എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, May 26, 2020

ആരാണ് പ്രവാസി... എന്താണ് പ്രവാസം...


  പ്രവാസി... ഇന്ന് എവിടെ പോയാലും പ്രവാസിയുടെ പേരിലുള്ള കുറ്റങ്ങളാണ്... പ്രവാസിയാണ് കൊറോണ കൊണ്ട് വന്നത്... അവരാണ് കൊറോണ പരത്തിയത്... ഈ അടുത്ത ദിവസം ഒരാൾ പറഞ്ഞത് കേട്ടു. "നാട്ടിലെ സമ്പാദ്യം മതിയാകാതെ കൂടുതൽ സമ്പാദിക്കാൻ പോയവരാണ് പ്രവാസികൾ" എന്ന്.
  പ്രവാസം എന്താണെന്ന് നാം തിരിച്ചറിയണം. സത്യത്തിൽ  അതാരും അറിഞ്ഞു കൊണ്ട് സ്വീകരിച്ചതല്ല. പലരും അറിയാതെ പ്രവാസികളായി പോയവരാണ്. പലരുടെയും ജീവിത സാഹചര്യങ്ങളാണ് അവരെ പ്രവാസികളാക്കി തീർത്തത്. തന്റെ സമ്പാദ്യം വർധിപ്പിക്കാനും കൂടുതൽ കിട്ടാനുമായി വിദേശത്തേക്ക് ചേക്കേറിയവൻ അല്ല പ്രവാസി. തന്റെ വീട്ടിൽ അടുപ്പ് പുകയാൻ, തന്റെ കുടുംബത്തേ സംരക്ഷിക്കാൻ, വേണ്ടി അദ്ധ്വാനിക്കാൻ പോയവനാണവൻ. ആയിരത്തിൽ ഒരുവന് പ്രവാസത്തിനു ശേഷം കൂടുതൽ സമ്പാദ്യം ലഭിച്ചുവെങ്കിൽ അത് ദൈവം അവന് നൽകിയ ഔദാര്യമാണ്, അനുഗ്രഹമാണ്.
  നാട്ടിൽ നടക്കുന്ന സകല വികസന പ്രവർത്തനങ്ങൾക്കും ക്ലബ്‌, സംഘടന, രാഷ്ട്രീയ, മത പരിപാടികൾക്കും ഏതെങ്കിലും ഒരു പ്രവാസിയുടെ കീശയിലെ പണം കിട്ടുകയും വേണം പ്രവാസിയേപറ്റി വാ തോരാതെ കുറ്റം പറയുകയും വേണം... ഇതാണ് ഇന്ന് നമ്മുടെ നാട്ടിലെ ചിലരുടെയെങ്കിലും അവസ്ഥ. കുറ്റം പറയാൻ നാക്കെടുത്ത് പുറത്തിടുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കണം "ഞാൻ കുറ്റം പറയുന്ന പ്രവാസിയുടെ അദ്ധ്വാനത്തിന്റെ ഫലം ഞാനും അനുവദിച്ചിട്ടുണ്ടല്ലോ എന്ന്". അതിന് അങ്ങനെ ചിന്തിക്കാൻ സമയമില്ലല്ലോ... ബുദ്ധിയുള്ളവന്റെ നാക്കല്ലേ തലയ്ക്കു പിന്നിൽ ഉണ്ടാകൂ... അവനല്ലേ ചിന്തിച്ച് സംസാരിക്കുകയുള്ളൂ...
  പ്രവാസികളെ കുറ്റം പറയുന്നവർ പ്രവാസ ലോകത്തേപറ്റി അല്പം പോലും മനസിലാക്കാത്തവരാണെന്ന് നമുക്ക് മനസിലാക്കാം.. അത് കൊണ്ടാണല്ലോ അവർ സ്വന്തത്തേ മറന്ന് സംസാരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ്, ആവുന്ന കാലത്ത് സർക്കാർ ജോലിക്കോ പി.എസ്.സിക്കോ വേണ്ടി പരിശ്രമിക്കാത്തവൻ സർക്കാർ ഉദ്യോഗസ്ഥരെ വിമർശിക്കാൻ വന്നത് പോലെയാണ് ഇവരുടെ അവസ്ഥയും.അവനവൻ രുചിച്ചതേ അവനവന് മനസിലാകൂ... ഇനിയെങ്കിലും തല മറന്ന് എണ്ണ തേയ്ക്കുന്ന ഈ പരിപാടി നിർത്താം... പ്രവാസികൾ നമുക്ക് അന്യരല്ല... അവർ നമ്മുടെ സ്വന്തമാണ്...

