റമളാൻ വസന്തം 5
വാക്കുകളെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. തിരുദൂതർ ഒരിക്കൽ പറയുന്നുണ്ട്: "ആരാണോ തന്റെ താടിയെല്ലുകൾക്കിടയിലുള്ളതിനെപ്പറ്റി എനിക്ക് ഉറപ്പ് നൽകുന്നത്, അവന് ഞാൻ സ്വർഗം വാഗ്ദാനം ചെയ്യാം.."
എന്തും വിളിച്ചു പറയാനുള്ളതല്ല നാവ്, ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ കെട്ടിപ്പടുത്ത സൗഹൃദവും കുടുംബ ബന്ധവുമെല്ലാം തകർത്ത് കളയാൻ കേവലം ഒന്നോ രണ്ടോ വാക്കുകൾ മതിയാകും. അത്രമാത്രം മൂർച്ചയുള്ള വാളാണത്.
നല്ല വാക്കുകൾ മറ്റൊരാളുടെ ഹൃദയാന്തരങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാനുള്ള താക്കോലുകളാണ്. എന്നാൽ എത്രയെത്ര വാക്കുകൾ കൊണ്ട് എത്രയെത്ര കവാടങ്ങളാണ് നാം കൊട്ടിയടച്ചത്...?
കൊട്ടിയടച്ചതെല്ലാം പതിയെ തുറക്കണം. ദൈവ സ്മരണയാൽ സ്വാന്തനമേകുന്ന അതേ നാവ് കൊണ്ട്, ബന്ധങ്ങളുടെ ഉള്ളം തണുപ്പിക്കാൻ നമുക്കാവണം.
വാക്കുകൊണ്ട് ഹൃദയം തൊടാൻ സാധിച്ചവന് മറ്റുള്ളവർക്ക് നവ്യാനുഭവങ്ങളും സമ്മാനിക്കാനാവും... നാം പറഞ്ഞതും കേട്ടതുമായ വാക്കുകളും സംസാരങ്ങളുമൊക്കെയാണ് നാം ജീവിച്ചതിന്റെ നല്ല അടയാളങ്ങളും....
റമളാൻ വസന്തം 4.0
✍️ അമീൻ തിരുത്തിയാട്
No comments:
Post a Comment