എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Sunday, May 12, 2019

രോഗിയെ സന്ദർശിക്കാം, രോഗ ശമനതിന് വേണ്ടി പ്രാർത്ഥിക്കാം...

റമളാൻ വസന്തം-7

അമീൻ തിരുത്തിയാട്

وَإِذَا مَرِضَ فَعُدْهُ, (مسلم)
"അവൻ രോഗിയായാൽ അവനെ സന്ദർശിക്കണം"

   പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് രോഗിയെ സന്ദർശിക്കുക എന്നുള്ളത്. തന്റെ സഹോദരൻ രോഗിയായാൽ അവനെ സന്ദർശിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെ മേലും ബാധ്യതയാണ്. അത് വിശ്വാസികൾ തമ്മിലുള്ള ബാധ്യതകളിൽ പെട്ടതാണ്.
  നാം ഒരു രോഗിയെ സന്ദർശിക്കുകയാണെങ്കിൽ അവിടെ നമുക്ക് അല്ലാഹുവിന്റെ സാമീപ്യം തിരിച്ചറിയാൻ സാധിക്കും..

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ اللهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ: يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِي، قَالَ: يَا رَبِّ كَيْفَ أَعُودُكَ؟ وَأَنْتَ رَبُّ الْعَالَمِينَ، قَالَ: أَمَا عَلِمْتَ أَنَّ عَبْدِي فُلَانًا مَرِضَ فَلَمْ تَعُدْهُ، أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ؟, (مسلم)

"നബി(സ) പറഞ്ഞു. അല്ലാഹു പരലോകത്തുവെച്ചുപറയും. ആദമിന്‍റെമക്കളെ ഞാൻ രോഗിയായപ്പോൾ നിങ്ങൾ  എന്നെ സന്ദർശിച്ചില്ല. മനുഷ്യർ പറയും നീലോകരക്ഷിതാവല്ലെ .ഞങ്ങൾ എങ്ങനെയാണ് നിന്നെ സന്ദർശിക്കുക,അല്ലാഹു പറയും നിങ്ങൾ അറിഞ്ഞതല്ലെ എന്‍റെ അടിമരോഗിയായത് .നിങ്ങൾ അവനെ സന്ദർശിച്ചിരുന്നുവോ, നിങ്ങൾ സന്ദർശിച്ചിരുന്നെങ്കിൽ അവിടെ എന്നെ കാണാമായിരുന്നു"
  ഒരു രോഗിയെ സന്ദർശിക്കുന്നതോടൊപ്പം തന്നെ അവന്റെ രോഗ ശമനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത്തിനും ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് നൽകുന്നത്.. ഒരിക്കലും തന്നെ നമ്മുടെ സന്ദർശനം കൊണ്ട് ഒരു രോഗിക്കും പ്രയാസം ഉണ്ടാവരുത്.. രോഗിയെ പ്രയാസപ്പെടുത്താൻ വേണ്ടിയാകരുത് നമ്മുടെ സന്ദർശനം. രോഗിയെ സന്ദർശിക്കുമ്പോൾ അവനു വേണ്ടി പ്രാർത്ഥിക്കേണ്ട ഒരു പ്രാർത്ഥനയും പ്രവാചകൻ (സ്വ) പഠിപ്പിക്കുന്നുണ്ട്.

رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: "أَذْهِبِ الْبَأْسَ رَبَّ النَّاسِ، اشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا" , (ابو داود) 3883

നബി(സ) പറഞ്ഞു. ജനങ്ങളുടെ രക്ഷിതാവേ .പ്രയാസം മാറ്റീടണമേ,രോഗം മാറ്റീടണമേ, നീയല്ലാതെ രോഗം മാറ്റുന്നവനും രോഗശമനം നൽകുന്നവനുമായിമറ്റാരുമില്ല
  നമ്മുടെ രോഗി സന്ദർശനം ഒരിക്കലും രോഗിക്കും കുടുംബത്തിനും ബുദ്ധിമുട്ട് ആവരുത്... അത്തരത്തിൽ രോഗിയെ സന്ദർശിക്കുക.. അത് വഴി പ്രതിഫലം നേടുക..  നാഥൻ അനുഗ്രഹിക്കട്ടെ...

