എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Monday, October 26, 2020

75: രണ്ടക്കങ്ങൾക്ക് പിന്നിലെ ചരിത്രം

 

  ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ കാട്ടിലെ ഒരു ഗുഹയിൽ നിന്നും മലപ്പുറം ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജി സ്വന്തം വീട്ടിലേക്ക് അതിഥിയായി മൗലാനാ അബുസബാഹ് അഹ്മമദ് അലിയെ കൊണ്ട് വന്നത് മുതൽ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. 

  ആ പണ്ഡിതനും പരിഷ്കർത്താവുമായ മഹാന്റെ സ്വപ്ന സാക്ഷാത്കാരമാണ് ടിപ്പു സുൽത്താന്റെ വീരോചിതമായ ചരിത്രമുറങ്ങുന്ന ഫാറൂഖിൽ കളകളമൊഴുകുന്ന ചാലിയാറിന്റെ ഓരത്ത് 28 ഏക്കറുള്ള ഇരുമൂളി പറമ്പിൽ വിശാലമായി വിസ്മയമായി നിലകൊള്ളുന്ന റൗളത്തുൽ ഉലൂം അറബിക് കോളേജും അനുബന്ധ സ്ഥാപനങ്ങളും.

  1942 ൽ മഞ്ചേരിക്കടുത്തുള്ള ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിയുടെ വീട്ടിലായിരുന്നു റൗളത്തുൽ ഉലൂം അറബിക് കോളേജ് ആരംഭിച്ചത്. ഈ കഴിഞ്ഞ 75 വർഷങ്ങൾക്കിടക്ക് മലയാളക്കരയെ ഒന്നടങ്കം മാറ്റി മറിച്ച ഭൂരിഭാഗം പണ്ഡിതന്മാരും വാഗ്മിമാരും എഴുത്തുകാരും പ്രാസംഗികരുമെല്ലാം ഈ മഹത്തായ സ്ഥാപനത്തിന്റെ ഉൽപന്നങ്ങളാണ് എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. വിജ്ഞാനത്തിന്റെ പൂന്തോട്ടം എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയത് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-സാമുദായിക മേഖലകളിൽ ഒരു നാഴിക കല്ലായിരുന്നു.

  അറബി ഭാഷയിലെ ഉന്നത പഠനത്തിന് വേണ്ടി അക്കാലത്ത് മലയാളി വിദ്യാർത്ഥികൾ വെല്ലൂരിലും ഉമറാബാദിലുമുള്ള സ്ഥാപനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അത് പോലെ തന്നെ പൊന്നാനിയിലേത് പോലുള്ള പള്ളി ദർസുകളെയും. എന്നാൽ ഇത്തരം പള്ളി ദർസുകളിലെ പഠനങ്ങളിലൊന്നും തന്നെ ആധുനിക അറബി ഭാഷാ പഠനത്തിനോ, സാഹിത്യത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് 1942ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം സർവകലാശാലയായ ഈജിപ്തിലെ അൽ-അസ്ഹറിൽ നിന്നും പഠനം പൂർത്തിയാക്കി വന്ന മാലാനാ അബുസ്സബാഹ് അഹ്മദലി സാഹിബ് അറബി ഭാഷാ പoനത്തിനായി ഒരു സ്ഥാപനം തുടങ്ങുന്നത്.

  എ.അലവി മൗലവി (മേലാറ്റൂർ) അടക്കമുള്ള 6 പേരായിരുന്നു റൗളത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ. 1944 ലാണ് ആദ്യത്തെ ബാച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്സലുൽ ഉലമ പരീക്ഷ എഴുതുന്നത്. തുടർന്ന് 1944ൽ തന്നെ സൗകര്യാർത്ഥം കോളേജ് മഞ്ചേരിയിലേക്ക് മാറ്റി. 1945 ൽ മദ്രാസ് യൂണിവേഴ്സിറ്റി കോളേജിന് അംഗീകാരം നൽകുകയും ഇതോടെ കേരളത്തിലെ സർവ്വകലാശാല അംഗീകാരമുള്ള ആദ്യ അറബിക് കോളേജ് ആയി റൗളത്തുൽ ഉലൂം മാറുകയും ചെയ്തു. 1946 ജനുവരി ആറാം തിയ്യതി റൗളത്തുൽ ഉലൂമിന്റെ ആദ്യ വാർഷികാഘോഷം നടന്നു.

  കോളേജ് കൂടുതൽ ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റാൻ മൗലാനാ അബുസ്സബാഹ് അഹ്മദ് അലി സാഹിബിന് ആഗ്രഹം ഉടലെടുക്കുകയും കോഴിക്കോട് ജില്ലയിലെ ഫറോക്കിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുകയും ചെയ്തു. ഫറോക്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ അദ്ദേഹം അഡ്വ.എം.വി.ഹൈദ്രോസ് സാഹിബിനെയും എം. കുഞ്ഞോയി വൈദ്യരെയും ചുമതലപ്പെടുത്തി.

