, ആശസകൾ മാത്രം...
ആലിംഗനങ്ങളില്ലാതെ കയ്യകലത്തിൽ നിന്ന് നമുക്ക് നേരാം പെരുന്നാളാശംസകൾ

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
       🌙عيد مبــــــــــــــــــــارك🌙

تقبّل اللّٰه منّا ومنكم....


റമളാൻ വിട പറയുകയാണ്

റമളാൻ വസന്തം- 30

അമീൻ തിരുത്തിയാട്


  ചരിത്രമടയാളപ്പെടുത്തിയ ഒരു റമളാൻ. ആളൊഴിഞ്ഞ തെരുവുകളും, അടച്ചിട്ട ആരാധനാലയങ്ങളും. കച്ചവടമില്ലാത്ത കടകൾ, മുഖം മറക്കുന്നതിനെ വിമർശിച്ചവർ മുഖം മൂടി നടക്കുന്ന കാലം. ദൂരെ ദിക്കുകളിൽ കുടുങ്ങി പോയ ഉറ്റവരെക്കുറിച്ചാലോചിച്ച് വെമ്പൽ കൊള്ളുന്ന ഹൃദയങ്ങൾ.
  മനുഷ്യ ജീവനൊന്നാകെ ഭീഷണി മുഴക്കിയ മാറാരോഗത്തിനിടയിലും വിശ്വാസിക്ക് ആശ്വാസമായെത്തിയ വിശുദ്ധ മാസം പടിയിറങ്ങുകയായ്... ചരിത്രത്തിലൊരിടം നേടിക്കൊണ്ട്.
  വലിപ്പച്ചെറുപ്പമില്ലാതെ വീടകങ്ങൾ പള്ളികളായി, ഏകനാഥനിലേക്ക് കൈ ഉയർത്തി പ്രാർത്ഥനകൾ തുടങ്ങി. ലോകനാഥനിലേക്കടുക്കാൻ ശുപാർശകരുടെ ആവശ്യമില്ലെന്ന് മാനവകുലത്തിന് തിരിച്ചറിവായി.
  പവിത്ര മാസം വിടവാങ്ങുമ്പോൾ, മാറാൻ നാം ഒരുക്കമായോ???
  തന്നിലേക്ക് മടങ്ങിയ അടിമയെ പിന്നീടൊരിക്കലും തിരിച്ചയക്കാത്തവനാണ് റബ്ബ്. നിങ്ങളെന്നോട് ചോദിക്കൂ... ഞാൻ നിങ്ങൾക്ക് നൽകാം എന്നാണ് അവൻ മനുഷ്യനോട് പറയുന്നത്.
  ബാക്കിയായ ആയുഷ്കാലം തീരും മുമ്പ് നമുക്ക് ലോക നാഥനിലേക്കടുക്കാം... അതിനായ് പരസ്പരം സഹായിക്കാം.... ഖുർആനിനെ ജീവിതമാക്കാം...

Friday, May 22, 2020

നഷ്ടക്കാരാകുമോ നാം...

റമളാൻ വസന്തം- 29

അമീൻ തിരുത്തിയാട്


  ഒരു അതിഥി കഴിഞ്ഞ ഒരു മാസക്കാലമായി നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുണ്ട്.ഒരു മാസക്കാലത്തേക്ക് നമ്മിലേക്ക് കടന്ന് വന്ന ആ അതിഥി നമ്മിൽ നിന്നും വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ്. നമ്മിലേക്ക് കടന്ന് വന്ന റമളാൻ മാസത്തെ നാം എപ്രകാരം സൽകരിച്ചു....? ആ മാസത്തിൽ നാം എത്രമാത്രം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു...? ആ മാസം കൊണ്ട് നമുക്കെന്ത് മാറ്റമുണ്ടായി...? നാം സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്, നമ്മളെ വിചാരണ ചെയ്യപ്പെടും മുമ്പ്.
  ഒരു വലിയ പർവ്വതം കണക്കെ സൽകർമ്മങ്ങളുമായി അല്ലാഹുവിന്റടുത്ത് ഉയിർത്തെഴുന്നേൽപിക്കപ്പെട്ടിട്ട് അവിടെ വെച്ച് അതെല്ലാം നിശ്ഫലമായി പോകുന്ന ഹതഭാഗ്യവാന്മാരായി നാം മാറിപ്പോവുമോ....?
  ഈ റമളാനിൽ നാം ധാരാളം സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടാവും. നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അതെല്ലാം തന്നെ റമളാനിന് ശേഷവും അത് പോലെ നിലനിർത്താൻ നമുക്ക് സാധിക്കണം. അല്ലാതെ ഖുർആൻ ഒരു സ്ത്രീയെ ഉപമയാക്കിക്കൊണ്ട് പഠിപ്പിച്ച പോലെയാവരുത്. ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا
"ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌" (16:92)
  അതായത് ധാരാളം സമയം ചെലവഴിച്ച് കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ച് കൊണ്ട് നൂലുണ്ടാക്കിയ, ഒരു കയറുണ്ടാക്കിയ ഒരു സ്ത്രീ, ആ കയർ അതിന്റെ പൂർണാവസ്ഥയിലായ ശേഷം അതിനെ പല ഭാഗങ്ങളാക്കി നശിപ്പിച്ച് കളഞ്ഞ് കൊണ്ട് തന്റെ അദ്ധ്വാനത്തെ നിശ്ഫലമാക്കിക്കളയുന്നത് പോലെ, ഒരു മാസം മുഴുവൻ പട്ടിണിയും മറ്റ് പ്രയാസങ്ങളും സഹിച്ച് കൊണ്ട് പ്രവർത്തിച്ച സൽകർമ്മങ്ങളെ, നേടിയെടുത്ത പുണ്യങ്ങളെ പ്രതിഫലങ്ങളെയെല്ലാം റമളാനിന് ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊണ്ട് നാം നശിപ്പിച്ച് കളയരുത്.
  നമ്മുടെ കർമ്മങ്ങളെ സംബന്ധിച്ച് നാം കൃത്യമായ ബോധമുള്ളവരായിരിക്കണം. ആ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കാൻ നാം പ്രാർത്ഥിക്കുകയും വേണം...
ربّنا تقبّل منّا .....

Thursday, May 21, 2020

റയ്യാനിലൂടെ പ്രവേശിക്കാനാകുമോ നമുക്ക്?

റമളാൻ വസന്തം- 28

അമീൻ തിരുത്തിയാട്


  അതിഥിയായി നമ്മിലേക്ക്‌ കടന്ന് വന്ന പരിശുദ്ധ റമളാൻ വിട പറയാൻ ഒരുങ്ങിക്കഴിഞ്ഞു.ഈ മാസത്തിൽ ജീവിച്ച് നോമ്പെടുത്തവർക്ക് വേണ്ടി ഒരുക്കപ്പെട്ട റയ്യാൻ എന്ന കവാടത്തിലൂടെ നമുക്ക് സ്വർഗത്തിന്റെ വിഹായസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ? നമ്മുടെ നമസ്കാരത്തെയും ഖുർആൻ പാരായണത്തെയും ദാനധർമ്മങ്ങളെയുമെല്ലാം പറ്റി നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. നാളെ റബ്ബിന്റെ കോടതിയിൽ വെച്ച് നന്മ തിന്മകൾ തൂക്കി നോക്കുമ്പോൾ കുറഞ്ഞ നന്മകളുമായി നാം റബ്ബിന്റെ അടുത്ത് തല താഴ്ത്തി നിൽക്കേണ്ടി വരുമോ? റമളാനിൽ നാം പ്രവർത്തിച്ച നമ്മുടെ പ്രവർത്തനങ്ങളെ അവിടെ വെച്ച് നമുക്ക് കാണാൻ കഴിയാത്ത അവയെല്ലാം ബാത്വിലായി പോകുന്ന ഒരു അവസ്ഥ നമുക്ക് വരുമോ?
  നമ്മുടെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ അങ്ങനെയാണെങ്കിൽ നമുക്ക് എന്താണ് റബ്ബിന്റെ കോടതിയിൽ കൂട്ടിനുണ്ടാവുക? മാറണം, മാറി ചിന്തിക്കണം, നമ്മുടെ മുമ്പിൽ ഇനിയും അൽപം മണിക്കൂറുകളുണ്ട്. ഈ ദിവസങ്ങളിൽ പരമാവധി റബ്ബിലേക്കടുക്കാൻ നമുക്ക് സാധിക്കണം. അതിനായി പരിശ്രമിക്കുക, പ്രവർത്തിക്കുക, പ്രാർത്ഥിക്കുക....

