എന്നെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്ക്,അല്പം സാഹിത്യവും വിജ്ഞാനവും - whatsapp to +91 9207791873

Tuesday, December 31, 2019

പുതു വർഷം ആഘോഷിക്കാനുള്ളതല്ല, ആലോചിക്കാനുള്ളതാണ്...


  2019 എന്ന ഒരു വർഷം നമ്മിൽ നിന്നും കൊഴിഞ്ഞു പോയി 2020 എന്ന പുതിയൊരു വർഷം നമ്മിലേക്ക്‌ കടന്നു വരികയാണ്. ഈ അവസരത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള ഇതര മതസ്ഥരായ സഹോദരങ്ങളിൽ പലരും ഉറക്കൊഴിച്ചു കൊണ്ടും മറ്റ് പല പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടും പുതു വർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാകും. എന്നാൽ നാം ചിന്തിച്ചു നോക്കണം... പുതു വർഷം നമുക്ക് ആഘോഷിക്കാനുള്ളതാണോ... അല്ല... പുതു വർഷം ആഘോഷിക്കാനുള്ളതല്ല. ആലോചിക്കാനുള്ളതാണ്... കഴിഞ്ഞു പോയ ഒരു വർഷത്തെ കുറിച്ച്, ആ വർഷത്തിൽ നമ്മിൽ സംഭവിച്ചു പോയ തെറ്റ്കളെ കുറിച്ച്, നമ്മുടെ മരണത്തിലേക്ക് അടുത്ത് വരുന്ന ദൂരത്തെ കുറിച്ച്... 
 രണ്ടാം ഖലീഫ ഉമർ (റ) പറഞ്ഞത് പോലെ...
حاسبوا قبل أن تحاسبوا...
"നിങ്ങൾ വിചാരണ ചെയ്യപ്പെടും മുൻപ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക"

  കഴിഞ്ഞു പോയ ഒരു വർഷം... മനുഷ്യരെന്ന നിലയിൽ പല തെറ്റുകളും ചെയ്തിരിക്കാം... ആ തെറ്റുകളെ പറ്റി പൊറുക്കലിനെ തേടാൻ, തൗബ ചെയ്തു മടങ്ങാൻ നമുക്ക് സാധിക്കണം. നമ്മുടെ മരണത്തിലേക്ക് നാം ഒരു വർഷം കൂടി അടുത്തിരിക്കുകയാണ്. മരിച്ചു പോകുമ്പോൾ മറ്റൊന്നും ഉപകാരപ്പെടാത്ത ആ ലോകത്തേക്ക് കൊണ്ട് പോകാനുള്ള സൽകർമങ്ങൾ നമ്മൾ ഒരുക്കി വെച്ചിട്ടുണ്ടോ? അതിന് വേണ്ട ധാരാളം സൽകർമങ്ങൾ തയ്യാറാക്കാൻ നമുക്ക് സാധിക്കണം.
  ഈ ലോകത്തു വെച്ച് കൂടുതലാളുകളും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളെ പറ്റി പ്രവാചകൻ (സ്വ) പഠിപ്പിച്ചു തന്നു...
نعمتان مغبون فيهما كثير من الناس، الصِّحة والفراغ
ജനങ്ങളിൽ അധികവും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളാനുള്ളത്. ആരോഗ്യവും ഒഴിവ് സമയവുമാകുന്നു അവ...
  അത് കൊണ്ട് നമുക്ക് ലഭിക്കുന്ന സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കാനും അതിനെ നഷ്ടപ്പെടുത്തി കളഞ്ഞ് പരലോകത്ത് നഷ്ടക്കാരാവുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാനും നമുക്ക് സാധിക്കണം.

അത് കൊണ്ട് നമ്മിലേക്ക്‌ കടന്നു വരുന്ന പുതുവർഷത്തെ ആഘോഷമാക്കുന്നതിന് പകരം ആലോചിക്കാനുള്ള ഒരു അവസരമായി കാണുക...

നാഥൻ അനുഗ്രഹിക്കട്ടെ...

പ്രാർത്ഥനയോടെ...

അമീൻ തിരുത്തിയാട്

Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമം; മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്നതോ?


