എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Thursday, September 5, 2019

അദ്ധ്യാപക ദിനവും രക്ഷിതാക്കളും



  ഇന്ന് സെപ്റ്റംബർ 5, അദ്ധ്യാപക ദിനം. അദ്ധ്യാപക ദിനത്തിൽ നാം പൊതുവെ പല രീതിയിൽ പലരിൽ നിന്നും കേൾക്കുന്ന ഒരു കാര്യമാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ആദ്യ അദ്ധ്യാപകർ അയാളുടെ മാതാവും പിതാവുമാണെന്നത്. ആദ്യ അദ്ധ്യാപകരായി മാറി നിൽക്കേണ്ടവരാണോ അവർ ??? അല്ല, ഒരിക്കലുമല്ല.
  പക്ഷെ ഇന്നിന്റെ ലോകത്ത് നടക്കുന്നതെന്താണ്? നാം കാണുന്നതെന്താണ്? ആദ്യ അദ്ധ്യാപകർ എന്നറിയപ്പെടുന്ന അല്ലെങ്കിൽ സമൂഹത്താൽ വിശേഷിപ്പിക്കപ്പെടുന്ന ആ മാതാപിതാക്കൾ തന്നെ ഒരു മനുഷ്യന്റെ നാശത്തിനോ, അല്ലെങ്കിൽ അവനെ ഏതെങ്കിലും തരത്തിൽ മോശമാക്കുന്നതിനോ കാരണക്കാരായി തീരുന്നതാണ്. മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു: ”എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ് പിന്നീടവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ്.”
  ലോകത്തിലെ ഏറ്റവും ഉത്തമനായ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് നബി (സ്വ) ഒരിക്കൽ പറയുകയുണ്ടായി. "നിങ്ങൾ നിങ്ങളുടെ മക്കളുടെ ഏഴ് വയസ് വരെ അവരോടൊപ്പം കളിക്കുക. അടുത്ത ഏഴ് വർഷം അഥവാ പതിനാല് വയസ് വരെ നിങ്ങൾ അവരെ മതപരമായതും അല്ലാത്തതുമായ വിദ്യ അഭ്യസിപ്പിക്കുക. അടുത്ത ഏഴ് വർഷം അഥവാ ഇരുപത്തി ഒന്നാം വയസ് വരെ നിങ്ങളവരുടെ ഏറ്റവും അടുത്ത സുഹൃത്താവുക" ഇതേ കാര്യങ്ങളാണ് ഏകദേശം ഭൂമിയിലുള്ള എല്ലാ മതങ്ങളും മനശാസ്ത്രജ്ഞരും മനുഷ്യനെ പഠിപ്പിക്കുന്നത്.
  എന്നാൽ ഇന്ന് ജീവിതത്തിരക്കുകളുടെ ഈ ലോകത്ത് ഏതെങ്കിലും രക്ഷിതാക്കൾ തന്റെ മക്കളോട് ഈ രീതിയിൽ ഇടപഴകാറുണ്ടോ? ഇങ്ങനെ ഇടപഴകുന്നവരെ മുഴുവൻ സമൂഹം ഇന്ന് കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. പിന്നെങ്ങനെ നമ്മുടെ മക്കൾ നന്നാവും?
  ആദ്യത്തെ ഏഴ് വർഷക്കാലം ഒരു പക്ഷെ പല രക്ഷിതാക്കളും മക്കളോട് നല്ല രീതിയിൽ ഇടപഴകുന്നവരായേക്കാം... എന്നാൽ മൂന്നാമതായ് പറഞ്ഞ ഏഴ് വർഷക്കാലം അഥവാ ഇരുപത്തിയൊന്ന് വയസുവരെയുള്ള കാലഘട്ടം. ഇന്ന് 99 ശതമാനം രക്ഷിതാക്കളും ചെയ്യാത്ത ഒരു കാര്യമാണത്. തന്റെ മകന്റെ/ മകളുടെ ആത്മ സുഹൃത്തായി മാറുകയെന്നത്. കാരണം ചോദിച്ചാൽ പലരും പറയും അവന്/അവൾക്ക് ഞാൻ കൂടെ നടക്കുന്നത് ഇഷ്ടമല്ലായെന്ന്. എങ്കിൽ പ്രിയ രക്ഷിതാക്കളെ, ഒരു കാര്യം നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ മക്കൾ നിങ്ങളവരുടെ കൂടെ നടക്കുന്നത് ഇഷ്ടപ്പെടാതിരിക്കുന്നുവെങ്കിൽ അതിന് കാരണം നിങ്ങൾ തന്നെയാണ്. ഇരുപതാമത്തെ വയസ് മുതലല്ല
