എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, April 19, 2022

ജൂലായ്‌ 30, ഭാഷാ സമരത്തിന്റെ 42 വർഷം...


  1980 ലെ റമളാൻ 17 (ജൂലൈ 30) നായിരുന്നു മലപ്പുറത്ത് വെച്ച് ഭാഷാ സമരം നടക്കുന്നത്. ലോകത്ത് തന്നെ ഒരു ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ സമരം... ഭാഷ സംരക്ഷണത്തിനായി 3 യുവാക്കൾ രക്തസാക്ഷികളാകേണ്ടി വന്ന സമരം.

  1980 ലെ നായനാർ സർക്കാർ ഭാഷാ പഠനത്തിനായ് കൊണ്ട് വന്ന പുതിയ നിയമം ഫലത്തിൽ അറബി, ഉറുദു, സംസ്‌കൃതം ഭാഷകളെ ബാധിക്കുന്നതായിരുന്നു. അക്കമഡേഷൻ, ക്വാളിഫിക്കേഷൻ, ഡിക്ലറേഷൻ എന്നുള്ളതായിരുന്നു ആ നിയമം. അറബി ഭാഷ എങ്ങനെ കേരളത്തിൽ പഠിപ്പിക്കാതിരിക്കാം എന്ന് പരീക്ഷിക്കുകയായിരുന്നു ഇത് കൊണ്ടുദ്ദേശം. നിയമം ഇറക്കിയത് മുതൽ തന്നെ കേരളത്തിലെ അറബി അധ്യാപക കൂട്ടായ്മയായ കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) പ്രതിഷേധ സമരങ്ങളുമായി മുന്നിൽ നിന്നു. ജൂലൈ 4 ന് സെക്രട്ടറിയേറ്റ് മാർച്ച്‌ പ്രഖ്യാപിച്ചു. മാർച്ചിനായ് അണിനിരന്ന അറബി ഭാഷാ അധ്യാപകരോടായി ഉദ്ഘാടകൻ സി. എച്ച് മുഹമ്മദ്‌ കോയ സാഹിബ് പ്രഖ്യാപിച്ചു. "നിങ്ങള്‍ സ്‌കൂളുകളിലേക്ക് മടങ്ങി പോകുക ഈ സമരം ഇതാ സമുദായം ഏറ്റെടുത്തിരിക്കുന്നു..." അധ്യാപകർ സ്കൂളികളിലേക്ക് മടങ്ങി. സമരം സമുദായത്തിന്റെ ആധികാരികമായ പ്രസ്ഥാനം മുസ്‌ലിം ലീഗ് ഏറ്റെടുത്തു. യൂത്ത് ലീഗിനായിരുന്നു സമരത്തിന്റെ ചുമതല നൽകിയത്.

  1980 ജൂലൈ 30 ന്ന് സംസ്ഥാനത്തേ എല്ലാ കളക്ടറേറ്റ്കളും പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. സമാധാനപരമായി നടന്ന മലപ്പുറം കളക്ടറേറ്റ് പിക്കറ്റിങ്ങിൽ സമരക്കാർക്ക് നേരെ നായനാരുടെ പോലിസ് വെടിയുതിർത്തു. യൂത്ത് ലീഗിന്റെ മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്ന മൂന്ന് ചെറുപ്പക്കാർ ശഹീദായി. വാർത്തയറിഞ്ഞ് നവോഥാന കേരളം സ്തംഭിച്ചു. ഉടൻ തന്നെ സി. എച്ചിന്റെ ഭാഗത്ത്‌ നിന്ന് അടുത്ത സമര പ്രഖ്യാപനമുണ്ടായി "സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും, ഒരു ലക്ഷം പേരുമായി സെക്രട്ടേറിയേറ്റ് വളയും"

  മുഖ്യമന്ത്രി ഇ. കെ നായനാർക്ക് വീണ്ടു വിചാരമുണ്ടായി. വിദ്യാഭാസ മന്ത്രി ബേബി ജോണുമായി ചർച്ച ചെയ്തു പുതിയ നിയമം പിൻവലിക്കാൻ സർക്കാർ ബാധ്യസ്ഥരായി. സർക്കാർ മുട്ട് മടക്കി...

