എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Thursday, August 22, 2019

എഴുപത്തി രണ്ട് സുന്ദര ദിനങ്ങൾ


  ജൂൺ 10 ആം തിയ്യതി തിങ്കളാഴ്ച ആദ്യമായി അദ്ധ്യാപന ലോകത്തേക്ക് ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്കൂളിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഒരു പാട് ആധിയുണ്ടായിരുന്നു.
  ഒരുപത്തൊൻപതു വയസുകാരൻ എങ്ങനെയാണ് ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയെന്ന പലരുടെയും ചോദ്യവും സംശയവും, അതോടൊപ്പം ആദ്യമായി പഠിപ്പിക്കാൻ പോകുന്നതിന്റെ ചെറിയ ഒരു വെപ്രാളവും. പിന്നീടാണ് മനസിലായത്, പലരുടെയും ചോദ്യമായിരുന്ന 19 വയസ്സുകാരന്റെ അദ്ധ്യാപന ലോകമെന്നത് ഒരു പ്രചോദനമായിരുന്നുവെന്ന്.
  ഏകദേശം എൺപതോളം വരുന്ന അദ്ധ്യാപകർക്കിടയിൽ മുൻപരിചയമുണ്ടായിരുന്നത് പിതൃ സഹോദരന്റെ ഭാര്യ ഷമീല ടീച്ചറെ മാത്രമായിരുന്നു. ബഷീർ മാഷെയും ഫസ് ലു മാഷെയും പരിജയപ്പെട്ടത് ചെറിയൊരാശ്വാസമായി.
  തന്നെപ്പോലെത്തന്നെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളാണ് ജുബിൻ സാർ എന്നറിഞ്ഞപ്പോൾ ഭയം പൂർണമായി നീങ്ങി. പിന്നീടുള്ള കാലം ജുബിൻ സാറോടൊപ്പമായിരുന്നു സൗഹൃദം. അത് പോലെ തന്നെയായിരുന്നു ഞങ്ങളുടെ വാഹനത്തിൽ സഹയാത്രികയായിരുന്ന സബിത ടീച്ചറുമായുള്ള സൗഹൃദം... എന്തും പറയാൻ പറ്റിയ തരത്തിലുള്ളതായിരുന്നു ആ സൗഹൃദം... പരസ്പരം വാക്കേറ്റം നടത്താൻ പോലും പറ്റുന്ന തരത്തിലായിരുന്നു അത്... പരസ്പരം ആളെ പറ്റിക്കാൻ രണ്ടാളും ഉഷാറായത് കൊണ്ട്  പിന്നെ കുഴപ്പമില്ല.... 😜😜
  പിന്നീട് ശഭ ടീച്ചറും ഫാസിൽ സാറുമൊക്കെ സൗഹൃദ വലയത്തിലേക്ക് കടന്നു വന്നു.
  സംശയ നിവാരണത്തിനും മറ്റുമായി ജമീല ടീച്ചറുണ്ടായിരുന്നു എന്നതായിരുന്നു ഏറെ ആശ്വാസം... എപ്പോ ചെന്ന് എന്ത് ചോദിച്ചാലും സഹായിക്കാൻ സന്നദ്ധയായിരുന്നു ടീച്ചർ. 
  "ഇജെജ്യന്ത് ണ്ടെങ്കിലും പറയണം ട്ടൊ... ന്നാലേ ഞമ്മൾ അറിയൊള്ളൂ" എന്ന ബഷീർ മാഷിന്റെ വാക്കുകളും "അമീനെ... പിന്നെന്തൊക്കെ" എന്ന ഫസ് ലു മാഷിന്റെ വാക്കുകളും ഒരിക്കലും മറക്കില്ല.
  സലീം സാറെ, ജാസിർ സാറെ, ബാസിൽ സാറെ പോലെ ധാരാളം അദ്ധ്യാപക സുഹൃത്തുകൾ... മറക്കാനാവാത്ത വൈകുന്നേരങ്ങളിലെ ചായ കുടികൾ...

  കേവലമൊരു 72 ദിവസം, അത് സമ്മാനിച്ചത് 72 ആഴ്ചകളിലേക്കുള്ള അറിവും മറക്കാനാവാത്ത ഓർമകളുമായിരുന്നു.

