റമളാൻ വസന്തം- 27
അമീൻ തിരുത്തിയാട്
സമയം, അല്ലാഹു നമുക്ക് നൽകിയ വലിയൊരു അനുഗ്രഹം. നമ്മുടെ സമയം വളരെ വിലപ്പെട്ടതാണ്. നമുക്ക് പാഴാക്കാൻ ഒരു സെക്കന്റ് പോലുമില്ല. നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ സാധിക്കാത്ത അമൂല്യ നിധിയാണത്. കയ്യിൽ നിന്നും വഴുതി വീഴുന്ന സ്വർണ മത്സ്യങ്ങളാണ് ഓരോ നിമിഷവും. ഓരോ നിമിഷത്തിനും അതിന്റെതായ മൂല്യമുണ്ട്. അതറിഞ്ഞ് കൊണ്ട് പ്രവർത്തിക്കുക.
ഓരോ ദിവസവും നമ്മിൽ നിന്ന് കഴിഞ്ഞു പോകുമ്പോൾ നമ്മുടെ മരണത്തിലേക്കുള്ള ദൂരം കുറയുകയാണ്. നാമതിലേക്ക് അടുക്കുകയാണ്.
ഒരു മനുഷ്യനും അല്ലാഹുവിന്റെ കോടതിയിൽ നിന്നും തന്റെ ആയുഷ്കാലത്തെ താൻ എപ്രകാരം ഉപയോഗപ്രദമാക്കി, അതിനെ എങ്ങനെ ചെലവഴിച്ചു എന്ന് കൃത്യമായി ഉത്തരം പറയാതെ അവന്റെ കാലുകളെ മുന്നോട്ട് ചലിപ്പിക്കാൻ സാധ്യമല്ല.
നമുക്ക് നമ്മുടെ ജീവിതത്തിൽ ധാരാളം ഒഴിവ് സമയം ലഭിക്കുന്നുണ്ട്. ഈ സമയത്തെ നാം എപ്രകാരമാണ് ഉപയോഗപ്പെടുത്തുന്നത്? പ്രവാചകൻ(സ്വ) ഒരിക്കൽ പറഞ്ഞു: "ജനങ്ങൾ ഏറ്റവും കൂടുതൽ വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാണുള്ളത്, അതത്രെ ആരോഗ്യവും ഒഴിവ് സമയവും."
നമുക്ക് ലഭിക്കുന്ന ഒഴിവ് സമയം കൊണ്ട് പരീക്ഷിക്കപ്പെടുന്നവരായി നാം മാറരുത്. നാഥൻ അനുഗ്രഹിക്കട്ടെ.
No comments:
Post a Comment