എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Saturday, May 2, 2020

ഒരുമയാണ് ഉത്തമം

റമളാൻ വസന്തം- 9

അമീൻ തിരുത്തിയാട്


  നമുക്കെല്ലാം പരിചയമുള്ള ഒരു വസ്തുവാണ് ഈർക്കിൾ. ഒരു ഈർക്കിൾ എടുത്തു നമ്മൾ ഒടിച്ചു നോക്കിയാൽ അത് പെട്ടെന്ന് ഒടിഞ്ഞു പോകും. എന്നാൽ ഒരു കൂട്ടം ഈർക്കിൾ എടുത്തു ഒരുമിച്ച് ചേർത്ത് അവ കൂട്ടിക്കെട്ടി ഒരു ചൂല് പോലെയാക്കിയ ശേഷം ഒടിക്കാൻ ശ്രമിച്ചാൽ അത് ഒടിയുകയില്ല.
  ഇത് പോലെ തന്നെയാണ് എല്ലാ കാര്യവും. ഒറ്റക്ക് ഒറ്റക്ക് നിന്നാൽ അവയെ തകർക്കാൻ പെട്ടെന്ന് കഴിയും. എന്നാൽ ഒരുമിച്ച് കൂട്ടത്തോടെ നിന്നാൽ അവയെ തകർക്കാൻ പ്രയാസമാകും. "ഐക്യമത്യം മഹാബലം" എന്ന് പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ.
  ഇന്ന് നമ്മുടെ നാടുകളിലെ അവസ്ഥയും ഇത് പോലെ തന്നെയാണ്. തന്റെ സ്വാർത്ഥ താല്പര്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി തന്റെ സഹോദരനെ ഒറ്റ തിരിഞ്ഞു നിന്ന് ആക്രമിക്കുന്നവരാണ് നമ്മിൽ പലരും. ഇതേ അവസ്ഥ നമുക്ക് തിരിച്ചു വരുമ്പോൾ നമ്മൾ ഒറ്റക്കാണ്, നമ്മളെ പെട്ടെന്ന് തകർക്കാൻ മറ്റുള്ളവർക്ക് കഴിയും എന്ന് നാം ഒരിക്കലും തന്നെ മറക്കരുത്.
  അത് കൊണ്ട് ഐക്യമാണ് നമുക്ക് വേണ്ടത്. തന്റെ സഹോദരനെ ചേർത്ത് നിർത്തിക്കൊണ്ട് ഒരുമിച്ച് കെട്ടിയ ഈർക്കിളുകൾ പോലെ ഒരു മനസ്സായി ശക്തമായി നില കൊള്ളുക. ഐക്യത്തോടെ... സ്നേഹത്തോടെ... ഒരുമയോടെ...

Friday, May 1, 2020

മനസ്സും നമസ്കാരവും

റമളാൻ വസന്തം- 8

അമീൻ തിരുത്തിയാട്


  കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിൽ ശക്തമായൊരു മഴ പെയ്തു. കോരി ചൊരിഞ്ഞു പെയ്ത മഴയിൽ അന്തരീക്ഷമൊന്നാകെ ഒന്ന് തണുത്തു. ആ ഒരൊറ്റ മഴ കൊണ്ട് ചൂടും കുറഞ്ഞു. കുത്തിയൊലിച്ചു വന്ന മഴ വെള്ളത്തിൽ തോടുകളിൽ കെട്ടികിടന്നിരുന്ന മാലിന്യങ്ങൾ ഒഴുകി പോവുകയും ചെയ്തു.
  ഇത് പോലെ തന്നെയാണ് നമ്മുടെ അവസ്ഥയും. ദേഷ്യപ്പെട്ടു നിൽക്കുന്ന സമയത്ത് നമ്മെ ശാന്തമാക്കാൻ സ്നേഹമാകുന്ന ഒരു പുഞ്ചിരിയോ ഒരു വർത്തമാനമോ മതി. തോട്ടിൽ നിന്നും മാലിന്യങ്ങൾ ഒഴുകി പോയത് പോലെയാണ് അഞ്ചു നേരവും നമസ്കരിക്കുന്ന ഒരാളുടെ അവസ്ഥ. അയാളുടെ മനസ്സിൽ ഒരു തരം മാലിന്യവും അവശേഷിക്കുകയില്ല. ഇത് തന്നെയാണ് പ്രവാചകൻ പഠിപ്പിക്കുന്നത്:
  "അഞ്ചു നേരം കുളിക്കുന്ന ഒരാളുടെ ശരീരത്തിൽ മാലിന്യങ്ങളൊന്നും അവശേഷിക്കാത്തത് പോലെ അഞ്ചു നേരം നമസ്കരിക്കുന്ന ഒരാളുടെ മനസ്സിൽ മാലിന്യങ്ങളൊന്നും തന്നെ ബാക്കിയാവുകയില്ല. അയാളുടെ മനസ്സ് ശുദ്ധമാവുകയും ചെയ്യും".

