എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, March 31, 2020

പ്രിയ മഹിത ടീച്ചറോട്...

പ്രിയ മഹിത ടീച്ചർക്ക്...
    തിരുത്തിയാടിന്റെ അക്ഷര ഗോപുരമായ ജി.എം.എൽ.പി സ്കൂളിൽ നിന്നും തന്റെ സേവന കാലഘട്ടത്തിലെ മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെള്ളി വെളിച്ചം സമ്മാനിച്ച പ്രിയ അധ്യാപിക...
  രണ്ട് തലമുറയെ ഒരേ ബെഞ്ചിൽ ഇരുത്തി പഠിപ്പിക്കാൻ ഭാഗ്യം ലഭിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് നിങ്ങൾ എന്നത് ഏറെ സന്തോഷം പകരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചർ. അന്ന് നിങ്ങൾ പറഞ്ഞു തന്ന ഓരോ കഥകളും ഇന്ന് ഒരു അദ്ധ്യാപകനായിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
  ഒരിക്കൽ നിങ്ങൾ നൽകിയ ഒരു ഹോം വർക്ക്‌ വീട്ടിൽ നിന്നും ചെയ്തു വരാതെ ക്ലാസിൽ വെച്ച് മറ്റൊരാളുടെ പുസ്തകത്തിൽ നോക്കി എഴുതിയതും അന്ന് നിങ്ങൾ എന്നെ തന്ത്രപരമായി പൊക്കിയതും ഇന്ന് ഓർമയിലേക്ക് വരുന്നു. അന്ന് എല്ലാവരോടും ഇരുന്ന് എഴുതാൻ പറഞ്ഞപ്പോൾ എന്നെ മാത്രം ടീച്ചറുടെ അടുത്ത് വിളിച്ച് അവിടെ നിർത്തി കൊണ്ട് എഴുതിച്ചതും ടീച്ചർക്ക് എന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്ന് നിങ്ങൾ പരിസരപഠനം പാഠ പുസ്തകത്തിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗത്തിലെ വാഴ നടുന്നത് എങ്ങനെ എന്ന പ്രവർത്തനം ആയിരുന്നു ഹോം വർക്ക്‌ ആയി തന്നത് എന്ന് ഇന്നും ഓർക്കുന്നുണ്ട്. അതെ വർഷം അതേ പാഠ പുസ്തകത്തിലെ "മണ്ണിരയുടെ സങ്കടം" എന്ന അധ്യായം നിങ്ങൾ പഠിപ്പിച്ച അന്ന് തന്നെ ഇനി മുതൽ മണ്ണിരയെ മീൻ പിടിക്കാനുള്ള ചൂണ്ടലിൽ ഇരയായി കോർക്കില്ല എന്ന് ഞാനും പ്രിയ കൂട്ടുകാരൻ സുഹൈദും തീരുമാനിച്ചതും ഇന്നലേ കഴിഞ്ഞു എന്നത് പോലെ ഇന്നും കണ്മുൻപിൽ കടന്നു വരികയാണ്.
  ഇന്നും വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ ഓർത്തെടുക്കുന്ന എന്റെ സ്കൂൾ ജീവിതത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ഞാൻ പഠിച്ച ആ കൊച്ചു വിദ്യാലയത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അദ്ധ്യാപിക തന്നെയായിരുന്നു നിങ്ങൾ. അന്ന് അതായത് 2008-2009 വർഷത്തിൽ നിങ്ങളിൽ നിന്ന് ലഭിച്ച ഒരു പ്രേരണയായിരിക്കാം ഇന്ന് എന്നെ ഇത്തരത്തിൽ നല്ല ഒരു നിലയിലേക്ക് എത്തിച്ചത്.
  ഞങ്ങൾ തിരുത്തിയാട്ടുകാർക്ക് മഹിത ടീച്ചർ എന്നാൽ ഒരു വികാരം തന്നെയാണ്. നിങ്ങൾ ഇല്ലാത്ത ഈ വിദ്യാലയം എന്നത് തിരുത്തിയാട്ടുകാർക്ക് ആലോചിക്കാൻ തന്നെ പ്രയാസം നൽകുന്ന കാര്യമാണ്. എങ്കിലും കാലത്തിന്റെ തീരുമാനങ്ങൾ നടപ്പാകാനുള്ളതാണല്ലോ...
  അവസാനമായി ഒരു വാക്യം കൂടി...
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ജീവിത
പ്രതീക്ഷകളവസാനിപ്പിച്ച്
വീട്ടുമുറ്റത്തെ കസേരയിൽ
ഒതുങ്ങിക്കൂടാനുള്ളതല്ല
റിട്ടയർമെന്റ്, അടുത്ത ബാധ്യതാ നിർവഹണത്തിലേക്കുള്ള
ചവിട്ടുപടിയാണത്,
വിശ്രമം എന്നത് നമുക്ക് പറഞ്ഞതല്ല..
വിശ്രമം മരണത്തിനു ശേഷം മാത്രം,,,
ശാന്ത സുന്ദരമായൊരു അനൗദ്യോഗിക ജീവിതം ആശംസിക്കുന്നു....
സ്നേഹപൂർവ്വം...
പ്രാർത്ഥനകളോടെ...
നിങ്ങളുടെ പ്രിയ വിദ്യാർത്ഥി...
അമീൻ ഇഹ്‌സാൻ.കെ.സി.
S/O: K.C Latheef Master
Mobile: 9207791863

