എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Thursday, April 30, 2020

ഹൃദയം ശുദ്ധമാക്കാം

റമളാൻ വസന്തം- 7

അമീൻ തിരുത്തിയാട്


നമുക്കെല്ലാം അറിയുന്ന ഒരു ടീച്ചറുടെയും കുട്ടികളുടെയും കഥയുണ്ട്. ടീച്ചർ ഒരിക്കൽ ക്ലാസ്സിൽ ഒരു ചാക്കിൽ ധാരാളം ഉരുളകിഴങ്ങ് കൊണ്ട് വന്ന് കുട്ടികളോട് പറഞ്ഞു: "നിങ്ങൾ ഇതിൽ നിന്ന് ഉരുളക്കിഴങ്ങുകൾ എടുത്ത് നിങ്ങൾക്ക് വെറുപ്പുള്ളവരുടെയും ദേഷ്യമുള്ളവരുടെയും പേരുകൾ അതിലെഴുതി അത് നിങ്ങളുടെ ബാഗിൽ വെക്കുക. നിങ്ങൾക്ക് എത്ര ആളുകളോട് വെറുപ്പുണ്ടോ അത്രയും കിഴങ്ങ് എടുക്കാം. അതിന് ശേഷം ഒരാഴ്ച നിങ്ങൾ എവിടെ പോകുമ്പോഴും ആ ബാഗ് കൂടെ കൊണ്ട് പോകണം."
  ടീച്ചർ പറഞ്ഞത് പോലെ കുട്ടികൾ ഉരുളകിഴങ്ങുകൾ എടുത്ത് പേരെഴുതി ബാഗിൽ ഇട്ടു. ചിലർക്ക് ഒരുപാടെണ്ണം എടുക്കേണ്ടി വന്നു. ചിലർക്ക് വളരെ കുറച്ച് മാത്രം.
  ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉരുളകിഴങ്ങുകൾ കേടു വരാനും ദുർഗന്ധം വമിക്കാനും തുടങ്ങി. ആ ബാഗുമായി നടക്കാൻ കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടി. അവസാനം ടീച്ചർ ആ കുട്ടികളോട് പറഞ്ഞു "ഇപ്പോൾ നിങ്ങളുടെ കയ്യിലെ ഉരുളക്കിഴങ്ങിന് സംഭവിച്ചത് തന്നെയാണ് നിങ്ങൾ ഒരാളോടുള്ള വെറുപ്പും വിദ്വേഷവുമെല്ലാം ഹൃദയത്തിൽ കൊണ്ട് നടക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിനും സംഭവിക്കുന്നത്. ക്രമേണ നിങ്ങളുടെ ഹൃദയവും മലിനമാവുകയാണ്."
  നമ്മൾ ഒരാളെ വെറുക്കുമ്പോഴും ഒരാളോട് വിദ്വേഷം കാണിക്കുമ്പോഴുമെല്ലാം നമ്മുടെ ഹൃദയം മലീമസമായി ഭാരം കൂടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് വെറുപ്പും വിദ്വേഷവും ഒഴിവാക്കി വിയോജിപ്പുകൾ സ്നേഹത്തോടെയാക്കുക.
  നാഥൻ അനുഗ്രഹിക്കട്ടെ...

Wednesday, April 29, 2020

എന്തും അവനിലേക്ക് ഭരമേൽപിക്കാം...

റമളാൻ വസന്തം- 6

അമീൻ തിരുത്തിയാട്

  നമ്മുടെ ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും, വെല്ലുവിളികൾ ഉണ്ടാകും... ഇവിടങ്ങളിൽ നാം ഒരിക്കലും പതറാതെയും തളരാതെയും മുന്നേറണം. സംസ്കാര സമ്പന്നതയോടെ വിവേകപൂർണനായി ഉത്തമ സ്വഭാവത്തിനുടമയായിക്കൊണ്ട് നമ്മുടെ സ്വപ്നം സാക്ഷാൽകരിക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ ലക്ഷ്യസാക്ഷാൽകാരത്തിനായുള്ള വഴികളെ നാം കണ്ടെത്തണം. ആ വഴികളിലൂടെ കൃത്യമായി നാം മുന്നേറണം.
എല്ലാം നമുക്ക് ലോകസൃഷ്ടാവായ അല്ലാഹുവിലേക്ക് ഭരമേൽപിക്കാം. അപ്പോൾ ഒന്നിനെയും പേടിക്കേണ്ട. അല്ലാഹുവാണ് ഭരമേൽപിക്കുവാൻ ഏറ്റവും ഉത്തമൻ,  ഭരമേൽപിക്കുന്ന ആളുകളെ ആ രക്ഷിതാവ് ഇഷ്ടപ്പെടുന്നതുമാണ്.
إنّ اللّٰه يحبّ المتوكّلين
''തീർച്ചയായും അല്ലാഹു ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു"
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നുണ്ട്:
وإذا عزمت فتوكل على اللّٰه
  "നീ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക", അത് കൊണ്ട് പ്രശ്നങ്ങളിലും പ്രയാസങ്ങളിലും തകർന്ന് പോകാതെ നമുക്ക് നാഥനിലേക്ക് ഭരമേൽപിക്കാം...
 അല്ലാഹു അനുഗ്രഹിക്കട്ടെ...

