എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Friday, May 8, 2020

പാപമോചനം ജീവിതത്തിന്റെ ഭാഗമാക്കുക...

റമളാൻ വസന്തം- 15

അമീൻ തിരുത്തിയാട്


  മഹാനായ ഇമാം ഹസനുൽ ബസ്വരി(റ)ന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും എന്നിട്ടു അവരവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ട്കളും വിവരിക്കുകയും ചെയ്തു. ചിലർ തങ്ങൾക്ക് സന്താന സൗഭാഗ്യം ലഭിക്കാത്തതിനും മറ്റു ചിലർ മഴ ലഭിക്കാത്തത് മൂലം തങ്ങളുടെ കൃഷി നശിക്കുന്നതും തുടങ്ങി ധാരാളം പരാതികൾ... ഇത്തരത്തിൽ പരാതി പറഞ്ഞവർക്കെല്ലാം ഹസനുൽ ബസ്വരി(റ) ഓരേ ഉത്തരമാണ് നൽകിയത്. "നിങ്ങൾ പാപമോചനം വർധിപ്പിക്കണം".
  സന്ദർശകരൊക്കെ പോയി കഴിഞ്ഞിട്ട് ഇദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഇദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ എന്ത് കൊണ്ടാണ് എല്ലാവർക്കും ഓരേ ഉത്തരം തന്നെ നൽകിയത്? ഇത് കേട്ട ഹസനുൽ ബസരി(റ)  വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹൂദ്ന്റെ 52ആം വചനം പാരായണം ചെയ്തു: അതിൽ നമുക്ക് കാണാം...
وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ

"എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌."
  പാപമോചനം തേടിയാൽ, റബ്ബിനോട് ഇസ്തിഗ്ഫാർ നടത്തിയാൽ അവൻ പൊറുത്തു തരാത്ത പാപങ്ങളില്ല.

إنّ اللّه يغفر الذنوب جميعا، إنّه هو الغفور الرحيم
അല്ലാഹു പാപങ്ങൾ എല്ലാം പൊറുക്കുന്നവനാണ്..
  മറ്റൊരു വചനത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
"നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌."
   അല്ലാഹു നമ്മൾ അവനെ വിളിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്...  അത് കൊണ്ട് നാഥനിലേക്ക് മടങ്ങുക. പാപമോചനം നടത്തുക.

Thursday, May 7, 2020

എന്റെ കടം തീർന്നു

റമളാൻ വസന്തം- 14

അമീൻ തിരുത്തിയാട്


  പ്രവാചക ചരിത്രത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ പ്രവാചകൻ(സ്വ) പള്ളിയിൽ വന്നപ്പോൾ അബൂ ഉമാമ അൽ ബാഹിലി(റ) നേ പള്ളിയിൽ കാണുന്നുണ്ട്. പള്ളിയിൽ അധികമാരും ഇല്ലാത്ത സമയത്ത് അദ്ദേഹത്തെ അവിടെ കണ്ട പ്രവാചകൻ ചോദിച്ചു: എന്താ അബൂ ഉമാമ ഈ നേരത്ത്...?
പ്രവാചക ചോദ്യത്തിന് മറുപടിയായിക്കൊണ്ട് അദ്ദേഹം പറഞ്ഞു:"പ്രവാചകരെ, കുറച്ച് കട ബാധ്യതകളുണ്ട്" വളരെ സങ്കടത്തോടെയായിരുന്നു അദ്ദേഹം അത് പറഞ്ഞത്.
മറുപടി കേട്ടപ്പോൾ പ്രവാചകൻ(സ്വ) അബൂ ഉമാമക്ക് ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു.
اللّٰهم إني أعوذ بك من الهمِّ والحزن، والعجز والكسل، والبخل والجبن، وضلع الدَّيْن وغلبة الرِّجال
"അല്ലാഹുവേ, ദുഃഖം, വിഷാദം, ദുർബലത, അലസത, പിശുക്ക്, ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകൾക്ക് വിധേയമാകൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നിൽ അഭയം തേടുന്നു."
പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രവാചകരെ കണ്ടപ്പോൾ അബൂ ഉമാമ(റ) അദ്ദേഹത്തോട് പറഞ്ഞു: "എന്റെ കട ഭാരം തീർന്നു പ്രവാചകരെ..."
  നമ്മുടെ ജീവിതത്തിലും ഇത് പോലുള്ള വല്ല പ്രയാസങ്ങളോ ബുദ്ധിമുട്ട്കളോ വരുമ്പോൾ തുടർന്നു ജീവിക്കാൻ പ്രയാസമനുഭവിക്കാറുണ്ട്. നാളെയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് പലരും ജീവിതം നെയ്തു കൂട്ടുന്നത്. ഭാവിയും ഭൂതവും കൂടി പ്രയാസപ്പെടുത്തുമ്പോൾ ഇന്ന് എന്ന വർത്തമാന കാലത്തെ ജീവിതമാണ് നഷ്ടമാകുന്നത്.
  ആരും തനിച്ചാകരുതെന്ന് അല്ലാഹു പറയുന്നുണ്ട്. ബാധ്യതകൾ നിറവേറ്റി നാഥനിലേക്കടുത്താൽ നാഥൻ നമ്മിലേക്കും അടുക്കും.
فَاذْكُرُونِي أَذْكُرْكُمْ
"ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌" ഇതാണ് നാഥൻ നമ്മോട് ആവശ്യപ്പെടുന്നത്.
  നാഥനെ ഓർക്കുക...  അവനിലേക്കടുക്കുക...

