എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, April 19, 2022

റമളാൻ 17, ഭാഷാ സമരത്തിന്റെ 42 വർഷം...


  1980 ലെ റമളാൻ 17 (ജൂലൈ 30) നായിരുന്നു മലപ്പുറത്ത് വെച്ച് ഭാഷാ സമരം നടക്കുന്നത്. ലോകത്ത് തന്നെ ഒരു ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ സമരം... ഭാഷ സംരക്ഷണത്തിനായി 3 യുവാക്കൾ രക്തസാക്ഷികളാകേണ്ടി വന്ന സമരം.

  1980 ലെ നായനാർ സർക്കാർ ഭാഷാ പഠനത്തിനായ് കൊണ്ട് വന്ന പുതിയ നിയമം ഫലത്തിൽ അറബി, ഉറുദു, സംസ്‌കൃതം ഭാഷകളെ ബാധിക്കുന്നതായിരുന്നു. അക്കമഡേഷൻ, ക്വാളിഫിക്കേഷൻ, ഡിക്ലറേഷൻ എന്നുള്ളതായിരുന്നു ആ നിയമം. അറബി ഭാഷ എങ്ങനെ കേരളത്തിൽ പഠിപ്പിക്കാതിരിക്കാം എന്ന് പരീക്ഷിക്കുകയായിരുന്നു ഇത് കൊണ്ടുദ്ദേശം. നിയമം ഇറക്കിയത് മുതൽ തന്നെ കേരളത്തിലെ അറബി അധ്യാപക കൂട്ടായ്മയായ കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) പ്രതിഷേധ സമരങ്ങളുമായി മുന്നിൽ നിന്നു. ജൂലൈ 4 ന് സെക്രട്ടറിയേറ്റ് മാർച്ച്‌ പ്രഖ്യാപിച്ചു. മാർച്ചിനായ് അണിനിരന്ന അറബി ഭാഷാ അധ്യാപകരോടായി ഉദ്ഘാടകൻ സി. എച്ച് മുഹമ്മദ്‌ കോയ സാഹിബ് പ്രഖ്യാപിച്ചു. "നിങ്ങള്‍ സ്‌കൂളുകളിലേക്ക് മടങ്ങി പോകുക ഈ സമരം ഇതാ സമുദായം ഏറ്റെടുത്തിരിക്കുന്നു..." അധ്യാപകർ സ്കൂളികളിലേക്ക് മടങ്ങി. സമരം സമുദായത്തിന്റെ ആധികാരികമായ പ്രസ്ഥാനം മുസ്‌ലിം ലീഗ് ഏറ്റെടുത്തു. യൂത്ത് ലീഗിനായിരുന്നു സമരത്തിന്റെ ചുമതല നൽകിയത്.

  1980 ജൂലൈ 30 ന്ന് സംസ്ഥാനത്തേ എല്ലാ കളക്ടറേറ്റ്കളും പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. സമാധാനപരമായി നടന്ന മലപ്പുറം കളക്ടറേറ്റ് പിക്കറ്റിങ്ങിൽ സമരക്കാർക്ക് നേരെ നായനാരുടെ പോലിസ് വെടിയുതിർത്തു. യൂത്ത് ലീഗിന്റെ മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്ന മൂന്ന് ചെറുപ്പക്കാർ ശഹീദായി. വാർത്തയറിഞ്ഞ് നവോഥാന കേരളം സ്തംഭിച്ചു. ഉടൻ തന്നെ സി. എച്ചിന്റെ ഭാഗത്ത്‌ നിന്ന് അടുത്ത സമര പ്രഖ്യാപനമുണ്ടായി "സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും, ഒരു ലക്ഷം പേരുമായി സെക്രട്ടേറിയേറ്റ് വളയും"

  മുഖ്യമന്ത്രി ഇ. കെ നായനാർക്ക് വീണ്ടു വിചാരമുണ്ടായി. വിദ്യാഭാസ മന്ത്രി ബേബി ജോണുമായി ചർച്ച ചെയ്തു പുതിയ നിയമം പിൻവലിക്കാൻ സർക്കാർ ബാധ്യസ്ഥരായി. സർക്കാർ മുട്ട് മടക്കി...

ഇന്നും അറബി ഭാഷാ പഠനത്തിനെതിരെ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് വ്യത്യസ്തങ്ങളായ ഭീഷണികളാണ് മുഴങ്ങി കൊണ്ടിരിക്കുന്നത്. പ്ലസ്ടു ക്ലാസുകളിൽ 10 കുട്ടികളുണ്ടെങ്കിൽ അറബി പഠിപ്പിക്കാം എന്നത് 10 ൽ നിന്നും 25 ആക്കി ഉയർത്തിയത് ഉൾപ്പെടെ ഒരുപാട് നിയമങ്ങൾ അറബി ഭാഷാ പഠനം പ്രതിസന്ധിയിലാക്കാൻ സർക്കാർ കൊണ്ട് വരുന്നു.. ഇവിടങ്ങളിലെല്ലാം അതിജീവിക്കാൻ ഭാഷാധ്യാപകർക്ക് സാധിക്കേണ്ടതുണ്ട്.... ഇനിയുമൊരു മജീദ് റഹ്‌മാൻ കുഞ്ഞിപ്പമാർ ആവർത്തിക്കപ്പെടാതെ പുനർ വിചിന്തനം നടത്താൻ ഭരണകൂടത്തിനാകട്ടെ....



No comments:

Wikipedia

Search results