എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Saturday, August 15, 2020

അന്നത്തെ സ്വാതന്ത്ര്യം ഇന്നുമുണ്ടോ....?




73 വർഷങ്ങൾക്ക് മുൻപ് 1947 ഓഗസ്റ്റ് 14 ന്ന് അർദ്ധ രാത്രി ഇന്ത്യയെന്ന മഹാ രാജ്യം സ്വാതന്ത്ര്യം നേടി, എന്നാൽ 73 വർഷങ്ങൾക്കിപ്പുറം അന്ന് നമുക്കുണ്ടായിരുന്ന എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടോ...❓ അതോ നമുക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ....❓

✍️ *അമീൻ തിരുത്തിയാട്*

  ഇന്ത്യ എന്നത് ഒരു മതേതരത്വ രാജ്യമാണ്. ജാതിമത വർണ്ണങ്ങൾക്ക് അതീതമായി പരസ്പരം സ്നേഹിച്ചും സഹകരിച്ചും മനുഷ്യർ ജീവിച്ചിരുന്ന ഒരു സുന്ദര രാഷ്ട്രം. ഏതു മനുഷ്യനും താൻ വിശ്വസിക്കുന്ന, താൻ സ്നേഹിക്കുന്ന മതം സ്വീകരിക്കാനും അത് വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അവസരം നൽകുന്ന, അവകാശം നൽകുന്ന രാജ്യം.......
എന്നാൽ ഇന്ന് നമ്മുടെ ഇന്ത്യ അത്തരത്തിലുള്ള ഒരു രാജ്യമാണോ?? മുമ്പൊക്കെ കൂടുതൽ ആലോചിക്കാതെ ഉത്തരം പറയാമായിരുന്നുവെങ്കിൽ , ഇന്ന് നാം രണ്ടാമതൊന്ന് ചിന്തിക്കണം. നമ്മുടെ ഇന്ത്യ അങ്ങനെയാണോ??
അല്ല, ഒരിക്കലുമല്ല 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഈ ഇന്ത്യയെന്ന രാജ്യത്ത് ഹിന്ദുവിനെയും മുസൽമാനെയും ക്രൈസ്തവനെയും ഒരുമിച്ചു നിർത്തിയിരുന്നുവെങ്കിൽ, ഇന്ന് ഈ രാജ്യത്തെ ഒരുമിച്ചു നിർത്തേണ്ടവർ തന്നെയാണ് ഇതിനെ ഭിന്നിപ്പിക്കുന്നത്.
മറ്റുള്ളവന്റെ  വിശ്വാസത്തെ സംരക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ടല്ലേ സ്വന്തം മതത്തിൽ പെട്ട വ്യക്തി തന്നെ മഹാനായ ആ വിശാല മനസ്കന് നേരെ നിറയൊഴിച്ചത്. അന്ന് തുടങ്ങിവെച്ച ആ വിദ്വേഷം ഇന്ന് ഇന്ത്യൻ മണ്ണിലെ തീൻമേശകളിൽ പോലും നമുക്ക് കാണാൻ സാധിക്കുന്നു.
ഇന്ത്യൻ മണ്ണിൽ നടമാടിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങൾക്കും ഫാഷിസ്റ്റ് അതിക്രമങ്ങൾക്കും എതിരെ പ്രവർത്തിച്ചു പോന്നിരുന്ന പ്രസിദ്ധ എഴുത്തുകാരനായ ഡോക്ടർ എംഎം കൽബുർഗി വെടിയുണ്ടകൾക്ക് ഇരയായി, നരേന്ദ്ര ദബേൽക്കറും ഗോവിന്ദ് പൻസാരെ യും വധിക്കപ്പെട്ടു. പെരുമാൾ മുരുഗനെ കൊണ്ട് എഴുത്തു നിർത്തിച്ചു. യു ആർ അനന്തമൂർത്തിയോട് പാക്കിസ്ഥാനിൽ പോകാൻ കല്പിച്ചു. ഫാഷിസത്തിനെതിരെ ആഞ്ഞടിച്ച പത്രപ്രവർത്തകയായ ഗൗരിലങ്കേഷ് വധിക്കപ്പെട്ടു. അക്രമങ്ങളും അതിക്രമങ്ങളും ഇല്ലാതെ സമാധാനം ലഭിക്കേണ്ടുന്ന ഇടങ്ങളായ ക്യാമ്പസുകളിൽ പോലും ഫാസിസ്റ്റ് തീ ആളിക്കത്തി. വിജ്ഞാനം തേടുന്നതോടൊപ്പം അധാർമികതകൾക്കും അക്രമരാഹിത്യത്തിനുമെതിരെ പോരാടിയിരുന്ന നജീബും, ജിഷ്ണുപ്രണോയ് യും ഇന്ന് കാണാമറയത്തായി...
