ഇന്ത്യ എന്ന മഹാരാജ്യം പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇപ്പോഴുള്ളത്. ഈ തെരഞ്ഞെടുപ്പിൽ വിവേകപൂർവ്വം പ്രവർത്തിച്ചില്ലായെങ്കിൽ വോട്ട് ചെയ്തില്ലായെങ്കിൽ നാളെ നാം ദുഃഖിക്കേണ്ടി വരും. ഓരോ തെരഞ്ഞെടുപ്പുകളും നമുക്കുള്ള അവസരങ്ങളാണ്. ഏറ്റവും നല്ലതിനെ മാത്രം തെരഞ്ഞെടുക്കുക.
ഒന്നോർക്കുക, ഈ തെരഞ്ഞെടുപ്പ് ഇന്ത്യക്ക് വേണ്ടിയുള്ളതാണ്. കേരളത്തിനല്ല. മത സൗഹാർദ്ദത്തോടെ നാം ജനിച്ചു വളർന്ന നമ്മുടെ മണ്ണിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടാനും നമുക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുമെല്ലാം ഈ തെരഞ്ഞെടുപ്പിനെ നാം വിവേകപൂർവ്വം വിനിയോഗിക്കണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. അത് ഒരിക്കലും പാഴാക്കരുത്.
പോളിങ് സ്‌റ്റേഷനിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ ദൃഢമായ പ്രതിജ്ഞയുണ്ടാകണം മനസ്സിൽ. ഈ തെരഞ്ഞെടുപ്പോട് കൂടി ഭാരതത്തെ മത സൗഹാർദ്ദം കൂട്ടിയിണക്കപ്പെട്ട രാജ്യമായി നമുക്ക് മാറ്റാൻ കഴിയണം.
ഭക്ഷണത്തിന്റെ പേരിൽ കൊല്ലപ്പെട്ട ജുനൈദിനെയും അഖ്ലാക്കിനെയും നാം ഓർക്കണം. പ്രിയ സഹോദരി, പൊന്നുമോൾ കാശ്മീരിലെ ആസിഫയെ നാം ഓർക്കണം. വിശ്വാസ സംരക്ഷണത്തിനും ഫാസിസത്തിനെതിരെയും പോരാടിയതിന്റെ പേരിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെയും ഗോവിന്ദ പാൻസാരെയെയും പെരുമാൾ മുരുകനെയും നാമോർക്കണം, ഫൈസലിനെയും റിയാസ് മൗലവിയെയും ഓർക്കണം, നോട്ട് മാറാൻ വരി നിന്ന് തളർന്നു വീണവരെയും മരണപ്പെട്ടവരെയും ഓർക്കണം... കടക്കെണിയിലകപ്പെട്ട് ജീവിതം സ്വയം അവസാനിപ്പിച്ച പട്ടിണി പാവങ്ങളായ കർഷകരെയോർക്കണം. ഇതിനെല്ലാമിടയിൽ കോർപ്പറേറ്റ് ഭീമന്മാരായ മുതലാളിമാരെയും ഓർക്കണം...
ശുഭപ്രതീക്ഷയോടെ പുറപ്പെടുക. ആത്മവിശ്വാസത്തോടെ പുറപ്പെടുക... നമുക്ക് തിരിച്ചെടുക്കാം... നമ്മുടെ ഇന്ത്യയെ... സ്നേഹവും സൗഹാർദ്ദവും സഹവർത്തിത്വവും സഹിഷ്ണുതയും നിലകൊള്ളുന്ന നല്ലൊരു ഇന്ത്യയെ...
ശുഭ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ...
അമീൻ തിരുത്തിയാട്