Wednesday, May 6, 2020

തൗബ ചെയ്ത് മടങ്ങാം

റമളാൻ വസന്തം- 13

അമീൻ തിരുത്തിയാട്


  മനുഷ്യരായ നാമോരോരുത്തരും പാപികളാണ്. നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ ആണ് പരിശുദ്ധമായ ഒരു മാസം നമ്മിലേക്ക്‌ കടന്നു വന്നത്. എന്നിട്ടും നമുക്ക് നമ്മുടെ പാപങ്ങൾ മായ്ച്ചു കളഞ്ഞു നല്ല മനുഷ്യരാവാൻ സാധിച്ചില്ല എങ്കിൽ നാം പരാജയപ്പെട്ടവരാകും.  ഒരു റമളാൻ വന്നു കിട്ടിയിട്ട് അത് മൂലം തന്റെ പാപങ്ങൾ മായ്ച്ചു കളഞ്ഞു പാപമോചനം നേടാൻ സാധിക്കാത്തവൻ അകന്നു പോകട്ടെ എന്ന് ജിബ്‌രീൽ (അ) പ്രാർത്ഥിച്ചതും പ്രവാചകൻ (സ്വ) അതിനു ആമീൻ പറഞ്ഞതും നമുക്കറിയാം.. അത് കൊണ്ട് ഈ റമളാൻ കൊണ്ടെങ്കിലും നമ്മുടെ ജീവിതത്തെ പാപങ്ങളിൽ നിന്നും അകറ്റി നിർത്താൻ നമുക്ക് കഴിയണം.
إنّ الله يحب التوابين ويحب المتطهرين
തീർച്ചയായും അല്ലാഹു തൗബ ചെയ്യുന്നവരെ, തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞ് റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരെ ധാരാളമായി ഇഷ്ടപ്പെടുന്നു...
  സ്വഹാബികൾ എല്ലാം കൂടി തന്നെ ഒരു കുഴിയിൽ ഇറക്കി നിർത്തി കല്ലെറിഞ്ഞു കൊല്ലുമെന്ന് അറിഞ്ഞിട്ടും طهّرني يا رسول الله എന്ന് പറഞ്ഞു കൊണ്ട് പ്രവാചകന്റെ അടുത്തേക്ക് കടന്നു വന്ന സ്വഹാബിയെ നമുക്കറിയാം... ആ സ്വഹാബികളെയെല്ലാം തൗബ ചെയ്യാൻ പ്രേരിപ്പിച്ചത് അവർക്ക് അല്ലാഹുവിലുള്ള ഭയമായിരുന്നു... അത് കൊണ്ട് അവരെ പോലെ തൗബ ചെയ്യുന്നവരായി നാം മാറേണ്ടതുണ്ട്. അതിന് നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