ഇന്നും അറബി ഭാഷാ പഠനത്തിനെതിരെ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് വ്യത്യസ്തങ്ങളായ ഭീഷണികളാണ് മുഴങ്ങി കൊണ്ടിരിക്കുന്നത്. പ്ലസ്ടു ക്ലാസുകളിൽ 10 കുട്ടികളുണ്ടെങ്കിൽ അറബി പഠിപ്പിക്കാം എന്നത് 10 ൽ നിന്നും 25 ആക്കി ഉയർത്തിയത് ഉൾപ്പെടെ ഒരുപാട് നിയമങ്ങൾ അറബി ഭാഷാ പഠനം പ്രതിസന്ധിയിലാക്കാൻ സർക്കാർ കൊണ്ട് വരുന്നു.. ഇവിടങ്ങളിലെല്ലാം അതിജീവിക്കാൻ ഭാഷാധ്യാപകർക്ക് സാധിക്കേണ്ടതുണ്ട്.... ഇനിയുമൊരു മജീദ് റഹ്‌മാൻ കുഞ്ഞിപ്പമാർ ആവർത്തിക്കപ്പെടാതെ പുനർ വിചിന്തനം നടത്താൻ ഭരണകൂടത്തിനാകട്ടെ....



Sunday, March 21, 2021

അന്യമതസ്ഥന്റെ ആരാധ്യന്മാരെ വിളിച്ച് തേടലാണോ മതേതരത്വം...?

അന്തസ്സെന്ന പേരിൽ ഇന്ന് പലരും ചെയ്തുകൊണ്ടിരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത് പ്രസാദം സ്വീകരിച്ചതായാലും മറ്റെന്തെങ്കിലും അർപ്പിച്ചതായാലും...

  തെരഞ്ഞെടുപ്പിൽ ജയിക്കാനായി മതേതരത്വത്തിന്റെ പേര് പറഞ്ഞ് അന്യമതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലും ആരാധ്യന്മാരിലും ഭരമേൽപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത്, അല്ലാഹുവിനു പുറമേ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കലല്ല മതേതരത്വം, മറിച്ച് മറ്റു മതസ്ഥരുമായി ശാന്തിയിലും സമാധാനത്തിലും സഹവർത്തിത്വത്തിലും സഹോദര്യത്തിലും കഴിയലും അവരുടെ ആരാധകന്മാരെ നിന്ദിക്കാതിരിക്കലുമാണ് മതേതരത്വമെന്നാണ്.

  മുസ്‌ലിം ലീഗെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ലേബലിൽ മത്സരിക്കുന്ന ഇക്കൂട്ടർ, ഞാൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും പിൻതലമുറക്കാരനാണ് എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോഴും അവർ പ്രചരിപ്പിച്ചിരുന്ന ആശയാദർശങ്ങൾ കൂടി അറിയണം. അവരൊക്കെ പറഞ്ഞിരുന്നത് "ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്ലിമാണ് നാലാമത് ഞാനൊരു മുസ്‌ലിം ലീഗുകാരനുമാണ്" എന്നായിരുന്നു. ലീഗുകാരനെന്നല്ല മുസ്‌ലിമാണെങ്കിലും ഈ പറഞ്ഞതൊക്കെ ബാധകം തന്നെ.

  ഹൈന്ദവ-ക്രൈസ്തവ സ്ഥാനാർത്ഥികളാരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചതോ നമസ്കരിച്ചതോ കാണാനാകുന്നില്ല. ഒരുപക്ഷേ അവർ മുസ്‌ലിം സമുദായ നേതാക്കളെയും സ്ഥാപനങ്ങളെയും സന്ദർശിച്ചിട്ടുണ്ടാവും. പിന്നെ എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമായൊരു മതേതരത്വ ബോധം ???

  ഏകനായ റബ്ബിന് പുറമേ മറ്റാരെ വിളിച്ച് പ്രാർത്ഥിച്ചാലും സഹായം തേടിയാലും ഭരമേൽപ്പിച്ചാലും വ്യക്തമായ ശിർക്ക് തന്നെ. തെറ്റ് എന്നത് ആര് ചെയ്താലും പശ്ചാതപിച്ചാൽ നാഥൻ എല്ലാം പൊറുത്ത് കൊടുക്കുന്നവനുമാണ്.

