എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Friday, November 22, 2019

മക്കളെ മാപ്പ്...


മക്കളേ, പൊതു സമൂഹമേ മാപ്പ്,
 ഒരു അധ്യാപകനെന്ന നിലയിൽ സമൂഹത്തിലും, കുട്ടികളുടെ മുന്നിലും ലജ്ജിച്ചു തലതാഴ്ത്തുന്നു... ഞങ്ങൾക്കിടയിലും ഇത്തരം ഉത്തരവാദിത്തമില്ലാത്ത, മനുഷ്യത്വമില്ലാത്ത, സമൂഹത്തോടും കുട്ടികളോടും പ്രതിബന്ധതയില്ലാത്ത പുഴുക്കുത്തുകൾ ഉണ്ടെന്നറിഞ്ഞതിൽ... എത്ര മാപ്പിരന്നാലും നികത്താനാവാത്ത കുറ്റം. ഒരു ജീവൻ നഷ്ടപ്പെടുത്തിയതിന് പരിഹാരമാവില്ലെന്നറിയാം,പൊതുസമൂഹവും, കുട്ടികളും ഞങ്ങൾക്ക് തരുന്ന സ്ഥാനത്തിനും, ബഹുമാനത്തിനും വിലമതിക്കാനാവില്ല.. ഇത്തരത്തിലുള്ള പുഴുക്കുത്തുകൾ തകരട്ടെ..
ഞങ്ങളെ വിശ്വസിക്കുക, ഇത്തരം പുഴുക്കുത്തുകൾക്ക് അർഹിച്ച ശിക്ഷ ഉറപ്പുവരുത്തുക

Thursday, November 14, 2019

നിഷ്കളങ്ക ബാല്യം...

  നിഷ്കളങ്കമായ ബാല്യം... ഓടിയും ചാടിയും നാം പിന്നിട്ട വഴികൾ, ഇണങ്ങിയും പിണങ്ങിയും, വെയിലിലും മഴയിലും, പുഴയിലും മലയിലും, സ്ളേറ്റും പെൻസിലും,..... കഴിഞ്ഞു പോയ ആ നിഷ്കളങ്ക ബാല്യം ഒരു കണ്ണീരോർമായാണ്. എന്നും ഓർക്കുമ്പോൾ സന്തോഷം മാത്രം തിരികെ നൽകുന്ന ബാല്യം... ആ ബാല്യം ഒരിക്കൽ കൂടി തിരിച്ചുവെന്നങ്കിലെന്നാശിച്ചു പോകുന്നു... പാറി പറക്കണം പൂമ്പാറ്റയെ പോലെ....  ആർത്തുല്ലസിക്കണം  തിരമാലകണക്കെ...
ഓർമകളിലേക്ക് ഓടിയെത്തുന്ന സുഹൃത്തുക്കൾ... അവരൊക്കെയിന്ന് എവിടെയാണാവോ... എത്ര മാത്രം സുഹൃത്തുക്കളുണ്ടായാലും ഒരിക്കലും മറന്നു കളയാൻ പറ്റാത്തവരാണ് ആ സുഹൃത്തുക്കൾ... അവരോടൊപ്പം കഴിഞ്ഞു കൂടിയ സുന്ദര നിമിഷങ്ങൾ... ഒരുമിച്ചിരുന്നതും ഒരുമിച്ച് കഴിച്ചതും....
പക്ഷെ ഒന്നും തിരിച്ചു വരില്ല.... അത് കാലത്തിന്റെ നിയമമാണ്...
നഷ്ടമായത് നല്ലൊരു ജീവിത കാലമാണ്... കള്ളമില്ലാത്ത കളങ്കമില്ലാത്ത നല്ലൊരു കാലം... ബാക്കിയായത് സുന്ദരമായ ഓർമകളാണ്...