 അമീൻ തിരുത്തിയാട്

Thursday, August 15, 2019

പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് വിശ്വസിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം

Thursday, August 8, 2019

പതറരുത്, ഇതെല്ലാം നാഥന്റെ പരീക്ഷണങ്ങളാകാം

പ്രളയത്തെയും മഴയെയും കുറ്റം പറയുന്നവരോട്

  തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായിരിക്കുകയാണല്ലോ... ഏതാനും മാസങ്ങൾക്ക് മുമ്പ് മഴയെയും വെള്ളത്തെയും ആഗ്രഹിച്ച മനുഷ്യൻ ഇന്ന് മഴയെയും വെള്ളത്തെയും ശപിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹു ഒരു കാലത്ത് ശക്തമായ ചൂട് കൊണ്ടും വരൾച്ച കൊണ്ടും മനുഷ്യനെ പരീക്ഷിച്ചുവെങ്കിൽ ഇന്ന് ശക്തമായ മഴ കൊണ്ടും പ്രകൃതിക്ഷോഭങ്ങൾ കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണ്. ഇവിടെയൊന്നും തന്നെ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മഴയെ നാം കുറ്റപ്പെടുത്തിക്കൂടാ... അതിനെ ശപിച്ചു കൂടാ...
  വിശ്വാസികൾക്കാണ് കടുത്ത പരീക്ഷണങ്ങളുണ്ടാവുകയെന്നും പരീക്ഷണങ്ങളിൽ വിജയിക്കാതെ സ്വർഗ്ഗം നേടാൻ സാധ്യമല്ല എന്നും സൂറത്തുൽ ബഖറയിലൂടെ അല്ലാഹു തന്നെ മനുഷ്യനെ ബോധ്യപ്പെടുത്തുന്നുണ്ട്.

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ

അതല്ല, (ഒരുപക്ഷേ)നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃകനിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ!അവര്‍ക്ക് വിഷമതയും,കഷ്ടതയും ബാധിക്കുകയുണ്ടായി.(മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും 'അല്ലാഹുവിന്‍റെസഹായം എപ്പോഴായിരിക്കും'എന്ന് പറയു(കപോലും ചെയ്യു)മാറ് അവര്‍ കിടിലം കൊള്ളുകയുംചെയ്തു. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്‍റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു.
  തീർച്ചയായും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾക്കൊണ്ട് മനുഷ്യരെ പരീക്ഷിക്കുമെന്ന് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്.
  وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِين
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
  തീർച്ചയായും വിവിധ രൂപത്തിൽ അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും... ഭയം കൊണ്ടും പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആളുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടും സുഹൃത് ബന്ധങ്ങൾ കൊണ്ടുമെല്ലാം അല്ലാഹു നമ്മെ പരീക്ഷിക്കും... ഇത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും നമുക്ക് സാധിക്കണം... എങ്കിൽ നമുക്ക് വിജയമുണ്ടാകും... സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിന് പകരം തനിക്കേറ്റ പ്രയാസത്തെ ശപിക്കുന്നവനായി വിശ്വാസി മാറരുത്.
  പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ അല്ലാഹു പല രൂപത്തിലും പരീക്ഷിച്ചിരുന്നു. തന്റെ ആൺമക്കളെയെല്ലാം പെട്ടെന്ന് തിരിച്ചുവിളിച്ച് കൊണ്ടും, ഉഹ്ദ് യുദ്ധത്തിൽ പരിക്കേൽപിച്ച് കൊണ്ടും ശഅബു അബീത്വാലിബ് എന്ന മലഞ്ചെരുവിൽ മൂന്ന് വർഷക്കാലത്തെ ഉപരോധം കൊണ്ടുമെല്ലാം അല്ലാഹു പ്രവാചകൻ (സ്വ) യെ പരീക്ഷിച്ചിട്ടുണ്ട്. മുസ്ലിമായി എന്നതിന്റെ പേരിൽ യാസിർ (റ)നെയടക്കം ധാരാളം ആളുകളെ അവിശ്വാസികളിൽ നിന്നുള്ള പീഢനം മൂലം അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ പരീക്ഷണ സന്ദർഭങ്ങളിൽ എല്ലാം സഹിച്ചവരും ക്ഷമിച്ചവരുമായിരുന്നു. അത് കൊണ്ട് തന്നെ അല്ലാഹു അവർക്ക് ധാരാളം വിജയങ്ങൾ നൽകി. അതിനുള്ള ഉദാഹരണമായിരുന്നു ബദ്ർ യുദ്ധം. പരീക്ഷണഘട്ടങ്ങളിൽ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ആളുകൾക്ക് വമ്പിച്ച പ്രതിഫലവും പാപമോചനവും ഉണ്ടാകുമെന്നും അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളെയാണ് അവൻ കൂടുതലായി പരീക്ഷിക്കുകയെന്നും ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത വിവിധ ഹദീസുകളിലൂടെ പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്. പരീക്ഷണങ്ങളിൽ ക്ഷമിക്കുകയെന്നത് വിശ്വാസിയുടെ അടയാളമാണെന്നും പ്രവാചകൻ (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
  നമ്മെ ബാധിച്ചിരിക്കുന്ന പ്രളയമെന്ന ആപത്ത്, അത് അല്ലാഹുവിൽ നിന്നുമുള്ള പരീക്ഷണമാകാം. ആ പരീക്ഷണത്തിൽ വിജയിക്കാൻ നമുക്ക് സാധിക്കട്ടെ...