Tuesday, May 5, 2020

വിശപ്പിന്റെ കാഠിന്യം

റമളാൻ വസന്തം- 12

അമീൻ തിരുത്തിയാട്


  രണ്ട് ദിവസം മുൻപ് ഒരു ന്യൂസ്‌ ചാനലിൽ നിന്നും ഒരു വാർത്ത വായിക്കാൻ ഇടയായി. ഒറ്റ നോട്ടത്തിൽ തന്നെ ആ വാർത്ത കണ്ടപ്പോൾ മഹാനായ ഖലീഫ ഉമർ(റ)നെയാണ് ഓർമ വന്നത്.
  വിശക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്ന കുഞ്ഞു മക്കളുടെയും അടുപ്പിൽ കല്ല് വെച്ച് പുഴുങ്ങി അവരെ സമാധാനിപ്പിക്കുന്ന ഒരു കെനിയൻ അമ്മയുടെയും വാർത്തയായിരുന്നു അത്.
  ഉമർ(റ) ന്റെ ഭരണ കാലത്ത് രാത്രിയിൽ അദ്ദേഹം പ്രജകളുടെ വിവരങ്ങൾ അറിയാൻ വേണ്ടി ഇറങ്ങി നടന്നതും ഒരു വീട്ടിൽ ഒരു ഉമ്മ തന്റെ വിശന്നു കരയുന്ന മക്കളെ സമാധാനിപ്പിക്കാൻ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നു. ശേഷം ഈ വീട്ടിലേക്ക് ആവശ്യമായ ഭക്ഷണം ഖലീഫ എത്തിച്ച് കൊടുക്കുന്നുണ്ട്.
  1000 ൽ അധികം വർഷങ്ങൾക്ക് മുൻപാണ് ഉമർ(റ) ന്റെ കാലത്തെ സംഭവം നടന്നത് എങ്കിൽ കെനിയയിലെ സംഭവം നടക്കുന്നത് ഈ വർഷമാണ്.
  നമ്മളെല്ലാം നല്ല നിലയിൽ ഭക്ഷണം കഴിക്കുന്നവരാകാം. പക്ഷെ നമ്മിൽ പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ കുറ്റവും കുറവും പറയുന്നവരാകാം. ഉണ്ടാക്കിയ ഭക്ഷണം ബാക്കിയായാൽ അത് കുഴിച്ചു മൂടുന്നവരാകാം. അങ്ങനെ ചെയ്യുന്നവരാണ് നമ്മളെങ്കിൽ ഈ മക്കളെ കുറിച്ചു നമ്മളൊന്നു ആലോചിക്കണം.
  അയൽവാസി വിശന്നിരിക്കുമ്പോൾ വയർ നിറച്ചു ഭക്ഷിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്നാണ് പ്രവാചക വചനം. ഉണ്ടാക്കിയ കറിയിൽ അല്പം വെള്ളം ചേർത്തിട്ടെങ്കിലും അയൽവാസിക്ക് കൊടുക്കണം എന്നാണ് അവിടുത്തെ അധ്യാപനം.
  അത് കൊണ്ട് ഉള്ളതിന് നന്ദി കാണിക്കുക. അയൽവാസിയുടെ ക്ഷേമമന്വേഷിക്കുക.

Monday, May 4, 2020

അസൂയയും തീയും

റമളാൻ വസന്തം- 11

അമീൻ തിരുത്തിയാട്


  നാമെല്ലാവരും ചെറുപ്പം മുതലേ കേൾക്കുന്നതാണ് ആമയും മുയലും പന്തയം വെച്ച കഥ.
  ആ കഥയിൽ ഞാൻ വലിയ ഓട്ടക്കാരനാണ് എന്ന് സ്വയം പെരുമ നടിച്ച മുയൽ പാവം ആമയെ ധാരാളമായി പരിഹസിക്കുന്നുണ്ട്. ഇങ്ങനെ അഹങ്കാരം കാണിച്ചു നടക്കുന്ന മുയൽ മത്സരത്തിനിടയിൽ ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങിപോകുന്നുണ്ട്. അങ്ങനെ ആ മത്സരത്തിൽ ആമ വിജയിച്ചു. മുയലിന്റെ അഹങ്കാരമാണ് ഇവിടെ മുയലിനെ തോല്പിച്ചത്.
  ഇതുപോലെയാണ് ഇന്ന് നമ്മുടെ ഇടയിൽ പലയാളുകളും. അല്പം പണം കൂടുമ്പോഴേക്കും പദവി ഉയരുമ്പോഴേക്കും ഞാൻ... ഞാൻ എന്ന രീതിയിലേക്ക് ഇന്ന് ആളുകൾ മാറി കൊണ്ടിരിക്കുകയാണ്.
"പരസ്പരം പെരുമ നടിക്കൽ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു" എന്ന് ഖുർആൻ നമ്മെ ഉണർത്തുന്നുണ്ട്.
  അസൂയപോലെ തന്നെയാണ് അഹങ്കാരവും.
إياكم والحسد، فإن الحسد يأكل الحسنات كما تأكل النار الحطب
"നിങ്ങൾ അസൂയയെ സൂക്ഷിക്കുക. കാരണമെന്തെന്നാൽ തീ വിറകിനെ തിന്നു നശിപ്പിക്കുന്നത് പോലെ അസൂയ സൽകർമങ്ങളെ തിന്നു നശിപ്പിക്കുന്നതാണ്"
  അത്കൊണ്ട് ജീവിതത്തിൽ ഒരാളോടും അസൂയയില്ലാതെ അഹങ്കാരം കാണിക്കാതെ ജീവിക്കുക.