Thursday, April 30, 2020

ഹൃദയം ശുദ്ധമാക്കാം

റമളാൻ വസന്തം- 7

അമീൻ തിരുത്തിയാട്


നമുക്കെല്ലാം അറിയുന്ന ഒരു ടീച്ചറുടെയും കുട്ടികളുടെയും കഥയുണ്ട്. ടീച്ചർ ഒരിക്കൽ ക്ലാസ്സിൽ ഒരു ചാക്കിൽ ധാരാളം ഉരുളകിഴങ്ങ് കൊണ്ട് വന്ന് കുട്ടികളോട് പറഞ്ഞു: "നിങ്ങൾ ഇതിൽ നിന്ന് ഉരുളക്കിഴങ്ങുകൾ എടുത്ത് നിങ്ങൾക്ക് വെറുപ്പുള്ളവരുടെയും ദേഷ്യമുള്ളവരുടെയും പേരുകൾ അതിലെഴുതി അത് നിങ്ങളുടെ ബാഗിൽ വെക്കുക. നിങ്ങൾക്ക് എത്ര ആളുകളോട് വെറുപ്പുണ്ടോ അത്രയും കിഴങ്ങ് എടുക്കാം. അതിന് ശേഷം ഒരാഴ്ച നിങ്ങൾ എവിടെ പോകുമ്പോഴും ആ ബാഗ് കൂടെ കൊണ്ട് പോകണം."
  ടീച്ചർ പറഞ്ഞത് പോലെ കുട്ടികൾ ഉരുളകിഴങ്ങുകൾ എടുത്ത് പേരെഴുതി ബാഗിൽ ഇട്ടു. ചിലർക്ക് ഒരുപാടെണ്ണം എടുക്കേണ്ടി വന്നു. ചിലർക്ക് വളരെ കുറച്ച് മാത്രം.
  ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉരുളകിഴങ്ങുകൾ കേടു വരാനും ദുർഗന്ധം വമിക്കാനും തുടങ്ങി. ആ ബാഗുമായി നടക്കാൻ കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടി. അവസാനം ടീച്ചർ ആ കുട്ടികളോട് പറഞ്ഞു "ഇപ്പോൾ നിങ്ങളുടെ കയ്യിലെ ഉരുളക്കിഴങ്ങിന് സംഭവിച്ചത് തന്നെയാണ് നിങ്ങൾ ഒരാളോടുള്ള വെറുപ്പും വിദ്വേഷവുമെല്ലാം ഹൃദയത്തിൽ കൊണ്ട് നടക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിനും സംഭവിക്കുന്നത്. ക്രമേണ നിങ്ങളുടെ ഹൃദയവും മലിനമാവുകയാണ്."
  നമ്മൾ ഒരാളെ വെറുക്കുമ്പോഴും ഒരാളോട് വിദ്വേഷം കാണിക്കുമ്പോഴുമെല്ലാം നമ്മുടെ ഹൃദയം മലീമസമായി ഭാരം കൂടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് വെറുപ്പും വിദ്വേഷവും ഒഴിവാക്കി വിയോജിപ്പുകൾ സ്നേഹത്തോടെയാക്കുക.
  നാഥൻ അനുഗ്രഹിക്കട്ടെ...

