എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Monday, April 27, 2020

കളവു പറയുന്നവന് നോമ്പില്ല

റമളാൻ വസന്തം 4

അമീൻ തിരുത്തിയാട്

  ഒരിക്കൽ ഒരു വൃദ്ധൻ ഒരു മൂലയിൽ ഇരുന്ന് എന്തോ തിന്നു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അതിലെ വന്ന ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾക്ക് നോമ്പില്ലേ...?
വൃദ്ധൻ പറഞ്ഞു: "ആര് പറഞ്ഞു ഇല്ലെന്ന്...? എനിക്ക് നോമ്പുണ്ട്. പക്ഷെ ഞാൻ ഭക്ഷണം കഴിക്കുന്നുണ്ടെന്നേയുള്ളൂ..."

ഇത് കേട്ടു ആ യുവാക്കൾ ചിരിച്ചു കൊണ്ട് പറഞ്ഞു: "ഇതെന്തു നോമ്പ്...?  ഇങ്ങനെയും നോമ്പുണ്ടോ?

അപ്പോൾ ആ വൃദ്ധൻ പറഞ്ഞു: "അതെ, ഞാൻ കളവു പറയാറില്ല, ആരെയും മോശമായി കാണാറില്ല, മോശമായി സംസാരിക്കാറില്ല, പരദൂഷണം പറയാറില്ല, ആരെയും വേദനിപ്പിക്കാറില്ല, അസ്സൂയ പുലർത്താറില്ല, ഹറാമായത് ഭക്ഷിക്കാറില്ല. ഖുർആൻ പാരായണം ചെയ്യാനും അത് പഠിക്കാനും സമയം കണ്ടെത്താറുണ്ട്. എന്റെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിറവേറ്റാറുണ്ട്. പക്ഷെ ഇപ്പോൾ പ്രായമായതിനാലും തീരെ വയ്യാത്തതിനാലും എന്റെ വയറിനു നോമ്പില്ല. എന്റെ മറ്റു അവയവങ്ങൾക്ക് എല്ലാം നോമ്പ് ഉണ്ട്."

ഇത് കേട്ടു പകച്ചു നിന്ന യുവാക്കളോട് ആ വൃദ്ധൻ ചോദിച്ചു: "നിങ്ങൾക്ക് നോമ്പ് ഉണ്ടോ?"
തല കുനിച്ചു കൊണ്ട് ആ യുവാക്കൾ പറഞ്ഞു: "ഇല്ല...  ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ല എന്നെ ഉള്ളൂ..."

  ഈ കഥയിലെ യുവാക്കളെ പോലെയാണ് ഇന്ന് നമ്മിൽ പലരുടെയും നോമ്പ്. പലരും ഭക്ഷണം കഴിക്കുന്നില്ല എന്നെ ഉള്ളൂ. ഒഴിവാക്കേണ്ടതായ പലതും ആരും ഒഴിവാക്കിയിട്ടില്ല. പലരും പരദൂഷണം പറയുകയും അസൂയ വെച്ച് പുലർത്തുകയും കളവു പറയുകയും എല്ലാം ചെയ്യുന്നു. അങ്ങനെ ചെയ്തു കൊണ്ട് ഒരാൾ പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല.

  കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് നമ്മുടെ നോമ്പ് പട്ടിണി കിടക്കാനുള്ളത് മാത്രം ആവരുത്. നമ്മുടെ അവയവങ്ങൾക്കും നോമ്പ് ഉണ്ടെന്നു നാം മറന്നു പോകരുത്.

നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ... 

No comments:

Wikipedia

Search results