______________________________________________


സ്നേഹപൂർവ്വം മഹിത ടീച്ചർക്ക്,

KC കുടുംബത്തിലെ നിങ്ങളുടെ വിദ്യാർത്ഥികൾ ഒരുമിച്ച് എഴുതുന്നു.

 പ്രിയ ടീച്ചർ, ഞങ്ങളെ മുഴുവൻ ഒരു വിദ്യാലയത്തിലെ ഒരേ ബെഞ്ചിൽ വ്യത്യസ്ത കാലങ്ങളിൽ ഇരുത്തി അറിവിന്റെ ആദ്യാക്ഷരം ഞങ്ങൾക്ക് പകർന്നു തന്ന പ്രിയ മഹിത ടീച്ചറോട്.
  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപകരിൽ ഞങ്ങൾ വിനയത്തോടെ ഓർക്കുന്നത് ഞങ്ങളുടെ പ്രൈമറി അധ്യാപകരെയാണ്. ഞങ്ങളോടൊപ്പം ആടിയും പാടിയും ഞങ്ങളുടെ രക്ഷിതാക്കളെക്കാളേറെ ഞങ്ങളുടെ മനസുകളിൽ നിങ്ങൾ സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടം ഞങ്ങളിലൂടെ കഴിഞ്ഞ് പോയി. ഒരദ്ധ്യാപകൻ രണ്ട് പിരീഡ് തുടർച്ചയായി ക്ലാസിൽ വന്നാൽ അലോസരമാകുന്ന ഉയർന്ന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ഞങ്ങളുടെ ഇഷ്ടം നേടിയെടുത്ത് ഞങ്ങളോടൊപ്പം കഴിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് മാതൃ തുല്യമായിരുന്നു. ഇന്ന് പഠിച്ച് വലുതായി ഞങ്ങളിൽ ചിലർ നിങ്ങളെപ്പോലെ അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പറഞ്ഞു തന്ന കൊച്ചു കഥകളും കവിതകളും ഞങ്ങൾക്കേറെ പ്രയോജനപരമായിട്ടുണ്ട്.
  പണ്ടത്തെ "കിങ്ങിണി" പുസ്തകത്തിലെ കഥകൾ സ്വന്തം ശൈലിയിലേക്ക് മാറ്റി നിങ്ങൾ വിശദമാക്കി തന്നത് ഇന്നും കാതുകളിൽ അലയടിക്കുന്നു.
നിങ്ങൾ ഈ വിദ്യാലയത്തിൽ ആദ്യമായി പഠിപ്പിച്ച ക്ലാസിലും അവസാനം പഠിപ്പിച്ച ക്ലാസിലും ഞങ്ങളുടെ കൂട്ടത്തിലെ ഒരു പിതാവും പുത്രനും ഉണ്ടായി എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഒരു വിദ്യാർത്ഥിനിയായിരുന്ന ഞങ്ങളിൽ ഒരാൾ ഇന്ന് നിങ്ങളുടെ സഹ പ്രവർത്തകയാണെന്നതും ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു.
  കഴിഞ്ഞ 30 വർഷത്തിനിടയിൽ നാട്ടിൽ പല വികസനവും കടന്ന് വന്നപ്പോഴും താങ്കൾ കാണിച്ച ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചാലിയാറിന് കുറുകെ തോണിയിൽ സ്കൂളിലേക്കുള്ള നിങ്ങളുടെ യാത്ര.
  താങ്കൾ പകർന്ന് തന്ന അറിവുകൾ കാലമേറെ കഴിഞ്ഞാലും പലരിലൂടെയും നിലനിൽക്കും. വിശ്രമജീവിതം സമൂഹത്തിന് വേണ്ടി വിനിയോഗിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട് നിർത്തട്ടെ...
  ഒരേ നാട്ടിലെ രണ്ട് തലമുറകളെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ സ്വന്തം മഹിത ടീച്ചറെ എന്നും ഞങ്ങൾ നന്ദിയോടെ ഓർക്കും.