Wednesday, April 29, 2020

എന്തും അവനിലേക്ക് ഭരമേൽപിക്കാം...

റമളാൻ വസന്തം- 6

അമീൻ തിരുത്തിയാട്

  നമ്മുടെ ജീവിതത്തിൽ നാം നേരിടേണ്ടി വരുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും, വെല്ലുവിളികൾ ഉണ്ടാകും... ഇവിടങ്ങളിൽ നാം ഒരിക്കലും പതറാതെയും തളരാതെയും മുന്നേറണം. സംസ്കാര സമ്പന്നതയോടെ വിവേകപൂർണനായി ഉത്തമ സ്വഭാവത്തിനുടമയായിക്കൊണ്ട് നമ്മുടെ സ്വപ്നം സാക്ഷാൽകരിക്കാൻ നമുക്ക് സാധിക്കണം. നമ്മുടെ ലക്ഷ്യസാക്ഷാൽകാരത്തിനായുള്ള വഴികളെ നാം കണ്ടെത്തണം. ആ വഴികളിലൂടെ കൃത്യമായി നാം മുന്നേറണം.
എല്ലാം നമുക്ക് ലോകസൃഷ്ടാവായ അല്ലാഹുവിലേക്ക് ഭരമേൽപിക്കാം. അപ്പോൾ ഒന്നിനെയും പേടിക്കേണ്ട. അല്ലാഹുവാണ് ഭരമേൽപിക്കുവാൻ ഏറ്റവും ഉത്തമൻ,  ഭരമേൽപിക്കുന്ന ആളുകളെ ആ രക്ഷിതാവ് ഇഷ്ടപ്പെടുന്നതുമാണ്.
إنّ اللّٰه يحبّ المتوكّلين
''തീർച്ചയായും അല്ലാഹു ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു"
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നുണ്ട്:
وإذا عزمت فتوكل على اللّٰه
  "നീ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക", അത് കൊണ്ട് പ്രശ്നങ്ങളിലും പ്രയാസങ്ങളിലും തകർന്ന് പോകാതെ നമുക്ക് നാഥനിലേക്ക് ഭരമേൽപിക്കാം...
 അല്ലാഹു അനുഗ്രഹിക്കട്ടെ...

Tuesday, April 28, 2020

പ്രസന്ന വദനനായിരിക്കാം

റമളാൻ വസന്തം- 5

അമീൻ തിരുത്തിയാട്


  ഒരാഴ്ച മുൻപ് ഒരു സുഹൃത്ത് പറഞ്ഞു: ഞാനും എന്റെ സുഹൃത്തും തമ്മിൽ പിണക്കത്തിൽ ആണ്. ഇപ്പോൾ എന്നെ ഇങ്ങോട്ട് വിളിക്കാറില്ല എന്ന്. രണ്ട് ദിവസം കഴിഞ്ഞു ഞാൻ ആ സുഹൃത്തിനോട് വെറുതെ ചോദിച്ചു. നിങ്ങളുടെ പിണക്കം മാറിയോ?  ഉടനെ ആ സുഹൃത്ത് പറഞ്ഞു. പിണക്കം മാറി... പക്ഷെ ഞാൻ ഇപ്പോൾ പഴയ പോലെ മൈൻഡ് ചെയ്യാറില്ല. മൂന്നു ദിവസം എന്നെയിട്ട് കളിപ്പിച്ചതല്ലേ... കുറച്ച് കഴിയട്ടെ എന്ന്.
  സംഗതി തമാശക്കാണെങ്കിലും നമ്മുടെ പിടി വാശി പലപ്പോഴും അപകടത്തിൽ കൊണ്ട് എത്തിക്കാറുണ്ട്. ഒരു സുഹൃത്തിനോട് മിണ്ടാതെ പിണങ്ങി നിന്നാൽ നമുക്ക് എന്താണ് കിട്ടാനുള്ളത്. എന്നാൽ നമുക്കുണ്ടാകുന്ന നഷ്ടം ഒരുപാടായിരിക്കും.
  പുഞ്ചിരിക്കുക എന്ന കാര്യത്തെ പറ്റി പ്രവാചകൻ(സ്വ) വളരെ വ്യക്തമായിട്ട് നമ്മെ പഠിപ്പിക്കുന്നുണ്ട്.. അത് സ്വദഖകളിൽ പെട്ടതാണ്. പ്രവാചകൻ (സ്വ) ഒരിക്കൽ പറഞ്ഞു:
تَبَسُّمُك في وَجْه أَخِيك لك صدقة
നിന്റെ സഹോദരന്റെ മുഖത്തു നോക്കി നീ പുഞ്ചിരിക്കുകയാണെങ്കിൽ നിനക്ക് അതിൽ പ്രതിഫലം ഉണ്ട്.. അത് സ്വദഖകളുടെ കൂട്ടത്തിൽപെടുന്നതാണ്.
  തന്റെ കൂടെപ്പിറപ്പിനെ പോലും ഒറ്റപ്പെടുത്തി ചതിക്കുന്ന ഈ കാലത്ത് സഹോദരന് പുഞ്ചിരി സമ്മാനിച്ചു നമുക്ക് പുണ്യം സമ്പാദിക്കാം.