ഒരു ജനത എന്ത് കഴിക്കുന്നു എന്നതിന് പകരം എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്ന്  അന്വേഷിക്കേണ്ട രാഷ്ട്രീയ ഭരണകൂടങ്ങൾ സാധാരണക്കാരന്റെ  അടുക്കളയിലേക്കും തീൻമേശയിലേക്കും വരെ കടന്നു വന്നു. മാംസം വാങ്ങി എന്ന കാരണത്താൽ ജുനൈദ് എന്ന ബാലൻ മൃഗീയമായി കൊലചെയ്യപ്പെട്ടു. തൻറെ വീട്ടിൽ തന്റെ  കൃഷിപ്പണിക്കും ഉപജീവനത്തിനുമായി പശുവിനെ വളർത്തി എന്ന കാരണത്താൽ ധാരാളം മനുഷ്യജീവനുകൾ നടുറോഡിലും വയൽകരകളിലും  പൊലിഞ്ഞു.
ഏതൊരു മനുഷ്യനും ഈ രാജ്യത്ത് എന്തും കഴിക്കാനുള്ള അവകാശമില്ലേ.... പിന്നെ എന്തുകൊണ്ടാണ് ജുനൈദ് കൊല്ലപ്പെട്ടത്?? എന്തുകൊണ്ടാണ് എത്രയോ മുഹമ്മദ് അഖ്ലാഖുമാർ  കൊലചെയ്യപ്പെട്ടത്??
ഏതൊരു മനുഷ്യനും ഈ രാജ്യത്ത് തൻറെ ആശയങ്ങൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവകാശമില്ലേ? പിന്നെ എന്തുകൊണ്ടാണ് ഗൗരിലങ്കേഷും ഗോവിന്ദ പൻസാരെയും വധിക്കപ്പെട്ടത്?? 1947 ആഗസ്റ്റ് 14 ന് അർധരാത്രി ഇന്ത്യ എന്ന ഈ രാജ്യത്തിന് തന്നെയല്ലേ സ്വാതന്ത്ര്യം ലഭിച്ചത്??? എന്തുകൊണ്ടാണ് ഇന്ത്യ മഹാരാജ്യത്ത് സാക്കിർ നായിക്കിനെ പോലുള്ള മുസ്ലിം പണ്ഡിതന്മാർക്ക് നേരെ യുഎപിഎ പോലുള്ള ജാമ്യമില്ലാവകുപ്പ് ചുമത്തിയത്?? കാരണം അവരെല്ലാം ചെയ്തത്, ഗൗരിലങ്കേഷും ഗോവിന്ദ പൻസാരയും ചെയ്തത് ഫാസിസ്റ്റ് അക്രമങ്ങൾക്കെതിരെ ശബ്ദിച്ചു എന്നതായിരുന്നു. എന്ത് കൊണ്ടാണ് കേന്ദ്ര സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നടത്തികൊണ്ടിരുന്ന ഒരുപാട് വിദ്യാർത്ഥികളുടെ പേരിൽ അന്യായമായി യുഎപിഎ ചുമത്തിയത്...? ഈ രാജ്യത്ത് ഇത്രയും കാലം ഒരമ്മ പെറ്റ മക്കളെ പോലെ സഹോദരങ്ങളായി ജീവിച്ച ഹിന്ദുവിനെയും മുസൽമാനെയും തമ്മിൽ അകറ്റി, മുസ്‌ലിം മത വിഭാഗക്കാർക്ക് മാത്രം ഇവിടെ പൗരത്വം നൽകില്ല എന്ന് പറഞ്ഞത് ചോദ്യം ചെയ്തതിനാലാണോ...? അതിനാലാണോ അവരെ ആണെന്നോ പെണ്ണെന്നോ നോക്കാതെ, മാനുഷിക പരിഗണന പോലും നൽകാതെ ചവിട്ടിയരച്ചത്?? അനീതിക്കെതിരെ, അക്രമത്തിനെതിരെ അവർ ആഞ്ഞടിച്ചു.. അപ്പോൾ അവരുടെ മതം നോക്കി, വിശ്വാസം നോക്കി അവരുടെ ശിക്ഷാ വിധിയും പ്രഖ്യാപിക്കപ്പെട്ടു. എം എം അക്ബറും സാക്കിർ നായിക്കും ചെയ്തത് തെറ്റാണെങ്കിൽ  അതിലും വലുതല്ലേ  ഇന്ന്  പലരും ചെയ്തുകൊണ്ടിരിക്കുന്നത്?? എന്തുകൊണ്ടെ അവരൊന്നും ശിക്ഷിക്കപ്പെടാത്തത്??
