റമളാൻ വസന്തം 29
ഫലസ്തീനിലെ ഗലീലയിൽ ഗലീല കടൽ എന്നറിയപ്പെടുന്നൊരു ശുദ്ധ ജല തടാകമുണ്ട്. ഹെർമോൻ മല നിരകളിൽ നിന്ന് മഞ്ഞുരുകിയും മറ്റുമൊക്കെ എത്തുന്നതാണതിലെ ജലം. ആ ഒഴുകിയെത്തുന്ന വെള്ളത്തെ സ്വീകരിച്ച്, സംഭരിച്ച് വെക്കുകയല്ല ഗാലീലിക്കടൽ ചെയ്യുന്നത്. കിട്ടുന്നത് മുഴുവൻ അത് ജോർദാൻ നദിയിലേക്ക് ഒഴുക്കി വിടുന്നു. തുടർച്ചയായി ഒഴുകുന്നത് കൊണ്ട് തന്നെ ഗലീലിക്കടലിലെ വെള്ളം ശുദ്ധമാണ്. അതിൽ ഒരുപാട് മത്സ്യങ്ങൾ ജീവിക്കുന്നു. സഞ്ചാരികളവിടേക്ക് ആകർഷിക്കപ്പെടുന്നു.
എന്നാൽ ചാവുകടലോ.... തന്നിലേക്കെത്തുന്ന ജലം മുഴുവൻ സംഭരിച്ചു വെക്കുക മാത്രമാണ് ചെയ്യുന്നത്. അതിൽ നിന്നൊരു ബഹിർഗമനമില്ല. ഒന്നും നൽകാതെ സൂക്ഷിച്ചു വെക്കുക മാത്രം... അതിന്റെ പേരോ... ചാവുകടൽ... അതായത് ചത്തത്... യാതൊരു ഫലവുമില്ലാത്തത്.
കൊടുക്കാനും വാങ്ങാനുമാണ് റമളാൻ നമ്മെ പ്രാപ്തരാക്കിയത്. കൊടുക്കുക എന്നത് ഒഴുക്ക് പോലെയാണ്. മാലിന്യങ്ങളൊന്നും അവശേഷിക്കില്ല.
ഇനിയുള്ള പതിനൊന്നു മാസം നമുക്കൊഴുകണം. റബ്ബിന്റെ പ്രീതിക്ക് വേണ്ടി, സ്വർഗം നേടുന്നതിന് വേണ്ടി....
തിരക്ക് പിടിച്ച ജീവിതയാത്രയിൽ മറന്നു വെച്ച പലതും ഓർത്തെടുക്കാൻ ഈ വസന്തത്തിന്റെ ദിനങ്ങൾക്കായില്ലേ...??
ഇനി ഖുർആനെന്ന വെളിച്ചവുമായാണ് നമ്മുടെ സഞ്ചാരം. റമളാൻ നമ്മുടെ പാപങ്ങൾ മായ്ച്ചു കളഞ്ഞപ്പോൾ, പുതിയ പ്രകാശവുമായി യാത്ര തുടങ്ങിയപ്പോൾ, നാമൊരു പുതിയ മനുഷ്യനായി മാറി. ഈ യാത്ര നമുക്ക് തുടർന്ന് കൊണ്ട് പോകണം....
സഹോദരങ്ങളെ സ്നേഹിക്കാൻ നമുക്കാവണം. മഞ്ഞു കണങ്ങൾ ഇലയോട് പറ്റിച്ചേർന്ന് നിൽക്കും പോലെ സ്നേഹിച്ച് കൊതി തീരാതെ മരിക്കാനാവണം.
ബന്ധങ്ങളുടെയടിവേര് മുറിച്ച് കളയരുതൊരിക്കലും, പിന്നെയത് തളിർക്കാൻ വലിയ പാടാണ്.
ഒറ്റപ്പെടുത്തിയവർക്കും കരയിച്ചവർക്കും കുത്തി നോവിച്ചവർക്കും പൊറുത്തു കൊടുക്കണം. അതാണ് മധുരമുള്ള ജീവിതം.
സ്നേഹമാണ് പ്രതികാരമെന്ന് തിരിച്ചറിയണം.വസന്തക്കാറ്റിന്റെ സുഖത്തിനൊരു കൊച്ചു വിരാമം...
പാതിരാവിലെ പ്രാർത്ഥനയിലും സൂജൂദിലും റബ്ബിന്റെ കാരുണ്യത്തിനായ് നാം തേടി, പൊട്ടി കരഞ്ഞു, ഖുർആനെ നെഞ്ചോട് ചേർത്ത് പിടിച്ചു, സ്വർഗ്ഗമോർത്ത് സന്തോഷിച്ചു... എല്ലാം റമളാനെന്ന വസന്തത്തിന്റെ ഫലമായിട്ടായിരുന്നു....
പ്രിയരേ,
റമളാൻ വസന്തം ഇവിടെയവസാനിക്കുകയാണ്. മനസ്സുകൊണ്ടും നേരിട്ടും പ്രാർത്ഥനകളായും നിങ്ങൾ നൽകിയ ആശംസകളും പിന്തുണകളുമാണ് ഇതിവിടം വരെ എത്തിച്ചത്.
നന്ദിയുണ്ട് എല്ലാത്തിനും...
പലരെയും ഇതുവരെ കണ്ടിട്ടില്ല...
എങ്കിലും ആദരവും പ്രാർത്ഥനയും എന്നുമുണ്ടാകും...
എവിടെ വെച്ചെങ്കിലും കാണാം... ഇന്ഷാ അല്ലാഹ്...
അന്ന് നമ്മളൊരുമിച്ചാസ്വദിച്ച റമളാനിന്റെ വസന്തത്തേ ഓർത്തെടുക്കാൻ ശ്രമിക്കാം...
അതിനെക്കുറിച്ച് സംസാരിക്കാം....
നാഥൻ ആയുസ് നൽകട്ടെ...
"റമളാൻ വസന്തത്തെപറ്റിയുള്ള" നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....
സ്നേഹപൂർവ്വം, പ്രാർത്ഥനകളോടെ, പ്രാർത്ഥന വസ്വിയതോടെ...
അമീൻ തിരുത്തിയാട് 🙂
9207791873
റമളാൻ വസന്തം 4.0
No comments:
Post a Comment