പ്രളയത്തെയും മഴയെയും കുറ്റം പറയുന്നവരോട്
തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായിരിക്കുകയാണല്ലോ... ഏതാനും മാസങ്ങൾക്ക് മുമ്പ് മഴയെയും വെള്ളത്തെയും ആഗ്രഹിച്ച മനുഷ്യൻ ഇന്ന് മഴയെയും വെള്ളത്തെയും ശപിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹു ഒരു കാലത്ത് ശക്തമായ ചൂട് കൊണ്ടും വരൾച്ച കൊണ്ടും മനുഷ്യനെ പരീക്ഷിച്ചുവെങ്കിൽ ഇന്ന് ശക്തമായ മഴ കൊണ്ടും പ്രകൃതിക്ഷോഭങ്ങൾ കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണ്. ഇവിടെയൊന്നും തന്നെ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മഴയെ നാം കുറ്റപ്പെടുത്തിക്കൂടാ... അതിനെ ശപിച്ചു കൂടാ...
വിശ്വാസികൾക്കാണ് കടുത്ത പരീക്ഷണങ്ങളുണ്ടാവുകയെന്നും പരീക്ഷണങ്ങളിൽ വിജയിക്കാതെ സ്വർഗ്ഗം നേടാൻ സാധ്യമല്ല എന്നും സൂറത്തുൽ ബഖറയിലൂടെ അല്ലാഹു തന്നെ മനുഷ്യനെ ബോധ്യപ്പെടുത്തുന്നുണ്ട്.
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
അതല്ല, (ഒരുപക്ഷേ)നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃകനിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ!അവര്‍ക്ക് വിഷമതയും,കഷ്ടതയും ബാധിക്കുകയുണ്ടായി.(മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും 'അല്ലാഹുവിന്‍റെസഹായം എപ്പോഴായിരിക്കും'എന്ന് പറയു(കപോലും ചെയ്യു)മാറ് അവര്‍ കിടിലം കൊള്ളുകയുംചെയ്തു. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്‍റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു.
തീർച്ചയായും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾക്കൊണ്ട് മനുഷ്യരെ പരീക്ഷിക്കുമെന്ന് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്.
وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِين
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
തീർച്ചയായും വിവിധ രൂപത്തിൽ അല്ലാഹു നമ്മെ പരീക്ഷിക്കുക തന്നെ ചെയ്യും... ഭയം കൊണ്ടും പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആളുകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കൊണ്ടും സുഹൃത് ബന്ധങ്ങൾ കൊണ്ടുമെല്ലാം അല്ലാഹു നമ്മെ പരീക്ഷിക്കും... ഇത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കാനും സഹിക്കാനും നമുക്ക് സാധിക്കണം... എങ്കിൽ നമുക്ക് വിജയമുണ്ടാകും... സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിന് പകരം തനിക്കേറ്റ പ്രയാസത്തെ ശപിക്കുന്നവനായി വിശ്വാസി മാറരുത്.
പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ അല്ലാഹു പല രൂപത്തിലും പരീക്ഷിച്ചിരുന്നു. തന്റെ ആൺമക്കളെയെല്ലാം പെട്ടെന്ന് തിരിച്ചുവിളിച്ച് കൊണ്ടും, ഉഹ്ദ് യുദ്ധത്തിൽ പരിക്കേൽപിച്ച് കൊണ്ടും ശഅബു അബീത്വാലിബ് എന്ന മലഞ്ചെരുവിൽ മൂന്ന് വർഷക്കാലത്തെ ഉപരോധം കൊണ്ടുമെല്ലാം അല്ലാഹു പ്രവാചകൻ (സ്വ) യെ പരീക്ഷിച്ചിട്ടുണ്ട്. മുസ്ലിമായി എന്നതിന്റെ പേരിൽ യാസിർ (റ)നെയടക്കം ധാരാളം ആളുകളെ അവിശ്വാസികളിൽ നിന്നുള്ള പീഢനം മൂലം അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ പരീക്ഷണ സന്ദർഭങ്ങളിൽ എല്ലാം സഹിച്ചവരും ക്ഷമിച്ചവരുമായിരുന്നു. അത് കൊണ്ട് തന്നെ അല്ലാഹു അവർക്ക് ധാരാളം വിജയങ്ങൾ നൽകി. അതിനുള്ള ഉദാഹരണമായിരുന്നു ബദ്ർ യുദ്ധം. പരീക്ഷണഘട്ടങ്ങളിൽ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ആളുകൾക്ക് വമ്പിച്ച പ്രതിഫലവും പാപമോചനവും ഉണ്ടാകുമെന്നും അല്ലാഹു ഇഷ്ടപ്പെടുന്ന ആളുകളെയാണ് അവൻ കൂടുതലായി പരീക്ഷിക്കുകയെന്നും ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത വിവിധ ഹദീസുകളിലൂടെ പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്. പരീക്ഷണങ്ങളിൽ ക്ഷമിക്കുകയെന്നത് വിശ്വാസിയുടെ അടയാളമാണെന്നും പ്രവാചകൻ (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
നമ്മെ ബാധിച്ചിരിക്കുന്ന പ്രളയമെന്ന ആപത്ത്, അത് അല്ലാഹുവിൽ നിന്നുമുള്ള പരീക്ഷണമാകാം. ആ പരീക്ഷണത്തിൽ വിജയിക്കാൻ നമുക്ക് സാധിക്കട്ടെ...
اللهم حوالينا ولا علينا.....
പ്രാർത്ഥനകളോടെ
അമീൻ തിരുത്തിയാട്