Tuesday, April 28, 2020

പ്രസന്ന വദനനായിരിക്കാം

റമളാൻ വസന്തം- 5

അമീൻ തിരുത്തിയാട്


  ഒരാഴ്ച മുൻപ് ഒരു സുഹൃത്ത് പറഞ്ഞു: ഞാനും എന്റെ സുഹൃത്തും തമ്മിൽ പിണക്കത്തിൽ ആണ്. ഇപ്പോൾ എന്നെ ഇങ്ങോട്ട് വിളിക്കാറില്ല എന്ന്. രണ്ട് ദിവസം കഴിഞ്ഞു ഞാൻ ആ സുഹൃത്തിനോട് വെറുതെ ചോദിച്ചു. നിങ്ങളുടെ പിണക്കം മാറിയോ?  ഉടനെ ആ സുഹൃത്ത് പറഞ്ഞു. പിണക്കം മാറി... പക്ഷെ ഞാൻ ഇപ്പോൾ പഴയ പോലെ മൈൻഡ് ചെയ്യാറില്ല. മൂന്നു ദിവസം എന്നെയിട്ട് കളിപ്പിച്ചതല്ലേ... കുറച്ച് കഴിയട്ടെ എന്ന്.
  സംഗതി തമാശക്കാണെങ്കിലും നമ്മുടെ പിടി വാശി പലപ്പോഴും അപകടത്തിൽ കൊണ്ട് എത്തിക്കാറുണ്ട്. ഒരു സുഹൃത്തിനോട് മിണ്ടാതെ പിണങ്ങി നിന്നാൽ നമുക്ക് എന്താണ് കിട്ടാനുള്ളത്. എന്നാൽ നമുക്കുണ്ടാകുന്ന നഷ്ടം ഒരുപാടായിരിക്കും.
  പുഞ്ചിരിക്കുക എന്ന കാര്യത്തെ പറ്റി പ്രവാചകൻ(സ്വ) വളരെ വ്യക്തമായിട്ട് നമ്മെ പഠിപ്പിക്കുന്നുണ്ട്.. അത് സ്വദഖകളിൽ പെട്ടതാണ്. പ്രവാചകൻ (സ്വ) ഒരിക്കൽ പറഞ്ഞു:
تَبَسُّمُك في وَجْه أَخِيك لك صدقة
നിന്റെ സഹോദരന്റെ മുഖത്തു നോക്കി നീ പുഞ്ചിരിക്കുകയാണെങ്കിൽ നിനക്ക് അതിൽ പ്രതിഫലം ഉണ്ട്.. അത് സ്വദഖകളുടെ കൂട്ടത്തിൽപെടുന്നതാണ്.
  തന്റെ കൂടെപ്പിറപ്പിനെ പോലും ഒറ്റപ്പെടുത്തി ചതിക്കുന്ന ഈ കാലത്ത് സഹോദരന് പുഞ്ചിരി സമ്മാനിച്ചു നമുക്ക് പുണ്യം സമ്പാദിക്കാം.

നാഥൻ അനുഗ്രഹിക്കട്ടെ...

Monday, April 27, 2020

കളവു പറയുന്നവന് നോമ്പില്ല

റമളാൻ വസന്തം 4

അമീൻ തിരുത്തിയാട്

  ഒരിക്കൽ ഒരു വൃദ്ധൻ ഒരു മൂലയിൽ ഇരുന്ന് എന്തോ തിന്നു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അതിലെ വന്ന ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾക്ക് നോമ്പില്ലേ...?
വൃദ്ധൻ പറഞ്ഞു: "ആര് പറഞ്ഞു ഇല്ലെന്ന്...? എനിക്ക് നോമ്പുണ്ട്. പക്ഷെ ഞാൻ ഭക്ഷണം കഴിക്കുന്നുണ്ടെന്നേയുള്ളൂ..."

ഇത് കേട്ടു ആ യുവാക്കൾ ചിരിച്ചു കൊണ്ട് പറഞ്ഞു: "ഇതെന്തു നോമ്പ്...?  ഇങ്ങനെയും നോമ്പുണ്ടോ?

അപ്പോൾ ആ വൃദ്ധൻ പറഞ്ഞു: "അതെ, ഞാൻ കളവു പറയാറില്ല, ആരെയും മോശമായി കാണാറില്ല, മോശമായി സംസാരിക്കാറില്ല, പരദൂഷണം പറയാറില്ല, ആരെയും വേദനിപ്പിക്കാറില്ല, അസ്സൂയ പുലർത്താറില്ല, ഹറാമായത് ഭക്ഷിക്കാറില്ല. ഖുർആൻ പാരായണം ചെയ്യാനും അത് പഠിക്കാനും സമയം കണ്ടെത്താറുണ്ട്. എന്റെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിറവേറ്റാറുണ്ട്. പക്ഷെ ഇപ്പോൾ പ്രായമായതിനാലും തീരെ വയ്യാത്തതിനാലും എന്റെ വയറിനു നോമ്പില്ല. എന്റെ മറ്റു അവയവങ്ങൾക്ക് എല്ലാം നോമ്പ് ഉണ്ട്."

ഇത് കേട്ടു പകച്ചു നിന്ന യുവാക്കളോട് ആ വൃദ്ധൻ ചോദിച്ചു: "നിങ്ങൾക്ക് നോമ്പ് ഉണ്ടോ?"
തല കുനിച്ചു കൊണ്ട് ആ യുവാക്കൾ പറഞ്ഞു: "ഇല്ല...  ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ല എന്നെ ഉള്ളൂ..."

  ഈ കഥയിലെ യുവാക്കളെ പോലെയാണ് ഇന്ന് നമ്മിൽ പലരുടെയും നോമ്പ്. പലരും ഭക്ഷണം കഴിക്കുന്നില്ല എന്നെ ഉള്ളൂ. ഒഴിവാക്കേണ്ടതായ പലതും ആരും ഒഴിവാക്കിയിട്ടില്ല. പലരും പരദൂഷണം പറയുകയും അസൂയ വെച്ച് പുലർത്തുകയും കളവു പറയുകയും എല്ലാം ചെയ്യുന്നു. അങ്ങനെ ചെയ്തു കൊണ്ട് ഒരാൾ പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല.

  കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് നമ്മുടെ നോമ്പ് പട്ടിണി കിടക്കാനുള്ളത് മാത്രം ആവരുത്. നമ്മുടെ അവയവങ്ങൾക്കും നോമ്പ് ഉണ്ടെന്നു നാം മറന്നു പോകരുത്.

നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ... 

Sunday, April 26, 2020

സഹോദരനെ സഹായിക്കാം, അവന് സേവനം ചെയ്യാം...

റമളാൻ വസന്തം- 3

അമീൻ തിരുത്തിയാട്

  റമളാൻ മാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായതാണ് തന്റെ സഹജീവിയുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും തിരിച്ചറിഞ്ഞ് അവനെ സഹായിക്കുക എന്നത്. നീണ്ട പതിനൊന്ന് മാസക്കാലം സുഭിക്ഷമായിരുന്നവയറും ശരീരവും ഒരു മാസത്തെ വ്രതാനുഷ്ഠാനം കൊണ്ട് ഊഷ്മളമാവുമ്പോൾ തിരിച്ചറിവിന്റെ പാതയിൽ സ്വന്തം അസ്ഥിത്വവും സ്ഥാനവും തിരിച്ചറിയുന്നവനാണ് യത്ഥാർത്ഥ വിശ്വാസി.

