എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Sunday, April 19, 2020

പരിശുദ്ധ റമളാൻ നമ്മിലേക്ക് ആഗതമാകുമ്പോൾ...


  ത്യാഗത്തിന്റെയും ദൈവബോധത്തിന്റെയും ഖുർആനികവതരണത്തിന്റെയും ഓർമകൾ അയവിറക്കി കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമളാൻ മാസം കൂടി നമ്മിലേക്ക് കടന്നു വരികയാണ്.

اللهم بلّغنا رمضان

  കഴിഞ്ഞ വർഷത്തെ പോലെ റമളാനിനെ സ്വീകരിക്കാനുള്ള ആഹ്ലാദം ഇന്ന് നമുക്കില്ല.നമ്മുടെ നാട് കോവിഡ്-19 എന്ന മാരക രോഗത്തിന്റെ പിടിയിൽ ആണ്. എങ്ങും ശാന്തം...

  ഈ സന്ദർഭത്തിൽ ഈ മാസത്തെ സ്വീകരിക്കുവാൻ എപ്രകാരമാണ് തയ്യാറായത് എന്ന് നാം ചിന്തിച്ച് നോക്കേണ്ടതുണ്ട്. ഈ പരിശുദ്ധ മാസത്തിന് ആഴ്ചകൾ മുമ്പ് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ ധൃതി കാണിച്ച നാം നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും വൃത്തിയാക്കിയിട്ടുണ്ടോ, ശുദ്ധമാക്കിയിട്ടുണ്ടോ എന്ന് നാം ആലോചിച്ച് നോക്കേണ്ടതുണ്ട്.

  മറ്റ് ആരാധനാ കർമ്മങ്ങളെ പോലെയല്ല റമളാനിലെ നോമ്പ് എന്നുള്ളത്. ഖുദ്സിയായ ഒരു ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കും..

الصوم لي وأنا أجزي به والصيام جنة

" നോമ്പ് എനിക്കുള്ളതാണ്. (അല്ലാഹുവിനുള്ളതാണ്) ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പ് പരിജയാണ് "

  ഒരു പടയാളി തന്റെ നേരെ വരുന്ന ആക്രമണങ്ങളെ എപ്രകാരമാണോ പരിജ ഉപയോഗിച്ച് കൊണ്ട് തടുക്കുന്നത്, അത് പോലെ വിശ്വാസിയായ നോമ്പ്കാരനായ ഒരു വ്യക്തിക്ക് തന്നിലേക്കടുക്കുന്ന ദുഷിച്ച ചിന്തകളെയും തിന്മകളെയും തടുക്കുവാനുള്ള ഒരു പരിജയായിട്ടാണ് ഈ ഹദീസിലൂടെ നോമ്പ്നെ പരിചയപ്പെടുത്തുന്നത്.

  പ്രഭാതം മുതൽ പ്രദോശം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് വ്രതമനുഷ്ഠിക്കുന്നവർക്ക് നാഥൻ വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലങ്ങളാണ്.

من صام رمضان إيمانا واحتسابا غفر له ما تقدّم من ذنبه

വിശ്വാസത്തോടെയും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ് എന്ന് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

  പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ് ഇന്ന് നാം ഉള്ളത്. ഈ അവസരത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്, റമളാൻ എന്നത് ധാരാളം പാപമോചനം ലഭിക്കുന്ന ഒരു കാലമാണ്. തിന്മ ചെയ്യുന്നവരാണ് മനുഷ്യർ. അവർക്ക് പാപമോചനം നേടാനുള്ള വലിയൊരു അവസരമാണ് റമളാൻ. വിശുദ്ധ ഖുർആനിന്റെ 33 ആം അധ്യായം സൂറത്തുൽ അഹ്‌സാബിന്റെ 35 ആം വചനത്തിൽ അല്ലാഹു നോമ്പ്കാരായ സ്ത്രീക്കും പുരുഷനും പാപമോചനം വാഗ്ദാനം ചെയ്യുന്നു.

  റമളാൻ മാസം വന്നിട്ട് പാപമോചനം നേടാൻ കഴിയാത്തവർ ഏറ്റവും വലിയ നഷ്ടക്കാരാണ്. കാരണമെന്തെന്നാൽ ഒരിക്കൽ പ്രവാചകൻ(സ്വ) മിമ്പറിലേക്ക് കയറുന്ന സമയത്ത് ആമീൻ എന്ന് പറഞ്ഞു. പ്രവാചകൻ മിമ്പറിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ സ്വഹാബത്ത് ചോദിച്ചു. അല്ലയോ പ്രവാചകരെ, താങ്കൾ എന്തിനാണ് ആമീൻ എന്ന് പറഞ്ഞത്? അങ്ങയുടെ അടുക്കൽ ഞങ്ങൾ ആരെയും കണ്ടില്ലല്ലോ? അങ്ങ് പ്രാർത്ഥിച്ചത് ഞങ്ങൾ കേട്ടതുമില്ല. അവർക്ക് മറുപടിയായി പ്രവാചകൻ (സ്വ) പറഞ്ഞു:
آتاني جبريل، فقال: يا محمد، من أدرك رمضان فلم يغفر له، فأبعده الله، فقلت آمين (أحمد)
ജിബ് രീൽ (അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ മുഹമ്മദ് നബിയേ, ഏതൊരുവൻ റമളാൻ മാസത്തെ കണ്ടുമുട്ടുകയും എന്നിട്ട് പാപമോചനം നേടാൻ കഴിയാതിരിക്കുകയും ചെയ്തോ, അല്ലാഹു അവനെ വിദൂരതയിലേക്കകറ്റട്ടെ, അപ്പോൾ ഞാൻ ആമീൻ പറഞ്ഞു.
  അത് കൊണ്ട് റമളാൻ കഴിയുമ്പോഴേക്ക് പാപമോചനം നേടാൻ കഴിയാത്തവൻ ഹതഭാഗ്യനാണ്. അത് പോലെ തന്നെ റമളാൻ മാസത്തിൽ പ്രതിഫലേച്ഛയോടെ നോമ്പെടുത്തവന് അടുത്ത റമളാൻ വരെയുള്ള പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നും പ്രവാചകൻ(സ്വ) പഠിപ്പിച്ചു.

  എന്നാൽ വെറുതെ അന്നപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല. "കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്...

  വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഈ മാസത്തിൽ ഖുർആനിനെ കൂടുതൽ പഠിക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്...

  അത് കൊണ്ട് എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും മാറ്റി വെച്ച് തുറന്ന മനസ്സോടെ റമളാനിനെ സ്വീകരിക്കാൻ നാം തയ്യാറാവണം.

  ഇനിയുള്ള നാളുകളിലെങ്കിലും സ്വയം വിചാരണ ചെയ്യാനും പശ്ചാതപിക്കാനും ജീവിത വഴിയിൽ നന്മയുടെ വെള്ളി വെളിച്ചം പകർന്നു നൽകിയ ഖുർആനിനെ നെഞ്ചോട് ചേർക്കാനും നമുക്കൊരുങ്ങാം.

  പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ കാണിച്ചു തന്ന രീതിയിൽ വ്രതമനുഷ്ഠിക്കാനും  അത് മൂലം വിജയികളായി തീരാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ

 അമീൻ തിരുത്തിയാട്

(Renai TV ക്ക് വേണ്ടി എഴുതിയ ലേഖനം)

No comments:

Wikipedia

Search results