(ഞാൻ ഒരു പ്രവാസിയല്ല. പക്ഷെ പ്രവാസത്തെ അനുഭവിച്ചവർ എന്റെ സുഹൃത്തുക്കളിലും ബന്ധുക്കളിലുമുണ്ട്)

Saturday, May 23, 2020

ചെറിയ പെരുന്നാൾ...


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിർവൃതിയിൽ ആത്മ വിശുദ്ധി കൈമുതലാക്കിക്കൊണ്ട് വിശപ്പും ക്ഷീണവും സഹിച്ച ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളി പ്രഭ വിരിയിച്ചു.
  ചെറിയ പെരുന്നാൾ നമ്മിലേക്ക്‌ ആഗതമായി...
ഇത്തവണ ആഘോഷങ്ങളില്ല, ആശസകൾ മാത്രം...
ആലിംഗനങ്ങളില്ലാതെ കയ്യകലത്തിൽ നിന്ന് നമുക്ക് നേരാം പെരുന്നാളാശംസകൾ

_اللّٰه أكبر اللّٰه أكبر اللّٰه أكبر_
_لاإلٰه إلاّ اللّٰه، اللّٰه أكبر_
_اللّٰه أكبر وللّٰه الحمد..._

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
       🌙عيد مبــــــــــــــــــــارك🌙

تقبّل اللّٰه منّا ومنكم....


റമളാൻ വിട പറയുകയാണ്

റമളാൻ വസന്തം- 30

അമീൻ തിരുത്തിയാട്


  ചരിത്രമടയാളപ്പെടുത്തിയ ഒരു റമളാൻ. ആളൊഴിഞ്ഞ തെരുവുകളും, അടച്ചിട്ട ആരാധനാലയങ്ങളും. കച്ചവടമില്ലാത്ത കടകൾ, മുഖം മറക്കുന്നതിനെ വിമർശിച്ചവർ മുഖം മൂടി നടക്കുന്ന കാലം. ദൂരെ ദിക്കുകളിൽ കുടുങ്ങി പോയ ഉറ്റവരെക്കുറിച്ചാലോചിച്ച് വെമ്പൽ കൊള്ളുന്ന ഹൃദയങ്ങൾ.
  മനുഷ്യ ജീവനൊന്നാകെ ഭീഷണി മുഴക്കിയ മാറാരോഗത്തിനിടയിലും വിശ്വാസിക്ക് ആശ്വാസമായെത്തിയ വിശുദ്ധ മാസം പടിയിറങ്ങുകയായ്... ചരിത്രത്തിലൊരിടം നേടിക്കൊണ്ട്.
  വലിപ്പച്ചെറുപ്പമില്ലാതെ വീടകങ്ങൾ പള്ളികളായി, ഏകനാഥനിലേക്ക് കൈ ഉയർത്തി പ്രാർത്ഥനകൾ തുടങ്ങി. ലോകനാഥനിലേക്കടുക്കാൻ ശുപാർശകരുടെ ആവശ്യമില്ലെന്ന് മാനവകുലത്തിന് തിരിച്ചറിവായി.
  പവിത്ര മാസം വിടവാങ്ങുമ്പോൾ, മാറാൻ നാം ഒരുക്കമായോ???
  തന്നിലേക്ക് മടങ്ങിയ അടിമയെ പിന്നീടൊരിക്കലും തിരിച്ചയക്കാത്തവനാണ് റബ്ബ്. നിങ്ങളെന്നോട് ചോദിക്കൂ... ഞാൻ നിങ്ങൾക്ക് നൽകാം എന്നാണ് അവൻ മനുഷ്യനോട് പറയുന്നത്.
  ബാക്കിയായ ആയുഷ്കാലം തീരും മുമ്പ് നമുക്ക് ലോക നാഥനിലേക്കടുക്കാം... അതിനായ് പരസ്പരം സഹായിക്കാം.... ഖുർആനിനെ ജീവിതമാക്കാം...