من فرج عن أخيه المؤمن كربة من كرب الدنيا فرج الله عنه كربة من كرب يوم القيامة، ومن ستر على مسلم ستر الله عليه في الدنيا والآخرة
പ്രവാചകൻ(സ്വ)യുടെ ഒരു ഹദീസിൽ നമുക്ക് കാണാൻ സാധിക്കും." ആരെങ്കിലും തന്റെ സഹോദരന്റെ ഒരു പ്രയാസം ദുനിയാവിൽ വെച്ച് മാറ്റിക്കൊടുത്താൽ, അല്ലാഹു അവന്റെ പ്രയാസം ഖിയാമത്ത് നാളിൽ മാറ്റിക്കൊടുക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിന്റെ വല്ല ന്യൂനതകളും മറച്ച് വെച്ചാൽ അല്ലാഹു ദുനിയാവിലും പരലോകത്തിലും അവന്റെ ന്യുനതകളെയും മറച്ച് വെക്കുന്നതാണ്.

 ഈ ലോകത്ത് വെച്ച് ആരെങ്കിലും മറ്റൊരാൾക്ക് ഒരു ചെറിയ തണൽ നൽകിയാൽ, എന്തെങ്കിലും ഒരു സഹായം നൽകിയാൽ നാളെ അല്ലാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകും...

  ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ അയൽവാസിയൊ മുസ്ലിമോ ആയ നമ്മുടെ സഹോദരൻ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുന്നുണ്ടെങ്കിൽ അവനെ സഹായിക്കേണ്ടത് വിശ്വാസിയായ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷിക്കുന്നവൻ വിശ്വാസിയല്ല" എന്നാണ് പ്രവാചകൻ(സ്വ) പഠിപ്പിച്ചത്. ഈ അവസരത്തിൽ നമ്മുടെ വീടകങ്ങൾ വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് സജീവമാകുമ്പോൾ ഒരു ഗ്ലാസ്‌ പച്ച വെള്ളമുപയോഗിച്ച് നോമ്പ് തുറക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ടെന്നു നാം മറക്കരുത്. ആഢംഭരമൊഴിവാക്കി ദൈവപ്രീതികാംക്ഷിച്ച് നമുക്ക് വ്രതമനുഷ്ഠിക്കാം...

  ഈ ലോകത്ത് പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുക, നാഥൻ അനുഗ്രഹിക്കട്ടെ...

Saturday, April 25, 2020

പരീക്ഷണ കാലത്തെ റമളാൻ വ്രതം

റമളാൻ വസന്തം 2

✍️ അമീൻ തിരുത്തിയാട്


  പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധ റമളാൻ മാസം. രാവിലെ മുതൽ വൈകുന്നേരം വരെ പട്ടിണി കിടന്ന് കൊണ്ട് ദൈവ പ്രീതി മാത്രം ആഗ്രഹിച്ച് ചെയ്യുന്ന ഒരു ആരാധനാ കർമ്മം.

  ഇങ്ങനെയുള്ള റമളാൻ മാസത്തിലാണ് ഇസ്ലാമിക ചരിത്രത്തിലെ പലയുദ്ധങ്ങളും നടന്നത്. റമളാൻ മാസം പതിനേഴിനായിരുന്നു മക്കാ മുശ്രിക്കുകളുമായി പ്രവാചകൻ (സ്വ) ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഞങ്ങൾ വ്രതമനുഷ്ഠിച്ചവരാണെന്ന് പറഞ്ഞ് കൊണ്ട് ആരും യുദ്ധത്തിൽ നിന്നും മാറി നിന്നിട്ടില്ല.

  ഇന്ന് നമ്മുടെ നാട് മാരകമായ ഒരു വൈറസ് മൂലം പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ അവസരത്തിൽ എന്റെ നാട്ടിൽ രോഗമാണ് അല്ലെങ്കിൽ എന്റെ രാജ്യത്ത് രോഗമുണ്ടെന്ന് പറഞ്ഞ് കൊണ്ട് വ്രതമനുഷ്ഠിക്കാതെ മാറി നിൽക്കൽ നമുക്ക് അനുവദനീയമല്ല. അല്ലാഹു നമ്മെ പഠിപ്പിച്ചത് റമളാനിൽ രോഗം ബാധിച്ചത് കൊണ്ടോ, യാത്രയിലായത് മൂലമോ ഒരാൾക്ക് വ്രതമനുഷ്ഠിക്കാൻ സാധിച്ചില്ലായെങ്കിൽ നഷ്ടമായ നോമ്പുകൾ പിന്നീട് നോറ്റുവീട്ടണമെന്നാണ്. അല്ലാതെ ലോകത്തെവിടെയോ രോഗമുണ്ടെന്ന് പറഞ്ഞ് വ്രതമനുഷ്ഠിക്കാതിരിക്കണം എന്നല്ല.

സൂറത്തുൽ ബഖറയിലെ 155 ആം വചനത്തിൽ നമുക്ക് കാണാം.

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
  തീർച്ചയായും വിവിധ രൂപത്തിൽ അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും... ഭയം കൊണ്ടും പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആളുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടും സുഹൃത് ബന്ധങ്ങൾ കൊണ്ടുമെല്ലാം അല്ലാഹു നമ്മെ പരീക്ഷിക്കും... ഇത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും നമുക്ക് സാധിക്കണം... എങ്കിൽ നമുക്ക് വിജയമുണ്ടാകും...
  "ക്ഷമാലുക്കളായ ആളുകൾക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ നൽകുന്നതാണ്..." ക്ഷമിക്കുന്ന ആളുകൾക്കുള്ള വമ്പിച്ച പ്രതിഫലത്തെയാണ് ഈ ആയത്തിലൂടെ സൂചിപ്പിക്കുന്നത്.
  അത് കൊണ്ട് തന്നെ നമ്മെ ബാധിക്കുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുകയും ജീവിതമാകുന്ന പരീക്ഷയിൽ വിജയിക്കുകയും ചെയ്യാം...