  "രാവിലെ മുസ്ലിമായിരുന്നവൻ വൈകുന്നേരം കാഫിറായി പോവുകയും, വൈകുന്നേരം മുസ്ലിമായിരുന്നവൻ രാവിലെ കാഫിറായിപ്പോവുകയും ദുനിയാവിലെ തുച്ഛമായ ലാഭങ്ങൾക്ക് വേണ്ടി ദീനിനെ വിറ്റു കളയുകയും ചെയ്യുന്ന കാലം വരും" എന്ന് പ്രവാചകൻ (സ്വ) താക്കീത് ചെയ്തിട്ടുണ്ട്. പ്രവാചക പ്രവചനങ്ങൾ പ്രകടമായി പുലർന്നതിനുള്ള ഉദാഹരണമാണോ ചിലരുടെ കാട്ടിക്കൂട്ടലുകളെന്ന് തോന്നിപ്പോവുകയാണ്.

  ഇനി രാഷ്ട്രീയക്കാരല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നാണെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവലല്ല അജയ്യമായത് എന്നുകൂടെ ഓർമ്മപ്പെടുത്തട്ടെ...

സുഹൃത്ത് പറഞ്ഞത് പോലെ "രാവിലെ അമ്പലത്തിൽ തൊഴുത്, ഉച്ചക്ക് ചർച്ചിൽ കുമ്പസരിച്ച്, വൈകുന്നേരം പള്ളിയിൽ സലാം വീട്ടലല്ല മതേതരത്വം"

"പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും..."
[Surah Al-An'am : 162-164]

"അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ?നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?"
[Surah Al-Anbiya' : 66,67]

വിമർശിക്കാൻ വേണ്ടിയല്ല... ഓർമപ്പെടുത്താൻ വേണ്ടി... തെറ്റ് ചെയ്തവരെയും ചെയ്തവരെ പിന്താങ്ങുന്നവരെയും...


Sunday, November 22, 2020

കെ-ടെറ്റ്, പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കായ്...

കെ-ടെറ്റ്, പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷകൾക്കൊരുങ്ങുന്നവർക്കായ് ഒരു കൊച്ചു പഠന സഹായി...

വ്യത്യസ്തങ്ങളായ പഠന സാമഗ്രികൾ, വ്യത്യസ്ത വർഷങ്ങളിലെ ചോദ്യപേപ്പറുകൾ... 👇

ഇവിടെ Click ചെയ്യുക 🙂



Thursday, October 29, 2020

ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു



   13 വർഷക്കാലം മക്കയിലും 10 വർഷക്കാലം മദീനയിലും പ്രബോധനം നടത്തിയ എന്റെ പ്രവാചകൻ ഒരിക്കലെങ്കിലും തന്റെ ജന്മ ദിനം ആഘോഷിക്കുകയോ തന്റെ അനുയായികളോട് അത് ആഘോഷിക്കാൻ കല്പിക്കുകയോ ചെയ്തിരുന്നു വെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.


തന്റെ മുൻപ് കഴിഞ്ഞു പോയ ഏതെങ്കിലും ഒരു പ്രവാചകന്റെ ജന്മദിനം ആ തിരുദൂതർ ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പ്രവാചക ജീവിതത്തിന് ശേഷം ഇസ്ലാമിക ലോകത്തിന് നേതൃത്വം നൽകിയ പ്രസിദ്ധരായ ഖലീഫമാരിൽ ആരെങ്കിലും ഒരാൾ പ്രവാചകന്റെ ജന്മ ദിനം ആഘോഷിച്ചിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പ്രവാചക പത്നിമാരിൽ ആരെങ്കിലും ഒരാൾ ഇങ്ങനെ ഒരു ആഘോഷം നടത്തിയിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


ഏറ്റവും നല്ല നൂറ്റാണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ച ആദ്യ നൂറ്റാണ്ട്കളിൽ എവിടെയെങ്കിലും നബി ദിനം ആഘോഷിച്ചത് കാണുകയാണെങ്കിൽ ഞാനും നബി ദിനം ആഘോഷിക്കുമായിരുന്നു.


