റമളാൻ വസന്തം - 1
അൽഹംദുലില്ലാഹ്, ഒരു റമളാൻ മാസത്തിലേക്ക് കൂടി നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. മുൻ കാലങ്ങളിലെ റമളാനിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു റമളാൻ. ആർക്കും ഒന്നിന്നും ഉത്സാഹമില്ല, ധൃതിയില്ല.
റമളാനിനെ സ്വീകരിക്കുവാനായി നാം മോഡി പിടിപ്പിച്ചിരുന്ന നമ്മുടെ പള്ളിവാതിലുകൾ ഇന്ന് അടഞ്ഞുകിടക്കുന്നു. പള്ളി മിനാരങ്ങളിൽ നിന്നുള്ള ബാങ്കൊലികൾക്കുത്തരം നൽകി പള്ളിയിലേക്ക് കടന്ന് വന്നിരുന്ന ആളുകളുടെ ഒഴുക്ക് ഇന്നില്ല.
മധുരമൂറുന്ന ശൈലിയിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനായി പള്ളികളിൽ മത്സരിച്ച് മുന്നേറിയിരുന്ന കുട്ടികളെയും സ്ത്രീകളെയും അവിടെ കാണാനില്ല. അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളെ നാഥന് മുന്നിൽ കൈകളുയർത്തി കണ്ണീരൊഴുക്കി ഏറ്റുപറഞ്ഞിരുന്ന യുവാക്കളും വൃദ്ധന്മാരും ഇന്ന് പള്ളിയിലില്ല. ദീർഘമായ രാത്രി നമസ്കാരങ്ങളോ ഇഫ്താറുകളോ ഇല്ല.
പരിശുദ്ധ മാസത്തിൽ ദൈവിക സന്ദേശം ആളുകളിലേക്കെത്തിക്കാൻ നാട് നീളെ സംഘടിപ്പിക്കാറുള്ള റമളാൻ പ്രഭാഷണങ്ങളോ വിജ്ഞാന വേദികളോ നമുക്കിന്നില്ല. പുതിയ പള്ളി ഉണ്ടാക്കാനും പഴയത് പുതുക്കി പണിയാനും യതീം ഖാന നടത്തിപ്പിനും മറ്റ് മത സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പണം സ്വരൂപിക്കാൻ വീട് വീടാന്തരം കയറിയിറങ്ങി പണം ശേഖരിച്ച ആളുകൾ നിങ്ങൾക്ക് മുന്നിലേക്ക് കടന്നു വരുന്നില്ല.
പള്ളികളിലേക്ക് സഹായമഭ്യർത്ഥിച്ച് വരുന്ന നിർധനരായ വ്യക്തികളോ മറ്റ് മഹല്ല് കമ്മിറ്റികളുടെ കത്തുകളോ ഈ റമളാനിലില്ല.
ഒന്നും നമ്മുടെ പള്ളികളിലോ നാടുകളിലോ ഇല്ല. എന്നാൽ എല്ലാം ഇവിടെ തന്നെയുണ്ട് താനും...
അതെ, പള്ളികളിൽ നമസ്കാരമില്ലെങ്കിലും നമസ്കരിക്കാനുള്ള സൗകര്യം നമ്മുടെ വീടുകളിലുണ്ട്. നമ്മുടെ വീടുകൾ പള്ളിയാക്കി മാറ്റുക. അവിടെ വെച്ച് ജമാഅത്ത് നമസ്കാരം നടത്തുക, തറാവീഹ് നടത്തുക. വീടുകളുടെ അകത്തളങ്ങൾ വിശുദ്ധ ഖുർആനിന്റെ മാറ്റൊലികൾ കൊണ്ട് നിറയ്ക്കുക. വീടുകളിലിരുന്ന് തന്നെ നാഥനോട് പൊറുക്കലിനെ തേടുക. വിജ്ഞാന വേദികൾക്കും റമളാൻ പ്രഭാഷണങ്ങൾക്കും പകരം ലഭ്യമായ ആധുനിക സൗകര്യങ്ങളുപയോഗിച്ച് കൊണ്ട് മതപ്രഭാഷണങ്ങൾ ശ്രവിക്കുക. രാത്രിയുടെ അന്ത്യയാമങ്ങൾ പ്രാർത്ഥനാ നിർധരമാക്കുക.
നമ്മൾ നൽകേണ്ട സകാത്തും സ്വദഖയുമെല്ലാം നാടിന്റെ അവസ്ഥ പരിഗണിച്ച് കൊണ്ട് എത്രയും പെട്ടെന്ന് അർഹരിലേക്കെത്തിക്കുക. അതിലെല്ലാമുപരി, തന്റെ അയൽവാസിയായ സഹോദരന്റെ ക്ഷേമം അന്വേഷിക്കുക. അവന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക.
നമ്മൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന ആപത്തുകളിൽ നിന്നും രക്ഷ നൽകാൻ റബ്ബിന്നോട് പ്രാർത്ഥിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ...
അമീൻ തിരുത്തിയാട്
No comments:
Post a Comment