Wednesday, May 20, 2020

വിട്ടുവീഴ്ച ശീലമാക്കാം...

റമളാൻ വസന്തം- 27

അമീൻ തിരുത്തിയാട്


  വിട്ട് വീഴ്ച എന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഒരു കർമ്മമാണ്. عفوّ എന്ന അറബി പദത്തിന്റെ അർത്ഥം പൂർണമായി പ്രതികരിക്കാൻ കഴിയുന്ന സന്ദർഭത്തിൽ വിട്ട് വീഴ്ച നൽകുക എന്നാണ്.
അതാണ് നാം അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത്.
اللهمّ إنّك عفو تحبّ العفو فاعف عنا....
  വിട്ട് വീഴ്ച്ച എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. കാരണം അതിന്റെ പ്രതിഫലം അത്രമേൽ മഹത്വരമാണ്. വിട്ട് വീഴ്ച ചെയ്യുന്നവന് അല്ലാഹു കണക്കില്ലാത്ത പ്രതിഫലം നൽകും.
  നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആളുകളുമായി നാം ഇടപഴകേണ്ടി വരും, പലരുമായി സംവദിക്കേണ്ടി വരും, കുടുംബക്കാരും സുഹൃത്തുക്കളും സഹപാഠികളുമടക്കം പലരിൽ നിന്നും നമുക്കിഷ്ടമില്ലാത്ത പലതും കേൾക്കേണ്ടി വരും, അനുഭവിക്കേണ്ടി വരും. അവിടെയെല്ലാം നാം വിട്ട് വീഴ്ച കാണിക്കണം, അങ്ങിനെയെങ്കിൽ പല അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നമുക്ക് ലഭിക്കും. അതായിരുന്നു പ്രവാചകർ(സ്വ)ക്കും ലഭിച്ചത്.
  ഹുദൈബിയാ സന്ധിയിൽ തന്റെ സ്വഹാബികളുടെ എതിർപ്പുകൾ വകവെക്കാതെ പ്രവാചകൻ(സ്വ) കാണിച്ച വിട്ട് വീഴ്ചയുടെ ഫലമായിട്ടാണ് അന്ന് 1500 ആളുകളുണ്ടായിരുന്ന സ്ഥാനത്ത് നാല് വർഷങ്ങൾക്ക് ശേഷം ഏകദേശം പതിനായിരത്തോളം ആളുകളായി വർദ്ധിച്ചത്. അതാണ് വിട്ടുവീഴ്ചയുടെ ശക്തി.
  മഹാനായ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) യും അബീദ്ദർദാഅ (റ)വുമൊക്കെ പറയുന്നതായിട്ട് നമുക്ക് കാണാം "നിങ്ങളുടെ ബുദ്ധിക്കും വാക്കിനും ശക്തിയും നിങ്ങൾക്ക് ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്കുള്ള മാറ്റവും വേണമെങ്കിൽ നിങ്ങൾ വിട്ട് വീഴ്ച ശീലമാക്കുക"
  നമുക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകിയ അല്ലാഹു നമുക്ക് വിട്ടുവീഴ്ച നൽകുമെങ്കിൽ നമുക്ക് ജനങ്ങളിൽ നിന്നുണ്ടായ പ്രയാസങ്ങളുടെ പേരിൽ അവർക്ക് വിട്ടുവീഴ്ച നൽകാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
  വിട്ടുവീഴ്ച എന്നത് ഒരിക്കലും ഒരാളിൽ നിന്നും ഒന്നും കുറക്കുകയില്ല. ഓരോരുത്തരുടെയും പദവി കൂട്ടുകയേയുള്ളൂ... അത് കൊണ്ട് തന്നെ നമുക്കിടയിൽ വിഭാഗീയത വേണ്ട, മറ്റ് പ്രശ്നങ്ങളൊന്നും വേണ്ട. നമ്മുടെ സുഹൃത്തുക്കളിൽ നിന്ന്, ബന്ധുക്കളിൽ നിന്ന് നമുക്ക് സംഭവിച്ച് പോയ പ്രയാസങ്ങളിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാം... വിട്ടുവീഴ്ച ജീവിതത്തിന്റെ ഭാഗമാക്കാം...

Tuesday, May 19, 2020

പരസഹായം ശീലമാക്കാം...

റമളാൻ വസന്തം- 26

അമീൻ തിരുത്തിയാട്


  നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നാം പോലും വിചാരിക്കാത്ത പലതും നടക്കാറുണ്ട്. ചിലയിടങ്ങളിൽ ചിലരെ സഹായിക്കാൻ നാമറിയാതെ പലരും വന്ന് പോകാറുണ്ട്.
  അതായിരുന്നു മുൻ കഴിഞ്ഞു പോയ സ്വഹാബികളിലും ഖലീഫമാരിലുംപെട്ട പലരും ചെയ്തിരുന്നത്. മറ്റുള്ളവർ അറിയാതെ പല രാത്രികളിലും ഉറക്കമൊഴിച്ച് തന്റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ ഇറങ്ങി തിരിച്ച ഭരണാധികാരികളാണ് നമുക്ക് മാതൃക.
  അങ്ങേയറ്റം പ്രയാസപ്പെട്ട് നിൽക്കുന്ന ഒരു സുഹൃത്തിന് നാം ചെയ്തു കൊടുക്കുന്ന ഒരു സഹായം അദ്ദേഹത്തിന് വലിയൊരാശ്വാസമാകും. നടന്നു ക്ഷീണിച്ചാൽ ഒരല്പം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുമ്പോൾ കിട്ടുന്ന ഒരു സുഖമില്ലേ... കനത്ത വെയിലിൽ നിന്നും മരത്തിന്റെ തണലിലേക്ക് മാറി നിൽക്കുമ്പോൾ ലഭിക്കുന്ന ആശ്വാസമില്ലേ... അത് പോലെയാണ് പല സഹായങ്ങളും.. അത് ശാരീരികമായാലും, സാമ്പത്തികമായാലും, മാനസികമായാലും...
  തളർന്നു പോകുമ്പോൾ നീ ഒറ്റക്കല്ല... കൂടെ ഞാനുണ്ട് എന്ന ഒറ്റ വാക്ക് മതി, ആശ്വാസമേകാൻ... ആരെങ്കിലും ഇഹലോകത്ത് തന്റെ സുഹൃത്തിന് ഒരു സഹായം ചെയ്‌താൽ അല്ലാഹു രണ്ടു ലോകത്തും അവന് സഹായം ചെയ്യുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു. ഒരു വഴി കാണിച്ചു കൊടുക്കൽ, ഒരാശ്വാസ വാക്ക് പറയൽ, എല്ലാം നന്മകളാണെന്ന് തിരിച്ചറിയാം...
  ഈ പുണ്യ മാസത്തിന്റെ അവസാന ദിന രാത്രങ്ങളിലെ പ്രാർത്ഥനകളിൽ നമ്മുടെ സുഹൃത്തുക്കളെയും നമുക്കുൾപ്പെടുത്താം. സുഹൃത്തിന് വേണ്ടി അവന്‍റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരമുണ്ടെന്നാണല്ലോ തിരുദൂതർ നമ്മെ ഉണർത്തിയത്...

Monday, May 18, 2020

നന്ദി കാണിക്കാം...