Saturday, May 2, 2020

ആദ്യ പത്ത് വിടപറയുമ്പോൾ...

റമളാൻ വസന്തം- 10

അമീൻ തിരുത്തിയാട്


  പരിശുദ്ധ റമളാൻ മാസത്തിലെ ആദ്യ പത്ത് നമ്മിൽ നിന്നും വിടപറയുകയാണ്. ഈ സന്ദർഭത്തിൽ നമ്മിലൂടെ കടന്നു പോയ ദിനരാത്രങ്ങളെ നമുക്ക് എത്രമാത്രം ഉപയോഗപ്പെടുത്താൻ സാധിച്ചു എന്ന് നാം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കേണ്ടതുണ്ട്. പലർക്കും ആദ്യ പത്തിലെ ദിനരാത്രങ്ങൾ അശ്രദ്ധമൂലം നഷ്ടപ്പെട്ടു. ശേഷിക്കുന്ന ദിവസങ്ങളും അങ്ങനെ ആവരുത്.
  സമയത്തെ നാം ഒരിക്കലും അനാവശ്യമായി കളയരുത്. ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. ഇത് പോലെ ഒരു റമളാൻ ഇനിയും നമ്മിലേക്ക്‌ കടന്നു വന്നില്ല എന്ന് വരാം. അത് കൊണ്ട് കിട്ടിയ അവസരം പരമാവധി ഉപയോഗപെടുത്തുക.
  സമയത്തെ പാഴാക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ദിവസവും എത്ര യെത്രെ മിനിറ്റുകളാണ് നാം നഷ്ടപ്പെടുത്തി കളയുന്നത്. ആ സമയങ്ങളിൽ ഒന്നും തന്നെ നാം നമ്മുടെ രക്ഷിതാവിനെ ഓർക്കുന്നില്ല.. നാഥന് നന്ദി കാണിക്കുന്നില്ല. ഒരിക്കലും തന്നെ നഷ്ട്ടപ്പെടുത്തി കളയുന്ന സമയങ്ങൾ നമ്മിലേക്ക്‌ തിരിച്ചു ലഭിക്കില്ല.. മാത്രമല്ല നാഥനുമായി അടുക്കാൻ ഉള്ള ഓരോ നിമിഷങ്ങളേയുമാണ് നാം നഷ്ടപ്പെടുത്തുന്നതും. പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദുനിയാവിൽ ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിതരാവുന്ന 2 അനുഗ്രഹങ്ങളെ പറ്റിയിട്ട്.
نعمتان معبونٌ فيهما كثير من الناس، الصّحة والفراغ
"ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിതരാകുന്ന 2 അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും"
  അത് കൊണ്ട് നമ്മുടെ ഒഴിവു സമയങ്ങൾ മൂലം നാം പരാജിതരാവരുത്.. മിക്കവരും നിസാരമാക്കിക്കൊണ്ട് തള്ളി കളഞ്ഞ നിമിഷങ്ങളെ ഫലപ്രഥമായി ഉപയോഗപ്പെടുത്തിയാണ് വിജയികൾ അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയത് എന്ന് നാം മറക്കാതിരിക്കുക. സമയം വിലപ്പെട്ടതാണ്. അതിനെ നഷ്ടപ്പെടുത്താതിരിക്കുക.
  നാഥൻ അനുഗ്രഹിക്കട്ടെ...