Friday, May 22, 2020

നഷ്ടക്കാരാകുമോ നാം...

റമളാൻ വസന്തം- 29

അമീൻ തിരുത്തിയാട്


  ഒരു അതിഥി കഴിഞ്ഞ ഒരു മാസക്കാലമായി നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുണ്ട്.ഒരു മാസക്കാലത്തേക്ക് നമ്മിലേക്ക് കടന്ന് വന്ന ആ അതിഥി നമ്മിൽ നിന്നും വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ്. നമ്മിലേക്ക് കടന്ന് വന്ന റമളാൻ മാസത്തെ നാം എപ്രകാരം സൽകരിച്ചു....? ആ മാസത്തിൽ നാം എത്രമാത്രം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു...? ആ മാസം കൊണ്ട് നമുക്കെന്ത് മാറ്റമുണ്ടായി...? നാം സ്വയം വിചാരണ ചെയ്യേണ്ടതുണ്ട്, നമ്മളെ വിചാരണ ചെയ്യപ്പെടും മുമ്പ്.
  ഒരു വലിയ പർവ്വതം കണക്കെ സൽകർമ്മങ്ങളുമായി അല്ലാഹുവിന്റടുത്ത് ഉയിർത്തെഴുന്നേൽപിക്കപ്പെട്ടിട്ട് അവിടെ വെച്ച് അതെല്ലാം നിശ്ഫലമായി പോകുന്ന ഹതഭാഗ്യവാന്മാരായി നാം മാറിപ്പോവുമോ....?
  ഈ റമളാനിൽ നാം ധാരാളം സൽകർമ്മങ്ങൾ ചെയ്തിട്ടുണ്ടാവും. നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. അതെല്ലാം തന്നെ റമളാനിന് ശേഷവും അത് പോലെ നിലനിർത്താൻ നമുക്ക് സാധിക്കണം. അല്ലാതെ ഖുർആൻ ഒരു സ്ത്രീയെ ഉപമയാക്കിക്കൊണ്ട് പഠിപ്പിച്ച പോലെയാവരുത്. ഖുർആനിൽ നമുക്ക് കാണാൻ സാധിക്കും
وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا
"ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌" (16:92)
  അതായത് ധാരാളം സമയം ചെലവഴിച്ച് കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ച് കൊണ്ട് നൂലുണ്ടാക്കിയ, ഒരു കയറുണ്ടാക്കിയ ഒരു സ്ത്രീ, ആ കയർ അതിന്റെ പൂർണാവസ്ഥയിലായ ശേഷം അതിനെ പല ഭാഗങ്ങളാക്കി നശിപ്പിച്ച് കളഞ്ഞ് കൊണ്ട് തന്റെ അദ്ധ്വാനത്തെ നിശ്ഫലമാക്കിക്കളയുന്നത് പോലെ, ഒരു മാസം മുഴുവൻ പട്ടിണിയും മറ്റ് പ്രയാസങ്ങളും സഹിച്ച് കൊണ്ട് പ്രവർത്തിച്ച സൽകർമ്മങ്ങളെ, നേടിയെടുത്ത പുണ്യങ്ങളെ പ്രതിഫലങ്ങളെയെല്ലാം റമളാനിന് ശേഷമുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊണ്ട് നാം നശിപ്പിച്ച് കളയരുത്.
  നമ്മുടെ കർമ്മങ്ങളെ സംബന്ധിച്ച് നാം കൃത്യമായ ബോധമുള്ളവരായിരിക്കണം. ആ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കാൻ നാം പ്രാർത്ഥിക്കുകയും വേണം...
ربّنا تقبّل منّا .....

Thursday, May 21, 2020

റയ്യാനിലൂടെ പ്രവേശിക്കാനാകുമോ നമുക്ക്?