  നാഥൻ അനുഗ്രഹിക്കട്ടെ....

Friday, April 24, 2020

വ്യത്യസ്തമായൊരു റമളാൻ




  റമളാൻ വസന്തം - 1

  അൽഹംദുലില്ലാഹ്, ഒരു റമളാൻ മാസത്തിലേക്ക് കൂടി നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. മുൻ കാലങ്ങളിലെ റമളാനിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു റമളാൻ. ആർക്കും ഒന്നിന്നും ഉത്സാഹമില്ല, ധൃതിയില്ല.

  റമളാനിനെ സ്വീകരിക്കുവാനായി നാം മോഡി പിടിപ്പിച്ചിരുന്ന നമ്മുടെ പള്ളിവാതിലുകൾ ഇന്ന് അടഞ്ഞുകിടക്കുന്നു. പള്ളി മിനാരങ്ങളിൽ നിന്നുള്ള ബാങ്കൊലികൾക്കുത്തരം നൽകി പള്ളിയിലേക്ക് കടന്ന് വന്നിരുന്ന ആളുകളുടെ ഒഴുക്ക് ഇന്നില്ല.

  മധുരമൂറുന്ന ശൈലിയിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനായി പള്ളികളിൽ മത്സരിച്ച് മുന്നേറിയിരുന്ന കുട്ടികളെയും സ്ത്രീകളെയും അവിടെ കാണാനില്ല. അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളെ നാഥന് മുന്നിൽ കൈകളുയർത്തി കണ്ണീരൊഴുക്കി ഏറ്റുപറഞ്ഞിരുന്ന യുവാക്കളും വൃദ്ധന്മാരും ഇന്ന് പള്ളിയിലില്ല. ദീർഘമായ രാത്രി നമസ്കാരങ്ങളോ ഇഫ്താറുകളോ ഇല്ല.

  പരിശുദ്ധ മാസത്തിൽ ദൈവിക സന്ദേശം ആളുകളിലേക്കെത്തിക്കാൻ നാട് നീളെ സംഘടിപ്പിക്കാറുള്ള റമളാൻ പ്രഭാഷണങ്ങളോ വിജ്ഞാന വേദികളോ നമുക്കിന്നില്ല. പുതിയ പള്ളി ഉണ്ടാക്കാനും പഴയത് പുതുക്കി പണിയാനും യതീം ഖാന നടത്തിപ്പിനും മറ്റ് മത സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പണം സ്വരൂപിക്കാൻ വീട് വീടാന്തരം കയറിയിറങ്ങി പണം ശേഖരിച്ച ആളുകൾ നിങ്ങൾക്ക് മുന്നിലേക്ക് കടന്നു വരുന്നില്ല.

  പള്ളികളിലേക്ക് സഹായമഭ്യർത്ഥിച്ച് വരുന്ന നിർധനരായ വ്യക്തികളോ മറ്റ് മഹല്ല് കമ്മിറ്റികളുടെ കത്തുകളോ ഈ റമളാനിലില്ല.

  ഒന്നും നമ്മുടെ പള്ളികളിലോ നാടുകളിലോ ഇല്ല. എന്നാൽ എല്ലാം ഇവിടെ തന്നെയുണ്ട് താനും...
  അതെ, പള്ളികളിൽ നമസ്കാരമില്ലെങ്കിലും നമസ്കരിക്കാനുള്ള സൗകര്യം നമ്മുടെ വീടുകളിലുണ്ട്. നമ്മുടെ വീടുകൾ പള്ളിയാക്കി മാറ്റുക. അവിടെ വെച്ച് ജമാഅത്ത് നമസ്കാരം നടത്തുക, തറാവീഹ് നടത്തുക. വീടുകളുടെ അകത്തളങ്ങൾ വിശുദ്ധ ഖുർആനിന്റെ മാറ്റൊലികൾ കൊണ്ട് നിറയ്ക്കുക. വീടുകളിലിരുന്ന് തന്നെ നാഥനോട് പൊറുക്കലിനെ തേടുക. വിജ്ഞാന വേദികൾക്കും റമളാൻ പ്രഭാഷണങ്ങൾക്കും പകരം ലഭ്യമായ ആധുനിക സൗകര്യങ്ങളുപയോഗിച്ച് കൊണ്ട് മതപ്രഭാഷണങ്ങൾ ശ്രവിക്കുക. രാത്രിയുടെ അന്ത്യയാമങ്ങൾ പ്രാർത്ഥനാ നിർധരമാക്കുക.

  നമ്മൾ നൽകേണ്ട സകാത്തും സ്വദഖയുമെല്ലാം നാടിന്റെ അവസ്ഥ പരിഗണിച്ച് കൊണ്ട് എത്രയും പെട്ടെന്ന് അർഹരിലേക്കെത്തിക്കുക. അതിലെല്ലാമുപരി, തന്റെ അയൽവാസിയായ സഹോദരന്റെ ക്ഷേമം അന്വേഷിക്കുക. അവന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക.

  നമ്മൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന ആപത്തുകളിൽ നിന്നും രക്ഷ നൽകാൻ റബ്ബിന്നോട് പ്രാർത്ഥിക്കുക.

നാഥൻ അനുഗ്രഹിക്കട്ടെ...

അമീൻ തിരുത്തിയാട്

Sunday, April 19, 2020

പരിശുദ്ധ റമളാൻ നമ്മിലേക്ക് ആഗതമാകുമ്പോൾ...


  ത്യാഗത്തിന്റെയും ദൈവബോധത്തിന്റെയും ഖുർആനികവതരണത്തിന്റെയും ഓർമകൾ അയവിറക്കി കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമളാൻ മാസം കൂടി നമ്മിലേക്ക് കടന്നു വരികയാണ്.

اللهم بلّغنا رمضان

  കഴിഞ്ഞ വർഷത്തെ പോലെ റമളാനിനെ സ്വീകരിക്കാനുള്ള ആഹ്ലാദം ഇന്ന് നമുക്കില്ല.നമ്മുടെ നാട് കോവിഡ്-19 എന്ന മാരക രോഗത്തിന്റെ പിടിയിൽ ആണ്. എങ്ങും ശാന്തം...