اللهم حوالينا ولا علينا.....
പ്രാർത്ഥനകളോടെ
അമീൻ തിരുത്തിയാട്

Tuesday, June 11, 2019

നൽകാം നമ്മുടെ ഇമാമുമാർക്ക് സ്ഥാനവും മാനവും...

  പറയാതിരിക്കാൻ നിർവാഹമില്ല.കഴിഞ്ഞ ദിവസം വാട്‌സ് ആപ്പിലെ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടു.
"സലഫി മസ്ജിദ് ഇമാംജോലി ഒഴിവ്" തലക്കെട്ടിന് കുഴപ്പമൊന്നുമില്ല. ബാക്കി കാര്യങ്ങൾ (ഇമാമായി വരുന്ന ആൾ പള്ളിയിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ജോലികൾ) കൂടി കണ്ടപ്പോൾ സങ്കടം തോന്നി.
  ഇമാമായി വരാനുള്ള ഒരു നിബസന തന്നെ നല്ല ഖിറാഅത്ത് ഉള്ള ആളായിരിക്കണം എന്നതാണ്. ഇമാമത്ത് നിൽക്കുന്നതിന് പുറമെ അദ്ദേഹം നിർബന്ധമായും പള്ളിയിലെ ടോയ്ലറ്റ് ക്ലീൻ ചെയ്തിരിക്കണം പോലും. ചുരുക്കിപ്പറഞ്ഞാൽ ടോയ്ലെറ്റ് ക്ലീൻ ചെയ്യാനും നല്ല ഖാരിഅ തന്നെ വേണമെന്ന്. എന്തായാലും ഇവർ ഖബർ കുഴിക്കൽ കൂടി ആവശ്യപ്പെട്ടില്ല എന്നത് തന്നെ സമാധാനം.
  ഇമാമെന്ന് പറയുന്നത്, പള്ളിയിൽ വരുന്ന ആളുകൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ആളാണ്, അവിടത്തെ നേതാവാണ്. ആ സ്ഥാനത്തിന്റെ നിലയും വിലയും പവിത്രതയും നാം മനസിലാക്കണം.
  ഇതൊരിക്കലും ഒരു ഇമാമിനെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കേണ്ട പണിയല്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ. അല്ലാതെ അയാളെ അതിന് വേണ്ടിയും കൂടി കൂലിക്കാരനായി നിർത്തരുത്.
  തന്റെ കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയാണ് പലരും ഗത്യന്തരമില്ലാതെ തുച്ചമായ ശമ്പളത്തിന് പള്ളിയിൽ ഇമാമത്ത് ജോലി ഏറ്റെടുക്കുന്നത്. അവർക്ക് സമൂഹത്തിൽ തീർച്ചയായും അവരുടെതായ സ്ഥാനം നൽകണം.അതിന്റെതായ വില നൽകണം. അല്ലാതെ അവരെ ശുചീകരണ തൊഴിലാളികളാക്കി മാറ്റരുത്. അവരുടെ സ്ഥാനത്തിനും അതിന്റെതായ മഹത്വമുണ്ട്, പവിത്രതയുണ്ട്. അത് നാം മനസ്സിലാക്കണം.
  ഇനിയൊരിക്കലും ഒരു ഇമാമിനും ഇത്തരം അവസ്ഥയുണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

