എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, March 31, 2020

പ്രിയ മഹിത ടീച്ചറോട്...

പ്രിയ മഹിത ടീച്ചർക്ക്...
    തിരുത്തിയാടിന്റെ അക്ഷര ഗോപുരമായ ജി.എം.എൽ.പി സ്കൂളിൽ നിന്നും തന്റെ സേവന കാലഘട്ടത്തിലെ മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെള്ളി വെളിച്ചം സമ്മാനിച്ച പ്രിയ അധ്യാപിക...
  രണ്ട് തലമുറയെ ഒരേ ബെഞ്ചിൽ ഇരുത്തി പഠിപ്പിക്കാൻ ഭാഗ്യം ലഭിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് നിങ്ങൾ എന്നത് ഏറെ സന്തോഷം പകരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ ക്ലാസ്സ്‌ ടീച്ചർ. അന്ന് നിങ്ങൾ പറഞ്ഞു തന്ന ഓരോ കഥകളും ഇന്ന് ഒരു അദ്ധ്യാപകനായിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
  ഒരിക്കൽ നിങ്ങൾ നൽകിയ ഒരു ഹോം വർക്ക്‌ വീട്ടിൽ നിന്നും ചെയ്തു വരാതെ ക്ലാസിൽ വെച്ച് മറ്റൊരാളുടെ പുസ്തകത്തിൽ നോക്കി എഴുതിയതും അന്ന് നിങ്ങൾ എന്നെ തന്ത്രപരമായി പൊക്കിയതും ഇന്ന് ഓർമയിലേക്ക് വരുന്നു. അന്ന് എല്ലാവരോടും ഇരുന്ന് എഴുതാൻ പറഞ്ഞപ്പോൾ എന്നെ മാത്രം ടീച്ചറുടെ അടുത്ത് വിളിച്ച് അവിടെ നിർത്തി കൊണ്ട് എഴുതിച്ചതും ടീച്ചർക്ക് എന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്ന് നിങ്ങൾ പരിസരപഠനം പാഠ പുസ്തകത്തിലെ കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗത്തിലെ വാഴ നടുന്നത് എങ്ങനെ എന്ന പ്രവർത്തനം ആയിരുന്നു ഹോം വർക്ക്‌ ആയി തന്നത് എന്ന് ഇന്നും ഓർക്കുന്നുണ്ട്. അതെ വർഷം അതേ പാഠ പുസ്തകത്തിലെ "മണ്ണിരയുടെ സങ്കടം" എന്ന അധ്യായം നിങ്ങൾ പഠിപ്പിച്ച അന്ന് തന്നെ ഇനി മുതൽ മണ്ണിരയെ മീൻ പിടിക്കാനുള്ള ചൂണ്ടലിൽ ഇരയായി കോർക്കില്ല എന്ന് ഞാനും പ്രിയ കൂട്ടുകാരൻ സുഹൈദും തീരുമാനിച്ചതും ഇന്നലേ കഴിഞ്ഞു എന്നത് പോലെ ഇന്നും കണ്മുൻപിൽ കടന്നു വരികയാണ്.
  ഇന്നും വിദ്യാർത്ഥികൾക്ക് മുമ്പിൽ നിൽക്കുമ്പോൾ ഓർത്തെടുക്കുന്ന എന്റെ സ്കൂൾ ജീവിതത്തിൽ നിങ്ങൾക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. ഞാൻ പഠിച്ച ആ കൊച്ചു വിദ്യാലയത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അദ്ധ്യാപിക തന്നെയായിരുന്നു നിങ്ങൾ. അന്ന് അതായത് 2008-2009 വർഷത്തിൽ നിങ്ങളിൽ നിന്ന് ലഭിച്ച ഒരു പ്രേരണയായിരിക്കാം ഇന്ന് എന്നെ ഇത്തരത്തിൽ നല്ല ഒരു നിലയിലേക്ക് എത്തിച്ചത്.
  ഞങ്ങൾ തിരുത്തിയാട്ടുകാർക്ക് മഹിത ടീച്ചർ എന്നാൽ ഒരു വികാരം തന്നെയാണ്. നിങ്ങൾ ഇല്ലാത്ത ഈ വിദ്യാലയം എന്നത് തിരുത്തിയാട്ടുകാർക്ക് ആലോചിക്കാൻ തന്നെ പ്രയാസം നൽകുന്ന കാര്യമാണ്. എങ്കിലും കാലത്തിന്റെ തീരുമാനങ്ങൾ നടപ്പാകാനുള്ളതാണല്ലോ...
  അവസാനമായി ഒരു വാക്യം കൂടി...
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ജീവിത
പ്രതീക്ഷകളവസാനിപ്പിച്ച്
വീട്ടുമുറ്റത്തെ കസേരയിൽ
ഒതുങ്ങിക്കൂടാനുള്ളതല്ല
റിട്ടയർമെന്റ്, അടുത്ത ബാധ്യതാ നിർവഹണത്തിലേക്കുള്ള
ചവിട്ടുപടിയാണത്,
വിശ്രമം എന്നത് നമുക്ക് പറഞ്ഞതല്ല..
വിശ്രമം മരണത്തിനു ശേഷം മാത്രം,,,
ശാന്ത സുന്ദരമായൊരു അനൗദ്യോഗിക ജീവിതം ആശംസിക്കുന്നു....
സ്നേഹപൂർവ്വം...
പ്രാർത്ഥനകളോടെ...
നിങ്ങളുടെ പ്രിയ വിദ്യാർത്ഥി...
അമീൻ ഇഹ്‌സാൻ.കെ.സി.
S/O: K.C Latheef Master
Mobile: 9207791863

______________________________________________


സ്നേഹപൂർവ്വം മഹിത ടീച്ചർക്ക്,

KC കുടുംബത്തിലെ നിങ്ങളുടെ വിദ്യാർത്ഥികൾ ഒരുമിച്ച് എഴുതുന്നു.