റമളാൻ വസന്തം- 28

അമീൻ തിരുത്തിയാട്


  അതിഥിയായി നമ്മിലേക്ക്‌ കടന്ന് വന്ന പരിശുദ്ധ റമളാൻ വിട പറയാൻ ഒരുങ്ങിക്കഴിഞ്ഞു.ഈ മാസത്തിൽ ജീവിച്ച് നോമ്പെടുത്തവർക്ക് വേണ്ടി ഒരുക്കപ്പെട്ട റയ്യാൻ എന്ന കവാടത്തിലൂടെ നമുക്ക് സ്വർഗത്തിന്റെ വിഹായസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ? നമ്മുടെ നമസ്കാരത്തെയും ഖുർആൻ പാരായണത്തെയും ദാനധർമ്മങ്ങളെയുമെല്ലാം പറ്റി നാം ഒരു ആത്മവിചാരണ നടത്തേണ്ടതുണ്ട്. നാളെ റബ്ബിന്റെ കോടതിയിൽ വെച്ച് നന്മ തിന്മകൾ തൂക്കി നോക്കുമ്പോൾ കുറഞ്ഞ നന്മകളുമായി നാം റബ്ബിന്റെ അടുത്ത് തല താഴ്ത്തി നിൽക്കേണ്ടി വരുമോ? റമളാനിൽ നാം പ്രവർത്തിച്ച നമ്മുടെ പ്രവർത്തനങ്ങളെ അവിടെ വെച്ച് നമുക്ക് കാണാൻ കഴിയാത്ത അവയെല്ലാം ബാത്വിലായി പോകുന്ന ഒരു അവസ്ഥ നമുക്ക് വരുമോ?
  നമ്മുടെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ അങ്ങനെയാണെങ്കിൽ നമുക്ക് എന്താണ് റബ്ബിന്റെ കോടതിയിൽ കൂട്ടിനുണ്ടാവുക? മാറണം, മാറി ചിന്തിക്കണം, നമ്മുടെ മുമ്പിൽ ഇനിയും അൽപം മണിക്കൂറുകളുണ്ട്. ഈ ദിവസങ്ങളിൽ പരമാവധി റബ്ബിലേക്കടുക്കാൻ നമുക്ക് സാധിക്കണം. അതിനായി പരിശ്രമിക്കുക, പ്രവർത്തിക്കുക, പ്രാർത്ഥിക്കുക....

Wednesday, May 20, 2020

വിട്ടുവീഴ്ച ശീലമാക്കാം...