മുസ്ലിം ലോകം മുഴുവൻ ആദരിക്കുന്ന പണ്ഡിതരായ ഇമാം ശാഫി, ഇമാം മാലിക്, ഇമാം അഹമദ് ബ്നു ഹമ്പൽ, ഇമാം അബൂ ഹനീഫ, ഇമാം ബുഖാരി, ഇമാം മുസ്ലിം തുടങ്ങിയവരിൽ ആരെങ്കിലും നബി ദിനം ആഘോഷിക്കുകയോ അല്ലെങ്കിൽ ആഘോഷിക്കാൻ ഫത്‌വ നൽകുകയോ ചെയ്തിരുന്നുവെങ്കിൽ ഞാൻ നബി ദിനം ആഘോഷിക്കുമായിരുന്നു.


പക്ഷെ മുകളിൽ പറഞ്ഞ പ്രവാചക കാലം മുതലുള്ള പണ്ഡിതന്മാരിൽ ഒരാളും തന്നെ ഇത്തരത്തിൽ ഒരു ആചാരം നടത്തിയില്ല എന്നത് കൊണ്ട് ഞാനും ഇന്ന് നബി ദിനം ആഘോഷിക്കുന്നില്ല.


من أحدث في أمرنا هذا ما ليس منه فهو رد

എന്നാണ് പ്രവാചകൻ (സ്വ) നമ്മെ പഠിപ്പിച്ചത്. അഥവാ "ഞാൻ പഠിപ്പിക്കാത്ത കാര്യങ്ങൾ വല്ലതും വല്ലവനും മതത്തിൽ കൂട്ടി ചേർത്താൽ അത് തള്ളികളയേണ്ടതാണ്" എന്ന്.


അപ്പൊ നബി ദിനം ആഘോഷിക്കാൻ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പിന്നെ എങ്ങനെ നമുക്കതിന് സാധിക്കും...???


പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചക ജീവിതം മാതൃകയായി പിൻപറ്റി കൊണ്ടാണ്. അല്ലാതെ വഴികൾ മുഴുവൻ വാഹനങ്ങൾക്ക് തടസമാകും വിധം ജാഥ നടത്തിയും തോരണങ്ങൾ കെട്ടിയുമല്ല...


        ......نعوذ بالله

📝 അമീൻ തിരുത്തിയാട്


Monday, October 26, 2020

75: രണ്ടക്കങ്ങൾക്ക് പിന്നിലെ ചരിത്രം

 

  ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ കാട്ടിലെ ഒരു ഗുഹയിൽ നിന്നും മലപ്പുറം ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജി സ്വന്തം വീട്ടിലേക്ക് അതിഥിയായി മൗലാനാ അബുസബാഹ് അഹ്മമദ് അലിയെ കൊണ്ട് വന്നത് മുതൽ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. 

  ആ പണ്ഡിതനും പരിഷ്കർത്താവുമായ മഹാന്റെ സ്വപ്ന സാക്ഷാത്കാരമാണ് ടിപ്പു സുൽത്താന്റെ വീരോചിതമായ ചരിത്രമുറങ്ങുന്ന ഫാറൂഖിൽ കളകളമൊഴുകുന്ന ചാലിയാറിന്റെ ഓരത്ത് 28 ഏക്കറുള്ള ഇരുമൂളി പറമ്പിൽ വിശാലമായി വിസ്മയമായി നിലകൊള്ളുന്ന റൗളത്തുൽ ഉലൂം അറബിക് കോളേജും അനുബന്ധ സ്ഥാപനങ്ങളും.

  1942 ൽ മഞ്ചേരിക്കടുത്തുള്ള ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിയുടെ വീട്ടിലായിരുന്നു റൗളത്തുൽ ഉലൂം അറബിക് കോളേജ് ആരംഭിച്ചത്. ഈ കഴിഞ്ഞ 75 വർഷങ്ങൾക്കിടക്ക് മലയാളക്കരയെ ഒന്നടങ്കം മാറ്റി മറിച്ച ഭൂരിഭാഗം പണ്ഡിതന്മാരും വാഗ്മിമാരും എഴുത്തുകാരും പ്രാസംഗികരുമെല്ലാം ഈ മഹത്തായ സ്ഥാപനത്തിന്റെ ഉൽപന്നങ്ങളാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. വിജ്ഞാനത്തിന്റെ പൂന്തോട്ടം എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയത് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-സാമുദായിക മേഖലകളിൽ ഒരു നാഴിക കല്ലായിരുന്നു.