 പ്രിയ ടീച്ചർ, ഞങ്ങളെ മുഴുവൻ ഒരു വിദ്യാലയത്തിലെ ഒരേ ബെഞ്ചിൽ വ്യത്യസ്ത കാലങ്ങളിൽ ഇരുത്തി അറിവിന്റെ ആദ്യാക്ഷരം ഞങ്ങൾക്ക് പകർന്നു തന്ന പ്രിയ മഹിത ടീച്ചറോട്.
  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപകരിൽ ഞങ്ങൾ വിനയത്തോടെ ഓർക്കുന്നത് ഞങ്ങളുടെ പ്രൈമറി അധ്യാപകരെയാണ്. ഞങ്ങളോടൊപ്പം ആടിയും പാടിയും ഞങ്ങളുടെ രക്ഷിതാക്കളെക്കാളേറെ ഞങ്ങളുടെ മനസുകളിൽ നിങ്ങൾ സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടം ഞങ്ങളിലൂടെ കഴിഞ്ഞ് പോയി. ഒരദ്ധ്യാപകൻ രണ്ട് പിരീഡ് തുടർച്ചയായി ക്ലാസിൽ വന്നാൽ അലോസരമാകുന്ന ഉയർന്ന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ഞങ്ങളുടെ ഇഷ്ടം നേടിയെടുത്ത് ഞങ്ങളോടൊപ്പം കഴിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് മാതൃ തുല്യമായിരുന്നു. ഇന്ന് പഠിച്ച് വലുതായി ഞങ്ങളിൽ ചിലർ നിങ്ങളെപ്പോലെ അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പറഞ്ഞു തന്ന കൊച്ചു കഥകളും കവിതകളും ഞങ്ങൾക്കേറെ പ്രയോജനപരമായിട്ടുണ്ട്.
  പണ്ടത്തെ "കിങ്ങിണി" പുസ്തകത്തിലെ കഥകൾ സ്വന്തം ശൈലിയിലേക്ക് മാറ്റി നിങ്ങൾ വിശദമാക്കി തന്നത് ഇന്നും കാതുകളിൽ അലയടിക്കുന്നു.
നിങ്ങൾ ഈ വിദ്യാലയത്തിൽ ആദ്യമായി പഠിപ്പിച്ച ക്ലാസിലും അവസാനം പഠിപ്പിച്ച ക്ലാസിലും ഞങ്ങളുടെ കൂട്ടത്തിലെ ഒരു പിതാവും പുത്രനും ഉണ്ടായി എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഒരു വിദ്യാർത്ഥിനിയായിരുന്ന ഞങ്ങളിൽ ഒരാൾ ഇന്ന് നിങ്ങളുടെ സഹ പ്രവർത്തകയാണെന്നതും ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു.
  കഴിഞ്ഞ 30 വർഷത്തിനിടയിൽ നാട്ടിൽ പല വികസനവും കടന്ന് വന്നപ്പോഴും താങ്കൾ കാണിച്ച ലാളിത്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചാലിയാറിന് കുറുകെ തോണിയിൽ സ്കൂളിലേക്കുള്ള നിങ്ങളുടെ യാത്ര.
  താങ്കൾ പകർന്ന് തന്ന അറിവുകൾ കാലമേറെ കഴിഞ്ഞാലും പലരിലൂടെയും നിലനിൽക്കും. വിശ്രമജീവിതം സമൂഹത്തിന് വേണ്ടി വിനിയോഗിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട് നിർത്തട്ടെ...
  ഒരേ നാട്ടിലെ രണ്ട് തലമുറകളെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ സ്വന്തം മഹിത ടീച്ചറെ എന്നും ഞങ്ങൾ നന്ദിയോടെ ഓർക്കും.

സ്നേഹപൂർവ്വം താങ്കളുടെ പ്രിയ വിദ്യാർത്ഥികളായ
അബ്ദുൽ സലീം KC (അദ്ധ്യാപകൻ),
സുൽഫത്ത് KC (അധ്യാപിക. GMLPS തിരുത്തിയാട്), ഹസീന KC (അധ്യാപിക), മുർഷിദ് KC (അധ്യാപകൻ), ബിഷ്‌നീൻ ഹുദ KC (റിസർച്ച് സ്കോളർ), അമീൻ ഇഹ്‌സാൻ KC (അധ്യാപകൻ), അലീഫ് ഇഹ്‌സാൻ KC (വിദ്യാർത്ഥി), ജസ KC (വിദ്യാർത്ഥി), സയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്), അയാൻ KC (രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി- GMLPS തിരുത്തിയാട്)

No comments:

Wikipedia

Search results