ഒരുമയാണ് ഉത്തമം

റമളാൻ വസന്തം- 9

അമീൻ തിരുത്തിയാട്


  നമുക്കെല്ലാം പരിചയമുള്ള ഒരു വസ്തുവാണ് ഈർക്കിൾ. ഒരു ഈർക്കിൾ എടുത്തു നമ്മൾ ഒടിച്ചു നോക്കിയാൽ അത് പെട്ടെന്ന് ഒടിഞ്ഞു പോകും. എന്നാൽ ഒരു കൂട്ടം ഈർക്കിൾ എടുത്തു ഒരുമിച്ച് ചേർത്ത് അവ കൂട്ടിക്കെട്ടി ഒരു ചൂല് പോലെയാക്കിയ ശേഷം ഒടിക്കാൻ ശ്രമിച്ചാൽ അത് ഒടിയുകയില്ല.
  ഇത് പോലെ തന്നെയാണ് എല്ലാ കാര്യവും. ഒറ്റക്ക് ഒറ്റക്ക് നിന്നാൽ അവയെ തകർക്കാൻ പെട്ടെന്ന് കഴിയും. എന്നാൽ ഒരുമിച്ച് കൂട്ടത്തോടെ നിന്നാൽ അവയെ തകർക്കാൻ പ്രയാസമാകും. "ഐക്യമത്യം മഹാബലം" എന്ന് പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ.
  ഇന്ന് നമ്മുടെ നാടുകളിലെ അവസ്ഥയും ഇത് പോലെ തന്നെയാണ്. തന്റെ സ്വാർത്ഥ താല്പര്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി തന്റെ സഹോദരനെ ഒറ്റ തിരിഞ്ഞു നിന്ന് ആക്രമിക്കുന്നവരാണ് നമ്മിൽ പലരും. ഇതേ അവസ്ഥ നമുക്ക് തിരിച്ചു വരുമ്പോൾ നമ്മൾ ഒറ്റക്കാണ്, നമ്മളെ പെട്ടെന്ന് തകർക്കാൻ മറ്റുള്ളവർക്ക് കഴിയും എന്ന് നാം ഒരിക്കലും തന്നെ മറക്കരുത്.
  അത് കൊണ്ട് ഐക്യമാണ് നമുക്ക് വേണ്ടത്. തന്റെ സഹോദരനെ ചേർത്ത് നിർത്തിക്കൊണ്ട് ഒരുമിച്ച് കെട്ടിയ ഈർക്കിളുകൾ പോലെ ഒരു മനസ്സായി ശക്തമായി നില കൊള്ളുക. ഐക്യത്തോടെ... സ്നേഹത്തോടെ... ഒരുമയോടെ...

Friday, May 1, 2020

മനസ്സും നമസ്കാരവും

റമളാൻ വസന്തം- 8

അമീൻ തിരുത്തിയാട്


  കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിൽ ശക്തമായൊരു മഴ പെയ്തു. കോരി ചൊരിഞ്ഞു പെയ്ത മഴയിൽ അന്തരീക്ഷമൊന്നാകെ ഒന്ന് തണുത്തു. ആ ഒരൊറ്റ മഴ കൊണ്ട് ചൂടും കുറഞ്ഞു. കുത്തിയൊലിച്ചു വന്ന മഴ വെള്ളത്തിൽ തോടുകളിൽ കെട്ടികിടന്നിരുന്ന മാലിന്യങ്ങൾ ഒഴുകി പോവുകയും ചെയ്തു.
  ഇത് പോലെ തന്നെയാണ് നമ്മുടെ അവസ്ഥയും. ദേഷ്യപ്പെട്ടു നിൽക്കുന്ന സമയത്ത് നമ്മെ ശാന്തമാക്കാൻ സ്നേഹമാകുന്ന ഒരു പുഞ്ചിരിയോ ഒരു വർത്തമാനമോ മതി. തോട്ടിൽ നിന്നും മാലിന്യങ്ങൾ ഒഴുകി പോയത് പോലെയാണ് അഞ്ചു നേരവും നമസ്കരിക്കുന്ന ഒരാളുടെ അവസ്ഥ. അയാളുടെ മനസ്സിൽ ഒരു തരം മാലിന്യവും അവശേഷിക്കുകയില്ല. ഇത് തന്നെയാണ് പ്രവാചകൻ പഠിപ്പിക്കുന്നത്:
  "അഞ്ചു നേരം കുളിക്കുന്ന ഒരാളുടെ ശരീരത്തിൽ മാലിന്യങ്ങളൊന്നും അവശേഷിക്കാത്തത് പോലെ അഞ്ചു നേരം നമസ്കരിക്കുന്ന ഒരാളുടെ മനസ്സിൽ മാലിന്യങ്ങളൊന്നും തന്നെ ബാക്കിയാവുകയില്ല. അയാളുടെ മനസ്സ് ശുദ്ധമാവുകയും ചെയ്യും".

Wikipedia

Search results