Saturday, May 11, 2019

തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാം....

റമളാൻ വസന്തം-6

അമീൻ തിരുത്തിയാട്

وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ

"അവൻ തുമ്മിയാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചാൽ അവനുവേണ്ടി പ്രാർത്ഥിക്കണം"
  വിശ്വാസികൾ തമ്മിലുള്ള ബാദ്ധ്യതകളുടെ കൂട്ടത്തിൽ നാലാമതായ് കൊണ്ട് പ്രവാചകൻ(സ്വ) പഠിപ്പിച്ചതാണ് നിന്റെ സഹോദരൻ തുമ്മിയാൽ നീ അവന് വേണ്ടി പ്രാർത്ഥിക്കണം എന്നുള്ളത്. തുമ്മുക എന്നുള്ളത് അല്ലാഹു വിന്റെ അപാരമായ ഒരു അനുഗ്രഹമാണ്. അത് കൊണ്ട് തന്നെ തുമ്മി കഴിഞ്ഞാൽ നാം അല്ലാഹുവിനെ സ്തുതിക്കണം. തുമ്മിയാലുള്ള മര്യാദകളെ സംബന്ധിച്ച് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചു.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " إِذَا عَطَسَ أَحَدُكُمْ، فَلْيَقُلْ: الْحَمْدُ لِلَّهِ، فَإِذَا قَالَ: الْحَمْدُ لِلَّهِ، قَالَ لَهُ أَخُوهُ: يَرْحَمُكَ اللَّهُ، فَإِذَا قِيلَ لَهُ يَرْحَمُكَ اللَّهُ: فَلْيَقُلْ: يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ " (احمد) 8631

''നബി(സ) പറഞ്ഞു നിങ്ങളാരെങ്കിലും തുമ്മിയാൽ നിങ്ങൾ  "അല്ലാഹുവിന് സ്തുതി "യെന്നു പറയണം .അപ്പോളവന്‍റെ സഹോദരൻ ,അല്ലാഹു കരുമചെയ്യട്ടെ എന്നുപ്രാർത്ഥിക്കണം. അങ്ങനെ പ്രാർത്ഥിക്കിുന്നതു കേട്ടാൽ അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗം നൽകുകയും ജീവിതംന്നാക്കിതീർക്കട്ടെ എന്ന് പ്രാർത്ഥിക്കണം"
  ഒരു സഹോദരൻ തുമ്മുകയാണെങ്കിൽ അവനോട് നമുക്കുള്ള ബാധ്യതയാണ് അവന് വേണ്ടി പ്രാർത്ഥിക്കുകയെന്നത്. തന്റെ സഹോദരന്റെ മേൽ ഈ ബാദ്ധ്യത കൃത്യമായി നിർവഹിക്കുക.
  നാഥൻ അനുഗ്രഹിക്കട്ടെ....