  കഴിഞ്ഞയാഴ്ചയിലെ ഒരർദ്ധരാത്രിയിലാണ് ഇന്ത്യൻ ജനത അതിന് സാക്ഷിയായത്. ഇന്ത്യയെ സ്നേഹിക്കുന്ന ഒരിന്ത്യക്കാരനും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായായിരുന്നു പിറ്റേ ദിവസത്തെ പ്രഭാതം പൊട്ടി വിരിഞ്ഞത്.
  പൗരത്വ ഭേദഗതി ബിൽ ലോകസഭയിൽ പാസായിരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇത് രാജ്യസഭയിലും പാസായി.
എന്താണ് പൗരത്വ ഭേദഗതി ബിൽ?
  1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരുന്നത്. മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മത വിഭാഗത്തിൽപെട്ടവർക്ക് പൗരത്വം നൽകുന്നതും മുസ്‌ലിങ്ങൾക്ക് പൗരത്വം നൽകാതിരിക്കുകയും ചെയ്യുന്നതാണ് ബിൽ.
  ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ മുസ്‌ലിം - അമുസ് ലിം വിഭാഗീയതകൾ സൃഷ്ടിക്കാനുള്ളതാണ് ഈ ബിൽ.
  അക്ഷരാർത്ഥത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജാനാധിപത്യ - മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അസ്ഥിത്വമായ ഭരണഘടനയുടെ അടിസ്ഥാന ശിലക്കേറ്റ ആഘാതമാണ് ഈ ബിൽ. എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണിതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
  "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മത നിരപേക്ഷ, ജനാതിപത്യ  റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും" എന്ന് തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തെ പോലും എതിർക്കുന്ന അതിനെ പോലും വെല്ല് വിളിച്ച് ലംഘിക്കുന്നതാണ് പൗരത്വ ദേദഗതി നിയമം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
  ഹിറ്റ്ലർ ജർമനിയിലും മുസോളിനി ഇറ്റലിയിലും ചെയ്തത് പോലെ ഒരു രാജ്യത്ത് പരസ്പര സഹകരണത്തോടെയും സാമാധാനത്തോടെയും ജീവിച്ച വിവിധ മതസ്ഥരായ ജനങ്ങളെ മതത്തിന്റെയും വിഭാഗത്തിന്റെയും പേര് പറഞ്ഞ് തമ്മിലടിപ്പിക്കാനും അവർക്കിടയിൽ ആക്രമണങ്ങളും കലാപങ്ങളുമുണ്ടാക്കാനുമാണ് ഇവിടത്തെ ചില ഭരണാധികാരികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
  മുസ്ലിങ്ങളെയും അമുസ്‌ലിങ്ങളെയും വ്യത്യസ്ഥ ചേരികളാക്കി അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയെന്ന കുതന്ത്രപരമായ നീക്കം നടത്തിയ ചില വർഗീയ ഭരണാധികാരികളെ ഇന്ത്യൻ ജനത തിരിച്ചറിഞ്ഞതിന്റെ അടയാളങ്ങളാണ് ജാമിഅ മില്ലിയ്യയിൽ നാം കണ്ട പൂണൂൽ ധരിച്ച് കൊണ്ട് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥി.
  ഏഴു പതിറ്റാണ്ടിലധികം കാലത്തെ തനത് പാരമ്പര്യമുള്ള, മതേതരത്വവും സാഹോദര്യവുമുള്ള സ്വതന്ത്ര ഇന്ത്യൻ ജനതയെയും അവരുടെ സംസ്കാരത്തെയും ഏത് കുബുദ്ധികൾ വിചാരിച്ചാലും തകർക്കാനാവില്ല എന്നുറപ്പാണ്. ഇന്ത്യയിലിത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, നൂറ് കോടിയിലധികം വരുന്ന ഇന്ത്യയിലെ മതേതര സ്വഭാവമുള്ള മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.
  അവസാനമായി ക്രമസമാധാനം സൃഷ്ടിക്കേണ്ട ഡൽഹിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും മൃഗീയമായി പെരുമാറിയത് ആയിരക്കണക്കിന് പാവങ്ങളും ധരിദ്രരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ കലാലയങ്ങളിലാണ്. പരീക്ഷകള്ളഴുതേണ്ട കൈകളാണവർ ഗ്രനേഡെറിഞ്ഞ് തകർത്തത്. നാളെയുടെ വാഗ്ദാനങ്ങളായ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് അവർ തല്ലിച്ചതച്ചത്. പ്രശ്നങ്ങളുണ്ടാക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഒന്ന് മനസ്സിലാക്കണം. അവസാനം അവർ കൈ വെച്ചത് ഇന്ത്യയിലെ കലാലയങ്ങളിലാണ്. വിദ്യാർത്ഥികൾക്ക് മേലാണ്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വിദ്യാർത്ഥി സമൂഹം ഇതിനെതിരെ പ്രതിഷേധിക്കും.അവർ രംഗത്ത് വന്ന് കഴിഞ്ഞു. അതിന്റെ അടയാളങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ. ഇങ്ങ് കേരളത്തിൽ, സ്വതന്ത്ര ഇന്ത്യയുടെ അത്ര തന്നെ പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജും അതിന്റെ മാത്യ സ്ഥാപനമായ റൗളത്താബാദും പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം കലാലയങ്ങളും ഇന്ന് പ്രതിഷേധാഗ്നിയിലാണ്. തീർച്ചയായും വിദ്യാർത്ഥികൾ ഇതിനെ നേരിടുക തന്നെ ചെയ്യും.
  കേവലമൊരു ഭരണാധികാരി ഒരു നിയമം അവതരിപ്പിച്ചാൽ ഭയപ്പെടേണ്ടവരല്ല മുസ്‌ലിങ്ങൾ. അവർക്ക് മുമ്പിൽ ചരിത്രം ധാരാളം അദ്ധ്യായങ്ങൾ തുറന്ന് വെച്ചിട്ടുണ്ട്.
  അതിക്രൂരനായ ഫറോവയുടെ മുമ്പിലേക്ക് ശാന്തനായി കടന്നു ചെന്ന മൂസാ നബിയും നംറൂദിന്റെ തീകുണ്ഡാരത്തിൽ നിന്ന് ഒരു രോമം പോലും കരിഞ്ഞു പോകാതെ എഴുന്നേറ്റു വന്ന ഇബ്റാഹീം നബിയുമെല്ലാം നമുക്കുള്ള പാഠങ്ങളാണ്. അതിലുപരിയായി കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്ന ഹൈന്ദവ വിശ്വാസികളുണ്ട്. മറ്റു മതസ്ഥരുണ്ട്. അവരുള്ളിടത്തോളം കാലം ഈ നാട്ടിൽ ഒരു മുസ്ലിമിനും ഒന്നും സംഭവിക്കുകയില്ല.
  പ്രതിഷേധിക്കണം നാം, പക്ഷെ നമ്മുടെ പ്രതിഷേധങ്ങൾ ഒരിക്കലും അതിര് വിട്ടു കടക്കരുത്.അക്രമാസക്തമാകരുത്.

പ്രതിഷേധിക്കുക, പ്രാർത്ഥിക്കുക

✒അമീൻ തിരുത്തിയാട്
رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا
#Revoke CAA
#Reject NRC



Wikipedia

Search results