  ഈ സന്ദർഭത്തിൽ ഈ മാസത്തെ സ്വീകരിക്കുവാൻ എപ്രകാരമാണ് തയ്യാറായത് എന്ന് നാം ചിന്തിച്ച് നോക്കേണ്ടതുണ്ട്. ഈ പരിശുദ്ധ മാസത്തിന് ആഴ്ചകൾ മുമ്പ് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ ധൃതി കാണിച്ച നാം നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും വൃത്തിയാക്കിയിട്ടുണ്ടോ, ശുദ്ധമാക്കിയിട്ടുണ്ടോ എന്ന് നാം ആലോചിച്ച് നോക്കേണ്ടതുണ്ട്.

  മറ്റ് ആരാധനാ കർമ്മങ്ങളെ പോലെയല്ല റമളാനിലെ നോമ്പ് എന്നുള്ളത്. ഖുദ്സിയായ ഒരു ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കും..

الصوم لي وأنا أجزي به والصيام جنة

" നോമ്പ് എനിക്കുള്ളതാണ്. (അല്ലാഹുവിനുള്ളതാണ്) ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പ് പരിജയാണ് "

  ഒരു പടയാളി തന്റെ നേരെ വരുന്ന ആക്രമണങ്ങളെ എപ്രകാരമാണോ പരിജ ഉപയോഗിച്ച് കൊണ്ട് തടുക്കുന്നത്, അത് പോലെ വിശ്വാസിയായ നോമ്പ്കാരനായ ഒരു വ്യക്തിക്ക് തന്നിലേക്കടുക്കുന്ന ദുഷിച്ച ചിന്തകളെയും തിന്മകളെയും തടുക്കുവാനുള്ള ഒരു പരിജയായിട്ടാണ് ഈ ഹദീസിലൂടെ നോമ്പ്നെ പരിചയപ്പെടുത്തുന്നത്.

  പ്രഭാതം മുതൽ പ്രദോശം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് വ്രതമനുഷ്ഠിക്കുന്നവർക്ക് നാഥൻ വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലങ്ങളാണ്.

من صام رمضان إيمانا واحتسابا غفر له ما تقدّم من ذنبه

വിശ്വാസത്തോടെയും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ് എന്ന് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

  പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ് ഇന്ന് നാം ഉള്ളത്. ഈ അവസരത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്, റമളാൻ എന്നത് ധാരാളം പാപമോചനം ലഭിക്കുന്ന ഒരു കാലമാണ്. തിന്മ ചെയ്യുന്നവരാണ് മനുഷ്യർ. അവർക്ക് പാപമോചനം നേടാനുള്ള വലിയൊരു അവസരമാണ് റമളാൻ. വിശുദ്ധ ഖുർആനിന്റെ 33 ആം അധ്യായം സൂറത്തുൽ അഹ്‌സാബിന്റെ 35 ആം വചനത്തിൽ അല്ലാഹു നോമ്പ്കാരായ സ്ത്രീക്കും പുരുഷനും പാപമോചനം വാഗ്ദാനം ചെയ്യുന്നു.

  റമളാൻ മാസം വന്നിട്ട് പാപമോചനം നേടാൻ കഴിയാത്തവർ ഏറ്റവും വലിയ നഷ്ടക്കാരാണ്. കാരണമെന്തെന്നാൽ ഒരിക്കൽ പ്രവാചകൻ(സ്വ) മിമ്പറിലേക്ക് കയറുന്ന സമയത്ത് ആമീൻ എന്ന് പറഞ്ഞു. പ്രവാചകൻ മിമ്പറിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ സ്വഹാബത്ത് ചോദിച്ചു. അല്ലയോ പ്രവാചകരെ, താങ്കൾ എന്തിനാണ് ആമീൻ എന്ന് പറഞ്ഞത്? അങ്ങയുടെ അടുക്കൽ ഞങ്ങൾ ആരെയും കണ്ടില്ലല്ലോ? അങ്ങ് പ്രാർത്ഥിച്ചത് ഞങ്ങൾ കേട്ടതുമില്ല. അവർക്ക് മറുപടിയായി പ്രവാചകൻ (സ്വ) പറഞ്ഞു:
آتاني جبريل، فقال: يا محمد، من أدرك رمضان فلم يغفر له، فأبعده الله، فقلت آمين (أحمد)
ജിബ് രീൽ (അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ മുഹമ്മദ് നബിയേ, ഏതൊരുവൻ റമളാൻ മാസത്തെ കണ്ടുമുട്ടുകയും എന്നിട്ട് പാപമോചനം നേടാൻ കഴിയാതിരിക്കുകയും ചെയ്തോ, അല്ലാഹു അവനെ വിദൂരതയിലേക്കകറ്റട്ടെ, അപ്പോൾ ഞാൻ ആമീൻ പറഞ്ഞു.
  അത് കൊണ്ട് റമളാൻ കഴിയുമ്പോഴേക്ക് പാപമോചനം നേടാൻ കഴിയാത്തവൻ ഹതഭാഗ്യനാണ്. അത് പോലെ തന്നെ റമളാൻ മാസത്തിൽ പ്രതിഫലേച്ഛയോടെ നോമ്പെടുത്തവന് അടുത്ത റമളാൻ വരെയുള്ള പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നും പ്രവാചകൻ(സ്വ) പഠിപ്പിച്ചു.

  എന്നാൽ വെറുതെ അന്നപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല. "കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്...

  വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഈ മാസത്തിൽ ഖുർആനിനെ കൂടുതൽ പഠിക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്...

  അത് കൊണ്ട് എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും മാറ്റി വെച്ച് തുറന്ന മനസ്സോടെ റമളാനിനെ സ്വീകരിക്കാൻ നാം തയ്യാറാവണം.

  ഇനിയുള്ള നാളുകളിലെങ്കിലും സ്വയം വിചാരണ ചെയ്യാനും പശ്ചാതപിക്കാനും ജീവിത വഴിയിൽ നന്മയുടെ വെള്ളി വെളിച്ചം പകർന്നു നൽകിയ ഖുർആനിനെ നെഞ്ചോട് ചേർക്കാനും നമുക്കൊരുങ്ങാം.

  പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ കാണിച്ചു തന്ന രീതിയിൽ വ്രതമനുഷ്ഠിക്കാനും  അത് മൂലം വിജയികളായി തീരാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ

 അമീൻ തിരുത്തിയാട്

(Renai TV ക്ക് വേണ്ടി എഴുതിയ ലേഖനം)

Friday, April 17, 2020

ഇന്റർനെറ്റില്ലാത്ത ഒരു ദിനം


  ഇന്റർനെറ്റ്, ഇന്ന് മനുഷ്യകുലത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരവശ്യ വസ്തു. കഴിക്കാൻ ഭക്ഷണം ഇല്ലെങ്കിലും ഇന്റർനെറ്റില്ലാത്ത ഒരു ദിനം... ഔഫ്ഫ്..... ചിന്തിക്കാനേ വയ്യ അല്ലേ....? എന്നാൽ ഈ ഇന്റർനെറ്റ് എന്ന സാധനം അങ്ങ് ഇല്ലാതായാലോ...? അതങ്ങ് നിരോധിച്ചാലോ... എന്തായിരിക്കും നമ്മുടെ അവസ്ഥ?

  ഇന്ന് നമ്മുടെ പഠനവും ജോലിയും എന്തിന് നമ്മുടെ ഭരണ സംവിധാനങ്ങൾ വരെ ഈ ഇന്റർനെറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പെട്ടെന്ന് ഇതങ്ങ് ഇല്ലതാക്കിയാൽ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് അത് ഭയങ്കര പ്രയാസമായിരിക്കും. ബാറുകളും ബീവറേജുകളും അടച്ച്, മദ്യം ഇനി ലഭ്യമാക്കില്ല എന്നറിയിച്ചപ്പോൾ നമ്മുടെ നാട്ടിൽ ചിലയാളുകൾ ആത്മഹത്യ ചെയ്തത് പോലെ, ചില ആത്മഹത്യകൾ നടന്നേക്കാം... മദ്യം കിട്ടാതെ ചിലയാളുകൾക്ക് മനോനില തെറ്റിയത് പോലെ ചിലർക്ക് സംഭവിച്ചേക്കാം... കാരണം, ജാഹിലിയ്യാ കാലഘട്ടത്തിൽ (ഇരുണ്ട കാലഘട്ടം) ജീവിച്ചിരുന്ന ഒരു വിഭാഗം അറബികൾക്ക് മദ്യം എപ്രകാരമായിരുന്നോ അപ്രകാരമാണ് ഇന്ന് വലിയൊരു വിഭാഗത്ത് ഇന്റർനെറ്റ് എന്നത്.

  ആ കാലഘട്ടത്തിൽ മദ്യത്തോടുള്ള ആസക്തി മൂലം "ഞാൻ മരിച്ചാൽ എന്നെ മുന്തിരി വളളികൾക്ക് താഴെ മറമാടണം" എന്ന് വസ്വിയത്ത് ചെയ്തത് പോലെ ഈ കാലത്ത് "ഞാൻ മരിച്ചാൽ എന്റെ ഖബറിന് മുകളിൽ വൈഫൈ റൂട്ടറോ, മോഡമോ, മൊബൈൽ ടവറോ സ്ഥാപിക്കണമെന്ന്" ആളുകൾ പറയുന്ന കാലം വിദൂരമല്ല.

  പെട്ടെന്ന് ഇന്റർനെറ്റ് ഇല്ലാതാക്കിയാൽ ഇന്ന് 4 ഇഞ്ചിന്റെയോ 6 ഇഞ്ചിന്റെയോ മൊബൈൽ സ്ക്രീനിൽ തോണ്ടി ഇരിക്കുന്ന നമ്മുടെ വലിയൊരു വിഭാഗം യുവജനങ്ങൾ... അവർക്ക് ഒരുപാട് സമയം ലഭിക്കും. കാരണം ഈ ഇന്റർനെറ്റ് ഉള്ളത് കൊണ്ടാണ് ഇന്ന് പലരും മുരടിച്ച് പോകുന്നത്.

  എന്നെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് എന്നത് വലിയ അഭിവാജ്യഘടകമൊന്നുമല്ല. ഇങ്ങനെ ഇന്റർനെറ്റില്ലാത്ത ഒരവസ്ഥ വന്നാൽ, അത് ഉപയോഗിക്കാനായി നാം മാറ്റിവെച്ച സമയം നമുക്ക് മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. പുസ്തകങ്ങൾ വായിക്കാം, പഴമയിലേക്ക് തിരിഞ്ഞു നോക്കി ചെറുകൃഷികളിൽ ഏർപ്പെടാം. നമ്മുടെ ജോലിയിൽ നിന്നെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം മാറ്റിവെച്ചാൽ ഒരുപാട് സമയം നമുക്ക് ലഭിക്കും. ആ സമയത്ത് നമ്മുടെ വീട്ടിലുള്ളവരുമായി, നമ്മുടെ കുടുംബ ബന്ധങ്ങളിലുള്ളവരുമായി നമുക്കൊരുപാട് സമയം ചിലവഴിക്കാം...

  കുടുംബ ബന്ധം ചേർക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്ന മതമാണല്ലോ ഇസ്ലാം....

  അതിനെക്കാളുപരി ഇന്റർനെറ്റിൽ സമയം ചെലവഴിച്ച് വീട്ടിനുള്ളിൽ ചടഞ്ഞിരിക്കുന്ന നമുക്ക് പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ അവസരമാകും ഇന്റർനെറ്റില്ലായ്മ എന്നത്.
  എല്ലാത്തിലുമുപരി നമ്മുടെ ചുറ്റുവട്ടത്ത് നമ്മൾ കണ്ടതിനേക്കാൾ വലിയൊരു ലോകമുണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.

  അത്കൊണ്ട് ഇന്റർനെറ്റ് എന്നത് നമുക്ക് ഒഴിച്ചു കൂടാനാവാത്ത അഭിവാജ്യഘടകമല്ല. അതില്ലെങ്കിലും നമ്മളിവിടെ ജീവിക്കും...