  അറബി ഭാഷയിലെ ഉന്നത പഠനത്തിന് വേണ്ടി അക്കാലത്ത് മലയാളി വിദ്യാർത്ഥികൾ വെല്ലൂരിലും ഉമറാബാദിലുമുള്ള സ്ഥാപനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അത് പോലെ തന്നെ പൊന്നാനിയിലേത് പോലുള്ള പള്ളി ദർസുകളെയും. എന്നാൽ ഇത്തരം പള്ളി ദർസുകളിലെ പഠനങ്ങളിലൊന്നും തന്നെ ആധുനിക അറബി ഭാഷാ പഠനത്തിനോ, സാഹിത്യത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് 1942ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം സർവകലാശാലയായ ഈജിപ്തിലെ അൽ-അസ്ഹറിൽ നിന്നും പഠനം പൂർത്തിയാക്കി വന്ന മാലാനാ അബുസ്സബാഹ് അഹ്മദലി സാഹിബ് അറബി ഭാഷാ പoനത്തിനായി ഒരു സ്ഥാപനം തുടങ്ങുന്നത്.

  എ.അലവി മൗലവി (മേലാറ്റൂർ) അടക്കമുള്ള 6 പേരായിരുന്നു റൗളത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ. 1944 ലാണ് ആദ്യത്തെ ബാച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്സലുൽ ഉലമ പരീക്ഷ എഴുതുന്നത്. തുടർന്ന് 1944ൽ തന്നെ സൗകര്യാർത്ഥം കോളേജ് മഞ്ചേരിയിലേക്ക് മാറ്റി. 1945 ൽ മദ്രാസ് യൂണിവേഴ്സിറ്റി കോളേജിന് അംഗീകാരം നൽകുകയും ഇതോടെ കേരളത്തിലെ സർവ്വകലാശാല അംഗീകാരമുള്ള ആദ്യ അറബിക് കോളേജ് ആയി റൗളത്തുൽ ഉലൂം മാറുകയും ചെയ്തു. 1946 ജനുവരി ആറാം തിയ്യതി റൗളത്തുൽ ഉലൂമിന്റെ ആദ്യ വാർഷികാഘോഷം നടന്നു.

  കോളേജ് കൂടുതൽ ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റാൻ മൗലാനാ അബുസ്സബാഹ് അഹ്മദ് അലി സാഹിബിന് ആഗ്രഹം ഉടലെടുക്കുകയും കോഴിക്കോട് ജില്ലയിലെ ഫറോക്കിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുകയും ചെയ്തു. ഫറോക്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ അദ്ദേഹം അഡ്വ.എം.വി.ഹൈദ്രോസ് സാഹിബിനെയും എം. കുഞ്ഞോയി വൈദ്യരെയും ചുമതലപ്പെടുത്തി.

  അങ്ങനെ പിശാചുക്കളുടെ വാസസ്ഥലമെന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്ന മാവിൻ തൈകളും പറങ്കിമാവുകളും ഉരുളൻ കല്ലുകളും മാത്രമുള്ള ഇരുമൂളി പറമ്പ് എന്ന 28 ഏക്കർ സ്ഥലത്തേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. പുളിയാളി അബ്ദുല്ലക്കുട്ടി സാഹിബിന്റെതായിരുന്നു ആ സ്ഥലം. സ്ഥലം വാങ്ങുന്നതിന്റെ ആവശ്യകത മനസിലാക്കിയ അബ്ദുല്ലക്കുട്ടി ഹാജി യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സ്ഥലം വഖഫ് ചെയ്തു. അങ്ങനെ പിശാചുക്കളുടെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥലത്ത് വിഞ്ഞാനത്തിന്റെ പുത്തൻ അരുണോദയത്തിന് ആരംഭം കുറിച്ചു.

  രാജാ അബ്ദുൽ ഖാദർ ഹാജിയുടെ സംഭാവന കൊണ്ട് അറബിക് കോളേജ് കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പിന്നീട് ഫാറൂഖ് കോളേജ് സ്ഥാപിതമായി. 1957 ൽ അറബിക് കോളേജ് കേരളാ യൂണിവേഴ്സിറ്റിയോടും 1968ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു. ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയും മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയും മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും കോളേജിന് അംഗീകാരം നൽകി.

