ആദ്യമായിട്ടാണ് ഇത്തരത്തിൽ വിശുദ്ധ ഖുർആനിനെപ്പറ്റി ആഴത്തിൽ പഠിക്കുന്നതും പഠിച്ച കാര്യങ്ങൾ ആളുകൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതും, എത്രമാത്രം വിസ്മയമാണ് ഈ ഗ്രന്ഥം എന്ന് അതിലേക്കിറങ്ങി ചെല്ലുമ്പോൾ മാത്രമേ മനസ്സിലാവൂ... അതിനുള്ള അവസരമാണ് 'തദ്ബീർ'.
വളരെയധികം ആകാംക്ഷയോടെയാണ് ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയുടെ തദ്ബീറിലേക്കെത്തിയത്. ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന്റെതായ വ്യാകുലതകളുണ്ടായിരുന്നു.
ആദ്യമായി നന്ദി പറയേണ്ടത് ജ്യേഷ്ഠസുഹൃത്തും കോളേജിലെ സീനിയറുമായ ജംഷാദ്ക്കക്കാണ്. അദ്ദേഹമാണ് എന്നെ ഇതിലേക്കെത്തിച്ചത്.
മെയ് പതിമൂന്നിന് വൈകുന്നേരം 3 മണിക്കാണ് ഈ പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അറിയുന്നത്. വിശദ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമെനിക്ക് മറ്റു കാര്യങ്ങൾ അയച്ചു തരികയും പങ്കെടുത്തു കൂടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നിലുള്ള താൽപര്യം കണ്ടിട്ടാകാം പിന്നീട് അദ്ദേഹം എനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുക്കാനായി അപ്സ്ട്രാക്ട് അയക്കേണ്ട അവസാന ദിവസമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം അധികമാരും തെരഞ്ഞെടുക്കാത്ത ഒരു വിഷയം കണ്ടെത്തി അന്ന് രാത്രി തന്നെ അപ്സ്ട്രാക്ട് അയച്ചു. വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് പിതൃസഹോദരനായിരുന്നു. അവിടന്നങ്ങോട്ട് ഓരോ ദിവസവും ഒരനുജന്റെ പരിഗണന തന്ന് കൊണ്ട് ജംഷാദ്ക്ക എനിക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും തന്നു.
അന്നാണ് എനിക്ക് മനസിലായത്, സംഘടനാ പരിധികൾക്കപ്പുറമാണ് സുഹൃത് ബന്ധമെന്ന്.
ഇന്ന് രാവിലെ കുനിയിൽ അറബിക് കോളേജിലെത്തിയത് മുതൽ ഹൃദയമിടിപ്പ് കൂടുതലായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന 6 പേരിൽ ഞാൻ മാത്രമായിരുന്നു പുതുമുഖം. വിഷയാവതരണത്തിനായി വേദിയിലേക്ക് ചെന്നപ്പോൾ ഹൃദയമിടിപ്പ് വീണ്ടും കൂടി. കാരണം മുന്നിലിരിക്കുന്ന സദസിൽ കോളേജിലെ സീനിയേഴ്‌സുണ്ട്, സുഹൃത്തുക്കളുണ്ട്, ആത്മ സുഹൃത്തുക്കളായ സഹപാഠികളുണ്ട്, അദ്ധ്യാപകരുണ്ട്, പരിചയക്കാരുണ്ട്. എങ്കിലും അതൊന്നും വകവെക്കാതെ ഞാൻ വിഷയമവതരിപ്പിച്ചു. അവതരണത്തിന് ശേഷം ജഡ്ജിംഗ് പാനലിൽ നിന്ന് കൊണ്ട് TPM റാഫി സാറിന്റെ ചില നിർദ്ദേശങ്ങൾ, 3 ജഡ്ജുമാക്കും നെഗറ്റീവുകൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അത് കേട്ട് തളർന്ന എനിക്ക് അവിടെ വെച്ച് കൂട്ടായതും പ്രിയ ജ്യേഷ്ഠ സുഹൃത്ത് ജംഷാദ്ക്ക തന്നെ...
ജംഷാദ്ക്കയുടെ മുഖം കാണുമ്പോൾ തന്നെ സങ്കടം വരുന്നുണ്ടായിരുന്നു. പരിപാടിയുടെ സമാപന സെഷനിലെത്തിയപ്പോൾ അദ്ദേഹമെന്നോട് ചോദിച്ചു. "അമീനെ, എനിക്ക് പ്രതീക്ഷയൊന്നുമില്ല. നിനക്കെന്തെങ്കിലും പ്രതീക്ഷയുണ്ടോ?" ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടാൻ മാത്രമേ സാധിച്ചുള്ളൂ. സങ്കടം കൊണ്ട് കണ്ണു നിറഞ്ഞു പോയി... മത്സരഫലം പ്രഖ്യാപിക്കുമ്പോൾ മൂന്നാം സ്ഥാനം കിട്ടിയ ആളെയായിരുന്നു ആദ്യം പറഞ്ഞത്. രണ്ടാം സ്ഥാനം നേടിയത് "ഗണിത ശാസ്ത്രത്തിലെ...." എന്ന് പറഞ്ഞപ്പോഴേക്കും എന്റെ വലത് വശത്തിരുന്ന് എന്റെ വലത് കൈപ്പത്തിയെ ഇരു കൈകൾ കൊണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചിലേക്കമർത്തുന്നതോടൊപ്പം "അമീനെ കിട്ടിയെടാ" എന്ന് പറഞ്ഞ ജംഷാദ്ക്കാ.... ഒരിക്കലും മറക്കില്ല, നിങ്ങളുടെ ആ കുട്ടിപ്പിടുത്തം. ആദ്യം സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകൾ അപ്പോഴേക്കും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അതിന് ശേഷം ആ ജ്യേഷ്ഠ സുഹൃത്ത് പറഞ്ഞ ഒരു വാചകം കൂടി... " അടുത്ത വർഷത്തെ തദ്ബീറിൽ എന്തായാലും പങ്കെടുക്കണം, ഒന്നാം സ്ഥാനം നേടണം"...
ഖുർആൻ പoനത്തിന് സംഘടന എന്നത് ഒരു പ്രശ്നമേയല്ല എന്നെനിക്ക് മനസിലായി... ഇതൊരു തുടക്കം മാത്രം... ഇനിയങ്ങോട്ട് സാധിക്കുന്ന തദ്ബീറിലെല്ലാം ഞാനുണ്ടാകും... ഇൻഷാ അല്ലാഹ്,
അടുത്തൊരു തദ്ബീറിനായുള്ള കാത്തിരിപ്പുകളോടെ...
✒ അമീൻ തിരുത്തിയാട്
#ജംഷാദ്ക്കാ... സ്നേഹം മാത്രം...