റമളാൻ വസന്തം- 25

അമീൻ തിരുത്തിയാട്


  ഈ പ്രപഞ്ചത്തിലുള്ള സർവചരാചരങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. എത്രയെത്ര അനുഗ്രഹങ്ങളാണ് അല്ലാഹു നമുക്ക് ചെയ്തു തന്നിട്ടുള്ളത്? ആ അനുഗ്രഹങ്ങൾക്കെല്ലാം നാം നന്ദികാണിക്കാറുണ്ടോ?
  ഈ ഭൂമിയിലുള്ള സകല വസ്തുക്കളെയും അല്ലാഹു മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചത്. ആ വസ്തുക്കളെല്ലാം ഉപയോഗിക്കുന്ന നാം അതെല്ലാം നമുക്ക് വേണ്ടി സംവിധാനിച്ച് തന്ന റബ്ബിനെ ഓർക്കാറുണ്ടോ?
  അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അവന്റെ ശരീരം. ആയിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന നാഡീ-ഞരമ്പുകളും രക്തക്കുഴലുകളും കുടലുകളുമെല്ലാം എത്ര കൃത്യമായിട്ടാണ് അവൻ സംവിധാനിച്ചത്? അതെ മനുഷ്യനെ അവൻ ഏറ്റവും ഉത്തമമായ രീതിയിലാണ് സൃഷ്ടിച്ചത്. അവന്റെ സൃഷ്ടികളുടെ കൂട്ടത്തിൽ ഏറ്റവും അംഗീകാരവും മനുഷ്യന് നൽകി. മനുഷ്യനെ അവൻ ആദരിച്ചു. പഠിക്കുവാനും മനസ്സിലാക്കുവാനും ചിന്തിക്കുവാനും ബുദ്ധിയും വിവേകവും നൽകി. കാഴ്ചയും കേൾവിയും ഹൃദയവും നൽകി. ശ്വസിക്കുവാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും ഭക്ഷണവും നൽകി. അവൻ നൽകിയ ഓരോ അനുഗ്രഹത്തിനും അവയെപ്പറ്റി മനസിലാക്കിയിട്ട് നാം നന്ദികാണിക്കണം. അങ്ങനെ നാം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചാൽ അവൻ നമുക്ക് വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ നൽകും.
  തീർച്ചയായും അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക.അനുഗ്രഹങ്ങളെപ്പറ്റിയെല്ലാം നാളെ നമ്മോട് ചോദ്യം ചെയ്യുന്നതാണ്. നന്ദിയുള്ള അടിമകളാവുക.

Sunday, May 17, 2020

വിശാലമനസ്കരാവാം...

റമളാൻ വസന്തം- 24

അമീൻ തിരുത്തിയാട്


  പ്രവാചകൻ (സ്വ)യെപ്പറ്റി അവിടുത്തെ പത്നി ആയിഷ (റ)യോട് ചോദിക്കപ്പെട്ട സന്ദർഭത്തിൽ അവര് പറയുന്നു:
كان خلقه القرآن
അദ്ദേഹത്തിന്റെ സ്വഭാവം ഖുർആൻ ആയിരുന്നു എന്ന്. എന്ത് കൊണ്ടാണ് അദ്ദേഹത്തെപ്പറ്റി അങ്ങനെ പറഞ്ഞത്? അദ്ദേഹം സൗമ്യശീലനും വിശാലമനസ്കനുമെല്ലാമായിരുന്നു. ഖുർആൻ പഠിപ്പിച്ച രീതിയിലായിരുന്നു അദ്ദേഹം ജീവിച്ചത്. അനാഥകളെയും അഗതികളെയും പരിഗണിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
   കഠിനഹൃദയമുള്ള ഉമർ(റ)നെ ലോലഹൃദയനാക്കി മാറ്റിയത് ഖുർആനായിരുന്നു.അബൂബക്കർ(റ)നെ മാറ്റിയതും ഖുർആനായിരുന്നു. സ്വഹാബാക്കളെ മുഴുവൻ സൽസ്വഭാവികളാക്കിയത് ഖുർആനായിരുന്നു. നമുക്കും അത്തരത്തിൽ മാറേണ്ടേ? തീർച്ചയായും നാം മാറണമെന്ന് ചിന്തിക്കാതെ അല്ലാഹു നമ്മെ മാറ്റുകയില്ല.
إنّ اللّٰه لا يغير مابقوم حتى يغيّروا ما بأنفسهم...
  നാം മാറണമെങ്കിൽ ആദ്യം നാം സ്വയം തീരുമാനിക്കുക, അപ്പോൾ അല്ലാഹു നമ്മെ മാറ്റും.. തീർച്ച....

Saturday, May 16, 2020

നമുക്ക് വെളിച്ചമാകാം...

റമളാൻ വസന്തം- 23

അമീൻ തിരുത്തിയാട്


  കാഴ്ചയില്ലാത്ത മനുഷ്യൻ ചോദിച്ചു: "കണ്ണ് കാണാത്ത എനിക്കെന്തിനാ വിളക്ക്?"
വിളക്ക് നൽകിയ ആൾ പറഞ്ഞു: "ഇത് നിനക്കല്ല. ഈ വിളക്കിന്റെ വെളിച്ചം കണ്ട് എതിരെ വരുന്ന ആരും നിന്നെ തട്ടാതിരിക്കാനാണ്".
  നമ്മൾ ഒരു വിളക്കായി വഴിയിൽ വെളിച്ചം വിതറി നടന്നാൽ നമുക്കെതിരെ വരുന്നവർ നമ്മെ വന്ന് തട്ടിയിടില്ല. മാത്രവുമല്ല നമ്മുടെ കയ്യിലുള്ള വെളിച്ചം മറ്റുള്ളവർക്ക് കൂടി ഒരു സഹായമാവുകയും ചെയ്യും. പരസഹായം ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരാൾ തന്റെ സുഹൃത്തിന്റെ മതത്തിലാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. നമ്മുടെ സുഹൃത്ത് നമ്മൾ പകർന്നു നൽകുന്ന വെളിച്ചം സ്വീകരിച്ച് നേരായ വഴിയിൽ സഞ്ചരിക്കുന്നവനാണെങ്കിൽ നമ്മൾ രക്ഷപെട്ടു. ഇനി നമ്മൾ വെളിച്ചം നൽകാതെ അവൻ സഞ്ചരിക്കുന്ന ഇരുട്ടിൽ നമ്മളും കൂടെ തപ്പി തടയുകയാണെങ്കിൽ നമ്മൾ പരാജിതരുമായി.
  ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് പരസ്പരം കണ്ണാടി പോലെയാണ്. അവനിലെ പോരായ്മകളെ അവന്ന് ചൂണ്ടി കാണിച്ചു കൊടുക്കും. ഇത് തന്നെയാണ് ഒരു വിളക്കായി നടക്കുന്നവൻ ചെയ്യുന്ന മറ്റൊരു ധർമവും.
  പരസ്പരം വിളക്കായി തന്റെ സഹോദരന് നേർമാർഗം കാണിച്ചു കൊടുക്കുക. നേർവഴിയിൽ നടക്കുക...