 മക്കളുടെ ആത്മസുഹൃത്താവേണ്ടത്. മറിച്ച് പതിനാലാമത്തെ വയസ് മുതൽ ആവേണ്ടിയിരുന്നു. പതിനാലാം വയസ് മുതൽ അവന് തന്റെ എന്ത് കാര്യവും തന്റെ മാതാപിതാക്കളോട് പറയാം എന്നുള്ള തോന്നലുണ്ടാക്കേണ്ടിയിരുന്നു.
  കൂടിയിരുന്ന് സംസാരിക്കാനുള്ള സ്ഥലമായിരുന്ന വീടുകളും അവിടങ്ങളിലെ ഡൈനിങ് ടേബിളുകളുമെല്ലാം നിശബ്ദമായി പോയതിന് ന്യൂ ജനറേഷൻ എന്ന് നിങ്ങൾ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പുതു തലമുറയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാറ്റം വരേണ്ടത് രക്ഷിതാക്കളിൽ നിന്നായിരുന്നു.
  ഒരു കുട്ടി എന്തെങ്കിലുമൊന്ന് പറയുമ്പോഴേക്ക് അവനോട് "ഒന്ന് മിണ്ടാതെയിരിക്ക്" എന്ന് പറയുന്നവരായി ഇന്നത്തെ രക്ഷിതാക്കൾ മാറിയതാണ് ഇന്നത്തെ കുട്ടികൾ മാറാനും കാരണമായത്.
  ഒരിക്കലും രക്ഷിതാക്കളും കുട്ടികളും ഒരേ ചിന്താഗതിക്കാരാകണമെന്നില്ല. ഓരോരുത്തർക്കും അവരവരുടെതായ ആശയങ്ങളുണ്ട്. താൻ ജീവിച്ച പോലെ തന്റെ മക്കളും ജീവിക്കണമെന്നാഗ്രഹിച്ചിട്ട് കാര്യമില്ല. അവന് മനസ്സിലാക്കാൻ സാധിക്കണം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന്... അതിന് മാതൃക കാണിക്കേണ്ടത് മാതാപിതാക്കളും... അവർക്ക് നിയന്ത്രണങ്ങളുടെ ശക്തമായ കടിഞ്ഞാണിടുമ്പോൾ അവരാ നിയന്ത്രണത്തെ ഭേദിക്കാനേശ്രമിക്കുകയുള്ളൂ. ഒരു കുട്ടി തന്റെ മാതാപിതാക്കളെക്കാൾ കൂടുതൽ തന്റെ കൂട്ടുകാരുടെ അടുക്കൽ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അവന്റെ മാതാപിതാക്കൾ അവനോട് കോപിക്കുന്നതിന് പകരം അവരാദ്യം ആത്മവിചാരണ നടത്തുകയാണ് വേണ്ടത്. താൻ തന്റെ മക്കളോടെങ്ങനെ പെരുമാറുന്നുവെന്ന്...
  എല്ലാ രക്ഷിതാക്കളും മോഷമാണെന്നോ എല്ലാ സുഹൃത്തുക്കളും നല്ലതാണെന്നോ അല്ല പറഞ്ഞത്. തന്റെ മക്കളുടെ കൂട്ട് കെട്ടിനെക്കുറിച്ച് തീർച്ചയായും രക്ഷിതാക്കളറിയണം.തന്റെ രക്ഷിതാക്കളെപ്പറ്റി മക്കളറിയണം. എന്നിട്ട് വേണം നമുക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ. ത്റെ മകൻ മോശപ്പെട്ട ഒരു കൂട്ടുകെട്ടിലെ അംഗമാണെങ്കിൽ അവനെ ഒരു ദിവസം പെട്ടെന്ന് പോയി ഉപദേശിക്കുകയല്ല വേണ്ടത്. അതൊരിക്കലും ഉപകരിക്കില്ല. ഉപദ്രവമാവുകയേയുള്ളു. മറിച്ച് അവനോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കൊടുക്കാനാണ് രക്ഷിതാക്കൾക്ക് കഴിയേണ്ടത്.ക്രമേണ അവന്റെ ആത്മ സുഹൃത്തായി ഓരോ രക്ഷിതാക്കളും മാറുകയാണ് വേണ്ടത്.
  ഇനിയെങ്കിലും ഓരോ രക്ഷിതാവും തന്നെപ്പറ്റി ഒരാത്മ വിചാരണ നടത്തട്ടേ ... എന്താണ് തന്റെ അവസ്ഥയെന്ന്.

  ഈ അദ്ധ്യാപക ദിനത്തിൽ ആദ്യത്തേ പോലെത്തന്നെ മക്കളുടെ ഉത്തമ അദ്ധ്യാപകരും സുഹൃത്തുമാകാൻ ഓരോ രക്ഷിതാക്കൾക്കും സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ....

അമീൻ തിരുത്തിയാട്

No comments:

Wikipedia

Search results