റമളാൻ വസന്തം- 27

അമീൻ തിരുത്തിയാട്


  വിട്ട് വീഴ്ച എന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഒരു കർമ്മമാണ്. عفوّ എന്ന അറബി പദത്തിന്റെ അർത്ഥം പൂർണമായി പ്രതികരിക്കാൻ കഴിയുന്ന സന്ദർഭത്തിൽ വിട്ട് വീഴ്ച നൽകുക എന്നാണ്.
അതാണ് നാം അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത്.
اللهمّ إنّك عفو تحبّ العفو فاعف عنا....
  വിട്ട് വീഴ്ച്ച എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. കാരണം അതിന്റെ പ്രതിഫലം അത്രമേൽ മഹത്വരമാണ്. വിട്ട് വീഴ്ച ചെയ്യുന്നവന് അല്ലാഹു കണക്കില്ലാത്ത പ്രതിഫലം നൽകും.
  നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആളുകളുമായി നാം ഇടപഴകേണ്ടി വരും, പലരുമായി സംവദിക്കേണ്ടി വരും, കുടുംബക്കാരും സുഹൃത്തുക്കളും സഹപാഠികളുമടക്കം പലരിൽ നിന്നും നമുക്കിഷ്ടമില്ലാത്ത പലതും കേൾക്കേണ്ടി വരും, അനുഭവിക്കേണ്ടി വരും. അവിടെയെല്ലാം നാം വിട്ട് വീഴ്ച കാണിക്കണം, അങ്ങിനെയെങ്കിൽ പല അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നമുക്ക് ലഭിക്കും. അതായിരുന്നു പ്രവാചകർ(സ്വ)ക്കും ലഭിച്ചത്.
  ഹുദൈബിയാ സന്ധിയിൽ തന്റെ സ്വഹാബികളുടെ എതിർപ്പുകൾ വകവെക്കാതെ പ്രവാചകൻ(സ്വ) കാണിച്ച വിട്ട് വീഴ്ചയുടെ ഫലമായിട്ടാണ് അന്ന് 1500 ആളുകളുണ്ടായിരുന്ന സ്ഥാനത്ത് നാല് വർഷങ്ങൾക്ക് ശേഷം ഏകദേശം പതിനായിരത്തോളം ആളുകളായി വർദ്ധിച്ചത്. അതാണ് വിട്ടുവീഴ്ചയുടെ ശക്തി.
  മഹാനായ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) യും അബീദ്ദർദാഅ (റ)വുമൊക്കെ പറയുന്നതായിട്ട് നമുക്ക് കാണാം "നിങ്ങളുടെ ബുദ്ധിക്കും വാക്കിനും ശക്തിയും നിങ്ങൾക്ക് ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്കുള്ള മാറ്റവും വേണമെങ്കിൽ നിങ്ങൾ വിട്ട് വീഴ്ച ശീലമാക്കുക"
  നമുക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകിയ അല്ലാഹു നമുക്ക് വിട്ടുവീഴ്ച നൽകുമെങ്കിൽ നമുക്ക് ജനങ്ങളിൽ നിന്നുണ്ടായ പ്രയാസങ്ങളുടെ പേരിൽ അവർക്ക് വിട്ടുവീഴ്ച നൽകാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
  വിട്ടുവീഴ്ച എന്നത് ഒരിക്കലും ഒരാളിൽ നിന്നും ഒന്നും കുറക്കുകയില്ല. ഓരോരുത്തരുടെയും പദവി കൂട്ടുകയേയുള്ളൂ... അത് കൊണ്ട് തന്നെ നമുക്കിടയിൽ വിഭാഗീയത വേണ്ട, മറ്റ് പ്രശ്നങ്ങളൊന്നും വേണ്ട. നമ്മുടെ സുഹൃത്തുക്കളിൽ നിന്ന്, ബന്ധുക്കളിൽ നിന്ന് നമുക്ക് സംഭവിച്ച് പോയ പ്രയാസങ്ങളിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാം... വിട്ടുവീഴ്ച ജീവിതത്തിന്റെ ഭാഗമാക്കാം...

Tuesday, May 19, 2020

പരസഹായം ശീലമാക്കാം...

റമളാൻ വസന്തം- 26

അമീൻ തിരുത്തിയാട്


  നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നാം പോലും വിചാരിക്കാത്ത പലതും നടക്കാറുണ്ട്. ചിലയിടങ്ങളിൽ ചിലരെ സഹായിക്കാൻ നാമറിയാതെ പലരും വന്ന് പോകാറുണ്ട്.
  അതായിരുന്നു മുൻ കഴിഞ്ഞു പോയ സ്വഹാബികളിലും ഖലീഫമാരിലുംപെട്ട പലരും ചെയ്തിരുന്നത്. മറ്റുള്ളവർ അറിയാതെ പല രാത്രികളിലും ഉറക്കമൊഴിച്ച് തന്റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ ഇറങ്ങി തിരിച്ച ഭരണാധികാരികളാണ് നമുക്ക് മാതൃക.
  അങ്ങേയറ്റം പ്രയാസപ്പെട്ട് നിൽക്കുന്ന ഒരു സുഹൃത്തിന് നാം ചെയ്തു കൊടുക്കുന്ന ഒരു സഹായം അദ്ദേഹത്തിന് വലിയൊരാശ്വാസമാകും. നടന്നു ക്ഷീണിച്ചാൽ ഒരല്പം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുമ്പോൾ കിട്ടുന്ന ഒരു സുഖമില്ലേ... കനത്ത വെയിലിൽ നിന്നും മരത്തിന്റെ തണലിലേക്ക് മാറി നിൽക്കുമ്പോൾ ലഭിക്കുന്ന ആശ്വാസമില്ലേ... അത് പോലെയാണ് പല സഹായങ്ങളും.. അത് ശാരീരികമായാലും, സാമ്പത്തികമായാലും, മാനസികമായാലും...
  തളർന്നു പോകുമ്പോൾ നീ ഒറ്റക്കല്ല... കൂടെ ഞാനുണ്ട് എന്ന ഒറ്റ വാക്ക് മതി, ആശ്വാസമേകാൻ... ആരെങ്കിലും ഇഹലോകത്ത് തന്റെ സുഹൃത്തിന് ഒരു സഹായം ചെയ്‌താൽ അല്ലാഹു രണ്ടു ലോകത്തും അവന് സഹായം ചെയ്യുമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു. ഒരു വഴി കാണിച്ചു കൊടുക്കൽ, ഒരാശ്വാസ വാക്ക് പറയൽ, എല്ലാം നന്മകളാണെന്ന് തിരിച്ചറിയാം...
  ഈ പുണ്യ മാസത്തിന്റെ അവസാന ദിന രാത്രങ്ങളിലെ പ്രാർത്ഥനകളിൽ നമ്മുടെ സുഹൃത്തുക്കളെയും നമുക്കുൾപ്പെടുത്താം. സുഹൃത്തിന് വേണ്ടി അവന്‍റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരമുണ്ടെന്നാണല്ലോ തിരുദൂതർ നമ്മെ ഉണർത്തിയത്...