Friday, May 15, 2020

വാടിയ പൂക്കളാണെനിക്ക് കൂടുതൽ ലാഭം തരുന്നത്

റമളാൻ വസന്തം- 22

അമീൻ തിരുത്തിയാട്


  ഒരു പൂ വില്പനക്കാരന്റെ കഥയുണ്ട്. അദ്ദേഹം എന്നും ധാരാളം പൂക്കളുമായി ചന്തയിൽ വരും. കുറെ പൂ വിൽക്കും. വെയിൽ ശക്തമാകുമ്പോൾ കുറെ പൂക്കൾ വാടി പോകും. വാടിയ പൂക്കൾ ആരും വാങ്ങാത്തത് കൊണ്ട് അതുമായി അയാൾ വീട്ടിലേക്കു മടങ്ങി പോകും.
ഒരുക്കൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: ഈ വാടിയ പൂക്കൾ ആരും വാങ്ങില്ല. പിന്നെ എന്തിനാണ് അത് വീണ്ടും വീട്ടിലേക്കു ചുമന്നു കൊണ്ട് പോകുന്നത്...?
ഈ ചോദ്യത്തിന് പൂ വില്പനക്കാരൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: "എനിക്കു ഏറ്റവും കൂടുതൽ ലാഭം തരുന്നത് വാടിയ പൂക്കളാണ്. വിറ്റു പോയവയല്ല. വാടിയത് കൊണ്ടാണ്  പൂക്കൾ അവഗണിക്കപെട്ടത്. ഒരു വാടിയ പൂവിന്റെ വിത്തിൽ നിന്നും ധാരാളം ചെടികളും പൂക്കളും എനിക്ക് കിട്ടും."
  ജീവിതമെന്ന ഈ യാത്രയിൽ അല്പം താഴ്ന്നു കൊടുത്തത് കൊണ്ടോ, പിറകിലായത് കൊണ്ടോ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിൽ ദുഖിക്കേണ്ട ആവശ്യമില്ല. അകറ്റി നിർത്തിയവർക്ക് മുമ്പിൽ വിലയുള്ളവനായി ഉയർത്താൻ വളർത്താൻ ദൈവത്തിന് കഴിയും.
  ജീവിതത്തിൽ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുമ്പോൾ തകർന്നു പോകാതെ ലോക നാഥനിലേക്ക് കരങ്ങളുയർത്തുക.അവൻ നിങ്ങളെ കൈവിടില്ല. തീർച്ചയായും അല്ലാഹു ക്ഷമാലുക്കളോടൊപ്പമാകുന്നു.

Thursday, May 14, 2020

നമ്മെളെല്ലാം ഓരോ മുറിവൂട്ടി ചെടിയാകണം

റമളാൻ വസന്തം- 21

അമീൻ തിരുത്തിയാട്


  തന്റെ സഹോദരന്റെ അഭാവത്തിൽ അവന് വേണ്ടി നാഥനിലേക്കുയരുന്ന പ്രാർത്ഥനാ കരങ്ങൾ വളരെ മനോഹരമായ ധർമ്മമാണെന്ന് മതം നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെതാകുന്ന പ്രശ്നങ്ങളും സങ്കടങ്ങളും മാറ്റി വെച്ച് ഒപ്പമുള്ള നമ്മുടെ സുഹൃത്തിന് ആഹ്ലാദവും സമാധാനവും സന്തോഷവും കൊടുക്കണമെങ്കിൽ അത്രമാത്രം സുന്ദരമായ ഒരു ഹൃദയം നമുക്ക് വേണം. അത്പോലെ നന്മയുള്ള ഒരു മനസ്സും.
  വാക്കുകൾ കൊണ്ട് മുറിവേൽപിക്കാനും ആശ്വാസമേകാനും സാധിക്കും. ഒരു ചെറിയ സ്വാന്തന വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന എത്രയോ സുഹൃത്തുക്കളും സഹോദരങ്ങളും നമുക്ക് ചുറ്റുമുണ്ടാകും. സ്നേഹ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. വാക്കുകൾ കൊണ്ടുള്ള സ്വാന്തനപ്പെടുത്തൽ നിരാശയിലേക്ക് തളർന്നു വീണ് പോയ ഒരുപാടാളുകളെ കൈ പിടിച്ചു കയറ്റാൻ സഹായകമായിട്ടുണ്ട്.
  നിസ്വാർത്ഥമായ സ്നേഹം എന്നും കൂടെയുണ്ടാകും. പ്രാർത്ഥന കൊണ്ടുപോലും  നമ്മെ സന്തോഷിപ്പിക്കാൻ എവിടെയൊ, ആരോ ഉണ്ടെന്ന തിരിച്ചറിവ് കൂടിയാണ് നിസ്വാർത്ഥമായ സ്നേഹം...
  നമ്മളെല്ലാവരും ഓരോ മുറിവൂട്ടി ചെടിയാകണം. ഈ ലോകത്തിന്റെ മുറിവുണക്കാൻ കഴിയുന്ന ഒരു മുറിവൂട്ടി ചെടി. അങ്ങനെ എങ്കിൽ നമുക്കും ലഭിക്കും, നാമറിയാത്തവരിൽ നിന്ന് സ്നേഹവും പ്രാർത്ഥനയും.

Wednesday, May 13, 2020

ഈ റമളാനും കടന്നുപോകും

റമളാൻ വസന്തം- 20

അമീൻ തിരുത്തിയാട്


  റമളാനിന്റെ ഏറ്റവും ശ്രേഷ്ഠമായ അവസാന പത്തിലേക്ക് നാം പ്രവേശിക്കുന്ന സന്ദർഭത്തിൽ കഴിഞ്ഞു പോയ ദിവസങ്ങളെ നാം എത്രമാത്രം ഉപയോഗപ്പെടുത്തി എന്നും വരും ദിവസങ്ങളിൽ എന്തെല്ലാം പ്രവർത്തിക്കണമെന്നുമെല്ലാം നാം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കേണ്ടതുണ്ട്. നാമൊരു ആത്മ വിചാരണ നടത്തേണ്ടതുണ്ട്.തീർച്ചയായും ഈ റമളാനും കടന്നു പോകും... പക്ഷെ നമ്മളെന്ത് പ്രവർത്തിച്ചു എന്നതിലാണ് കാര്യം...
  ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് ഒറ്റയായ രാത്രികളിൽ നാം ധാരാളമായിക്കൊണ്ട് ഖുർആൻ പാരായണം ചെയ്യുകയും നമസ്കരിക്കുകയും പാപമോചനം തേടുകയും മറ്റ് സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്യണം. അത് പോലെ തന്നെ ഒറ്റയായ രാത്രികളിൽ നാം അനുഗ്രഹീത രാത്രിയായ ആയിരം മാസങ്ങളെക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുകയും ചെയ്യണം. ആ രാത്രിയിൽ വല്ല നന്മയും പ്രവർത്തിച്ചാൽ വമ്പിച്ച പ്രതിഫലമാണ് അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ആ രാത്രിയെ പ്രതീക്ഷിച്ചിരിക്കുകയും സൽകർമ്മങ്ങൾ അധികരിപ്പിക്കുകയും ചെയ്യുക.

Tuesday, May 12, 2020

പഠിക്കാം... വിശുദ്ധ ഖുർആനിനെ

റമളാൻ വസന്തം- 19

അമീൻ തിരുത്തിയാട്


  ലോക സൃഷ്ടാവിൽ നിന്നും അന്ത്യപ്രവാചകൻ മുഹമ്മദ്‌ (സ്വ) യിലേക്ക് അവതീർണമായ പരിശുദ്ധ ഖുർആൻ മാനവർക്ക് മുഴുവൻ മാർഗദീപമാണ്, വഴി കാട്ടിയാണ്. ഈ ഗ്രന്ഥത്തെ നാം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വന്നാൽ നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കും. മഹാനായ ഉമർ ബ്നു ഖത്തബ്(റ) നെയും അബൂത്വൽഹ(റ)നെയും ഫുളയ്ൽ ബ്നു ഹൻളലയെയും മാറ്റിയത് ഈ ഖുർആൻ ആയിരുന്നു.
  വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നുണ്ട്.
من الظلمات إلى النّور...
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മനുഷ്യനെ കൈ പിടിച്ചുയർത്താൻ പര്യാപ്തമാണ് വിശുദ്ധ ഖുർആൻ. വിശുദ്ധ ഖുർആനിലൂടെ സഞ്ചരിച്ചപ്പോൾ സ്വഹാബികൾക്കുണ്ടായ മാറ്റം പ്രകടമാണ്. നമ്മുടെ ജീവിതത്തിൽ നാമും ഖുർആനെ പഠിക്കുകയാണെങ്കിൽ നമുക്കും മാറ്റങ്ങളുണ്ടാകും.
  സമൂഹത്തിൽ ഏറ്റവും ഉത്തമരായ ആളുകൾ ആരെന്ന് ചോദിക്കപ്പെട്ട സന്ദർഭത്തിൽ പ്രവാചകൻ(സ്വ) പറയുന്നത് "ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആളുകളാണ്" എന്നാണ്.
خيركم من تعلّم القرآن وعلمه...