  അങ്ങനെ പിശാചുക്കളുടെ വാസസ്ഥലമെന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്ന മാവിൻ തൈകളും പറങ്കിമാവുകളും ഉരുളൻ കല്ലുകളും മാത്രമുള്ള ഇരുമൂളി പറമ്പ് എന്ന 28 ഏക്കർ സ്ഥലത്തേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. പുളിയാളി അബ്ദുല്ലക്കുട്ടി സാഹിബിന്റെതായിരുന്നു ആ സ്ഥലം. സ്ഥലം വാങ്ങുന്നതിന്റെ ആവശ്യകത മനസിലാക്കിയ അബ്ദുല്ലക്കുട്ടി ഹാജി യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സ്ഥലം വഖഫ് ചെയ്തു. അങ്ങനെ പിശാചുക്കളുടെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥലത്ത് വിഞ്ഞാനത്തിന്റെ പുത്തൻ അരുണോദയത്തിന് ആരംഭം കുറിച്ചു.

  രാജാ അബ്ദുൽ ഖാദർ ഹാജിയുടെ സംഭാവന കൊണ്ട് അറബിക് കോളേജ് കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പിന്നീട് ഫാറൂഖ് കോളേജ് സ്ഥാപിതമായി. 1957 ൽ അറബിക് കോളേജ് കേരളാ യൂണിവേഴ്സിറ്റിയോടും 1968ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു. ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയും മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയും മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും കോളേജിന് അംഗീകാരം നൽകി.

  കേരളത്തിൽ ആദ്യമായി ''പോസ്റ്റ് ഗ്രാജ്വേറ്റ് " കോഴ്സ് ആരംഭിച്ച അറബിക് കോളേജ് എന്ന പ്രശസ്തി 1984 ൽ റൗളത്തുൽ ഉലൂം അറബിക് കോളേജിനെ തേടിയെത്തി. 1990 ൽ ഈ കോഴ്സ് എം.എ പോസ്റ്റ് അഫ്സലുൽ ഉലമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 

  2 വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സും 3 വർഷത്തെ ബി.എ അഫ്സലുൽ ഉലമ കോഴ്സും 2 വർഷത്തെ പി.ജി കോഴ്സും 3 വർഷത്തെ B.Com with Islamic finance കോഴ്സും 3 വർഷത്തെ ബി.എ ഫങ്ഷണൽ അറബിക് കോഴ്സും ഇന്ന് കോളേജിലുണ്ട്. ഇവക്ക് പുറമെ 2015 മുതൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള DCA (Diploma in Computer Application) കോഴ്സും 2017 മുതൽ ഉറുദു കോഴ്സും കോളേജിൽ നടക്കുന്നു.

  2008 ൽ കോളേജിന് UGC യുടെ അംഗീകാരം ലഭിച്ചു. 2013 ൽ കോളേജിന് കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. കോളേജിന്റെ ആരംഭകാലം മുതൽക്കേ അഫ്സൽ ബോയ്സ് ഹോസ്റ്റലും 1987 മുതൽ അസ്ഹർ വിമൺസ് ഹോസ്റ്റലും പ്രവർത്തിച്ച് വരുന്നു.ഏകദേശം 15100 ൽ പരം ഗ്രന്ഥങ്ങളും 35ൽപരം ദേശീയ-അന്തർദേശീയ ആനുകാലിക പ്രസിദ്ധീകരണങ്ങളും അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ആയിരത്തോളം റഫറൻസ് ഗ്രന്ഥങ്ങളും അടങ്ങുന്ന അമൂല്യ ശേഖരമാണ് കോളേജിലെ അബുസ്സബാഹ് ലൈബ്രറി.

  കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ ആയ മൗലാനാ അബുസ്സബാഹ് മൗലവി 1971 മെയ് 30 ന്ന് റിട്ടയർ ചെയ്തു. പിന്നീട് സി.പി അബൂബക്കർ മൗലവി, അബുസ്വലാഹ് മൗലവി, പി.മുഹമ്മദ് കുട്ടശ്ശേരി മൗലവി, അബ്ദുൽ ഹമീദ് മദീനി, പി.കെ ഹുസൈൻ മടവൂർ, കെ.കെ. മുഹ് യുദ്ധീൻ ഫാറൂഖി,  ഡോ.പി.മുസ്തഫ ഫാറൂഖി തുടങ്ങിയ പ്രമുഖർ കോളേജിന്റെ പ്രിൻസിപ്പൽമാരായി. ഇപ്പോൾ 2019 മുതൽ ഡോ.അബ്ദുറഹ്മാൻ ആദൃശ്ശേരി കോളേജിന്റെ പ്രീൻസിപ്പൽ സ്ഥാനം വഹിക്കുന്നു. ഈ കോളേജിന്റെ പ്രിൻസിപ്പൽമാരിൽ അബുസബാഹ് മൗലവി ഒഴികെയുള്ള എല്ലാവരും ഈ കോളേജിന്റെ തന്നെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. 

  ഏകദേശം ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിശാചുക്കളുടെ വാസസ്ഥലം എന്ന് പറഞ്ഞ് അവഗണിച്ചിരുന്ന ആ ഇരുമൂളി പറമ്പ് ഇന്ന് അറിവിന്റെ, വിജ്ഞാനത്തിന്റെ വലിയൊരു പൂന്തോട്ടമായി നിലകൊള്ളുകയാണ്... പതിനായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി കൊണ്ട്, ആയിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുത്ത് കൊണ്ട്, ഇനിയും വിജ്ഞാന ദാഹികളായ ധാരാളം തലമുറകൾക്ക് വിജ്ഞാനം പകർന്ന് നൽകാൻ ...

(2018-19 വർഷത്തെ കോളേജ് മാഗസിന്ന് വേണ്ടി എഴുതിയ ലേഖനം)

                അമീൻ തിരുത്തിയാട്






No comments:

Wikipedia

Search results