Friday, May 10, 2019

താരതമ്യപ്പെടുത്തൽ അപകടത്തിലാവരുത്


റമളാൻ വസന്തം-5

അമീൻ തിരുത്തിയാട്

   ഭൗതിക വിദ്യാഭ്യാസ മേഖലയിൽ വിവിധ മത്സര പരീക്ഷകളുടെ ഫലം പുറത്ത് വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ചുറ്റുപാടുകളിൽ നാം കണ്ടു വരുന്ന ഒരു പ്രവണതയാണ് ഒരുവനെ മറ്റൊരുവനുമായി താരതമ്യം ചെയ്യുകയെന്നുള്ളത്. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളിലെ പത്രത്താളുകളിൽ നിന്നും അറിയാൻ സാധിച്ച ചില വാർത്തകൾ യത്ഥാർത്ഥത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
  USS നേടിയെടുത്ത തന്റെ സഹോദരിയെ എല്ലാവരും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയും അവളുമായി തന്നെ താരതമ്യം ചെയ്യുകയും തന്നെ കുറ്റപ്പെടുത്തുകയും മോഷക്കാരിയാക്കുകയും ചെയ്തതിന്റെ ഫലമായി തന്നിലുണ്ടായ പകയും വിദ്വേഷവും മൂലം തന്റെ സഹോദരിയെ കൊല ചെയ്ത പെൺകുട്ടിയുടെ സംഭവം നാം അറിഞ്ഞതാണ്.
  അത് പോലെ തന്നെ SSLC പരീക്ഷയിൽ താൻ പ്രതീക്ഷിച്ച അത്ര മാർക്ക് തന്റെ മകൻ നേടിയില്ല എന്ന കാരണത്താൽ തന്റെ മകനെ ഉപദ്രവിച്ച രക്ഷിതാവിനെ സംബന്ധിച്ചും നാം അറിഞ്ഞതാണ്.
  എന്തിന് വേണ്ടിയാണ് സഹോദരങ്ങളെ ഇത്തരമൊരു താരതമ്യം നാം മക്കൾക്കിടയിൽ നടത്തുന്നത്?? ഓരോ മനുഷ്യരും വ്യത്യസ്തരാണ്. എല്ലാം തികഞ്ഞവരായിട്ട് ആരുമില്ല. എന്നിട്ടും എന്തിനാണ് നാം ഇങ്ങനെ മത്സരിക്കുന്നത്.
  ഭൗതികതയിൽ മതിമറന്ന് അതിന് വേണ്ടി ഓടി നടക്കുന്നവൻ അല്ല യത്ഥാർത്ഥത്തിൽ ബുദ്ധിയുള്ളവൻ. മറിച്ച് യത്ഥാർത്ഥ ബുദ്ധിമാൻ ആരാന്നെന്ന് പ്രവാചകൻ (സ്വ) പഠിപ്പിക്കുന്നുണ്ട്.
الكَيِّس مَنْ دَانَ نَفْسَهُ، وَعَمِلَ لِما بَعْدَ الْموْتِ
'' യത്ഥാർത്ഥത്തിൽ ബുദ്ധിയുള്ളവൻ, സമർത്ഥൻ എന്ന് പറഞ്ഞാൽ അവൻ അവന്റെ മനസ്സിനെ നിയന്ത്രിക്കുന്നവന്നും മരണാനന്തര ജീവിതത്തിന് വേണ്ടി അവന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നവനുമാണ്."
  അത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് ദുനിയാവിലെ വിജയങ്ങളും മറ്റും നാളെ പരലോകത്തേക്ക് കൂട്ടിനുണ്ടാവുകയില്ല. പരലോകത്തും കൂടെയുണ്ടാവാൻ പറ്റിയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുക.

നാഥൻ അനുഗ്രഹിക്കുമാറാകട്ടെ.

Thursday, May 9, 2019

ഉപദേശമെന്ന പരസഹായം...


റമളാൻ വസന്തം-4

അമീൻ തിരുത്തിയാട്

 

وإذا استنصحك فانصح له

"അവൻ നിന്നോട് ഉപദേശം ആവശ്യപ്പെട്ടാൽ നീ അവന് ഉപദേശം നൽകുക"