സ്നേഹപൂർവ്വം താങ്കളുടെ പ്രിയ വിദ്യാർത്ഥികളായ
അബ്ദുൽ സലീം KC (അദ്ധ്യാപകൻ),
സുൽഫത്ത് KC (അധ്യാപിക. GMLPS തിരുത്തിയാട്), ഹസീന KC (അധ്യാപിക), മുർഷിദ് KC (അധ്യാപകൻ), ബിഷ്‌നീൻ ഹുദ KC (റിസർച്ച് സ്കോളർ), അമീൻ ഇഹ്‌സാൻ KC (അധ്യാപകൻ), അലീഫ് ഇഹ്‌സാൻ KC (വിദ്യാർത്ഥി), ജസ KC (വിദ്യാർത്ഥി), സയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്), അയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്)

Sunday, March 29, 2020

ലോക് ഡൗൺ കാലത്ത് നാം തിരിച്ചറിയേണ്ടത്

  ഇന്ന് ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. എങ്ങും നിശബ്ദത. ആയിരക്കണക്കിനു വാഹനങ്ങൾ ചീറി പാത്തിരുന്ന റോഡുകളിൽ ഇന്ന് ആംബുലൻസുകളുടെ നിലവിളി ശബ്ദം മാത്രം. ഘോരശബ്ദം മുഴക്കി ഇരമ്പിക്കൊണ്ട് വിമാനങ്ങൾ കടന്നു പോയിരുന്ന ആകാശപാതകൾ ഇന്ന് ശാന്തമാണ്. കടലിലെ കപ്പൽച്ചാലുകളിൽ കപ്പലുകളില്ല. സ്റ്റോക്ക് മാർക്കറ്റുകളും ഓഹരി വിപണിയും കൂപ്പുകുത്തി. അതെ, ലോകം മുഴുവൻ സ്തംഭിച്ചിരിക്കുന്നു. ഭൂമി മുഴുവൻ ആവശ്യത്തിനും അനാവശ്യത്തിനും ഓടി നടന്ന മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു.
  വലിയ വലിയ സാമ്രാജ്യത്തിന്റെ മേലാളന്മാർ, അവയുടെ ഉടമസ്ഥരെന്ന് സ്വയം അഹങ്കരിച്ച് നടന്നവർ, ഞാനാണ് വലിയവനെന്ന് പറഞ്ഞ് ലോകത്തെ വെല്ല് വിളിച്ചവർ, രാജാധിപത്യം തലക്ക് പിടിച്ചവർ, കോർപറേറ്റ് മുതലാളിമാർ.... എല്ലാവരും ഇന്ന് വീട്ട് തടങ്കലിൽ.
  കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് പതിനായിരങ്ങൾ മരിച്ച് വീഴുന്നു.
  കേടായ ഉപഗ്രഹത്തെ നശിപ്പിക്കാനായി ബഹിരാകാശത്തേക്ക് മിസൈൽ അയച്ച, മഴ പെയ്യിക്കാനായി കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിച്ച, ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്ത് ഒന്നാമതെത്തിയ.... എല്ലാ മേഖലയിലും മുൻപന്തിയിലെത്തി ലോക രാഷ്ട്രങ്ങൾ, അവരെല്ലാം തന്നെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത കേവലം ഒരു വൈറസിന് മുന്നിൽ അടിപതറി പോയി.
  അതാണ് ലോകത്തിന്റെ ഭരണാധികാരി മനുഷ്യനെ പഠിപ്പിച്ചത്:
"മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്" (ഖുർആൻ- 4:28)