ഖുർആൻ പഠിക്കുന്ന, അതിനെ പാരായണം ചെയ്യുന്ന ആളുകൾക്ക് നാളെ ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശ പറയുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചു. വിശുദ്ധ ഖുർആനെ പഠിക്കാൻ നാം സമയം കണ്ടെത്തേണ്ടതുണ്ട്. അതിനെ പഠിക്കാത്തവർ അതിനെ അവഗണിച്ചവർ നാളെ ഖിയാമത്ത് നാളിൽ അന്ധനായിക്കൊണ്ടണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയെന്ന് സൂറത്തുൽ ത്വാഹയിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചു. അത് കൊണ്ട് ഖുർആൻ പഠിക്കുന്ന അത് പഠിപ്പിക്കുന്ന ഉത്തമരായ ആളുകളായി നാം മാറേണ്ടതുണ്ട്.

Monday, May 11, 2020

ബദ്ർ നൽകുന്ന പാഠം

റമളാൻ വസന്തം- 18

അമീൻ തിരുത്തിയാട്


  ബദ്റിന്റെ രണാങ്കണത്തിൽ വെച്ച് വിശ്വാസികളും അവിശ്വാസികളും തമ്മിൽ ഏറ്റുമുട്ടിയിട്ട് ഇന്നേക്ക് 1439 വർഷം കഴിഞ്ഞു. ഇസ്ലാമിക ചരിത്രത്തിൽ ബദ്ർ എന്നത് ഒരിക്കലും മറക്കാൻ പാടില്ലാത്ത സംഭവം. അന്ന് ഒരു വിജയ സാധ്യതയും ഇല്ലാത്ത ആ യുദ്ധ ഭൂമിയിലേക്ക് ശത്രു സൈന്യത്തിന്റെ പകുതി പോലും ഇല്ലാത്ത ചെറു സൈന്യം ഇറങ്ങി തിരിക്കുമ്പോൾ അവർക്ക് നാഥനിലായിരുന്നു പ്രതീക്ഷ. അവർ എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചിരുന്നു. അന്ന് അവർ അനുഭവിച്ച പ്രയാസത്തിന്റെയും ബുദ്ധിമുട്ടിന്റെയും ഫലങ്ങൾ പിൽകാലത്ത് വിശ്വാസി സമൂഹത്തിന് അനുഭവിക്കാൻ സാധിച്ചു. അന്ന് അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് അതിരുകളില്ല.
  എന്നാൽ ഇന്ന് നമ്മുടെ അവസ്ഥ എന്താണ്. ഈ മതത്തിന്റെ നിലനിൽപ്പിന്ന് വേണ്ടി ആ കാലത്ത് ഉണ്ടായിരുന്ന അത്ര മാത്രം പ്രയാസങ്ങളോ കഷ്ടപ്പാടുകളോ നമുക്ക് ഏൽക്കേണ്ടി വരുന്നില്ല. ആരെയും ഭയക്കേണ്ടതില്ല. എന്നിട്ടും ആ മതത്തെപ്പറ്റി പഠിക്കാൻ നാം എത്ര മാത്രം ശ്രദ്ധ കൊടുക്കുന്നുണ്ട്...? സമയം കണ്ടെത്തുന്നുണ്ട്...?
  പോരാ... ഇനിയും നമ്മൾ മാറേണ്ടതുണ്ട്... അന്ന് സ്വഹാബിമാർക്കുണ്ടായിരുന്നത് പോലെയുള്ള ഈമാൻ നമുക്കുണ്ടാകണമെങ്കിൽ നാം ഇനിയും പ്രവർത്തിക്കണം... ഇനിയും ദീൻ പഠിക്കണം... പഠിക്കാൻ അവസരം കണ്ടെത്തുക... സമയം മാറ്റി വെക്കുക...

Sunday, May 10, 2020

മാതൃ ദിനത്തിൽ നമുക്കോർക്കാം


 സന്തോഷത്തോടെ ഓരോ നോമ്പ് പൂർത്തിയാക്കുമ്പോഴും നികത്താനാവാത്ത ഒരു വിടവായിട്ട് വല്ലിമ്മയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പെറ്റുമ്മയെ പോലും മാറ്റി നിർത്തിക്കൊണ്ട് പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ ആ വല്യുമ്മ ഇല്ലാത്ത ആദ്യ നോമ്പാണിത്😢  ഉപാധികളില്ലാത്ത സ്നേഹമാണ് പഴയ തലമുറ നൽകിയിരുന്നത്. ആ വല്യുമ്മ എന്നും ഉമ്മയെക്കാൾ പ്രിയപ്പെട്ടതായിരുന്നു.

"ഈ മാതൃ ദിനത്തിലും ആ ഉമ്മയെ ഓർക്കാം..."

ഉമ്മമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ നാഥാ...🤲

നല്ലത് സംസാരിക്കാം, നല്ലത് പ്രവർത്തിക്കാം

റമളാൻ വസന്തം- 17

അമീൻ തിരുത്തിയാട്


  മനുഷ്യരെന്ന നിലയിൽ ഓരോ ദിവസവും  പല തും ധാരാളമായിക്കൊണ്ട് തന്റെ സഹജീവികളോട് സംസ്കാരിക്കുന്നവരാണ് നമ്മൾ. നമ്മുക്ക് സംസ്കാരിക്കാനുളള കഴിവും നാവുമെല്ലാം അല്ലാഹു നൽകിയ അപാരമായ അനുഗ്രഹങ്ങളാണ്. ഈ അനുഗ്രഹങ്ങൾക്കെല്ലാം നാം അവനോട് നന്ദി കാണിക്കാറുണ്ടൊ? നമ്മെ പോലെ സംസാരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന എത്രെയെത്ര പേർ?
   നമ്മുടെ നാവിനെയും സംസാരത്തേയും നാം സൂക്ഷിക്കണം പ്രവാചകൻ (സ്വ) പറഞ്ഞു:
 قل خير، أو ليصمت
"നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക" എത്ര നല്ല കാര്യം !!!
  ഒരിക്കൽ പ്രവാചകൻ (സ്വ) പറഞതായിട്ട് നമുക്ക് കാണാൻ കഴിയും" നിങ്ങളിലാരെങ്കിലും രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനെപറ്റിയും രണ്ട് തുടയെല്ലുകൾക്കിടയിലുളളതിനെപറ്റിയും എനിക്ക് ഉറപ്പ് തിരകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ സ്വർഗ്ഗം ഉറപ്പു തരാം" അത്രയും നാശം വിതക്കാനും പ്രശ്നമുണ്ടാക്കാനും കഴിയുന്നതാണ് 'നാവ്' എന്ന അവയവം.
  മനുഷ്യർ വരുത്തിവെക്കുന്ന വിപത്തിലധികവും നാവിനാൽ വിധിച്ചതാണെന്നും മുഹമ്മദ് നബി (സ്വ) പറഞ്ഞിരിക്കുന്നു.
  നല്ലതുമാത്രം സംസാരിക്കാം, സംസാരം നിയന്ത്രിക്കാം...

Saturday, May 9, 2020

സമയമെന്ന നിധി...

