മുസ്ലീം യൂത്ത് ലീഗ് കഴിഞ്ഞ 40 ദിവസമായി നടത്തി വന്ന കോഴിക്കോട്ടെ ശഹീൻ ബാഗിൽ താങ്കൾ നടത്തിയ അവസാനത്തെ പ്രസംഗം, തീർച്ചയായും ഏതൊരു ലീഗ് കാരനും വളരെയധികം ആവേശം നൽകുന്നതായിരുന്നു. വെറും ലീഗ്കാരെക്കാൾ കൂടുതലായിക്കൊണ്ട് താങ്കളുടെ സംസാരത്തിൽ കൂടുതൽ ആവേശം കൊണ്ടത് മറ്റു പലരുമാണോയെന്നൊരു സംശയമുണ്ട്.
അന്ന് നിങ്ങളുടെ സംസാരം അൽപം കടുത്തു പോയി ഫിറോസ് സാഹിബ്. ഞാനുമൊരു ലീഗ്കാരനാണ്. താങ്കൾ പ്രതിനിധാനം ചെയ്യുന്ന അതേ പാർട്ടിയുടെ പ്രവർത്തകൻ. അങ്ങ് ഞാനേറെ ഇഷ്ടപ്പെടുന്ന നേതാവും. എങ്കിലും താങ്കൾ പറഞ്ഞ ആ ഏലസിന്റെ കഥ, അത് ഉൾക്കൊള്ളാൻ തീർച്ചയായും എനിക്ക് പ്രയാസമുണ്ട്. എനിക്കെന്നല്ല, നിങ്ങൾ ആ പ്രസംഗത്തിൽ പുരോഗമനവാദികൾ, പുത്തൻ വാദികൾ എന്ന് പറഞ്ഞ ആ ലിബറൽ ചിന്താഗതിയുള്ളവർക്കെല്ലാം അതുൾക്കൊള്ളാൻ പ്രയാസമുണ്ട്. കാരണം താങ്കൾ അനുകൂലിച്ചു പറഞ്ഞ ആ ഏലസിന്റെ സംഭവം, അത് വ്യക്തമായ ശിർക്കാണ്.
നിങ്ങൾ പറഞ്ഞല്ലോ നമ്മൾ വിശ്വാസികളാണെന്ന്. നിങ്ങൾ വിശ്വസിക്കുന്ന അതെ മതത്തിലാണ് ഞങ്ങളും വിശ്വസിക്കുന്നത്. എന്നാൽ നിങ്ങൾ പറഞ്ഞ ഏലസ്സ്, അത് മതത്തിലില്ലാത്തതാണ്.
നമ്മുടെ മതത്തിന്റെ പ്രവാചകൻ, ഞാനും നിങ്ങളും സ്നേഹിക്കുന്ന മുഹമ്മദ് നബി(സ്വ), അദ്ദേഹം ഒരാൾക്കും ഏലസ്സ് കെട്ടി കൊടുത്തിട്ടില്ല ഫിറോസ് സാഹിബ്, പിന്നെ എങ്ങനെ ഏലസ്സ് നമുക്ക് അനുവദനീയമാകും??? ഏലസ്സ് കെട്ടാൻ പറ്റുമെങ്കിൽ അത് ആദ്യം കെട്ടിക്കൊടുക്കുക ആ പ്രവാചകനായിരുന്നില്ലേ...
പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ആ പ്രവാചകൻ ഏകനായ അല്ലാഹുവിനെയായിരുന്നു വിളിച്ചു പ്രാർത്ഥിച്ചത്. അങ്ങനെ ചെയ്യാനാണ് തന്റെ അനുചരന്മാരെ പഠിപ്പിച്ചത്. അല്ലാതെ ഏലസ്സ് കെട്ടാനോ തങ്ങന്മാരെ സന്ദർശിക്കാനോ ആയിരുന്നില്ല.
തന്നെ സ്വന്തം നാട്ടിൽ നിന്നും നാട് കടത്തിയ മക്കയിലെ അവിശ്വാസികൾക്കെതിരായി ബദ്ർ എന്ന സ്ഥലത്തു വെച്ച് വളരെ ചെറിയ ഒരു സംഘം മുസ്ലിങ്ങളെയും കൂട്ടി യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ ശത്രു സൈന്യത്തെ കണ്ടു പേടിച്ച പ്രവാചകൻ ഏതെങ്കിലും ബിംബങ്ങളെയല്ല വിളിച്ചു പ്രാർത്ഥിച്ചത്. മറിച്ച് ഏകനായ അല്ലാഹുവിനോടായിരുന്നു.
اللهم إن تهلك هذه العصابة.....
എന്ന് ആ പ്രവാചകൻ അല്ലാഹുവിനെ വിളിച്ചായിരുന്നു പ്രാർത്ഥിച്ചത്.
