എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

നാഥൻ സഹായിക്കും...

 റമളാൻ വസന്തം 22

  ഖുർആൻ ഏറ്റവും കൂടുതൽ പേര് പറഞ്ഞ പ്രവാചകനാണ് മൂസ (അ). അത്ഭുതമാണദ്ദേഹത്തിന്റെ ജീവിതം. നദിയിലൊഴുകി കൊട്ടാരത്തിൽ വളർന്ന പ്രവാചകൻ. ഒരുപാട് ഗുണപാഠങ്ങളുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൽ. റബിന്റെ പരീക്ഷണങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് ഈ പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്.

  അധിക്രൂരനായ ഫിർഔനിന്റടുത്തേക്ക് തൗഹീദ് പറയാൻ പോകുമ്പോൾ, കൂടെ സഹോദരനെ കൂട്ടാൻ ആവശ്യപ്പെട്ടതിന് പുറമെ റബ്ബ് പറയുന്നുണ്ട്. "പേടിക്കേണ്ട, ഞാൻ നിങ്ങളുടെ കൂടെയുണ്ട്". ഇങ്ങനെയൊരു വാക്കിനാണ് എല്ലാ മനുഷ്യരും കൊതിക്കുന്നത്.

  മനസ്സറിയുന്നവന് മാത്രമേ മറ്റുള്ളവരുടെ കൂടെ യാത്ര ചെയാനാകൂ... അങ്ങനെയെങ്കിലെ തകർച്ചയിൽ കൂടെ നിൽക്കാനാവൂ... ആ സംസാരം കേട്ടിരിക്കാനാവൂ... എത്ര കേട്ടാലും മതി വരാതെ, അടുത്തിരുന്ന് സമാധാനിപ്പിക്കുന്ന ഒരു സുഹൃത്തിനെ നമുക്കെന്തിഷ്ടമാവുമല്ലേ...

  പിതാവില്ലാതെ ജനിച്ച ഈസ (അ), അദ്ദേഹത്തിന്റെ മാതാവിനെ നാട്ടുകാർ ആരോപണ വിധേയയാക്കിയപ്പോൾ, അവൾ തളർന്നില്ല. പക്ഷെ അവിടെ നാഥനിടപ്പെട്ടു. ആ പിഞ്ചു കുഞ്ഞിന്റെ വായിലൂടെ നാഥൻ സത്യം വിളിച്ചു പറഞ്ഞു.

  ലോകത്തുള്ളവരെല്ലാം വിശ്വാസിക്കെതിരെ നിന്നാലും അല്ലാഹു ഒരുവനെ ഇഷ്ടപ്പെട്ടാൽ അവനെ സഹായിക്കും, സ്വാന്തനപെടുത്തും. തളർന്ന് പോകുമ്പോഴെല്ലാം അവനെ പിടിച്ചെഴുന്നേൽപ്പിക്കും.

  റബ്ബിന്റെ കാവലിനും അവൻ നീട്ടുന്ന സഹായങ്ങൾക്കും അർഹത നേടാനുള്ള മാർഗത്തിലാണോ നാമെന്നാണ് ഈ റമളാനിൽ ആലോചിക്കേണ്ടത്. ആ തിരിച്ചറിവ് നേടാനാവട്ടെ ഈ റമളാൻ...


റമളാൻ വസന്തം 4.0

✍️അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results