നാഥൻ അനുഗ്രഹിക്കട്ടെ...

Monday, April 27, 2020

കളവു പറയുന്നവന് നോമ്പില്ല

റമളാൻ വസന്തം 4

അമീൻ തിരുത്തിയാട്

  ഒരിക്കൽ ഒരു വൃദ്ധൻ ഒരു മൂലയിൽ ഇരുന്ന് എന്തോ തിന്നു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അതിലെ വന്ന ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾക്ക് നോമ്പില്ലേ...?
വൃദ്ധൻ പറഞ്ഞു: "ആര് പറഞ്ഞു ഇല്ലെന്ന്...? എനിക്ക് നോമ്പുണ്ട്. പക്ഷെ ഞാൻ ഭക്ഷണം കഴിക്കുന്നുണ്ടെന്നേയുള്ളൂ..."

ഇത് കേട്ടു ആ യുവാക്കൾ ചിരിച്ചു കൊണ്ട് പറഞ്ഞു: "ഇതെന്തു നോമ്പ്...?  ഇങ്ങനെയും നോമ്പുണ്ടോ?

അപ്പോൾ ആ വൃദ്ധൻ പറഞ്ഞു: "അതെ, ഞാൻ കളവു പറയാറില്ല, ആരെയും മോശമായി കാണാറില്ല, മോശമായി സംസാരിക്കാറില്ല, പരദൂഷണം പറയാറില്ല, ആരെയും വേദനിപ്പിക്കാറില്ല, അസ്സൂയ പുലർത്താറില്ല, ഹറാമായത് ഭക്ഷിക്കാറില്ല. ഖുർആൻ പാരായണം ചെയ്യാനും അത് പഠിക്കാനും സമയം കണ്ടെത്താറുണ്ട്. എന്റെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിറവേറ്റാറുണ്ട്. പക്ഷെ ഇപ്പോൾ പ്രായമായതിനാലും തീരെ വയ്യാത്തതിനാലും എന്റെ വയറിനു നോമ്പില്ല. എന്റെ മറ്റു അവയവങ്ങൾക്ക് എല്ലാം നോമ്പ് ഉണ്ട്."

ഇത് കേട്ടു പകച്ചു നിന്ന യുവാക്കളോട് ആ വൃദ്ധൻ ചോദിച്ചു: "നിങ്ങൾക്ക് നോമ്പ് ഉണ്ടോ?"
തല കുനിച്ചു കൊണ്ട് ആ യുവാക്കൾ പറഞ്ഞു: "ഇല്ല...  ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ല എന്നെ ഉള്ളൂ..."