റമളാൻ വസന്തം- 16

അമീൻ തിരുത്തിയാട്


  നമുക്കെല്ലാം ഇപ്പോൾ ഒഴിവ് സമയമാണ്. പൂർണമായ ഒഴിവ് സമയം. ഈ ഒഴിവ് സമയത്തെ നമുക്ക് ഒരു അധ്വാനമാക്കി മാറ്റിക്കൂടെ...?
  "നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക" എന്നാണ് ഖുർആൻ ഓർമപ്പെടുത്തുന്നത്. മനുഷ്യരിൽ അധികവും നഷ്ടത്തിലായി പോകുന്ന രണ്ട് കാര്യങ്ങളിൽ ഒന്നാണ് ഒഴിവ് സമയമെന്നും പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചു. തീർച്ചയായും ഈ ഒഴിവ് സമയത്തെ പറ്റി നമ്മോട് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അത് കൊണ്ട് നാം അധ്വാനിക്കേണ്ട സമയമാണിത്.
  ലോക രക്ഷിതാവിനെ അടുത്തറിയാൻ...
അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജീവിത രേഖ പിന്തുടരാൻ...
ഖുർആൻ ജീവിതത്തിന്റെ ഭാഗമാക്കാൻ...
ഇസ്ലാം ഉൾക്കൊണ്ടു ജീവിക്കാൻ...
സമൂഹത്തിന്റെ മുന്നിൽ നടന്നു മാതൃകയാവാൻ...
  ഇതൊരു സുവർണാവസരമാണ്... നഷ്ടമാകരുത്... നഷ്ടപ്പെടുത്തരുത്...
  ഓരോ ദിവസവും നമ്മിൽ നിന്ന് കഴിഞ്ഞു പോകുമ്പോൾ നമ്മുടെ മരണത്തിലേക്കുള്ള ദൂരം കുറയുകയാണ്. നാമതിലേക്ക് അടുക്കുകയാണ്.
  സമയം, അല്ലാഹു നമുക്ക് നൽകിയ വലിയൊരു അനുഗ്രഹം. നമ്മുടെ സമയം വളരെ വിലപ്പെട്ടതാണ്. നമുക്ക് പാഴാക്കാൻ ഒരു സെക്കന്റ് പോലുമില്ല. നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ സാധിക്കാത്ത അമൂല്യ നിധിയാണത്. കയ്യിൽ നിന്നും വഴുതി വീഴുന്ന സ്വർണ മത്സ്യങ്ങളാണ് ഓരോ നിമിഷവും. ഓരോ നിമിഷത്തിനും അതിന്റെതായ മൂല്യമുണ്ട്. അതറിഞ്ഞ് കൊണ്ട് പ്രവർത്തിക്കുക.

Friday, May 8, 2020

പാപമോചനം ജീവിതത്തിന്റെ ഭാഗമാക്കുക...

റമളാൻ വസന്തം- 15

അമീൻ തിരുത്തിയാട്


  മഹാനായ ഇമാം ഹസനുൽ ബസ്വരി(റ)ന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും എന്നിട്ടു അവരവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും വിവരിക്കുകയും ചെയ്തു. ചിലർ തങ്ങൾക്ക് സന്താന സൗഭാഗ്യം ലഭിക്കാത്തതിനും മറ്റു ചിലർ മഴ ലഭിക്കാത്തത് മൂലം തങ്ങളുടെ കൃഷി നശിക്കുന്നതും തുടങ്ങി ധാരാളം പരാതികൾ... ഇത്തരത്തിൽ പരാതി പറഞ്ഞവർക്കെല്ലാം ഹസനുൽ ബസ്വരി(റ) ഓരേ ഉത്തരമാണ് നൽകിയത്. "നിങ്ങൾ പാപമോചനം വർധിപ്പിക്കണം".
  സന്ദർശകരൊക്കെ പോയി കഴിഞ്ഞിട്ട് ഇദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഇദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ എന്ത് കൊണ്ടാണ് എല്ലാവർക്കും ഓരേ ഉത്തരം തന്നെ നൽകിയത്? ഇത് കേട്ട ഹസനുൽ ബസരി(റ)  വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹൂദ്ന്റെ 52ആം വചനം പാരായണം ചെയ്തു: അതിൽ നമുക്ക് കാണാം...
وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ

"എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌."
  പാപമോചനം തേടിയാൽ, റബ്ബിനോട് ഇസ്തിഗ്ഫാർ നടത്തിയാൽ അവൻ പൊറുത്തു തരാത്ത പാപങ്ങളില്ല.

إنّ اللّه يغفر الذنوب جميعا، إنّه هو الغفور الرحيم
അല്ലാഹു പാപങ്ങൾ എല്ലാം പൊറുക്കുന്നവനാണ്..
  മറ്റൊരു വചനത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
"നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌."
   അല്ലാഹു നമ്മൾ അവനെ വിളിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്...  അത് കൊണ്ട് നാഥനിലേക്ക് മടങ്ങുക. പാപമോചനം നടത്തുക.

Thursday, May 7, 2020

എന്റെ കടം തീർന്നു

റമളാൻ വസന്തം- 14

അമീൻ തിരുത്തിയാട്


  പ്രവാചക ചരിത്രത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ പ്രവാചകൻ(സ്വ) പള്ളിയിൽ വന്നപ്പോൾ അബൂ ഉമാമ അൽ ബാഹിലി(റ) നേ പള്ളിയിൽ കാണുന്നുണ്ട്. പള്ളിയിൽ അധികമാരും ഇല്ലാത്ത സമയത്ത് അദ്ദേഹത്തെ അവിടെ കണ്ട പ്രവാചകൻ ചോദിച്ചു: എന്താ അബൂ ഉമാമ ഈ നേരത്ത്...?
പ്രവാചക ചോദ്യത്തിന് മറുപടിയായിക്കൊണ്ട് അദ്ദേഹം പറഞ്ഞു:"പ്രവാചകരെ, കുറച്ച് കട ബാധ്യതകളുണ്ട്" വളരെ സങ്കടത്തോടെയായിരുന്നു അദ്ദേഹം അത് പറഞ്ഞത്.
മറുപടി കേട്ടപ്പോൾ പ്രവാചകൻ(സ്വ) അബൂ ഉമാമക്ക് ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു.
اللّٰهم إني أعوذ بك من الهمِّ والحزن، والعجز والكسل، والبخل والجبن، وضلع الدَّيْن وغلبة الرِّجال
"അല്ലാഹുവേ, ദുഃഖം, വിഷാദം, ദുർബലത, അലസത, പിശുക്ക്, ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകൾക്ക് വിധേയമാകൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നിൽ അഭയം തേടുന്നു."
പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രവാചകരെ കണ്ടപ്പോൾ അബൂ ഉമാമ(റ) അദ്ദേഹത്തോട് പറഞ്ഞു: "എന്റെ കട ഭാരം തീർന്നു പ്രവാചകരെ..."
  നമ്മുടെ ജീവിതത്തിലും ഇത് പോലുള്ള വല്ല പ്രയാസങ്ങളോ ബുദ്ധിമുട്ട്കളോ വരുമ്പോൾ തുടർന്നു ജീവിക്കാൻ പ്രയാസമനുഭവിക്കാറുണ്ട്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് പലരും ജീവിതം നെയ്തു കൂട്ടുന്നത്. ഭാവിയും ഭൂതവും കൂടി പ്രയാസപ്പെടുത്തുമ്പോൾ ഇന്ന് എന്ന വർത്തമാന കാലത്തെ ജീവിതമാണ് നഷ്ടമാകുന്നത്.
  ആരും തനിച്ചാകരുതെന്ന് അല്ലാഹു പറയുന്നുണ്ട്. ബാധ്യതകൾ നിറവേറ്റി നാഥനിലേക്കടുത്താൽ നാഥൻ നമ്മിലേക്കും അടുക്കും.
فَاذْكُرُونِي أَذْكُرْكُمْ
"ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌" ഇതാണ് നാഥൻ നമ്മോട് ആവശ്യപ്പെടുന്നത്.
  നാഥനെ ഓർക്കുക...  അവനിലേക്കടുക്കുക...

