റമളാൻ വസന്തം- 28
അമീൻ തിരുത്തിയാട്
നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉള്ള ഒരു കുടുംബം. അവരുടെ മാതാപിതാക്കൾ മരണപ്പെട്ടു. അവർക്കേകദേശം 9 ഏക്കർ അസ്ഥിയുണ്ട്, ഭൂമിയുണ്ട്. അവരുടെ ഏറ്റവും ഇളയ സഹോദരൻ ജന്മനാ കൈകാലുകൾ തളർന്ന് കിടപ്പിലായ ഒരു മനുഷ്യൻ.
അങ്ങനെ രക്ഷിതാക്കളുടെ മരണശേഷം ഈ മക്കൾ സമ്പത്ത് മുഴുവൻ ഓഹരിയായി വീതിക്കുവാൻ, അനന്തരാവകാശമായി വീതിക്കാൻ ഒരുമിച്ച് കൂടി.എന്നാൽ കൈ കാലുകൾ തളർന്ന് കിടക്കുന്ന ഇളയ സഹോദരന് ഇതിലൊന്നും പങ്ക് കൊള്ളാൻ കഴിഞ്ഞില്ല.
അങ്ങനെ സ്ഥലമെല്ലാം വീതിച്ച് കഴിഞ്ഞപ്പോൾ ഈ ഇളയ സഹോദരന് ആകെ ലഭിച്ചത് മൊട്ടക്കുന്ന് എന്ന് വിളിക്കാവുന്ന വലിയ ഒരു മലയും അൽപം കുറച്ച് പറമ്പും മാത്രം. അതിന് കാരണമായിക്കൊണ്ട് മറ്റ് സഹോദരങ്ങൾ പറഞ്ഞത്, ഞങ്ങളെ ആശ്രയിച്ചാണ് നീ ജീവിച്ചത്. ഇനിയും ഞങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും എന്ന്. വിശാലമനസ്കയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോട് സഹിക്കാനും ക്ഷമിക്കാനും പറഞ്ഞു. അദ്ദേഹം തിരിച്ച് തന്റെ ഭാര്യയോടും പറഞ്ഞു." ആരോടും വെറുപ്പ് വേണ്ട, നമുക്ക് വിട്ട് വീഴ്ച ചെയ്യാം"... അങ്ങനെ അവർ രണ്ട് പേരും വിട്ട് വീഴ്ച ചെയ്തു.തന്റെ സഹോദരങ്ങൾക്കെതിരെ കേസ് കൊടുക്കാനും കുടുംബ ബന്ധം മുറിക്കുവാനുമുള്ള അവസരമുണ്ടായിട്ടും അതൊന്നും ചെയ്യാതെ അദ്ദേഹം വിട്ടുവീഴ്ച ചെയ്തു.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഇന്ന് അദ്ദേഹത്തിന്റെ ആ ഭൂമിയിൽ വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന് വീതിച്ച് നൽകിയ മലകളിൽ പാറമടകൾ, കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളിൽ ഒരാൾ അമേരിക്കയിൽ ഉന്നതമായ നിലവാരത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. എങ്ങനെ അദ്ദേഹത്തിന് ഇതെല്ലാം കിട്ടി? അദ്ദേഹത്തിന്റെ വിട്ട് വീഴ്ചക്ക് അല്ലാഹു നൽകിയ പ്രതിഫലമായിരിക്കാം.
വിട്ട് വീഴ്ച എന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഒരു കർമ്മമാണ്. വിട്ട് വീഴ്ച എന്നതിന് അറബിയിൽ ഉപയോഗിക്കുന്ന ഒരു പദമാണ് عفوّ എന്നത്. അഥവാ പൂർണമായി പ്രതികരിക്കാൻ കഴിയുന്ന സന്ദർഭത്തിൽ വിട്ട് വീഴ്ച നൽകുക എന്നത്.
അതാണ് നമ്മളല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത്.
اللهمّ إنّك عفو تحبّ العفو فاعف عنّي....