  ഈ കഥയിലെ യുവാക്കളെ പോലെയാണ് ഇന്ന് നമ്മിൽ പലരുടെയും നോമ്പ്. പലരും ഭക്ഷണം കഴിക്കുന്നില്ല എന്നെ ഉള്ളൂ. ഒഴിവാക്കേണ്ടതായ പലതും ആരും ഒഴിവാക്കിയിട്ടില്ല. പലരും പരദൂഷണം പറയുകയും അസൂയ വെച്ച് പുലർത്തുകയും കളവു പറയുകയും എല്ലാം ചെയ്യുന്നു. അങ്ങനെ ചെയ്തു കൊണ്ട് ഒരാൾ പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല.

  കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് നമ്മുടെ നോമ്പ് പട്ടിണി കിടക്കാനുള്ളത് മാത്രം ആവരുത്. നമ്മുടെ അവയവങ്ങൾക്കും നോമ്പ് ഉണ്ടെന്നു നാം മറന്നു പോകരുത്.

നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ... 

Sunday, April 26, 2020

സഹോദരനെ സഹായിക്കാം, അവന് സേവനം ചെയ്യാം...

റമളാൻ വസന്തം- 3

അമീൻ തിരുത്തിയാട്

  റമളാൻ മാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായതാണ് തന്റെ സഹജീവിയുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും തിരിച്ചറിഞ്ഞ് അവനെ സഹായിക്കുക എന്നത്. നീണ്ട പതിനൊന്ന് മാസക്കാലം സുഭിക്ഷമായിരുന്നവയറും ശരീരവും ഒരു മാസത്തെ വ്രതാനുഷ്ഠാനം കൊണ്ട് ഊഷ്മളമാവുമ്പോൾ തിരിച്ചറിവിന്റെ പാതയിൽ സ്വന്തം അസ്ഥിത്വവും സ്ഥാനവും തിരിച്ചറിയുന്നവനാണ് യത്ഥാർത്ഥ വിശ്വാസി.

من فرج عن أخيه المؤمن كربة من كرب الدنيا فرج الله عنه كربة من كرب يوم القيامة، ومن ستر على مسلم ستر الله عليه في الدنيا والآخرة
പ്രവാചകൻ(സ്വ)യുടെ ഒരു ഹദീസിൽ നമുക്ക് കാണാൻ സാധിക്കും." ആരെങ്കിലും തന്റെ സഹോദരന്റെ ഒരു പ്രയാസം ദുനിയാവിൽ വെച്ച് മാറ്റിക്കൊടുത്താൽ, അല്ലാഹു അവന്റെ പ്രയാസം ഖിയാമത്ത് നാളിൽ മാറ്റിക്കൊടുക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിന്റെ വല്ല ന്യൂനതകളും മറച്ച് വെച്ചാൽ അല്ലാഹു ദുനിയാവിലും പരലോകത്തിലും അവന്റെ ന്യുനതകളെയും മറച്ച് വെക്കുന്നതാണ്.

 ഈ ലോകത്ത് വെച്ച് ആരെങ്കിലും മറ്റൊരാൾക്ക് ഒരു ചെറിയ തണൽ നൽകിയാൽ, എന്തെങ്കിലും ഒരു സഹായം നൽകിയാൽ നാളെ അല്ലാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകും...

  ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ അയൽവാസിയൊ മുസ്ലിമോ ആയ നമ്മുടെ സഹോദരൻ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുന്നുണ്ടെങ്കിൽ അവനെ സഹായിക്കേണ്ടത് വിശ്വാസിയായ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷിക്കുന്നവൻ വിശ്വാസിയല്ല" എന്നാണ് പ്രവാചകൻ(സ്വ) പഠിപ്പിച്ചത്. ഈ അവസരത്തിൽ നമ്മുടെ വീടകങ്ങൾ വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് സജീവമാകുമ്പോൾ ഒരു ഗ്ലാസ്‌ പച്ച വെള്ളമുപയോഗിച്ച് നോമ്പ് തുറക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ടെന്നു നാം മറക്കരുത്. ആഢംഭരമൊഴിവാക്കി ദൈവപ്രീതികാംക്ഷിച്ച് നമുക്ക് വ്രതമനുഷ്ഠിക്കാം...