അമീൻ തിരുത്തിയാട്

Wednesday, June 5, 2019

ഒരു അദ്ധ്യായന വർഷം കൂടി ആഗതമാവുമ്പോൾ...

  രണ്ട് മാസക്കാലത്തെ വേനലവധിക്ക് ശേഷം വീണ്ടും വിദ്യാലയ ലോകത്തേക്ക് പ്രവേശിക്കുകയാണ്. അറിവിന്റെ അക്ഷയ ഖനികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ തയ്യാറെടുക്കുന്ന കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വിജയാശംസകൾ...
  നാം നമ്മുടെ ജീവിതത്തിൽ മുന്നോട്ട് വെക്കുന്ന ഈ കാൽപ്പാട് അത് നമ്മുടെ ജീവിതത്തിൽ ഒരു പുത്തൻ അരുണോദയം തീർക്കാൻ കാരണമായിത്തീരണം. പഠിക്കണം നാം, വീണ്ടും പഠിക്കണം, എന്നിട്ട് നാം പഠിച്ച കാര്യങ്ങളെപ്പറ്റി ചിന്തിക്കണം, എന്നിട്ട് അത് നമ്മുടെ സമൂഹത്തിന് മുന്നിൽ സമർപ്പിക്കണം. നാം പഠിക്കുന്നത് നമുക്ക് മാത്രമല്ല. സമൂഹത്തിന് കൂടി ഗുണം ചെയ്യുന്നതാക്കി മാറ്റാൻ നമുക്ക് സാധിക്കണം. പഠിക്കുന്നതോടൊപ്പം നമ്മുടെ അറിവ് വർദ്ധിപ്പിച്ചു തരാൻ നാം ദൈവത്തോട് പ്രാർത്ഥിക്കുകയും വേണം.
  പഠനത്തിലൂടെ നാം നേടേണ്ടത് വിജ്ഞാനം മാത്രമല്ല. മറിച്ച് നല്ല വ്യക്തിത്വം കൂടിയാണ്. കൂടുതൽ അറിവുള്ളവനെക്കാൾ നല്ല വ്യക്തിത്വമുള്ളവനെയാണ് ആളുകൾ ഇഷ്ടപ്പെടുക. പഠനത്തിൽ മുന്നേറുന്നതോടൊപ്പം നല്ല വ്യക്തിത്വമുണ്ടാക്കാൻ കൂടി പരിശ്രമിക്കുക.
  നാളെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ തയ്യാറെടുക്കുന്ന കൊച്ചു സഹോദരി സഹോദരന്മാർക്കും ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുന്ന സഹപാഠികൾക്കും കൂട്ടുകാർക്കും സഹോദരങ്ങൾക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നന്മയുടെയും വിജയത്തിന്റെയും ഒരു നല്ല അദ്ധ്യായന വർഷം കൂടി ആശംസിക്കുന്നു.
  വിജയത്തിലേക്കുള്ള നിങ്ങളുടെ പാതയിൽ എന്നും താങ്ങായി, തണലായി നിങ്ങളോടൊപ്പമുണ്ടാക്കുമെന്ന ഉറപ്പോടെ നിങ്ങളുടെ സഹോദരൻ...
    അമീൻ തിരുത്തിയാട്

Tuesday, June 4, 2019


  ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിർവൃതിയിൽ ആത്മ വിശുദ്ധി കൈമുതലാക്കിക്കൊണ്ട് വിശപ്പും ക്ഷീണവും സഹിച്ച ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
  ചെറിയ പെരുന്നാൾ നമ്മിലേക്ക്‌ ആഗതമായി...