  വിശ്വാസികൾക്ക് പരസ്പരമുള്ള ബാധ്യതകൾ പഠിപ്പിച്ച സന്ദർഭത്തിൽ മൂന്നാമതായിക്കൊണ്ട് പ്രവാചകൻ(സ്വ) പഠിപ്പിക്കുന്നതിപ്രകാരമാണ്.
"നിന്നോട് ഉപദേശം ആവശ്യപ്പെട്ടാൽ നീ അവന് ഉപദേശം നൽകുക "
  തന്റെ സഹോദരനായ ഒരു വിശ്വാസിക്ക് ഉപദേശങ്ങൾ നൽകുക എന്നത് വളരെയധികം ഉത്തമമായ കാര്യമായിട്ടാണ് പ്രവാചകൻ(സ്വ) പഠിപ്പിക്കുന്നത്. പരോപകാരിയായ ആളുകൾക്ക് തീർച്ചയായും അല്ലാഹുവിൽ നിന്നുള്ള സഹായങ്ങളുണ്ടാക്കും. പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ،, (مسلم) 
"നബി(സ) പറഞ്ഞു.അരാണൊ ഒരു വിശ്വാസിയിൽ നിന്നും ദുനിയാവിലെ പ്രയാസം നീക്കുന്നത് ,അവന് പരലോകത്തെ പ്രയാസം അല്ലാഹു മാറ്റികൊടുക്കന്നതാണ്.ആരെങ്കിലും  ദുനിയാവിലെ പ്രയാസം ഒരുവിശ്വാസിക്ക് എളുപ്പമാക്കികൊടുത്താൽ പരലോകത്ത് അവന്‍റെ പ്രയാസം അല്ലാഹു ലഘൂകരീകരിക്കുന്നതാണ്.ഒരു മുസ്ലിമിന്‍റെ ന്യൂനത മറച്ചുവെച്ചാൽ പരലോകത്ത് അവന്‍റെ ന്യൂനതയും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ് .അരാണോ അല്ലാഹുവിന്‍റെ ദാസൻമാരെ സഹായിക്കുന്നത് അവനെ അല്ലാഹുവും സഹായിക്കും".
  തന്റെ സഹോദരന് വേണ്ടി അവനാവശ്യമുള്ള ഉപദേശങ്ങൾ നൽകിയാൽ തീർച്ചയായും അല്ലാഹു ആ മനുഷ്യന് തക്കതായ പ്രതിഫലം നൽകും. കാരണം പരസഹായം ചെയ്യുന്നവർക്ക് അല്ലാഹുവും സഹായം നൽകുന്നതാണ്.
  അത് കൊണ്ട് തന്നെ തന്റെ സഹോദരന് തന്നാലാവും വിധമുള്ള സഹായങ്ങൾ ചെയ്ത് അതുവഴി റബ്ബിന്റെ പ്രീതി നേടിയെടുക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ.

Wednesday, May 8, 2019

പരീക്ഷണങ്ങളിൽ പതറാതെ മുന്നേറാം...


റമളാൻ വസന്തം-3

അമീൻ തിരുത്തിയാട്

  കഴിഞ്ഞ ദിവസം ഒന്ന് വിഷമിച്ച സന്തർഭത്തിലാണ് ഒരു പ്രിയ സുഹൃത്ത് ഫോണിൽ വിളിച്ചത്... ആ സുഹൃത്തുമായി സംസാരിക്കുന്നതിനിടക്ക് ഞാൻ അദ്ദേഹത്തോട് എന്റെ പ്രശ്നം പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ ചില വാക്കുകൾ ഞാനോർക്കുകയാണ്... "ഇതെല്ലാം ഓരോ പരീക്ഷണങ്ങളാകും..." ഇത് കേട്ടപ്പോൾ മുൻപ് മദ്രസയിൽ അഞ്ചാം ക്ലാസിലെ സ്വഭാവ പാഠപുസ്തകത്തിൽ നിന്നും പഠിച്ച സൂറത്തുൽ ബഖറയിലെ 155 ആം വചനമാണ് ഓർമ വന്നത്.

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِين
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
  തീർച്ചയായും വിവിധ രൂപത്തിൽ അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും... ഭയം കൊണ്ടും പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആളുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടും സുഹൃത് ബന്ധങ്ങൾ കൊണ്ടുമെല്ലാം അല്ലാഹു നമ്മെ പരീക്ഷിക്കും... ഇത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും നമുക്ക് സാധിക്കണം... എങ്കിൽ നമുക്ക് വിജയമുണ്ടാകും...
  "ക്ഷമാലുക്കളായ ആളുകൾക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ നൽകുന്നതാണ്..." ക്ഷമിക്കുന്ന ആളുകൾക്കുള്ള വമ്പിച്ച പ്രതിഫലത്തെയാണ് ഈ ആയത്തിലൂടെ സൂചിപ്പിക്കുന്നത്.
  അത് കൊണ്ട് തന്നെ നമ്മെ ബാധിക്കുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുകയും ജീവിതമാകുന്ന പരീക്ഷയിൽ വിജയിക്കുകയും ചെയ്യാം...

  നാഥൻ അനുഗ്രഹിക്കട്ടെ...