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പ്രകാരം ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു മനുഷ്യനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രബോധനം ചെയ്യാനും അവകാശമുണ്ട്, പിന്നെ എങ്ങനെയാണ് എം എം അക്ബറും സാക്കിർനായികും കുറ്റവാളികൾ ആകുന്നത്?? ഭാരതം എന്ന് പറയുന്നത് ഒരു മതേതരത്വ രാജ്യമാണ്, സാകിർ നായിക്കും എം എം അക്ബറും പ്രബോധനം ചെയ്തത് സമാധാനത്തിന്റെ മതവും....
ഇസ്ലാം എന്ന മതം ഒരിക്കലും ഒരാളെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്നില്ല, പരിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ തന്നെ നമുക്കത് കാണാൻ കഴിയും
لا إكراه فى الدين
(മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല 2:156) കൂടാതെ ഇസ്ലാം പഠിപ്പിക്കുന്നത് നിങ്ങൾ മറ്റു മതസ്ഥരെയും അവരുടെ ദൈവങ്ങളെ വിമർശിക്കരുത് എന്നുമാണ്. പിന്നെ എങ്ങനെയാണ് ഇസ്ലാമിക പ്രബോധകർ മതേതരത്വത്തിന് എതിരാകുന്നത്? വളരെയധികം ഖേദകരമായത്, ഈ കൊച്ചുകേരളത്തിലെ ഒരു മുഖ്യമന്ത്രിപോലും കാര്യമറിയാതെ എംഎം അക്ബറിനെതിരെ പ്രതികരിച്ചു എന്നതാണ്.
  എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണമോ തീവ്രവാദ ആക്രമണമോ ഉണ്ടാവുകയും  അതിന്റെ പിന്നിൽ പ്രവർത്തിച്ച കുറ്റവാളി ഒരു മുസ്ലിം നാമധാരിയാണെന്നറിയുകയും ചെയ്താൽ അവിടെയെല്ലാം സമാധാനത്തിനും ശാന്തിക്കും സാഹോദര്യ സഹവർത്തിത്വത്തിനും മാത്രം പ്രാധാന്യം നൽകുന്ന ഇസ് ലാമിനെ കുറ്റക്കാരനും ഭീകരവാദത്തിന്റെ മതവുമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് ഇന്ന് നമുക്ക് കാണാനാവുന്നത്.
  2019 മാർച്ച് 15 വെള്ളിയാഴ്ച നൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുള്ള അൽനൂർ മസ്ജിദിലും ലിൻവുഡ് മസ്ജിദിലും ജുമുഅ നമസ്കാരത്തിനായി ഒരുമിച്ച് കൂടിയ വിശ്വാസികൾക്ക് നേരെ നടന്ന ഭീകരാക്രമണം ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ആക്രമണത്തോടൊപ്പം തന്നെ ഇരുപത്തൊൻപതുകാരനായ ബ്രെന്റൺ റ്റെറന്റ് താൻ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ തത്സമയം കാണിച്ചു എന്നതും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മാലോകർ ഒരു ഞെട്ടലോടെയാണ് മനസിലാക്കിയത്. താൻ എന്തിനാണ് ഇത്തരം നീചമായ ഒരു പ്രവർത്തനത്തിന് തയ്യാറാകുന്നത് എന്ന് ഈ യുവാവ് തന്റെ ക്രൂര കൃത്യത്തിന് ഏതാനും സമയം മുമ്പ് പുറത്തിറക്കിയ എഴുപത്തി മൂന്നോളം പുറങ്ങളുള്ള തന്റെ മാനിഫെസ്‌റ്റോയിൽ പറയുന്നുണ്ട്.
ഈ ലോകത്ത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും വളർച്ച യൂറോപ്യൻ ഭാവിയെ ബാധിക്കുമെന്നും അതിനാൽ ഇസ്ലാമിനെ ഇല്ലായ്മ ചെയ്യണമെന്നുമാണ് ആ മാനിഫെസ്‌റ്റോയുടെ രത്ന ചുരുക്കം...
എന്നിട്ട് ആ യുവാവ് ഇസ്ലാമിനെ ഇല്ലായ്മ ചെയ്യാനായി തെരഞ്ഞെടുത്ത സ്ഥലമാകട്ടെ സമാധാനത്തിന്റെ ഗേഹങ്ങളായ പള്ളികളെയും.
  മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ പോലും ഇസ്‌ലാംഭീതിയും വെറുപ്പും വളർത്തുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന കാര്യം ഗൗരവതരമായി കാണേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല. പരിശുദ്ധ ഖുർആനിലെ വചനങ്ങൾ തെറ്റായി ഉദ്ധരിച്ചും നബിജീവിതത്തിലെ സംഭവങ്ങൾക്ക് അവയ്ക്കില്ലാത്ത വ്യാഖ്യാനങ്ങൾ നൽകിയും ഇസ്‌ലാമിനെ തമസ്കരിക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്നത് അവർക്കിഷ്ടമില്ലാത്ത ഒരു ആശയത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല; ബഹുസ്വരതയുടേതായ നമ്മുടെ സംസ്കാരത്തിന്റെ കടയ്ക്ക് കത്തി വെച്ച് വലിയ സാമൂഹ്യവിപത്തിന് വഴി മരുന്നിടുക കൂടിയാണ് അവർ ചെയ്യുന്നതെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം. കേരളത്തിലും ഇസ്‌ലാം ഭീതിയും വെറുപ്പും വളർത്തുവാൻ മുന്നിൽ നിൽക്കുന്നത് യുക്തിവാദികളെന്ന് സ്വയം വിളിക്കുന്ന നാസ്തികരാണ്. അവർ നൽകുന്ന ആയുധങ്ങളുപയോഗിച്ച് ഇസ്‌ലാം വെറുപ്പ് പ്രസരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെയുള്ള  ഒരു വിഭാഗം ആളുകൾ.....
  ഖുർആനോ നബിവചനങ്ങളോ ഒരു തവണ പോലും വായിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിക്കുന്ന ഇവർ ഖുർആൻ വചനങ്ങളും നബിജീവിതത്തിലെ സംഭവങ്ങളും ഉദ്ധരിച്ച് ഇസ്‌ലാമിലെ ഭീകരതയെ നിർധരിക്കുന്നത് കണ്ടാൽ അല്പമെങ്കിലും  വിവരമുള്ളവരെല്ലാം മൂക്കത്ത് വിരൽ വെച്ച് പോകും... എന്തുകൊണ്ടാണ് ഇസ്ലാം ഇത്രയധികം വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.??
  ഇന്ന് ഇസ്ലാമിനെ പറ്റി അപവാദ പ്രചരണം നടത്തുന്നവരും അതിനെ മനസ്സിലാക്കാത്തവരും ആ മതത്തെപ്പറ്റി മനസ്സിലാക്കാനും ആ മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിനെപ്പറ്റി പഠിക്കാനും അൽപമെങ്കിലും മനസ്സ് കാണിക്കേണ്ടതുണ്ട്..
  ആവശ്യമായി വന്നാൽ അമുസ്ലിമിന് പോലും സ്വത്തവകാശം നൽകണമെന്നും തന്റെ അയൽവാസി ഏത് മതസ്ഥനാണെങ്കിലും അവൻ വിശന്നിരിക്കെ വയറു നിറച്ച് ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്നും പഠിപ്പിച്ച പ്രവാചകന്റെ മതം, ഒരാളെ അന്യായമായി വധിക്കുന്നത് ലോകത്തെ മുഴുവൻ വധിച്ചു കളഞ്ഞതിന് തുല്യമാണെന്ന് പഠിപ്പിച്ച അതേ മതം, അന്യ മതസ്ഥരുടെ ചിഹ്നങ്ങളെയും അവരുടെ ദൈവങ്ങളെയും നിങ്ങൾ പരിഹസിക്കരുത് എന്ന് താക്കീത് നൽകിയ അതേ മതം, ദാനധർമ്മത്തിന് മതമില്ല എന്ന് പഠിപ്പിച്ച മതം, ശത്രു എത്ര ക്രൂരനാണെങ്കിലും അവനോട് വിട്ട് വീഴ്ചയും കാരുണ്യവും കാണിക്കാൻ പഠിപ്പിച്ച അതേ മതം,... പിന്നെയെങ്ങിനെയാണ് ഈ മതം തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രോത്സാഹനം നൽകുന്ന മതമായി തീരുന്നത്?
  ഈ മതത്തെപ്പറ്റി നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഡോ.കീത്ത് മൂറും മോറിസ് ബുക്കായിയും ഇസ്ലാമിനെ ധാരാളമായി വിമർശിച്ചിരുന്ന ഡച്ച് ഫ്രീഡം പാർട്ടി നേതാവായ ജൊറം വാൻ ക്ലെവറനുമെല്ലാം ഇസ്ലാം സ്വീകരിച്ചത്.