  പതിനായിരങ്ങൾ മരിച്ച് വീണെന്ന് പറഞ്ഞ് കൊണ്ട് ഇന്ന് ലോകം കരയുകയാണ്. എന്നാൽ നിഷ്കളങ്കരായ പിഞ്ചു ഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ മരിച്ച് വീണത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ് ഫലസ്തീനിലും ഗാസയിലും പൊലിഞ്ഞത്. ആയിരങ്ങളെയാണ് മ്യാൻമറിൽ കൊന്ന് കുഴിച്ച് മൂടിയത്.
  എന്നാൽ എല്ലാം കണ്ട് കൊണ്ട് ലോകത്തിന്റെ ഭരണാധികാരി അവന്റെ സ്ഥാനത്ത് തന്നെയുണ്ടെന്ന് നാം മറന്നു പോകരുത്.
"ഞാനെല്ലാം എന്റെ അല്ലാഹുവിനോട് പറഞ്ഞ് കൊടുക്കുമെന്ന്" ഒരു സിറിയൻ ബാലിക പറഞ്ഞത് നിങ്ങൾക്കോർമയില്ലേ???
  മനുഷ്യൻ എന്തൊക്കെ നേട്ടങ്ങൾ കരസ്ഥമാക്കിയാലും ലോക നാഥന്റെ ചില തീരുമാനങ്ങൾക്ക് മുൻപിൽ അവൻ അശക്തനാണ്, നിസ്സഹായനാണ്.
  മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ധാരാളം കൂട്ടക്കുരുതികൾ നടന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിൽ അനാവശ്യമായി ഏറ്റുമുട്ടി ധാരാളം നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർന്നു. അന്ന് ഇതിനെയൊന്നും ആരും തടഞ്ഞില്ല.
  ഒരു സംസ്ഥാനത്തെയൊന്നാകെ ഒരു ഭരണാധികാരി പൂർണമായും തടവിലാക്കി. ഇരുനൂറിൽ അധികം ദിവസങ്ങളായി അവർ തടവിലാണ്. ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
  എന്നാൽ ഇന്ന് ലോകം മുഴുവൻ സ്വയം തടങ്കലിലേക്ക് മാറിയിരിക്കുന്നു. വലിയ വലിയ രാജാക്കന്മാർ, കോർപറേറ്റ് ഭീമന്മാർ, മുതലാളിമാർ എല്ലാവരും സ്വയം തടങ്കലിലാണ്. ആരും പുറത്തിറങ്ങുന്നില്ല. അവർക്കും ഭയം തോന്നി തുടങ്ങിയിരിക്കുന്നു.
  വിവിധ കൂട്ടക്കുരുതികൾക്ക് സഹായം നൽകിയിരുന്ന കോർപറേറ്റുകളോടും ഭരണാധികാരികളോടുമെല്ലാം ലോകത്തിന്റെ ഭരണാധികാരി പകരം ചോദിക്കുകയാണ്.
  ഇതെല്ലാം ഞങ്ങളുടെ നാഥന്റെ കളിയാണെന്ന് പറഞ്ഞ് അഹങ്കരിച്ച് നടക്കാൻ മുസ്ലിങ്ങൾക്കും അവകാശമില്ല.
  ഗൾഫ് പണത്തിന്റെ പേരും പെരുമയും പറഞ്ഞ് അവരതിൽ ആർമാദിച്ചു. പല തരത്തിലും തങ്ങളുടെ അതിർ വരമ്പുകളും ചട്ടക്കൂടുകളും അവർ ലംഘിച്ചു. അതോടെ ലോകത്തിന്റെ ഭരണാധികാരി ഗൾഫ് രാജ്യങ്ങളെയും നിശ്ചലമാക്കി.
  വിവാഹങ്ങളിൽ അമിതമായ ആർഭാഢങ്ങൾ കടന്നു വന്നു. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ, അല്ല, ആഴ്ചകൾ നീണ്ടു നിൽക്കുന്ന വിവാഹങ്ങളുണ്ടായി. അതോടെ നിങ്ങളുടെ വിവാഹങ്ങൾ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു. നമസ്കരിക്കാൻ ആളില്ലാതെ അനാവശ്യമായി പളളികൾ മോഡി കൂട്ടി. അതോടെ നിങ്ങളുടെ പള്ളികൾ അടച്ചിടാനും ആ ലോക ഭരണാധികാരി തീരുമാനിച്ചു. പള്ളികളും അടച്ചിടേണ്ടി വന്നു.
 