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
       _*🌙عيد مبــــــــــــــــــــارك🌙*_

تقبّل اللّٰه منّا ومنكم....
അമീൻ തിരുത്തിയാട്

നമുക്ക് വേണം ചില മാറ്റങ്ങൾ...



റമളാൻ വസന്തം- 30

അമീൻ തിരുത്തിയാട്

  നാഥന്റെ അപാരമായ അനുഗ്രഹം കൊണ്ട് നമുക്ക് ബോണസായി പരിശുദ്ധ റമളാനിൽ ഒരു ദിവസം കൂടി ലഭിച്ചിരിക്കുകയാണ്.
അൽഹംദുലില്ലാഹ്... അധികം ലഭിച്ച ഒരു ദിവസം കൂടി നമുക്ക് നമ്മുടെ റബ്ബിലേക്കടുക്കാം. ഒരു പക്ഷേ അടുത്ത റമളാനിൽ നാം ഉണ്ടാകണം എന്നില്ല.
  ഈ റമളാൻ പിരിഞ്ഞ് പോവുമ്പോൾ നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ ഒക്കെ ഉണ്ടായി തീരണം. ഒരു റമളാൻ നമ്മിലൂടെ കടന്ന് പോയി എന്നറിയിക്കാവുന്ന എന്തെങ്കിലും മാറ്റങ്ങൾ.
  മഹാനായ അബുദ്ദർദാഅ(റ) പറയുന്നതായി നമുക്ക് കാണാം.
قال أبى الدرداء (ر): أوصاني خليلي (صلعم) بثلاثٍ. بصومٍ ثلاثة أيّامٍ من كلّ شهر، والوتر قبل النوم، وركعتي الفجر
" അബിദ്ദർദാഅ(റ) പറയുന്നു: എന്റെ സുഹൃത്ത് പ്രവാചകൻ(സ്വ) മൂന്ന് കാര്യങ്ങൾക്കൊണ്ടെന്നെ വസ്വിയത്ത് ചെയ്തു. ഓരോ മാസവും മൂന്ന് ദിവസത്തെ നോമ്പ്, ഉറക്കത്തിന് മുമ്പുള്ള വിത്റ് നമസ്കാരം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് നമസ്കാരം എന്നിവയായിരുന്നു ആ കാര്യങ്ങൾ"
  ഇനി നാം നമ്മുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, കഴിഞ്ഞ ഒരു മാസക്കാലമായി ഈ മൂന്ന് കാര്യങ്ങളും കൃത്യമായി പ്രവർത്തിച്ച് പോരുന്നവരാണ് നാം. എന്ത് കൊണ്ട് നമുക്ക് ഈ കാര്യങ്ങൾ തുടർന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കൂടാ? വിത്റ് നമസ്കാരം റമളാനിൽ മാത്രം നമസ്കരിക്കാനുള്ളതല്ല. സുബ്ഹിയും അതിന് മുമ്പുള്ള രണ്ട് റക്അത്തും റമളാനിൽ മാത്രമുള്ളതല്ല. സുബ്ഹ് നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്കാരത്തിന്റെ ശ്രേഷ്ഠതയെപ്പറ്റി നബി (സ്വ) പഠിപ്പിച്ചത് خير من الدنيا وما فيها
എന്നാണ്. അഥവാ ദുനിയാവിനെക്കാളും അതിലുള്ള സകല വസ്തുക്കളെക്കാളും ഉത്തമമാണ് ആ 2 റക്അത്ത്.
  ഇത് പോലെ തന്നെയാണ് നാം അനുഷ്ഠിക്കുന്ന മറ്റ് ആരാധനാ കർമ്മങ്ങൾ, സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ എല്ലാം.. ഒന്നും റമളാനിൽ മാത്രം ചെയ്യേണ്ടതല്ല. സൽപ്രവർത്തനങ്ങളെ ജീവിതത്തിൽ കൂടെ കൂട്ടുക, അവ ജീവിതത്തിന്റെ ഭാഗമാക്കുക.
  കറുപ്പും വെളുപ്പുമാകുന്ന സംഭവങ്ങൾക്കൊണ്ട് നമ്മുടെ ജീവിതമാകുന്ന ആയുസ്സ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങളുണ്ടാകും പ്രയാസങ്ങളുണ്ടാകും. അവയിലൊന്നും തളർന്നു മാറി നിൽക്കരുത്. റബ്ബിലേക്കടുത്ത് കൊണ്ട് എല്ലാം അവനോട് പറഞ്ഞ് അവനിൽ ഭരമേൽപ്പിച്ച് മുന്നോട്ട് പോവുക.
  റമളാൻ വസന്തം ഇവിടെ അവസാനിപ്പിക്കുകയാണ്. പ്രതീക്ഷിച്ചതിലധികം സ്നേഹവും സഹകരണവും സഹായവും പിന്തുണയും അഭിപ്രായ നിർദ്ദേശങ്ങളും പരിഹാസങ്ങളും തന്ന സഹോദരങ്ങളെ, സുഹൃത്തുക്കളെ, ബന്ധുക്കളെ, സഹപാഠികളെ, അദ്ധ്യാപകരെ, നന്ദി....!!!
جزاك اللّٰه بأحسن الجزاء... والحمد للّٰه ربِّ العالمين...
  നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക,
http://wa.me/919207791873

