ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ അതുല്യമായ സ്വാധീനം ചെലുത്തുന്നവരാണ് അദ്ധ്യാപകർ. "ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുസ്തകമാണ് ഒരു നല്ല അദ്ധ്യാപകൻ" എന്ന് മഹാത്മാഗാന്ധി പറഞ്ഞതും നഗ്നമായ സത്യമാണ്. പുറമെ ചിരിക്കാനും അകമെ കണ്ണുരുട്ടാനും കഴിയുന്നവരിൽ നിന്ന് വ്യത്യസ്തമായി പുറമെ കണ്ണുരുട്ടാനും അകമെ ചിരിക്കാനും അറിയുന്നവർ അവരാണ് അധ്യാപകർ.
നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നമുക്ക് ധാരാളം അദ്ധ്യാപകരെ കിട്ടിയിട്ടുണ്ടാകും.അതിൽ നാം ഏറെ ഇഷ്ടപ്പെടുന്നവരുണ്ടാകും. നമ്മെ സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചവരുണ്ടാകും. ഇന്ന് ഒരദ്ധ്യാപകനായി സേവനം ചെയ്യുമ്പോൾ മനസിലാക്കുന്നു, അദ്ധ്യാപനത്തിന്റെ മഹത്വവും പ്രാധാന്യവും.
2006 മുതലാരംഭിച്ച എന്റെ സ്കൂൾ ജീവിതത്തിൽ ഇന്ന് വരെ നൂറോളം അദ്ധ്യാപകർ എന്നിലൂടെ കടന്നു പോയിട്ടുണ്ട്. അതിൽ ഞാനേറെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ധാരാളം അദ്ധ്യാപകരുണ്ടായിരുന്നു.
ഒന്നാം ക്ലാസിലൂടെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ ആരംഭിച്ചത് പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ച എൽ.പി സ്കൂലെ നിഖില ടീച്ചറിൽ നിന്നായിരുന്നു. പിന്നീടുള്ള കാലം എനിക്ക് ആ സ്കൂളിൽ പ്രിയപ്പെട്ടതായുണ്ടായിരുന്നത് മൂന്നാം ക്ലാസിലെ ഞങ്ങളുടെ മഹിത ടീച്ചറായിരുന്നു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രിയ ടീച്ചർ, ഇന്നും എവിടെ വെച്ച് കണ്ടാലും പഴയ ആ ഓർമകൾ അയവിറക്കാറുണ്ട്. അറബി ഭാഷയോടെനിക്കുള്ള ഇഷ്ടവും അടുപ്പവും ഉണ്ടാക്കിത്തന്നത് എന്നെ ആദ്യമായി അറബി പഠിപ്പിച്ച സഫിയ ടീച്ചറായിരുന്നു.
യു.പി ക്ലാസിലേക്ക് മാറിയപ്പോൾ എനിക്കവിടെ പ്രിയപ്പെട്ടതായുണ്ടായിരുന്നത് അന്നും ഇന്നും ഒരു വിദ്യാർത്ഥിയായി പരിഗണിച്ചു കൊണ്ട് ആവശ്യമുള്ള സമയങ്ങളിൽ എന്നെ സഹായിക്കുന്ന പ്രിയ അറബി അദ്ധ്യാപകൻ മൻസൂർ സാറായിരുന്നു.പലപ്പോഴും പല രാത്രികളിലും സാറിന്റെ വീട്ടിലേക്ക് പോകാറുണ്ടായിരുന്ന ഞാൻ മിക്ക സമയങ്ങളിലും സാറോടൊപ്പമായിരുന്ന ചെലവഴിച്ചിരുന്നത്. അത്രമാത്രം അടുപ്പമുള്ളതായിരുന്നു ആ ബന്ധം.
ഹൈസ്കൂളിൽ മുരളി സാറും മൂന്ന് വർഷങ്ങളിൽ ക്ലാസ് അദ്ധ്യാപകരായിരുന്ന ഗണിതാദ്ധ്യാപകർ, സലീന ടീച്ചറും, ശൈലജ ടീച്ചറും, ജയൻ മാഷുമായിരുന്നു പ്രിയപ്പെട്ടവർ. മൂന്ന് വർഷവും പ്രിയപ്പെട്ട ഗണിതാദ്ധ്യാപകർ ക്ലാസദ്ധ്യാപകരായിട്ടും ഗണിതത്തോട് തോന്നാത്ത ഇഷ്ടം അറബിയോട് തോന്നിയതിന്റെ കാരണം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അറബി അദ്ധ്യാപകരെയായതും കുഞ്ഞു നാൾ മുതലേ സഫിയ ടീച്ചർ അറബിയെ ഹൃദയത്തിൽ കൊത്തിവെച്ചതുമാകാം.