  ഇനിയെങ്കിലും ആഢംഭരമില്ലാതെ, ധൂർത്തില്ലാതെ കഴിഞ്ഞുകൂടുക. മർദ്ദിതരോട് നല്ല നിലയിൽ വർത്തിക്കുക. മർദ്ദിതന്റെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുന്നതാണെന്ന് മറക്കാതിരിക്കുക.


നമ്മൾ അതി ജീവിക്കും...
നമുക്ക് പൊരുതാം ഒറ്റക്കെട്ടായ്...
അത്യാർത്തിയും അസൂയയുമില്ലാതെ...

break_the_chain
#covid19


Sunday, March 15, 2020

പ്രിയ ഫിറോസ് സാഹിബിനോട്,


  മുസ്ലീം യൂത്ത് ലീഗ് കഴിഞ്ഞ 40 ദിവസമായി നടത്തി വന്ന കോഴിക്കോട്ടെ ശഹീൻ ബാഗിൽ താങ്കൾ നടത്തിയ അവസാനത്തെ പ്രസംഗം, തീർച്ചയായും ഏതൊരു ലീഗ് കാരനും വളരെയധികം ആവേശം നൽകുന്നതായിരുന്നു. വെറും ലീഗ്കാരെക്കാൾ കൂടുതലായിക്കൊണ്ട് താങ്കളുടെ സംസാരത്തിൽ കൂടുതൽ ആവേശം കൊണ്ടത് മറ്റു പലരുമാണോയെന്നൊരു സംശയമുണ്ട്.
  അന്ന് നിങ്ങളുടെ സംസാരം അൽപം കടുത്തു പോയി ഫിറോസ് സാഹിബ്. ഞാനുമൊരു ലീഗ്കാരനാണ്. താങ്കൾ പ്രതിനിധാനം ചെയ്യുന്ന അതേ പാർട്ടിയുടെ പ്രവർത്തകൻ. അങ്ങ് ഞാനേറെ ഇഷ്ടപ്പെടുന്ന നേതാവും. എങ്കിലും താങ്കൾ പറഞ്ഞ ആ ഏലസിന്റെ കഥ, അത് ഉൾക്കൊള്ളാൻ തീർച്ചയായും എനിക്ക് പ്രയാസമുണ്ട്. എനിക്കെന്നല്ല, നിങ്ങൾ ആ പ്രസംഗത്തിൽ പുരോഗമനവാദികൾ, പുത്തൻ വാദികൾ എന്ന് പറഞ്ഞ ആ ലിബറൽ ചിന്താഗതിയുള്ളവർക്കെല്ലാം അതുൾക്കൊള്ളാൻ പ്രയാസമുണ്ട്. കാരണം താങ്കൾ അനുകൂലിച്ചു പറഞ്ഞ ആ ഏലസിന്റെ സംഭവം, അത് വ്യക്തമായ ശിർക്കാണ്.
  നിങ്ങൾ പറഞ്ഞല്ലോ നമ്മൾ വിശ്വാസികളാണെന്ന്. നിങ്ങൾ വിശ്വസിക്കുന്ന അതെ മതത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ പറഞ്ഞ ഏലസ്സ്, അത് മതത്തിലില്ലാത്തതാണ്.
  നമ്മുടെ മതത്തിന്റെ പ്രവാചകൻ, ഞാനും നിങ്ങളും സ്നേഹിക്കുന്ന മുഹമ്മദ്‌ നബി(സ്വ), അദ്ദേഹം ഒരാൾക്കും ഏലസ്സ് കെട്ടി കൊടുത്തിട്ടില്ല ഫിറോസ് സാഹിബ്‌, പിന്നെ എങ്ങനെ ഏലസ്സ് നമുക്ക് അനുവദനീയമാകും??? ഏലസ്സ് കെട്ടാൻ പറ്റുമെങ്കിൽ അത് ആദ്യം കെട്ടിക്കൊടുക്കുക ആ പ്രവാചകനായിരുന്നില്ലേ...
  പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ആ പ്രവാചകൻ ഏകനായ അല്ലാഹുവിനെയായിരുന്നു വിളിച്ചു പ്രാർത്ഥിച്ചത്. അങ്ങനെ ചെയ്യാനാണ് തന്റെ അനുചരന്മാരെ പഠിപ്പിച്ചത്. അല്ലാതെ ഏലസ്സ് കെട്ടാനോ തങ്ങന്മാരെ സന്ദർശിക്കാനോ ആയിരുന്നില്ല.
  തന്നെ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തിയ മക്കയിലെ അവിശ്വാസികൾക്കെതിരായി ബദ്ർ എന്ന സ്ഥലത്തു വെച്ച് വളരെ ചെറിയ ഒരു സംഘം മുസ്ലിങ്ങളെയും കൂട്ടി യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ ശത്രു സൈന്യത്തെ കണ്ടു പേടിച്ച പ്രവാചകൻ ഏതെങ്കിലും ബിംബങ്ങളെയല്ല വിളിച്ചു പ്രാർത്ഥിച്ചത്. മറിച്ച് ഏകനായ അല്ലാഹുവിനോടായിരുന്നു.
اللهم إن تهلك هذه العصابة.....
എന്ന് ആ പ്രവാചകൻ അല്ലാഹുവിനെ വിളിച്ചായിരുന്നു പ്രാർത്ഥിച്ചത്.
  ജീവിതത്തിൽ ഒരിക്കൽ പോലും കളവു പറയാത്ത, തെറ്റ് ചെയ്യാത്ത, കറ കളഞ്ഞ ജീവിതത്തിനുടമയായ ആ പ്രവാചകൻ നമ്മെ പഠിപ്പിക്കാത്തത് എങ്ങനെയാണ് നമുക്ക് പിന്തുടരാനാവുക?
  മാത്രവുമല്ല, ആ പ്രവാചകൻ പഠിപ്പിച്ചത്
من غلّق تميمة فقد أشرك
എന്നാണ്. അഥവാ "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്ന്. ശിർക്ക് അല്ലെ ഏറ്റവും വലിയ പാപം. അത് ചെയ്തവൻ പിന്നെ വിശ്വാസിയാവുമോ???
  നിങ്ങൾ പറഞ്ഞത് ശരിയാണ് ഫിറോസ് സാഹിബ്‌. ഇന്ന് ഈ പാർട്ടിക്ക് നേതൃത്വം നൽകുന്നത് തങ്ങന്മാരാണ്. പക്ഷെ ഞങ്ങളാരും തന്നെ തങ്ങന്മാരെ കണ്ടിട്ടല്ല ഈ പാർട്ടിയെ സ്നേഹിച്ചത്. അവരെ കണ്ടിട്ടല്ല ഈ നക്ഷത്രാങ്കിത ഹരിത പതാക നെഞ്ചോട് ചേർത്തത്. മറിച്ച് ഇന്ത്യൻ മുസൽമാന് തണലേകാൻ കഴിയുന്ന ഒരു പ്രസ്ഥാനമാണ് ലീഗ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