Monday, May 18, 2020

നന്ദി കാണിക്കാം...

റമളാൻ വസന്തം- 25

അമീൻ തിരുത്തിയാട്


  ഈ പ്രപഞ്ചത്തിലുള്ള സർവചരാചരങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. എത്രയെത്ര അനുഗ്രഹങ്ങളാണ് അല്ലാഹു നമുക്ക് ചെയ്തു തന്നിട്ടുള്ളത്? ആ അനുഗ്രഹങ്ങൾക്കെല്ലാം നാം നന്ദികാണിക്കാറുണ്ടോ?
  ഈ ഭൂമിയിലുള്ള സകല വസ്തുക്കളെയും അല്ലാഹു മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചത്. ആ വസ്തുക്കളെല്ലാം ഉപയോഗിക്കുന്ന നാം അതെല്ലാം നമുക്ക് വേണ്ടി സംവിധാനിച്ച് തന്ന റബ്ബിനെ ഓർക്കാറുണ്ടോ?
  അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അവന്റെ ശരീരം. ആയിരക്കണക്കിന് കിലോമീറ്റർ നീളം വരുന്ന നാഡീ-ഞരമ്പുകളും രക്തക്കുഴലുകളും കുടലുകളുമെല്ലാം എത്ര കൃത്യമായിട്ടാണ് അവൻ സംവിധാനിച്ചത്? അതെ മനുഷ്യനെ അവൻ ഏറ്റവും ഉത്തമമായ രീതിയിലാണ് സൃഷ്ടിച്ചത്. അവന്റെ സൃഷ്ടികളുടെ കൂട്ടത്തിൽ ഏറ്റവും അംഗീകാരവും മനുഷ്യന് നൽകി. മനുഷ്യനെ അവൻ ആദരിച്ചു. പഠിക്കുവാനും മനസ്സിലാക്കുവാനും ചിന്തിക്കുവാനും ബുദ്ധിയും വിവേകവും നൽകി. കാഴ്ചയും കേൾവിയും ഹൃദയവും നൽകി. ശ്വസിക്കുവാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും ഭക്ഷണവും നൽകി. അവൻ നൽകിയ ഓരോ അനുഗ്രഹത്തിനും അവയെപ്പറ്റി മനസിലാക്കിയിട്ട് നാം നന്ദികാണിക്കണം. അങ്ങനെ നാം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ചാൽ അവൻ നമുക്ക് വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ നൽകും.
  തീർച്ചയായും അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക.അനുഗ്രഹങ്ങളെപ്പറ്റിയെല്ലാം നാളെ നമ്മോട് ചോദ്യം ചെയ്യുന്നതാണ്. നന്ദിയുള്ള അടിമകളാവുക.

Wikipedia

Search results