Monday, June 3, 2019

റമളാൻ വിടപറയുമ്പോൾ...


റമളാൻ വസന്തം- 29

അമീൻ തിരുത്തിയാട്

   നമ്മുടെ വീട്ടിലേക്ക് വിരുന്ന് വന്ന ഒരു അതിഥി അൽപ ദിവസം നമ്മുടെ വീട്ടിൽ താമസിച്ച് പിന്നീട് അവിടെ നിന്ന് തിരിച്ച് പോവുമ്പോൾ ആ അതിഥിയെ നാം എപ്രകാരമാണ് സൽകരിച്ചത് എന്നും അതിഥിക്ക് വേണ്ട എല്ലാ സുഖ സൗകര്യങ്ങളും താൻ ലഭ്യമാക്കിയിരുന്നില്ലേ എന്നും നാം നമ്മോട് ചോദിച്ച് നോക്കും. എന്നിട്ട് സ്വയം ആത്മ നിർവൃതിയണഞ്ഞിട്ട് നാം സന്തോഷിക്കും.
  അത്തരത്തിൽ ഒരു അതിഥി കഴിഞ്ഞ ഒരു മാസക്കാലമായി നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുണ്ട്.ഒരു മാസക്കാലത്തേക്ക് നമ്മിലേക്ക് കടന്ന് വന്ന ആ അതിഥി നമ്മിൽ നിന്നും വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ്. നമ്മിലേക്ക് കടന്ന് വന്ന ആ അതിഥിയാകുന്ന റമളാൻ മാസത്തെ നാം എപ്രകാരം സൽകരിച്ചു....? ആ മാസത്തിൽ നാം എത്രമാത്രം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു...? ആ മാസം കൊണ്ട് നമുക്കെന്ത് മാറ്റമുണ്ടായി...? നാം സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്, നമ്മളെ വിചാരണ ചെയ്യപ്പെടും മുമ്പ്. അങ്ങനെ സ്വയം വിചാരണ ചെയ്തിട്ട് പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ ഏറ്റവും പാപ്പരായ ആളുകളിൽ ഉൾപ്പെടാത്തവരായി മാറാൻ നമുക്ക് സാധിക്കുമോ എന്ന് നാം കണ്ടെത്തേണ്ടതുണ്ട്.
അതല്ല, ഒരു വലിയ പർവ്വതം കണക്കെ സൽകർമ്മങ്ങളുമായി അല്ലാഹുവിന്റടുത്ത് ഉയിർത്തെഴുന്നേൽപിക്കപ്പെട്ടിട്ട് അവിടെ വെച്ച് അതെല്ലാം നിശ്ഫലമായി പോകുന്ന ഹതഭാഗ്യവാന്മാരായി നാം മാറിപ്പോവുമോ....?
  പ്രവാചകൻ(സ്വ) ഒരിക്കൽ മിമ്പറിലേക്ക് കയറുമ്പോൾ അവിടേക്ക് വന്ന ജിബ്രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ ആമീൻ പറഞ്ഞതുമായ പ്രാർത്ഥന നമുക്കറിയാം...
"ഒരു റമളാൻ വന്ന് കിട്ടിയിട്ട് അത് കൊണ്ട് പാപമോചനം നേടി നരകത്തിൽ നിന്നും അകറ്റി നിർത്തപ്പെടാത്തവനെ അല്ലാഹു ശപിക്കട്ടെ, അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കട്ടെ" എന്നതായിരുന്നു ആ പ്രാർത്ഥന.ഈ പ്രാർത്ഥനക്കാണ് നബി (സ്വ) ആമീൻ പറഞ്ഞത്. നമുക്ക് ഈ റമളാൻ കൊണ്ട് മുമ്പ് ചെയ്ത് പോയിട്ടുള്ള മുഴുവൻ പാപങ്ങൾക്കും പാപമോചനം നേടാൻ സാധിച്ചോ? പശ്ചാതപിച്ച് മടങ്ങാൻ സാധിച്ചോ?