  കേരളത്തിൽ ആദ്യമായി ''പോസ്റ്റ് ഗ്രാജ്വേറ്റ് " കോഴ്സ് ആരംഭിച്ച അറബിക് കോളേജ് എന്ന പ്രശസ്തി 1984 ൽ റൗളത്തുൽ ഉലൂം അറബിക് കോളേജിനെ തേടിയെത്തി. 1990 ൽ ഈ കോഴ്സ് എം.എ പോസ്റ്റ് അഫ്സലുൽ ഉലമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 

  2 വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സും 3 വർഷത്തെ ബി.എ അഫ്സലുൽ ഉലമ കോഴ്സും 2 വർഷത്തെ പി.ജി കോഴ്സും 3 വർഷത്തെ B.Com with Islamic finance കോഴ്സും 3 വർഷത്തെ ബി.എ ഫങ്ഷണൽ അറബിക് കോഴ്സും ഇന്ന് കോളേജിലുണ്ട്. ഇവക്ക് പുറമെ 2015 മുതൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള DCA (Diploma in Computer Application) കോഴ്സും 2017 മുതൽ ഉറുദു കോഴ്സും കോളേജിൽ നടക്കുന്നു.

  2008 ൽ കോളേജിന് UGC യുടെ അംഗീകാരം ലഭിച്ചു. 2013 ൽ കോളേജിന് കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. കോളേജിന്റെ ആരംഭകാലം മുതൽക്കേ അഫ്സൽ ബോയ്സ് ഹോസ്റ്റലും 1987 മുതൽ അസ്ഹർ വിമൺസ് ഹോസ്റ്റലും പ്രവർത്തിച്ച് വരുന്നു.ഏകദേശം 15100 ൽ പരം ഗ്രന്ഥങ്ങളും 35ൽപരം ദേശീയ-അന്തർദേശീയ ആനുകാലിക പ്രസിദ്ധീകരണങ്ങളും അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ആയിരത്തോളം റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങുന്ന അമൂല്യ ശേഖരമാണ് കോളേജിലെ അബുസ്സബാഹ് ലൈബ്രറി.

  കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ ആയ മൗലാനാ അബുസ്സബാഹ് മൗലവി 1971 മെയ് 30 ന്ന് റിട്ടയർ ചെയ്തു. പിന്നീട് സി.പി അബൂബക്കർ മൗലവി, അബുസ്വലാഹ് മൗലവി, പി.മുഹമ്മദ് കുട്ടശ്ശേരി മൗലവി, അബ്ദുൽ ഹമീദ് മദീനി, പി.കെ ഹുസൈൻ മടവൂർ, കെ.കെ. മുഹ് യുദ്ധീൻ ഫാറൂഖി,  ഡോ.പി.മുസ്തഫ ഫാറൂഖി തുടങ്ങിയ പ്രമുഖർ കോളേജിന്റെ പ്രിൻസിപ്പൽമാരായി. ഇപ്പോൾ 2019 മുതൽ ഡോ.അബ്ദുറഹ്മാൻ ആദൃശ്ശേരി കോളേജിന്റെ പ്രീൻസിപ്പൽ സ്ഥാനം വഹിക്കുന്നു. ഈ കോളേജിന്റെ പ്രിൻസിപ്പൽമാരിൽ അബുസബാഹ് മൗലവി ഒഴികെയുള്ള എല്ലാവരും ഈ കോളേജിന്റെ തന്നെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. 

  ഏകദേശം ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിശാചുക്കളുടെ വാസസ്ഥലം എന്ന് പറഞ്ഞ് അവഗണിച്ചിരുന്ന ആ ഇരുമൂളി പറമ്പ് ഇന്ന് അറിവിന്റെ, വിജ്ഞാനത്തിന്റെ വലിയൊരു പൂന്തോട്ടമായി നിലകൊള്ളുകയാണ്... പതിനായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി കൊണ്ട്, ആയിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുത്ത് കൊണ്ട്, ഇനിയും വിജ്ഞാന ദാഹികളായ ധാരാളം തലമുറകൾക്ക് വിജ്ഞാനം പകർന്ന് നൽകാൻ ...

(2018-19 വർഷത്തെ കോളേജ് മാഗസിന്ന് വേണ്ടി എഴുതിയ ലേഖനം)

                അമീൻ തിരുത്തിയാട്






Wikipedia

Search results