മൂന്ന് വർഷക്കാലത്തെ വിദ്യാർത്ഥി ജീവിതത്തിന് ശേഷം വിജ്ഞാനത്തിന്റെ പൂന്തോപ്പായ റൗളത്താബാദിൽ നിന്നും പടിയിറങ്ങി. ഇനിയൊരു പക്ഷേ, വിദ്യാർത്ഥിയായിക്കൊണ്ട് റൗളയിലേക്കുള്ള മടക്കം അസാധ്യമായിരിക്കും.
എന്നെ ഞാനാക്കി മാറ്റിയതിൽ ഈ റൗളക്കുള്ള പങ്ക് ചെറുതല്ല.കലാലയ ജീവിതത്തിന്റെ അവസാന ദിവസമായ 2019 ഒക്ടോബർ 26 ന് കോളേജിന്റെ ഓഫീസിൽ നിന്നും ഓഫീസ് സ്റ്റാഫ് ജലാൽക്കയുടെ കയ്യിൽ നിന്നും ടി.സിയും നിസാംക്കയുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ്കളും വാങ്ങുമ്പോൾ ഹൃദയത്തിന്റെ അകത്തളത്തിലെവിടെയോ ഒരു വേദന അനുഭവപ്പെട്ടിരുന്നു. അവസാനമായി ജലാൽക്ക പറഞ്ഞ അതേ കാര്യമായിരുന്നു പലരും പറഞ്ഞത്." ഇവിടെ നിർത്തരുത് ട്ടോ... ഡിഗ്രി മുഴുവനാക്കണം" ന്ന്...
ഓഫീസിൽ നിന്നും ടി.സിയുമായി മടങ്ങുമ്പോളായിരുന്നു വരാന്തയിൽ നിൽക്കുന്ന പ്രിയ അദ്ധ്യാപകൻ IZനെ കണ്ടത്. ഉടനെ അടുത്തേക്ക് വന്ന് കൈകൾ എന്റെ ചുമലിൽ വെച്ചിട്ട് സാറ് പറഞ്ഞു: ''മാഷേ, എക്സാം ഇന്ന് കഴിഞ്ഞു. നാളെ മുതൽ ക്ലാസിൽ വരണം" എന്ന്... സാറ് അങ്ങനെയായിരുന്നു, ബാക്കിയായിക്കിടന്ന Second Semester പരീക്ഷക്ക് വേണ്ടി കോളേജിൽ ചെന്ന അന്ന് മുതൽ IZ മാഷേ എന്നായിരുന്നു എന്ന വിളിക്കാറുള്ളത്.
ഒരു നോക്ക് കൂടി റൗളയിലേക്ക് തിരിഞ്ഞു നോക്കിയിട്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു. പോരുന്ന വഴിയിൽ റൗളയുടെ ഒരു ഫോട്ടോയെടുത്ത് വാട്സ്ആപ്പിൽ സ്റ്റാറ്റസും ഇട്ടു. എന്നെ ഞാനാക്കിയ റൗളയിലെ അവസാനദിനം. അപ്പോഴും മനസിലെവിടെയോ എന്തോ ഒരു വേദനയുണ്ടായിരുന്നു. എന്തെല്ലാമോ നഷ്ടപ്പെടുന്ന പോലെ...
എന്നെ ഞാനാക്കിയ റൗളയും, അവിടത്തെ പ്രിയപ്പെട്ട അദ്ധ്യാപകരും,ജേഷ്ഠന്റെ സ്ഥാനത്ത് നിന്ന് പോലും സംസാരിക്കുന്ന പല സുഹൃത്തുക്കളും, അതിലെല്ലാമുപരി ഏറെ സ്നേഹിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹപാഠികളും... പലരെയും മനസിലാക്കാൻ വൈകിയെന്നതും പെട്ടെന്ന് തന്നെ പിരിയേണ്ടിവന്നു എന്നതുമായിരുന്നു ഏറ്റവും വലിയ സങ്കടം...😥
വീട്ടിലെത്തി ഈ സങ്കടം വളരെയടുത്ത ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അവർ നൽകിയ മറുപടി വലിയൊരു ആശ്വാസമായിരുന്നു.
ഒരാളോട് എന്തൊക്കെയോ മിസ് ചെയ്യുന്നു ന്ന് പറഞ്ഞപ്പോൾ അവര് പറഞ്ഞു: "എടാ ഇയ്യ് അത് വിട്, സങ്കടപ്പെടല്ലേ... ഞമ്മക്ക് ഇനിയും കാണാലോ... ഞമ്മൾ പിരിഞ്ഞിട്ടൊന്നുമില്ലല്ലോ " എന്ന്... എന്ത് പറഞ്ഞാലും ഈ ചെറിയ കാലയളവിലെ സൗഹൃദവും സുഹൃത്തുക്കളെയും മറക്കാൻ പറ്റോ....😔
മറ്റൊരാള് പറഞ്ഞു: "നീ എന്തിനാടോ വെഷമിക്കുന്നത്, നിനക്ക് ഈ അകൽച്ചയുണ്ടാക്കുന്ന ദുഃഖം കുറക്കാനും ഒരു പ്രാക്ടീസ് ആവാനുമാകും ആദ്യം കുറച്ച് കാലം നിനക്ക് കോളേജിൽ നിന്നും ലീവെടുക്കാൻ തോന്നിച്ചത്. എന്തായാലും നിനക്ക് നല്ലൊരു എക്സാം ഓർമ കിട്ടിയില്ലേ... പലരുടെയും സ്വപ്നം നീ ഈ ചെറുപ്രായത്തിൽ തന്നെ നേടിയെടുത്തില്ലേ... ഇനി നാളെയേ കുറിച്ച് ആലോചിക്ക്... സ്കൂളിലെ ചെറിയ കുട്ടികളെ കാണുമ്പോൾ എല്ലാ പ്രശ്നവും ശരിയാവും" എന്ന്...
എന്തായാലും കഴിഞ്ഞു പോയ മൂന്ന് വർഷങ്ങൾ കൊണ്ട് മൂന്ന് പതിറ്റാണ്ടിനെ പോലുള്ള ഒരിക്കലും മറക്കാതെ ഓർക്കാൻ മാത്രം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച സുഹൃത്തുക്കൾ, അദ്ധ്യാപകർ, ഏറെ പ്രിയങ്കരരായ സഹപാഠികൾ... എല്ലാവർക്കും തിരികെ നൽകാനുള്ളത് ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും മാത്രം... ഇവിടംകൊണ്ടവസാനിപ്പിക്കരുത് നിങ്ങളുടെ സഹായങ്ങൾ, അതെന്നും എനിക്കാവശ്യമാണ്.
പ്രാർത്ഥനയോടെ...
✒ അമീൻ തിരുത്തിയാട്