Wednesday, May 6, 2020

തൗബ ചെയ്ത് മടങ്ങാം

റമളാൻ വസന്തം- 13

അമീൻ തിരുത്തിയാട്


  മനുഷ്യരായ നാമോരോരുത്തരും പാപികളാണ്. നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ ആണ് പരിശുദ്ധമായ ഒരു മാസം നമ്മിലേക്ക്‌ കടന്നു വന്നത്. എന്നിട്ടും നമുക്ക് നമ്മുടെ പാപങ്ങൾ മായ്ച്ചു കളഞ്ഞു നല്ല മനുഷ്യരാവാൻ സാധിച്ചില്ല എങ്കിൽ നാം പരാജയപ്പെട്ടവരാകും.  ഒരു റമളാൻ വന്നു കിട്ടിയിട്ട് അത് മൂലം തന്റെ പാപങ്ങൾ മായ്ച്ചു കളഞ്ഞു പാപമോചനം നേടാൻ സാധിക്കാത്തവൻ അകന്നു പോകട്ടെ എന്ന് ജിബ്‌രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ (സ്വ) അതിനു ആമീൻ പറഞ്ഞതും നമുക്കറിയാം.. അത് കൊണ്ട് ഈ റമളാൻ കൊണ്ടെങ്കിലും നമ്മുടെ ജീവിതത്തെ പാപങ്ങളിൽ നിന്നും അകറ്റി നിർത്താൻ നമുക്ക് കഴിയണം.
إنّ الله يحب التوابين ويحب المتطهرين
തീർച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെ, തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞ് റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരെ ധാരാളമായി ഇഷ്ടപ്പെടുന്നു...
  സ്വഹാബികൾ എല്ലാം കൂടി തന്നെ ഒരു കുഴിയിൽ ഇറക്കി നിർത്തി കല്ലെറിഞ്ഞു കൊല്ലുമെന്ന് അറിഞ്ഞിട്ടും طهّرني يا رسول الله എന്ന് പറഞ്ഞു കൊണ്ട് പ്രവാചകന്റെ അടുത്തേക്ക് കടന്നു വന്ന സ്വഹാബിയെ നമുക്കറിയാം... ആ സ്വഹാബികളെയെല്ലാം തൗബ ചെയ്യാൻ പ്രേരിപ്പിച്ചത് അവർക്ക് അല്ലാഹുവിലുള്ള ഭയമായിരുന്നു... അത് കൊണ്ട് അവരെ പോലെ തൗബ ചെയ്യുന്നവരായി നാം മാറേണ്ടതുണ്ട്. അതിന് നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

Tuesday, May 5, 2020

വിശപ്പിന്റെ കാഠിന്യം

റമളാൻ വസന്തം- 12

അമീൻ തിരുത്തിയാട്


  രണ്ട് ദിവസം മുൻപ് ഒരു ന്യൂസ്‌ ചാനലിൽ നിന്നും ഒരു വാർത്ത വായിക്കാൻ ഇടയായി. ഒറ്റ നോട്ടത്തിൽ തന്നെ ആ വാർത്ത കണ്ടപ്പോൾ മഹാനായ ഖലീഫ ഉമർ(റ)നെയാണ് ഓർമ വന്നത്.
  വിശക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്ന കുഞ്ഞു മക്കളുടെയും അടുപ്പിൽ കല്ല് വെച്ച് പുഴുങ്ങി അവരെ സമാധാനിപ്പിക്കുന്ന ഒരു കെനിയൻ അമ്മയുടെയും വാർത്തയായിരുന്നു അത്.
  ഉമർ(റ) ന്റെ ഭരണ കാലത്ത് രാത്രിയിൽ അദ്ദേഹം പ്രജകളുടെ വിവരങ്ങൾ അറിയാൻ വേണ്ടി ഇറങ്ങി നടന്നതും ഒരു വീട്ടിൽ ഒരു ഉമ്മ തന്റെ വിശന്നു കരയുന്ന മക്കളെ സമാധാനിപ്പിക്കാൻ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നു. ശേഷം ഈ വീട്ടിലേക്ക് ആവശ്യമായ ഭക്ഷണം ഖലീഫ എത്തിച്ച് കൊടുക്കുന്നുണ്ട്.
  1000 ൽ അധികം വർഷങ്ങൾക്ക് മുൻപാണ് ഉമർ(റ) ന്റെ കാലത്തെ സംഭവം നടന്നത് എങ്കിൽ കെനിയയിലെ സംഭവം നടക്കുന്നത് ഈ വർഷമാണ്.
  നമ്മളെല്ലാം നല്ല നിലയിൽ ഭക്ഷണം കഴിക്കുന്നവരാകാം. പക്ഷെ നമ്മിൽ പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ കുറ്റവും കുറവും പറയുന്നവരാകാം. ഉണ്ടാക്കിയ ഭക്ഷണം ബാക്കിയായാൽ അത് കുഴിച്ചു മൂടുന്നവരാകാം. അങ്ങനെ ചെയ്യുന്നവരാണ് നമ്മളെങ്കിൽ ഈ മക്കളെ കുറിച്ചു നമ്മളൊന്നു ആലോചിക്കണം.
  അയൽവാസി വിശന്നിരിക്കുമ്പോൾ വയർ നിറച്ചു ഭക്ഷിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണ് പ്രവാചക വചനം. ഉണ്ടാക്കിയ കറിയിൽ അല്പം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിക്ക് കൊടുക്കണം എന്നാണ് അവിടുത്തെ അധ്യാപനം.
  അത് കൊണ്ട് ഉള്ളതിന് നന്ദി കാണിക്കുക. അയൽവാസിയുടെ ക്ഷേമമന്വേഷിക്കുക.

Monday, May 4, 2020

അസൂയയും തീയും

റമളാൻ വസന്തം- 11

അമീൻ തിരുത്തിയാട്


  നാമെല്ലാവരും ചെറുപ്പം മുതലേ കേൾക്കുന്നതാണ് ആമയും മുയലും പന്തയം വെച്ച കഥ.
  ആ കഥയിൽ ഞാൻ വലിയ ഓട്ടക്കാരനാണ് എന്ന് സ്വയം പെരുമ നടിച്ച മുയൽ പാവം ആമയെ ധാരാളമായി പരിഹസിക്കുന്നുണ്ട്. ഇങ്ങനെ അഹങ്കാരം കാണിച്ചു നടക്കുന്ന മുയൽ മത്സരത്തിനിടയിൽ ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങിപോകുന്നുണ്ട്. അങ്ങനെ ആ മത്സരത്തിൽ ആമ വിജയിച്ചു. മുയലിന്റെ അഹങ്കാരമാണ് ഇവിടെ മുയലിനെ തോല്പിച്ചത്.
  ഇതുപോലെയാണ് ഇന്ന് നമ്മുടെ ഇടയിൽ പലയാളുകളും. അല്പം പണം കൂടുമ്പോഴേക്കും പദവി ഉയരുമ്പോഴേക്കും ഞാൻ... ഞാൻ എന്ന രീതിയിലേക്ക് ഇന്ന് ആളുകൾ മാറി കൊണ്ടിരിക്കുകയാണ്.
"പരസ്പരം പെരുമ നടിക്കൽ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു" എന്ന് ഖുർആൻ നമ്മെ ഉണർത്തുന്നുണ്ട്.
  അസൂയപോലെ തന്നെയാണ് അഹങ്കാരവും.
إياكم والحسد، فإن الحسد يأكل الحسنات كما تأكل النار الحطب
"നിങ്ങൾ അസൂയയെ സൂക്ഷിക്കുക. കാരണമെന്തെന്നാൽ തീ വിറകിനെ തിന്നു നശിപ്പിക്കുന്നത് പോലെ അസൂയ സൽകർമങ്ങളെ തിന്നു നശിപ്പിക്കുന്നതാണ്"
  അത്കൊണ്ട് ജീവിതത്തിൽ ഒരാളോടും അസൂയയില്ലാതെ അഹങ്കാരം കാണിക്കാതെ ജീവിക്കുക.

Saturday, May 2, 2020

ആദ്യ പത്ത് വിടപറയുമ്പോൾ...