#ശിശുദിനാശംസകൾ

Friday, November 8, 2019

കമ്പിളിപ്പറമ്പിലെ മറക്കാനാവാത്ത 39 ദിനങ്ങൾ


ടീച്ചിങ് ഫീൽഡിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു കഴിഞ്ഞ 39 ദിനങ്ങൾ. 2019 ഒക്ടോബർ 1 നാണ് കമ്പിളിപ്പറമ്പ AMUP സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്ക് കയറിയത്. 6 മാസത്തെ ഒഴിവിലേക്കായിരുന്നു പ്രവേശനം. ഓരോ ദിവസവും വളരെ സന്തോഷത്തോടെ കഴിഞ്ഞു പോയികൊണ്ടിരുന്നു. തികച്ചും അപരിചിതമായ ഒരു പ്രദേശമായിരുന്നു കമ്പിളിപ്പറമ്പ. അവിടേക്ക് ചെല്ലുമ്പോൾ ഉള്ളിൽ മുഴുവൻ ആശങ്കകളായിരുന്നു. തികച്ചും യാദൃശ്ചികമായാണ് ഉമ്മയുടെ അനിയത്തി ജുവൈബ ടീച്ചറെ പരിചയപ്പെടുന്നത്. അവിടന്നങ്ങോട്ട്‌ സ്വന്തം ഉമ്മയെ പോലെ തന്നെയായിരുന്നു ടീച്ചറെനിക്ക്... ആവശ്യമുള്ളപ്പോഴെല്ലാം ഉപദേശിക്കാനും ടീച്ചർ ഒരിക്കലും മറന്നില്ല. എന്നും ഒരു കൈത്താങ്ങും ഒരു ആശ്രയവുമായിരുന്നു ടീച്ചർ. അത് പോലെ തന്നെ മുനീർ സർ. ഒരു സഹപ്രവർത്തകനെന്നത്തിലുപരി വളരെ അടുത്ത സുഹൃത്തായിരുന്ന ആനന്ദ് സർ, എന്തോ പ്രായം കൊണ്ടുള്ള അടുപ്പമായിരിക്കാം ഞങ്ങളെ ഇത്ര മാത്രം അടുപ്പിച്ചത്. ഞങ്ങളുടെ സ്റ്റാഫ്‌ സെക്രട്ടറി റസാക്ക് മാഷും അങ്ങനെ തന്നെയായിരുന്നു. 36 വർഷത്തെ സർവീസുള്ള റസാക്ക് മാഷ് ഇന്നലെ വന്നു കയറിയ എന്നെ പേര് വിളിക്കുന്നതിന്‌ പകരം മാഷ് എന്നായിരുന്നു വിളിക്കലെന്നതും എനിക്കൊരു പുത്തൻ അനുഭവമായിരുന്നു. റസാഖ് മാഷ് മാത്രമല്ല... ഈ സ്കൂളിലേ മുഴുവൻ അധ്യാപകരും  "മാഷേ" എന്നുള്ള വിളിയിലൂടെയായിരുന്നു പരസ്പരം അഭിസംബോധന ചെയ്തിരുന്നത്.
  ജുവൈബ ടീച്ചറെ പോലെ തന്നെ ബന്ധുക്കളിൽപെട്ടവരായിരുന്നു കുഞ്ഞു മുഹമ്മദ്‌ മാഷും സീന ടീച്ചറുമെല്ലാം. മിഥുൻ മാഷും, ലതീഷ് മാഷും, ഹംജദ് മാഷും, അഷ്റഫ് മാഷും, ഷിജി ടീച്ചറും സൂറ ടീച്ചറും, സാജിദ ടീച്ചറും... ഓരോരുത്തരിൽ നിന്നും ഒരുപാട് അനുഭവങ്ങൾ... എന്റെ രണ്ട് സഹപാഠികളുടെ പിതൃസഹോദരനായിരുന്നു റസാഖ് മാഷ്, അവരുടെ ഭാര്യ സാജിദ ടീച്ചറും... എന്നും അടി ഉണ്ടാക്കാനുള്ള ഒരു കൂട്ടായിരുന്നു സൂറ ടീച്ചർ... കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണെങ്കിലും നിഹാൽ സാറും റഷ ടീച്ചറും നല്ല സുഹൃത്തുക്കളായിരുന്നു.
   സഹപ്രവർത്തകരെപ്പോലെത്തന്നെയായിരുന്നു അവിടത്തെ വിദ്യാർത്ഥികളും... എത്ര തന്നെ ചീത്ത പറഞ്ഞാലും വീണ്ടും വീണ്ടും അവരോടുള്ള അടുപ്പം കുടുകയായിരുന്നു. ഏഴാം ക്ലാസിലെ സാജിറും ഹിഷാമും ലത്തീഫും, ആറാം ക്ലാസിലെ ഈ സ്കൂളിൽ വെച്ച് ഞാനാദ്യം പരിചയപ്പെട്ട ഫറയും ഫർഹയും, നൂഹയും ഹിബയും ഹൈഫയും, അഞ്ചാം ക്ലാസിലെ അനീസും, നാലിലെ ഫൈഹയും ഇൻഷിറയും, എന്നും "ഇങ്ങള് കല്യാണം കൈച്ചീണോ? പെണ്ണ്ങ്ങളെ പേരെന്താ" എന്നും ചോദിച്ച് പിന്നാലെ കൂടുന്ന മൂന്നാം ക്ലാസിലെ റാനിയയും ദിയയും, രണ്ടാം ക്ലാസിലെ അർഷാനയും റനയും സജാദും ഇമ്രാൻ അലിയും ഒന്നാം ക്ലാസിലെ കൊച്ചു വികൃതിക്കാരൻ ഹനാനുമെല്ലാം മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചത്.
  അത് പോലെ തന്നെയായിരുന്നു സബ്ജില്ലാ കലോത്സവത്തിൽ LP, UP അറബിക് വിഭാഗത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്... സ്കൂളിന്റെ വിജയത്തിൽ ഒരു ഭാഗവാക്കാവാൻ കഴിഞ്ഞു എന്നതും ഒരുപാട് സന്തോഷമുണ്ടാക്കിയിരുന്നു.
  അവസാനമായി ആനന്ദ് മാഷ് പറഞ്ഞത് പോലെ ഒരു തവണ പരിചയപെട്ടാൽ പിന്നെ മറക്കാറില്ല എന്നതാണ് പ്രകൃതം. ശരീരം കമ്പിളിപറമ്പിൽ നിന്നും പോന്നെങ്കിലും മനസെന്നും അവിടെയുണ്ടാകും.. അത്ര മാത്രം അടുത്തിരുന്നു ആ സ്ഥാപനത്തോടും അവിടത്തെ സഹപ്രവർത്തകരോടും. പിരിയാൻ താല്പര്യമുണ്ടായിട്ടല്ല... സാഹചര്യം അങ്ങനെയാണ്... For a better future... അത് മാത്രമാണ് പിരിയാൻ തോന്നിപ്പിച്ചത്...

Mob:9207791873





Wikipedia

Search results