Tuesday, May 7, 2019

ഓരോ ക്ഷണങ്ങളും സന്തോഷത്തോടെ സ്വീകരിക്കാം



റമളാൻ വസന്തം-2

അമീൻ തിരുത്തിയാട്


وإذا دعاك فأجبه
"നിന്നെ ക്ഷണിച്ചാൽ നീ അതിന് ഉത്തരം നൽകുക"
  ഇമാം മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്യുന്ന 2162 മത്തെ ഹദീസിൽ വിശ്വാസികൾ തമ്മിലുള്ള ബാദ്ധ്യതകളിൽ, കടമകളിൽ രണ്ടാമതായിക്കൊണ്ടു പഠിപ്പിക്കുന്നത് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക എന്നതാണ്.
  തന്റെ സഹോദരൻ തന്നെ ഒരു കാര്യത്തിലേക്ക് ക്ഷണിച്ചാൽ അവനതിന് കൃത്യമായ ഉത്തരം നൽകണം. അവന്റെ ക്ഷണം സ്വീകരിക്കണം. അവൻ ക്ഷണിച്ച കാര്യത്തിന് കൃത്യമായ കാരണമുണ്ടെങ്കിലല്ലാതെ മാറി നിൽക്കരുത്.അങ്ങനെ മാറി നിൽക്കുകയാണെങ്കിൽ അക്കാര്യം അവനെ അറിയിക്കണം. ഒരിക്കലും പിണങ്ങി മാറി നിൽക്കരുത്. അങ്ങനെ പിണങ്ങി നിൽക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല.

لا يحل لمسلم أن يهجر أخاه فوق ثلاث ليالٍ
"ഒരാൾക്ക് തന്റെ സഹോദരന്റെ മേൽ മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല " അങ്ങനെ ആരെങ്കിലും പിണങ്ങി നിൽക്കുകയും പരസ്പരം സലാം പറയുന്നതിന് മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയില്ല.
  പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും നമുക്ക് ജീവിക്കാം.. നാഥൻ അനുഗ്രഹിക്കട്ടെ...

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക  



Monday, May 6, 2019

പ്രാർത്ഥനയോടെ തുടങ്ങാം, ഓരോ കൂടിക്കാഴ്ച്ചയും


റമളാൻ വസന്തം-1

അമീൻ തിരുത്തിയാട്

إذا لقِيتَه فسلّم عليه
"നീ അവനെ ( നിന്റെ സഹോദരനെ) കണ്ടുമുട്ടിയാൽ അവന്റെ മേൽ സലാം പറയുക"
  വിശ്വാസികൾ പരസ്പരമുള്ള ബാദ്ധ്യതകൾ പഠിപ്പിച്ചപ്പോൾ പ്രവാചകൻ(സ്വ) ആദ്യമായി പഠിപ്പിച്ച ബാദ്ധ്യതയാണ്, കടമയാണ് കണ്ടുമുട്ടിയാൽ സലാം പറയുക എന്നുള്ളത് . സലാം പറയുന്നതിലൂടെ ഒരാൾ മറ്റൊരാൾക്ക് വേണ്ടി "നിന്റെ മേൽ അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ" എന്ന് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. മറ്റേതു മതങ്ങളിലും കാണുവാൻ സാധിക്കാത്ത ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ് ഇത്തരത്തിൽ തന്റെ സഹോദരനെ കണ്ടുമുട്ടുമ്പോൾ സലാം പറയുക, അഥവാ പ്രാർത്ഥിക്കുക എന്നുള്ളത്.
  ഇമാം അഹ്മദ് (റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് സലാം പറയുന്നതിന്റെ മര്യാദകളെ സംബന്ധിച്ച് കാണാൻ കഴിയും. അതിൽ അദ്ദേഹം എടുത്തു പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്.
 പ്രവാചകൻ(സ്വ) പറഞ്ഞു: "വാഹനത്തിൽ സഞ്ചരിക്കുന്നവൻ നടക്കുന്നവനോടും നടക്കുന്നവൻ നിൽക്കുന്നവനോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയട്ടെ " (أحمد- 8312)
  സലാം പറയുന്നതിന്റെ മര്യാദകൾ ഉൾകൊള്ളുകയും തന്റെ സഹോദരനെ കണ്ട്മുട്ടുമ്പോൾ അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് നമുക്ക് ജീവിക്കാം. നാഥൻ അനുഗ്രഹിക്കട്ടെ...