  ഈ റമളാനിൽ നാം ധാരാളം സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടാവും. നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അതെല്ലാം തന്നെ റമളാനിന് ശേഷവും അത് പോലെ നിലനിർത്താൻ നമുക്ക് സാധിക്കണം. അല്ലാതെ ഖുർആൻ ഒരു സ്ത്രീയെ ഉപമയാക്കിക്കൊണ്ട് പഠിപ്പിച്ച പോലെ ആവരുത്. ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا
"ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌" (16:92)
  അതായത് ധാരാളം സമയം ചെലവഴിച്ച് കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ച് കൊണ്ട് നൂലുണ്ടാക്കിയ, ഒരു കയറുണ്ടാക്കിയ ഒരു സ്ത്രീ, ആ കയർ അതിന്റെ പൂർണാവസ്ഥയിലായ ശേഷം അതിനെ പല ഭാഗങ്ങളാക്കി നശിപ്പിച്ച് കളഞ്ഞ് കൊണ്ട് തന്റെ അദ്ധ്വാനത്തെ നിശ്ഫലമാക്കിക്കളയുന്നത് പോലെ, ഒരു മാസം മുഴുവൻ പട്ടിണിയും മറ്റ് പ്രയാസങ്ങളും സഹിച്ച് കൊണ്ട് പ്രവർത്തിച്ച സൽകർമ്മങ്ങളെ, നേടിയെടുത്ത പുണ്യങ്ങളെ പ്രതിഫലങ്ങളെയെല്ലാം റമളാനിന് ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊണ്ട് നാം നശിപ്പിച്ച് കളയരുത്.
  നമ്മുടെ കർമ്മങ്ങളെ സംബന്ധിച്ച് നാം കൃത്യമായ ബോധമുള്ളവരായിരിക്കണം. ആ കർമ്മങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകാര്യ പ്രദമാകുമോ എന്ന് നാം ആലോചിക്കണം.അവ സ്വീകാര്യ പ്രദമാകുമെങ്കിൽ നാം വിജയിച്ചു. നന്മകൾ നാം വർദ്ധിപ്പിക്കണം, റമളാനിൽ നാം ചെയ്ത് പോരുന്ന ധാരാളം സൽകർമ്മങ്ങളുണ്ട്, അവ റമളാൻ അല്ലാത്തപ്പോഴും നാം പ്രവർത്തിക്കണം.അത്തരം സൽകർമ്മങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം.
  അത്തരത്തിൽ ഈ റമളാൻ കൊണ്ട് നാം നേടിയെടുത്ത ചൈതന്യം എന്നെന്നും നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ നമുക്ക് സാധിക്കണം. അതിന് നാഥൻ നമ്മെ അനുഗഹിക്കുമാറാകട്ടെ,
 അടുത്ത റമളാനിലും ജീവിച്ച് കൊണ്ട് ധാരാളം നന്മകൾ നമ്മുടെ തുലാസിലേക്ക് കൊണ്ട് വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ....
പ്രാർത്ഥനയോടെ....

Wikipedia

Search results