റമളാൻ വസന്തം 26
മൈക്കൽ ആഞ്ചലോ എന്ന ചിത്രകാരൻ പ്രസിദ്ധമായ അവസാനത്തെ അത്താഴം (Last Supper) എന്ന ചിത്രം വരയ്ക്കുന്ന സമയം. ജീവിച്ചിരിക്കുന്നവരെ മാതൃകയാക്കി കൊണ്ടാണദ്ദേഹം ഓരോ മുഖങ്ങളും വരക്കുന്നത്. അവസാനം യൂദാസിന്റെ മുഖം വരക്കാൻ അതിന് യോജിച്ച ഒരാളെ അന്വേഷിച്ചു കുറെ നടന്നു. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം നിഷ്ഠൂരമായ മുഖമുള്ള ഒരു കുറ്റവാളിയെ കിട്ടി. ആ മുഖം പകർത്തി വരച്ചു കൊണ്ടിരിക്കെ, ആ കുറ്റവാളിയുടെ കണ്ണുകൾ ചലിട്ടൊഴുകി. കാരണമന്വേഷിച്ച ചിത്രകാരനോട് കുറ്റവാളി പറയുന്നുണ്ട്:
"പന്ത്രണ്ട് വർഷം മുൻപ് അങ്ങ് ക്രിസ്തുവിനെ വരച്ചതും എന്നെ മാതൃകയാക്കിയായിരുന്നു"
നിഷ്കളങ്കമായ മുഖത്തെ പന്ത്രണ്ടു വർഷം കൊണ്ട് നിഷ്ഠൂരമാക്കി മാറ്റിയത് അയാൾ ജീവിച്ച സമൂഹം കൂടിയായിരുന്നു.
ഒരാൾ നന്നാകുന്നതിലും മോശമാകുന്നതിലും ചുറ്റുപാടുകൾക്ക് വലിയ പങ്കുണ്ട്. നല്ല സുഹൃത്തിനെയും മോശം സുഹൃത്തിനെയും, കസ്തൂരി വില്പനക്കാരന്റെയും കൊല്ലന്റെയും ഉപമകൾ വെച്ചാണ് തിരുദൂതർ പഠിപ്പിക്കുന്നത്.
കസ്തൂരി കച്ചവടക്കാരന്റെ സാമീപ്യം തന്നെ നമ്മിൽ സുഗന്ധം പരത്തും. കൊല്ലന്റെ സമീപത്ത് നിൽക്കുന്നവനിൽ നിന്ന് അപകടമേ ഉണ്ടാവൂ... അയാളുടെ വസ്ത്രം മോശമാവുകയും ചെയ്യും.
ഒരാൾ അയാളുടെ കൂട്ടുകാരന്റെ ദീനിലായിരിക്കുമെന്നും തിരുദൂതർ പഠിപ്പിക്കുന്നു.
നമ്മെ മൊത്തമായി നന്നാക്കിയെടുക്കാനുള്ളതാണല്ലോ ഇസ്‌ലാം.
റമളാനിന്റെ വസന്തമേൽക്കുമ്പോൾ, കസ്തൂരിയുടെ സുഗന്ധം വീശുന്ന സൽവൃത്തരായി നമുക്കാവണം. ഖൽബിലും, ശരീരത്തിലും, സ്വഭാവത്തിലും....
റമളാൻ വസന്തം 4.0
✍️അമീൻ തിരുത്തിയാട്
No comments:
Post a Comment