  ഈ ലോകത്ത് പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുക, നാഥൻ അനുഗ്രഹിക്കട്ടെ...

Saturday, April 25, 2020

പരീക്ഷണ കാലത്തെ റമളാൻ വ്രതം

റമളാൻ വസന്തം 2

✍️ അമീൻ തിരുത്തിയാട്


  പുണ്യങ്ങളുടെ പൂക്കാലമാണ് പരിശുദ്ധ റമളാൻ മാസം. രാവിലെ മുതൽ വൈകുന്നേരം വരെ പട്ടിണി കിടന്ന് കൊണ്ട് ദൈവ പ്രീതി മാത്രം ആഗ്രഹിച്ച് ചെയ്യുന്ന ഒരു ആരാധനാ കർമ്മം.

  ഇങ്ങനെയുള്ള റമളാൻ മാസത്തിലാണ് ഇസ്ലാമിക ചരിത്രത്തിലെ പലയുദ്ധങ്ങളും നടന്നത്. റമളാൻ മാസം പതിനേഴിനായിരുന്നു മക്കാ മുശ്രിക്കുകളുമായി പ്രവാചകൻ (സ്വ) ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഞങ്ങൾ വ്രതമനുഷ്ഠിച്ചവരാണെന്ന് പറഞ്ഞ് കൊണ്ട് ആരും യുദ്ധത്തിൽ നിന്നും മാറി നിന്നിട്ടില്ല.

  ഇന്ന് നമ്മുടെ നാട് മാരകമായ ഒരു വൈറസ് മൂലം പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ അവസരത്തിൽ എന്റെ നാട്ടിൽ രോഗമാണ് അല്ലെങ്കിൽ എന്റെ രാജ്യത്ത് രോഗമുണ്ടെന്ന് പറഞ്ഞ് കൊണ്ട് വ്രതമനുഷ്ഠിക്കാതെ മാറി നിൽക്കൽ നമുക്ക് അനുവദനീയമല്ല. അല്ലാഹു നമ്മെ പഠിപ്പിച്ചത് റമളാനിൽ രോഗം ബാധിച്ചത് കൊണ്ടോ, യാത്രയിലായത് മൂലമോ ഒരാൾക്ക് വ്രതമനുഷ്ഠിക്കാൻ സാധിച്ചില്ലായെങ്കിൽ നഷ്ടമായ നോമ്പുകൾ പിന്നീട് നോറ്റുവീട്ടണമെന്നാണ്. അല്ലാതെ ലോകത്തെവിടെയോ രോഗമുണ്ടെന്ന് പറഞ്ഞ് വ്രതമനുഷ്ഠിക്കാതിരിക്കണം എന്നല്ല.

സൂറത്തുൽ ബഖറയിലെ 155 ആം വചനത്തിൽ നമുക്ക് കാണാം.

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
  തീർച്ചയായും വിവിധ രൂപത്തിൽ അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും... ഭയം കൊണ്ടും പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആളുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടും സുഹൃത് ബന്ധങ്ങൾ കൊണ്ടുമെല്ലാം അല്ലാഹു നമ്മെ പരീക്ഷിക്കും... ഇത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും നമുക്ക് സാധിക്കണം... എങ്കിൽ നമുക്ക് വിജയമുണ്ടാകും...
  "ക്ഷമാലുക്കളായ ആളുകൾക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ നൽകുന്നതാണ്..." ക്ഷമിക്കുന്ന ആളുകൾക്കുള്ള വമ്പിച്ച പ്രതിഫലത്തെയാണ് ഈ ആയത്തിലൂടെ സൂചിപ്പിക്കുന്നത്.
  അത് കൊണ്ട് തന്നെ നമ്മെ ബാധിക്കുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുകയും ജീവിതമാകുന്ന പരീക്ഷയിൽ വിജയിക്കുകയും ചെയ്യാം...

  നാഥൻ അനുഗ്രഹിക്കട്ടെ....

Wikipedia

Search results