റമളാൻ വസന്തം- 10

അമീൻ തിരുത്തിയാട്


  പരിശുദ്ധ റമളാൻ മാസത്തിലെ ആദ്യ പത്ത് നമ്മിൽ നിന്നും വിടപറയുകയാണ്. ഈ സന്ദർഭത്തിൽ നമ്മിലൂടെ കടന്നു പോയ ദിനരാത്രങ്ങളെ നമുക്ക് എത്രമാത്രം ഉപയോഗപ്പെടുത്താൻ സാധിച്ചു എന്ന് നാം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കേണ്ടതുണ്ട്. പലർക്കും ആദ്യ പത്തിലെ ദിനരാത്രങ്ങൾ അശ്രദ്ധമൂലം നഷ്ടപ്പെട്ടു. ശേഷിക്കുന്ന ദിവസങ്ങളും അങ്ങനെ ആവരുത്.
  സമയത്തെ നാം ഒരിക്കലും അനാവശ്യമായി കളയരുത്. ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. ഇത് പോലെ ഒരു റമളാൻ ഇനിയും നമ്മിലേക്ക്‌ കടന്നു വന്നില്ല എന്ന് വരാം. അത് കൊണ്ട് കിട്ടിയ അവസരം പരമാവധി ഉപയോഗപെടുത്തുക.
  സമയത്തെ പാഴാക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ദിവസവും എത്ര യെത്രെ മിനിറ്റുകളാണ് നാം നഷ്ടപ്പെടുത്തി കളയുന്നത്. ആ സമയങ്ങളിൽ ഒന്നും തന്നെ നാം നമ്മുടെ രക്ഷിതാവിനെ ഓർക്കുന്നില്ല.. നാഥന് നന്ദി കാണിക്കുന്നില്ല. ഒരിക്കലും തന്നെ നഷ്ട്ടപ്പെടുത്തി കളയുന്ന സമയങ്ങൾ നമ്മിലേക്ക്‌ തിരിച്ചു ലഭിക്കില്ല.. മാത്രമല്ല നാഥനുമായി അടുക്കാൻ ഉള്ള ഓരോ നിമിഷങ്ങളേയുമാണ് നാം നഷ്ടപ്പെടുത്തുന്നതും. പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദുനിയാവിൽ ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിതരാവുന്ന 2 അനുഗ്രഹങ്ങളെ പറ്റിയിട്ട്.
نعمتان معبونٌ فيهما كثير من الناس، الصّحة والفراغ
"ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിതരാകുന്ന 2 അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും"
  അത് കൊണ്ട് നമ്മുടെ ഒഴിവു സമയങ്ങൾ മൂലം നാം പരാജിതരാവരുത്.. മിക്കവരും നിസാരമാക്കിക്കൊണ്ട് തള്ളി കളഞ്ഞ നിമിഷങ്ങളെ ഫലപ്രഥമായി ഉപയോഗപ്പെടുത്തിയാണ് വിജയികൾ അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത് എന്ന് നാം മറക്കാതിരിക്കുക. സമയം വിലപ്പെട്ടതാണ്. അതിനെ നഷ്ടപ്പെടുത്താതിരിക്കുക.
  നാഥൻ അനുഗ്രഹിക്കട്ടെ...

ഒരുമയാണ് ഉത്തമം

റമളാൻ വസന്തം- 9

അമീൻ തിരുത്തിയാട്


  നമുക്കെല്ലാം പരിചയമുള്ള ഒരു വസ്തുവാണ് ഈർക്കിൾ. ഒരു ഈർക്കിൾ എടുത്തു നമ്മൾ ഒടിച്ചു നോക്കിയാൽ അത് പെട്ടെന്ന് ഒടിഞ്ഞു പോകും. എന്നാൽ ഒരു കൂട്ടം ഈർക്കിൾ എടുത്തു ഒരുമിച്ച് ചേർത്ത് അവ കൂട്ടിക്കെട്ടി ഒരു ചൂല് പോലെയാക്കിയ ശേഷം ഒടിക്കാൻ ശ്രമിച്ചാൽ അത് ഒടിയുകയില്ല.
  ഇത് പോലെ തന്നെയാണ് എല്ലാ കാര്യവും. ഒറ്റക്ക് ഒറ്റക്ക് നിന്നാൽ അവയെ തകർക്കാൻ പെട്ടെന്ന് കഴിയും. എന്നാൽ ഒരുമിച്ച് കൂട്ടത്തോടെ നിന്നാൽ അവയെ തകർക്കാൻ പ്രയാസമാകും. "ഐക്യമത്യം മഹാബലം" എന്ന് പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ.
  ഇന്ന് നമ്മുടെ നാടുകളിലെ അവസ്ഥയും ഇത് പോലെ തന്നെയാണ്. തന്റെ സ്വാർത്ഥ താല്പര്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി തന്റെ സഹോദരനെ ഒറ്റ തിരിഞ്ഞു നിന്ന് ആക്രമിക്കുന്നവരാണ് നമ്മിൽ പലരും. ഇതേ അവസ്ഥ നമുക്ക് തിരിച്ചു വരുമ്പോൾ നമ്മൾ ഒറ്റക്കാണ്, നമ്മളെ പെട്ടെന്ന് തകർക്കാൻ മറ്റുള്ളവർക്ക് കഴിയും എന്ന് നാം ഒരിക്കലും തന്നെ മറക്കരുത്.
  അത് കൊണ്ട് ഐക്യമാണ് നമുക്ക് വേണ്ടത്. തന്റെ സഹോദരനെ ചേർത്ത് നിർത്തിക്കൊണ്ട് ഒരുമിച്ച് കെട്ടിയ ഈർക്കിളുകൾ പോലെ ഒരു മനസ്സായി ശക്തമായി നില കൊള്ളുക. ഐക്യത്തോടെ... സ്നേഹത്തോടെ... ഒരുമയോടെ...

Friday, May 1, 2020

മനസ്സും നമസ്കാരവും

റമളാൻ വസന്തം- 8

അമീൻ തിരുത്തിയാട്


  കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിൽ ശക്തമായൊരു മഴ പെയ്തു. കോരി ചൊരിഞ്ഞു പെയ്ത മഴയിൽ അന്തരീക്ഷമൊന്നാകെ ഒന്ന് തണുത്തു. ആ ഒരൊറ്റ മഴ കൊണ്ട് ചൂടും കുറഞ്ഞു. കുത്തിയൊലിച്ചു വന്ന മഴ വെള്ളത്തിൽ തോടുകളിൽ കെട്ടികിടന്നിരുന്ന മാലിന്യങ്ങൾ ഒഴുകി പോവുകയും ചെയ്തു.
  ഇത് പോലെ തന്നെയാണ് നമ്മുടെ അവസ്ഥയും. ദേഷ്യപ്പെട്ടു നിൽക്കുന്ന സമയത്ത് നമ്മെ ശാന്തമാക്കാൻ സ്നേഹമാകുന്ന ഒരു പുഞ്ചിരിയോ ഒരു വർത്തമാനമോ മതി. തോട്ടിൽ നിന്നും മാലിന്യങ്ങൾ ഒഴുകി പോയത് പോലെയാണ് അഞ്ചു നേരവും നമസ്കരിക്കുന്ന ഒരാളുടെ അവസ്ഥ. അയാളുടെ മനസ്സിൽ ഒരു തരം മാലിന്യവും അവശേഷിക്കുകയില്ല. ഇത് തന്നെയാണ് പ്രവാചകൻ പഠിപ്പിക്കുന്നത്:
  "അഞ്ചു നേരം കുളിക്കുന്ന ഒരാളുടെ ശരീരത്തിൽ മാലിന്യങ്ങളൊന്നും അവശേഷിക്കാത്തത് പോലെ അഞ്ചു നേരം നമസ്കരിക്കുന്ന ഒരാളുടെ മനസ്സിൽ മാലിന്യങ്ങളൊന്നും തന്നെ ബാക്കിയാവുകയില്ല. അയാളുടെ മനസ്സ് ശുദ്ധമാവുകയും ചെയ്യും".

Wikipedia

Search results