Friday, April 10, 2020

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും മുൻപ് ഒരു നിമിഷം

  ലോക്ക് ഡൗൺ ആയി വീട്ടിൽ കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് വ്യത്യസ്തമായതും, പുതുമ നിറഞ്ഞതുമായ പലതും പരീക്ഷിക്കുന്ന, പലതും ചെയ്തു നോക്കുന്നവരാണ് നമ്മിൽ പലരും. അതിലിപ്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ യാതൊരു വ്യത്യാസവുമില്ല.

  ഇങ്ങനെ ചെയ്യുന്നതിൽ ഇന്ന് കൂടുതലായി നാം കണ്ടു വരുന്നതാണ് വ്യത്യസ്ത തരം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി പരീക്ഷിക്കൽ. സംഗതി നല്ല ഒരു ശീലം തന്നെ.

  ഇങ്ങന നാം ഉണ്ടാക്കിയ പുതിയ വിഭവം നമ്മൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ നമ്മളൊരു കാര്യം മനസ്സിലാക്കണം. നമ്മുടെ പോസ്റ്റുകൾ കാണുന്നവരിൽ അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസുകളും സ്റ്റോറികളും കാണുന്നവരിൽ ഈ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ, കൂലിയില്ലാതെ റേഷൻകടയിൽ നിന്നും ലഭിക്കുന്ന അരിയും ധാന്യവും ഉപയോഗിച്ച് കഷ്ടിച്ച് ജീവിക്കുന്നവരുണ്ടാകാം... അവർക്ക് മുന്നിലേക്കാണ് നാം നമ്മുടെ പുതുമയാർന്ന വിഭവങ്ങൾ നിരത്തുന്നത്.

  ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നത്, എന്റെ അയൽവാസികളിൽ ആർക്കും പട്ടിണിയില്ലല്ലോ എന്നായിരിക്കും. എന്നാൽ നിങ്ങളുടെ സ്റ്റാറ്റസും പോസ്റ്റും കാണുന്നവൻ നിങ്ങളുടെ അയൽവാസിയാവുകയില്ല. ലോക്ഡൗൺ തുടങ്ങിയ ശേഷം മത്സ്യവും മാംസവും രുചിച്ചിട്ടില്ലാത്തവരായിരിക്കാം. അവർക്ക് മുമ്പിലേക്ക് നാം പുതുമയുള്ള രുചികരമായ വിഭവങ്ങളുടെ മഴ ചൊരിയരുത്.

  നിങ്ങളുണ്ടാക്കുന്നത് പുറം ലോകത്തെ അറിയിക്കാതെ, പുറം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നിങ്ങൾ അറിയുക.

  അനാഥക്കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെ പിന്തുടരുന്ന നമ്മൾ നല്ലവണ്ണം ചിന്തിക്കണം.ആ പ്രവാചകൻ തന്നെയാണ് നമ്മെ പഠിപ്പിച്ചത്... "അയൽവാസി വിശന്നിരിക്കുമ്പോൾ വയറുനിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽപെട്ടവനല്ല (വിശ്വാസി അല്ല) എന്ന്. നിങ്ങളുടെ ഭക്ഷണത്തിൽ അൽപം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിയുടെ വിശപ്പകറ്റുകയെന്നും ആ പ്രവാചകൻ നമ്മെ പഠിപ്പിച്ചു.

  അത്കൊണ്ട്, നമുക്ക് കിട്ടിയതിന് നന്ദി കാണിക്കുക, മറ്റുള്ളവരെ മനസ്സിലാക്കുക, അവരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ....