Saturday, May 4, 2019

പരിശുദ്ധ റമളാൻ നമ്മിലേക്ക് സമാഗതമാകുമ്പോൾ...


  ത്യാഗത്തിന്റെയും ദൈവബോധത്തിന്റെയും ഖുർആനികവതരണത്തിന്റെയും ഓർമകൾ അയവിറക്കി കൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമളാൻ മാസം കൂടി നമ്മിലേക്ക് കടന്നു വരികയാണ്.
اللهم بلّغنا رمضان
  ഈ സന്ദർഭത്തിൽ ഈ മാസത്തെ സ്വീകരിക്കുവാൻ നാം എപ്രകാരമാണ് തയ്യാറായത് എന്ന് നാം ചിന്തിച്ച് നോക്കേണ്ടതുണ്ട്. ഈ പരിശുദ്ധ മാസത്തിന് ആഴ്ചകൾ മുമ്പ് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാൻ ധൃതി കാണിച്ച നാം നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും വൃത്തിയാക്കിയിട്ടുണ്ടോ, ശുദ്ധമാക്കിയിട്ടുണ്ടോ എന്ന് നാം ആലോചിച്ച് നോക്കേണ്ടതുണ്ട്.
  മറ്റ് ആരാധനാ കർമ്മങ്ങളെ പോലെയല്ല റമളാനിലെ നോമ്പ് എന്നുള്ളത്. ഖുദ്സിയായ ഒരു ഹദീസിൽ നമുക്ക് കാണുവാൻ സാധിക്കും..
الصوم لي وأنا أجزي به والصيام جنة
" നോമ്പ് എനിക്കുള്ളതാണ്. (അല്ലാഹുവിനുള്ളതാണ്) ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പ് പരിജയാണ് "
  ഒരു പടയാളി തന്റെ നേരെ വരുന്ന ആക്രമണങ്ങളെ എപ്രകാരമാണോ പരിജ ഉപയോഗിച്ച് കൊണ്ട് തടുക്കുന്നത്, അത് പോലെ വിശ്വാസിയായ നോമ്പ്കാരനായ ഒരു വ്യക്തിക്ക് തന്നിലേക്കടുക്കുന്ന ദുഷിച്ച ചിന്തകളെയും തിന്മകളെയും തടുക്കുവാനുള്ള ഒരു പരിജയായിട്ടാണ് ഈ ഹദീസിലൂടെ നോമ്പ്നെ പരിചയപ്പെടുത്തുന്നത്.
  പ്രഭാതം മുതൽ പ്രദോശം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് വ്രതമനുഷ്ഠിക്കുന്നവർക്ക് നാഥൻ വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച പ്രതിഫലങ്ങളാണ്.
من صام رمضان إيمانا واحتسابا غفر له ما تقدّم من ذنبه
വിശ്വാസത്തോടെയും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതാണ് എന്ന് പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ വെറുതെ അന്നപാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല. "കളവു പറയലും മോശം പ്രവർത്തനങ്ങളും ഒഴിവാക്കാതെ വല്ലവനും പട്ടിണി കിടന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്...
  വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഈ മാസത്തിൽ ഖുർആനിനെ കൂടുതൽ പഠിക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്...
  ഇനിയുള്ള നാളുകളിലെങ്കിലും സ്വയം വിചാരണ ചെയ്യാനും പശ്ചാതപിക്കാനും ജീവിത വഴിയിൽ നന്മയുടെ വെള്ളി വെളിച്ചം പകർന്നു നൽകിയ ഖുർആനിനെ നെഞ്ചോട് ചേർക്കാനും നമുക്കൊരുങ്ങാം.
  പ്രവാചകൻ(സ്വ) പഠിപ്പിച്ച രീതിയിൽ കാണിച്ചു തന്ന രീതിയിൽ വ്രതമനുഷ്ഠിക്കാനും  അത് മൂലം വിജയികളായി തീരാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ
 അമീൻ തിരുത്തിയാട്

Wikipedia

Search results