  വിശ്വാസത്തിന് നേരെ വരുന്ന വിമർശനങ്ങളെ തടുക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. ആ ബാധ്യത നാം നിറവേറ്റിയില്ല എങ്കിൽ ബഹുസ്വരതയുടെ നൂലിഴകളാണ് തകർക്കപ്പെടുക. മതേതരത്വമാണ് തച്ചുടയ്ക്കപ്പെടുക. അത് പിന്നെ നമ്മുടെ നാടിന്റെയും തകർച്ചയായിരിക്കും.
മുൻ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹം ഒരു ചടങ്ങിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത്, ഉടനെ ബഹുമാന്യനായ ഇ.എം.എസ് തന്റെ പ്രസംഗം നിർത്തുകയും തന്റെ മുമ്പിലിരിക്കുന്ന സദസ്സിനോട് ഇങ്ങനെ പറയുകയും ചെയ്തു ”ആ മൈക്കും സ്പീക്കറും ഇത്രയും നേരം അവിടെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴാണ് അത് പ്രവർത്തിച്ചത് അത് പ്രവർത്തിക്കാൻ കാരണം അവർക്ക് അതിന്റെ  ഒരു ആവശ്യം ഉള്ളത് കൊണ്ടാണ് അതുകൊണ്ട് ഞാൻ എൻറെ പ്രസംഗം നിർത്തുകയാണ്”.... ഇവിടെയാണ് നമ്മൾ ഇ.എം.എസിന്റെ വിശാലമനസ്കത മനസ്സിലാക്കേണ്ടത്. വിമർശിക്കപ്പെടുന്നവർക്കിടയിലും അനുമോദിക്കപ്പെടേണ്ടവർ ഉണ്ടാകുമല്ലോ!!
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മഹാനായ അബ്ദുൽകലാം ആസാദ് തികഞ്ഞ മത വിശ്വാസിയായിരുന്നു, അറിയപ്പെടുന്ന മുസ്ലിം പണ്ഡിതനായിരുന്നു. വിശുദ്ധഗ്രന്ഥമായ ഖുർആനിൻറെ പരിഭാഷ എഴുതിയ ആളായിരുന്നു. അദ്ദേഹത്തിന് ശേഷം പിന്നീട് എന്തുകൊണ്ട് ഒരൊറ്റ മുസ്ലിം നാമധാരിയും ആ സ്ഥാനത്ത് എത്തിയില്ല?? 1970കളിൽ എൺപതോളം മുസ്ലീം എംപിമാർ ഇന്ത്യൻ പാർലമെൻറിൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് അവരെല്ലാം എവിടെപ്പോയി... എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?? ദക്ഷിണേന്ത്യയിൽ മുസ്ലിങ്ങൾ ഇല്ലാഞ്ഞിട്ടാണോ?! എല്ലാത്തിനും കാരണക്കാർ നമ്മുടെ അരമുറിയൻ പണ്ഡിതന്മാരാണ്.
മുമ്പ് കാലഘട്ടത്തിലെ അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള കെ എം മൗലവിയെ പോലുള്ള രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ രാഷ്ട്രീയത്തോടൊപ്പം അവരുടെ മതപരമായ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അതുകൊണ്ട് അവർക്കെല്ലാം തന്നെ മതത്തിന്റെ  മൂല്യങ്ങളും അറിയുമായിരുന്നു. ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട് എന്തുകൊണ്ടാണ് ഈ ഭാരതത്തിൽ ഫാസിസം ഇത്രയും വേരൂന്നിയത്. എങ്ങനെയാണ് അവർക്ക് അതിനു സാധിച്ചത് എന്ന്..
മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  വാക്കുകൾ ഞാൻ കടമെടുക്കുകയാണ് സിഎച്ച് ഒരിക്കൽ പറയുകയുണ്ടായി” തല തടവുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ് എങ്കിലും തല പോകുന്ന കാര്യത്തിൽ നാം ഒറ്റക്കെട്ടാവണം”
അതെ, ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ഫാസിസ അക്രമത്തിനെതിരെ പ്രവർത്തിക്കുന്ന തന്റെ  വിശ്വാസത്തെ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുന്ന നല്ല ഭാരതീയനായി നമുക്ക് മാറാം.....
ഫാഷിസ്റ്റ് അക്രമങ്ങൾക്ക് നേരെ നമുക്ക് ശബ്ദമുയർത്താം
✍️ *അമീൻ തിരുത്തിയാട്*
(15/8/2020 ശനിയാഴ്ച renai blog ൽ പ്രസിദ്ധീകരിച്ച ലേഖനം)



No comments:

Wikipedia

Search results