  ഇന്ന് ഞാനടക്കമുള്ള ഒരുപാടാളുകൾ ഈ മലയാളക്കരയിൽ അറബി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ പാർട്ടിയുടെ പ്രവർത്തന ഫലമാണെന്നറിയാം. "ഉണ്ട ചോറിനു നന്ദിയില്ലാത്തവരാവുകയല്ല" മറിച്ച് യാഥാർഥ്യം മനസിലാക്കി തരികയാണ്.
  ചരിത്രം നമ്മൾ മനസ്സിലാക്കണം, മുസ്ലിം ലീഗിന്റെ ചരിത്രം എന്താണെന്ന് നമ്മൾ കൃത്യമായി മനസിലാക്കണം.
  ഈ മലയാളക്കരയിൽ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. ആ തിരൂരങ്ങാടി ശാഖാ മുസ്ലീം ലീഗിന്റെ ശാഖാ പ്രസിഡന്റ് കെ.എം മൗലവി എന്ന മുജാഹിദ് നേതാവുമായിരുന്നു. അതിന്റെ സെക്രട്ടറി കെ.ഉമർ മൗലവിയായിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാമത്തെ ശാഖ തലശ്ശേരിയിൽ വന്നപ്പോൾ അതിന് നേതൃത്വം നൽകിയിരുന്നത് ഐക്യ സംഘത്തിന്റെ പ്രവർത്തകരായിരുന്ന സത്താർ സേഠ് സാഹിബും ഉപ്പി സാഹിബുമായിരുന്നു. മരിക്കുന്നത് വരെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ബഹുമാന്യനായ കെ.എം.മൗലവി. ഇവരൊക്കെ ഫിറോസ് സാഹിബ്‌ പറഞ്ഞ ലിബറൽ ചിന്താഗതിയുള്ളവരായിരുന്നു... ആ പുത്തൻ വാദികളായിരുന്നു.
 ഇന്ന് ചിലയാളുകൾ ലീഗിന്റ ചരിത്രം പറയുമ്പോൾ പാണക്കാട് വരെ എത്തി, അവിടെ നിർത്തുന്നതായി നമുക്ക് കാണാൻ കഴിയും.
 പറയണം നിങ്ങൾ... എവിടെയാണ് മുജാഹിദുകൾ ഇടപെടാത്തതെന്ന്. നിങ്ങൾക്ക് വേണമെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായ കെ.എം. മൗലവിയോട് ശത്രുത കാണിക്കാം... അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ കൊണ്ടോട്ടി പള്ളി മൈതാനത്ത് ഖിലാഫത്ത് വളണ്ടിയർമാരുടെ തോളിൽ കൈയിട്ട് കൊണ്ട് പ്രസംഗിച്ച കെ.എം. മൗലവിയോട് നിങ്ങൾ ശത്രുത കാണിക്കരുത്.
 അത് കൊണ്ട് ഫിറോസ് സാഹിബ് അടക്കമുള്ള ഞങ്ങളുടെ നേതാക്കന്മാർ ചരിത്രം വായിക്കണം. വസ്തു നിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണം.

നാഥൻ അനുഗ്രഹിക്കട്ടെ🤲

✒️ അമീൻ തിരുത്തിയാട്

Wikipedia

Search results