വിട്ട് വീഴ്ച്ച എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്.കാരണം അതിന്റെ പ്രതിഫലം അത്രമേൽ മഹത്വരമാണ്. വിട്ട് വീഴ്ച ചെയ്യുന്നവന് അല്ലാഹു കണക്കില്ലാത്ത പ്രതിഫലം നൽകും.
فمن عاف وأصلح، فأجره على الله
നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആളുകളുമായി നാം ഇടപഴകേണ്ടി വരും, പലരുമായി സംവദിക്കേണ്ടി വരും, കുടുംബക്കാരും സുഹൃത്തുക്കളും സഹപാഠികളുമടക്കം പലരിൽ നിന്നും നമുക്കിഷ്ടമില്ലാത്ത പലതും കേൾക്കേണ്ടി വരും, അനുഭവിക്കേണ്ടി വരും. അവിടെയെല്ലാം നാം വിട്ട് വീഴ്ച കാണിക്കണം, അങ്ങിനെയെങ്കിൽ മുമ്പ് സൂചിപ്പിച്ച ആ ഇളയ സഹോദരന് ലഭിച്ച പോലെ പല അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നമുക്കും ലഭിക്കും. അതല്ലേ പ്രവാചകൻ(സ്വ)ക്കും ലഭിച്ചത്.
ഹുദൈബിയാ സന്ധിയിൽ തന്റെ സ്വഹാബികളുടെ എതിർപ്പുകൾ വകവെക്കാതെ പ്രവാചകൻ(സ്വ) കാണിച്ച വിട്ട് വീഴ്ചയുടെ ഫലമായിട്ടാണ് അന്ന് 1500 ആളുകളുണ്ടായിരുന്ന സ്ഥാനത്ത് നാല് വർഷങ്ങൾക്ക് ശേഷം ഏകദേശം പതിനായിരത്തോളം ആളുകളായി വർദ്ധിച്ചത്. അതാണ് വിട്ടുവീഴ്ചയുടെ ശക്തി.
മഹാനായ പണ്ഡിതൻ ഹസനുൽ ബസ്വരി (റ) യും അബീദ്ദർദാഅ (റ)വുമൊക്കെ പറയുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും, "നിങ്ങളുടെ ബുദ്ധിക്കും വാക്കിനും ശക്തിയും നിങ്ങൾക്ക് ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്കുള്ള മാറ്റവും വേണമെങ്കിൽ നിങ്ങൾ വിട്ട് വീഴ്ച ശീലമാക്കുക"
പ്രവാചകൻ(സ്വ) തന്റെ സ്വഹാബാക്കളോട് ഓരോ എഴുപത് തവണയും വിട്ടുവീഴ്ച നൽകണമെന്ന് പറഞ്ഞിരുന്നു. കാരണം നമുക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകിയ അല്ലാഹു നമുക്ക് വിട്ടുവീഴ്ച നൽകുമെങ്കിൽ നമുക്ക് ജനങ്ങളിൽ നിന്നുണ്ടായ പ്രയാസങ്ങളുടെ പേരിൽ അവർക്ക് വിട്ടുവീഴ്ച നൽകാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
വിട്ടുവീഴ്ച എന്നത് ഒരിക്കലും ഒരാളിൽ നിന്നും ഒന്നും കുറക്കുകയില്ല. ഓരോരുത്തരുടെയും പദവി കൂട്ടുകയേയുള്ളൂ... അത് കൊണ്ട് തന്നെ നമുക്കിടയിൽ വിഭാഗീയത വേണ്ട, മറ്റ് പ്രശ്നങ്ങളൊന്നും വേണ്ട. നമ്മുടെ സുഹൃത്തുക്കളിൽ നിന്ന്, ബന്ധുക്കളിൽ നിന്ന് നമുക്ക് സംഭവിച്ച് പോയ പ്രയാസങ്ങളിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാം... വിട്ടുവീഴ്ച എന്നത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം... നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...