അമീൻ തിരുത്തിയാട്

Friday, April 3, 2020

ഒരു അധ്യായന വർഷം അവസാനിക്കുമ്പോൾ

  വീണ്ടുമൊരു അധ്യായന വർഷം കൂടി നമ്മിൽ നിന്നും കൊഴിഞ്ഞു പോയിരിക്കുകയാണ്. വളരെ കുറഞ്ഞ അധ്യായന ദിനങ്ങൾ മാത്രമുള്ള ഒരു വർഷം. നിപ്പയിൽ തുടങ്ങി മഹാപ്രളയത്തിൽ മുങ്ങി കൊറോണയിൽ അവസാനിച്ച വല്ലാത്തൊരു വർഷം. ഈ വർഷത്തിൽ നമുക്കോരോരുത്തർക്കും ഉണ്ടായ അനുഭവങ്ങൾ, ലഭിച്ച അറിവുകൾ എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും.
  എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഈ വർഷത്തിലാണ് ഞാനൊരു അദ്ധ്യാപകനായത്. ഏറെ സന്തോഷ പ്രദവും എന്നാൽ അതിലേറെ സങ്കടകരവുമായ ഒരു വർഷമായിരുന്നു ഇത്.
  എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന എന്റെ വളരെയടുത്ത ചുരുക്കം ചില സുഹൃത്തുക്കൾ, അവരിൽ നിന്നും വളരെപ്പെട്ടെന്ന് അകന്നു എന്നതും അവരിൽ പലരെയും മനസിലാക്കാൻ വൈകി എന്നതും എനിക്കെന്നും ഒരു സങ്കടം തന്നെയായിരുന്നു. അവരിൽ പലരുമാണ് എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത് എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. അവരിൽ ഞാൻ മൂലം മാനസികമായി വേദനിച്ചവരുണ്ടായിരുന്നു. ഒരുപാട് സങ്കടം സഹിച്ചവരുണ്ടായിരുന്നു. എങ്കിലും ഇന്നും അവരുമായുള്ള ബന്ധം തുടരുന്നു. ഇന്ന് അവരെയോർക്കുമ്പോൾ അഭിമാനമാണ്, സന്തോഷമാണ്. നഷ്ടമായ ക്ലാസുകൾ പറഞ്ഞു തരുമോ എന്ന് ചോദിക്കുമ്പോൾ പറഞ്ഞു തരാമെന്ന് പറയുന്ന പ്രിയപ്പെട്ടവർ...
  2019 സെപ്റ്റംബർ 30 ആം തിയതി, കോളേജിൽ നിന്നുംTC വാങ്ങിയ ദിവസം, രാത്രിയിൽ, "നീ വിഷമിക്കേണ്ട ഞങ്ങളൊക്കെ എന്നും നിന്നോടൊപ്പമുണ്ടെന്ന്" മെസേജ് അയച്ച, "നീ വെഷമിക്കണ്ട, പലരുടെയും വലിയ ആഗ്രഹം നീ ചെറുപ്പത്തിൽ നേടിയെടുത്തില്ലേ... ഇനി നാളെയെക്കുറിച്ച് ആലോചിക്ക് എന്ന് പറഞ്ഞ് സമാധാനപ്പെടുത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എന്റെ പ്രിയപ്പെട്ടവർ. ഇവരൊക്കെ തന്നെയാണ് ഇന്നും എന്റെ പ്രതീക്ഷ.
  ഈ ഒരു വർഷം കൊണ്ട് തന്നെ ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ടായി എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അതോടൊപ്പം തന്നെ എന്നും ഓർമിക്കാൻ ഒരുപാട് ഓർമ്മകൾ ലഭിച്ചു എന്നതും.
  ആദ്യമായി പരിചയപ്പെട്ട ചാലിയത്തെ പ്രിയ വിദ്യാർത്ഥി ഫിനാനും 7G ക്ലാസിലെ എപ്പോഴും പുഞ്ചിരിച്ചു നടക്കുന്ന അൻസിലും, ഐമൻ ശൗഖിയുമെല്ലാം വല്ലാത്ത ഓർമകളായിരുന്നു നൽകിയത്. അത് പോലെ തന്നെ അവിടത്തെ പ്രിയ അദ്ധ്യാപക സുഹൃത്തുക്കളും.
   ജൂൺ 10 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലം ചാലിയം UHHSS ലായിരുന്നു.പിന്നെ 1 മാസക്കാലം വെറുതെ വീട്ടിലിരുന്നു. ഒക്ടോബർ 1 മുതൽ നവംബർ 8 വരെ കമ്പിളിപ്പറമ്പ AMUP സ്കൂളിലായിരുന്നു. അവിടെയുള്ള സൗഹൃദ ബന്ധം ഇന്നും തുടരുന്നതാണ്.
  എന്റെ 2 സഹപാഠികളുടെ പിതൃസഹോദരനും ഭാര്യയും (റസാഖ് മാഷും സാജിദ ടീച്ചറും) ഉമ്മയുടെ അനിയത്തിയും (ജുവൈബ ടീച്ചർ) ആനന്ദ് സാറും സൗമ്യ ടീച്ചറും സൂറ ടീച്ചറും നിഹാൽ സാറും റഷ ടീച്ചറും മുനീർ മാഷുമെല്ലാം വലിയൊരു കൂട്ടായിരുന്നു. അത് പോലെ തന്നെ അവിടത്തെ വിദ്യാർത്ഥികളും.
  പ്രിയ വിദ്യാർത്ഥികളായ ഫറയും ഫർഹയും ഹാഷിമും സാജിറും നസീഫും അനീസും ദിയയും റാനിയയും രണ്ടാം ക്ലാസിലെ അർഷാനയും ഒന്നാം ക്ലാസിലെ കുട്ടിക്കുറുമ്പൻ ഹനാനുമെല്ലാം എന്നെ ഏറെ സ്വാധീനിച്ചവരായിരുന്നു.അത് പോലെ തന്നെ എത്രയോ പ്രിയപ്പെട്ടവരും.
  വളരെപ്പെട്ടെന്ന് ഒറ്റയടിക്ക് തന്നെ ചാലിയത്തെ മനാർ സ്കൂളിലേക്ക് മാറിയപ്പോഴുള്ള വേദന ചെറുതൊന്നുമല്ലായിരുന്നു. എന്നാൽ അവിടത്തെ സഹപ്രവർത്തകർക്കിടയിലേക്കിറങ്ങിയപ്പോഴാണ് എന്താണ് മനാർ എന്ന് വ്യക്തമായത്. അത് വലിയൊരു പ്രകാശ ഗോപുരം തന്നെയായിരുന്നു.
  ഒരു മകനെപ്പോലെ പരിഗണിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകി ഒപ്പം നിന്ന മുതിർന്ന അദ്ധ്യാപകരും ഒരു അനിയനെപ്പോലെ കണ്ട് പരിചരിച്ച ഇന്നും എപ്പോഴും ഒന്നും രണ്ടും പറഞ്ഞ് അടി ഉണ്ടാക്കാൻ മുന്നിൽ നിൽക്കുന്ന നുസ്രത്ത് ടീച്ചറും ഹിബ ടീച്ചറും ബാനു ടീച്ചറും റോഷ്ന ടീച്ചറും എല്ലാം നൽകിയത് വ്യത്യസ്തങ്ങളായ അനുഭവങ്ങളും പാഠങ്ങളുമായിരുന്നു.
  വളരെ നിർണായകമായ ഈ ഒരു വർഷം പെട്ടെന്ന് അവസാനിച്ചതിൽ ഏറെ സങ്കടമുണ്ട്. അടുത്ത അദ്ധ്യായന വർഷം നമുക്ക് മനോഹരമാക്കാം. മഹാമാരികളും ബുദ്ധിമുട്ട്കളുമില്ലാത്ത ഒരു അദ്ധ്യായന വർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
  കുറഞ്ഞ കാലങ്ങളാണെങ്കിലും ആത്മബന്ധങ്ങൾ പലതും അതുപോലുണ്ടെന്നതും ആഹ്ലാദകരമാണ്. എന്റെ പ്രിയ മക്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....

സ്നേഹപൂർവ്വം,
അമീൻ തിരുത്തിയാട്

അനുബന്ധ പോസ്റ്റുകൾ👇

എഴുപത്തി രണ്ട് സുന്ദര ദിനങ്ങൾ -
 https://ameenthiruthiyad.blogspot.com/2019/08/blog-post_22.html?m=1

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ -
  https://ameenthiruthiyad.blogspot.com/2019/11/39.html?m=1

75 ദിവസം... അത് വെറും ദിവസങ്ങളല്ല -
  https://ameenthiruthiyad.blogspot.com/2020/02/75.html?m=1







Wikipedia

Search results