ജീവിതത്തിൽ ഒരിക്കൽ പോലും കളവു പറയാത്ത, തെറ്റ് ചെയ്യാത്ത, കറ കളഞ്ഞ ജീവിതത്തിനുടമയായ ആ പ്രവാചകൻ നമ്മെ പഠിപ്പിക്കാത്തത് എങ്ങനെയാണ് നമുക്ക് പിന്തുടരാനാവുക?
മാത്രവുമല്ല, ആ പ്രവാചകൻ പഠിപ്പിച്ചത്
من غلّق تميمة فقد أشرك
എന്നാണ്. അഥവാ "ആരെങ്കിലും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു" എന്ന്. ശിർക്ക് അല്ലെ ഏറ്റവും വലിയ പാപം. അത് ചെയ്തവൻ പിന്നെ വിശ്വാസിയാവുമോ???
നിങ്ങൾ പറഞ്ഞത് ശരിയാണ് ഫിറോസ് സാഹിബ്. ഇന്ന് ഈ പാർട്ടിക്ക് നേതൃത്വം നൽകുന്നത് തങ്ങന്മാരാണ്. പക്ഷെ ഞങ്ങളാരും തന്നെ തങ്ങന്മാരെ കണ്ടിട്ടല്ല ഈ പാർട്ടിയെ സ്നേഹിച്ചത്. അവരെ കണ്ടിട്ടല്ല ഈ നക്ഷത്രാങ്കിത ഹരിത പതാക നെഞ്ചോട് ചേർത്തത്. മറിച്ച് ഇന്ത്യൻ മുസൽമാന് തണലേകാൻ കഴിയുന്ന ഒരു പ്രസ്ഥാനമാണ് ലീഗ് എന്ന തിരിച്ചറിവ് കൊണ്ടാണ്.
ഇന്ന് ഞാനടക്കമുള്ള ഒരുപാടാളുകൾ ഈ മലയാളക്കരയിൽ അറബി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഈ പാർട്ടിയുടെ പ്രവർത്തന ഫലമാണെന്നറിയാം. "ഉണ്ട ചോറിനു നന്ദിയില്ലാത്തവരാവുകയല്ല" മറിച്ച് യാഥാർഥ്യം മനസിലാക്കി തരികയാണ്.
ചരിത്രം നമ്മൾ മനസ്സിലാക്കണം, മുസ്ലിം ലീഗിന്റെ ചരിത്രം എന്താണെന്ന് നമ്മൾ കൃത്യമായി മനസിലാക്കണം.
ഈ മലയാളക്കരയിൽ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. ആ തിരൂരങ്ങാടി ശാഖാ മുസ്ലീം ലീഗിന്റെ ശാഖാ പ്രസിഡന്റ് കെ.എം മൗലവി എന്ന മുജാഹിദ് നേതാവുമായിരുന്നു. അതിന്റെ സെക്രട്ടറി കെ.ഉമർ മൗലവിയായിരുന്നു. മുസ്ലീം ലീഗിന്റെ രണ്ടാമത്തെ ശാഖ തലശ്ശേരിയിൽ വന്നപ്പോൾ അതിന് നേതൃത്വം നൽകിയിരുന്നത് ഐക്യ സംഘത്തിന്റെ പ്രവർത്തകരായിരുന്ന സത്താർ സേഠ് സാഹിബും ഉപ്പി സാഹിബുമായിരുന്നു. മരിക്കുന്നത് വരെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ബഹുമാന്യനായ കെ.എം.മൗലവി. ഇവരൊക്കെ ഫിറോസ് സാഹിബ് പറഞ്ഞ ലിബറൽ ചിന്താഗതിയുള്ളവരായിരുന്നു... ആ പുത്തൻ വാദികളായിരുന്നു.
ഇന്ന് ചിലയാളുകൾ ലീഗിന്റ ചരിത്രം പറയുമ്പോൾ പാണക്കാട് വരെ എത്തി, അവിടെ നിർത്തുന്നതായി നമുക്ക് കാണാൻ കഴിയും.
പറയണം നിങ്ങൾ... എവിടെയാണ് മുജാഹിദുകൾ ഇടപെടാത്തതെന്ന്. നിങ്ങൾക്ക് വേണമെങ്കിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവായ കെ.എം. മൗലവിയോട് ശത്രുത കാണിക്കാം... അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ കൊണ്ടോട്ടി പള്ളി മൈതാനത്ത് ഖിലാഫത്ത് വളണ്ടിയർമാരുടെ തോളിൽ കൈയിട്ട് കൊണ്ട് പ്രസംഗിച്ച കെ.എം. മൗലവിയോട് നിങ്ങൾ ശത്രുത കാണിക്കരുത്.
അത് കൊണ്ട് ഫിറോസ് സാഹിബ് അടക്കമുള്ള ഞങ്ങളുടെ നേതാക്കന്മാർ ചരിത്രം വായിക്കണം. വസ്തു നിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണം.
നാഥൻ അനുഗ്രഹിക്കട്ടെ🤲