എസ്.എസ്.എൽ.സി കഴിഞ്ഞത് മുതൽ റൗളത്തുൽ ഉലൂം അറബിക് കോളേജിലായിരുന്നു പഠനം. ഓർമയിൽ എന്നെന്നും സൂക്ഷിക്കാവുന്ന ധാരാളം കാര്യങ്ങളായിരുന്നു അവിടത്തെ അദ്ധ്യാപകർ പകർന്നു നൽകിയത്.
രണ്ടു വർഷം ക്ലാസദ്ധ്യാപകനായിരുന്ന ഉമൈർ ഖാൻ (UK) സാറും
വിശുദ്ധ ഖുർആനിന്റെ അർത്ഥവ്യാപ്തിയിലേക്ക് ഞങ്ങളെ കൊണ്ടെത്തിക്കുന്ന അലി മദനി (AM) യും
അറബി കവിതകളെപ്പറ്റിയും അതിന്റെ മാധുര്യത്തെപ്പറ്റിയും കൂടുതലറിയാൻ സഹായിച്ച ഉസ്മാൻ ഫാറൂഖി (CK) യും
അറബി സാഹിത്യ ചരിത്രത്തെപ്പറ്റി അഗാതമായി പഠിപ്പിക്കുകയും കെ-ടെറ്റ് പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാവാൻ പ്രചോദനം നൽകുകയും ചെയ്ത അബൂബക്കർ (AB) സാറും ഫർഹാന (FR) ടീച്ചറും,
പഠനത്തോടൊപ്പം തന്നെ സംഘടനാ പ്രവർത്തനം എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാമെന്ന് പറയാതെ പഠിപ്പിച്ച് തന്ന, ഒരദ്ധ്യാപകനെന്നതിലുപരി ഒരു സുഹൃത്തിന്റെ പങ്ക് വഹിച്ച പ്രിയ അദ്ധ്യാപകൻ ജംഷീർ (JS) സാറും,
എപ്പോഴും എല്ലാവരോടും സൗമ്യനായി പുഞ്ചിരിയോടെ സംസാരിക്കാൻ മാതൃക കാണിച്ച അബ്ദുൽ അസീസ് (VM) സാറും,
അറിവിന്റെ നിറകുടമായിരുന്ന പണ്ഡിതൻ ഡോ.അബ്ദുറഹ്മാൻ (CA) സാറും,
തമാശയിലൂടെ കാര്യങ്ങൾ ലളിതമായി മനസിലാക്കിത്തന്ന ഇർഷാദ് (IR) സാറും ഷൗക്കത്ത് (SK) സാറും,
കോളേജിൽ നിന്നും പോന്നുവെങ്കിലും ഇന്നും ഇടക്കിടെ ബന്ധം സ്ഥാപിക്കുന്ന പ്രിയ അദ്ധ്യാപകൻ ഇസ്സുദ്ധീൻ (IZ) സാറും,
അതിനെക്കാളുപരി ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് അനിയനെ പോലെ പരിഗണിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയ ഷറഫു സാറും...
ഇവരുടെയെല്ലാം ശിഷ്യത്തവും പ്രാർത്ഥനകളും അനുഭവത്തിൽ നിന്നുള്ള ഉപദേശങ്ങളുമാകാം ഇന്നൊരു അദ്ധ്യാപകനായിരിക്കുമ്പോൾ എനിക്ക് പിന്നിലെ ശക്തികളിൽ പ്രധാനം.
പ്രിയ അദ്ധ്യാപകർക്കും അദ്ധ്യാപക സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അദ്ധ്യാപക ദിനാശംസകൾ
ഇനിയും നാളെയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തെ നേരിന്റെ പാതയിൽ നയിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ...
പ്രാർത്ഥനയോടെ....
✒ അമീൻ തിരുത്തിയാട്
No comments:
Post a Comment