അന്തസ്സെന്ന പേരിൽ ഇന്ന് പലരും ചെയ്തുകൊണ്ടിരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത് പ്രസാദം സ്വീകരിച്ചതായാലും മറ്റെന്തെങ്കിലും അർപ്പിച്ചതായാലും...
തെരഞ്ഞെടുപ്പിൽ ജയിക്കാനായി മതേതരത്വത്തിന്റെ പേര് പറഞ്ഞ് അന്യമതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലും ആരാധ്യന്മാരിലും ഭരമേൽപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത്, അല്ലാഹുവിനു പുറമേ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കലല്ല മതേതരത്വം, മറിച്ച് മറ്റു മതസ്ഥരുമായി ശാന്തിയിലും സമാധാനത്തിലും സഹവർത്തിത്വത്തിലും സഹോദര്യത്തിലും കഴിയലും അവരുടെ ആരാധകന്മാരെ നിന്ദിക്കാതിരിക്കലുമാണ് മതേതരത്വമെന്നാണ്.
മുസ്‌ലിം ലീഗെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ലേബലിൽ മത്സരിക്കുന്ന ഇക്കൂട്ടർ, ഞാൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും പിൻതലമുറക്കാരനാണ് എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോഴും അവർ പ്രചരിപ്പിച്ചിരുന്ന ആശയാദർശങ്ങൾ കൂടി അറിയണം. അവരൊക്കെ പറഞ്ഞിരുന്നത് "ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാനൊരു മുസ്ലിമാണ് നാലാമത് ഞാനൊരു മുസ്‌ലിം ലീഗുകാരനുമാണ്" എന്നായിരുന്നു. ലീഗുകാരനെന്നല്ല മുസ്‌ലിമാണെങ്കിലും ഈ പറഞ്ഞതൊക്കെ ബാധകം തന്നെ.
ഹൈന്ദവ-ക്രൈസ്തവ സ്ഥാനാർത്ഥികളാരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്ലാഹുവിനെ വിളിച്ചു പ്രാർഥിച്ചതോ നമസ്കരിച്ചതോ കാണാനാകുന്നില്ല. ഒരുപക്ഷേ അവർ മുസ്‌ലിം സമുദായ നേതാക്കളെയും സ്ഥാപനങ്ങളെയും സന്ദർശിച്ചിട്ടുണ്ടാവും. പിന്നെ എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമായൊരു മതേതരത്വ ബോധം ???
ഏകനായ റബ്ബിന് പുറമേ മറ്റാരെ വിളിച്ച് പ്രാർത്ഥിച്ചാലും സഹായം തേടിയാലും ഭരമേൽപ്പിച്ചാലും വ്യക്തമായ ശിർക്ക് തന്നെ. തെറ്റ് എന്നത് ആര് ചെയ്താലും പശ്ചാതപിച്ചാൽ നാഥൻ എല്ലാം പൊറുത്ത് കൊടുക്കുന്നവനുമാണ്.
"രാവിലെ മുസ്ലിമായിരുന്നവൻ വൈകുന്നേരം കാഫിറായി പോവുകയും, വൈകുന്നേരം മുസ്ലിമായിരുന്നവൻ രാവിലെ കാഫിറായിപ്പോവുകയും ദുനിയാവിലെ തുച്ഛമായ ലാഭങ്ങൾക്ക് വേണ്ടി ദീനിനെ വിറ്റു കളയുകയും ചെയ്യുന്ന കാലം വരും" എന്ന് പ്രവാചകൻ (സ്വ) താക്കീത് ചെയ്തിട്ടുണ്ട്. പ്രവാചക പ്രവചനങ്ങൾ പ്രകടമായി പുലർന്നതിനുള്ള ഉദാഹരണമാണോ ചിലരുടെ കാട്ടിക്കൂട്ടലുകളെന്ന് തോന്നിപ്പോവുകയാണ്.
ഇനി രാഷ്ട്രീയക്കാരല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നാണെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവലല്ല അജയ്യമായത് എന്നുകൂടെ ഓർമ്മപ്പെടുത്തട്ടെ...
സുഹൃത്ത് പറഞ്ഞത് പോലെ "രാവിലെ അമ്പലത്തിൽ തൊഴുത്, ഉച്ചക്ക് ചർച്ചിൽ കുമ്പസരിച്ച്, വൈകുന്നേരം പള്ളിയിൽ സലാം വീട്ടലല്ല മതേതരത്വം"
"പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും..."
[Surah Al-An'am : 162-164]
"അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ?നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?"
[Surah Al-Anbiya' : 66,67]
വിമർശിക്കാൻ വേണ്ടിയല്ല... ഓർമപ്പെടുത്താൻ വേണ്ടി... തെറ്റ് ചെയ്തവരെയും ചെയ്തവരെ പിന്താങ്ങുന്നവരെയും...
No comments:
Post a Comment